യോഹന്നാന്‍ അപ്പോസ്തലന്റെ സ്മരണയുണര്‍ത്തി പത്മോസില്‍

യോഹന്നാന്‍ അപ്പോസ്തലന്റെ സ്മരണയുണര്‍ത്തി പത്മോസില്‍

സെപ്റ്റംബര്‍ 5 ന് പകല്‍ ഞങ്ങള്‍ കൊരിന്ത് സന്ദര്‍ശിച്ച് മടങ്ങി പിറായൂസ് പോര്‍ട്ടിലെത്തി. പിറായൂസ് പോര്‍ട്ടിന് 8 ടെര്‍മിനലുകളാണുള്ളതെന്ന് കഴിഞ്ഞ ലക്കത്തില്‍ സൂചിപ്പിച്ചിരിന്നത് വായനക്കാര്‍ ഓര്‍ക്കുമല്ലോ. ഓരോ കവാടത്തില്‍ നിന്നും ഗ്രീസില്‍ ജനവാസമുള്ള ദ്വീപുകളിലേക്കു ആളുകളെയും ഭക്ഷ്യവസ്തുക്കള്‍ വഹിക്കുന്ന കണ്ടെയ്‌നര്‍ ലോറികള്‍, കാറുകള്‍, ബസുകള്‍ എന്നിവകളേയും വഹിച്ചുകൊണ്ടുളള ഭീമന്‍ കപ്പലുകളാണ് പുറപ്പെടുന്നത്.

ഏഴാം കവാടത്തില്‍ പത്മോസ് ദ്വീപിലേക്കു പുറപ്പെടാനുള്ള ബ്ലൂസ്റ്റാര്‍ ഫെറിയുടെ സൂപ്പര്‍ ഫാസ്റ്റ് കപ്പല്‍ എത്തുന്നതായി അനൗണ്‍സ്‌മെന്റ് വന്നതോടെ ഞങ്ങള്‍ പെട്ടികളുമായി കപ്പലിനരികിലേക്കു നടന്നു നീങ്ങി. രണ്ടു മണിക്കൂറെടുത്തു ആളുകളും വാഹനങ്ങളും ഇറങ്ങാനും അതുപോലെ കയറാനും.
കപ്പല്‍ രാത്രി ഒന്‍പതുമണിക്ക് കരവിട്ടു. കുറെ കഴിഞ്ഞപ്പോള്‍ കരയും വെളിച്ചവും കാണാതായി. ഇരുട്ടിന്റെ മറവില്‍ വെള്ളത്തെ വകഞ്ഞു മാറ്റി ഈ ചെറു പട്ടണം ഒഴുകുകയാണ്. മെഡിറ്ററേനിയന്‍ കടലില്‍ ഗ്രീസിന്റെ ഉള്‍ഭാഗത്തേക്കു കയറി കിടക്കുന്ന കപ്പല്‍ ചാലിലൂടെ പത്മോസ് അടുക്കുമ്പോള്‍ അത് ഈജിയന്‍ കടലായി മാറും.

കുറച്ചു സമയം ഞങ്ങള്‍ ഡക്കില്‍ കയറിനിന്ന് ഇരുളിലേയ്ക്ക് കണ്ണും നട്ട് ആ യാത്രാ സുഖം നുകര്‍ന്നു. ഇടക്കിടെ വളരെയകലെ വൈദ്യുതി പ്രഭയില്‍ കുളിച്ചുനില്‍ക്കുന്ന ചെറു ദ്വീപുകള്‍ കാണാം. ഓട്ടത്തില്‍ രൂപം കൊളളുന്ന കൂറ്റന്‍ ഓളങ്ങള്‍ അകന്നകന്ന് പോകുന്ന കാഴ്ച ഭീതിജനകമാണ്. അതിശക്തിയായി വീശുന്ന തണുത്ത കാറ്റ് കൂടുതല്‍ നേരം നില്‍ക്കാന്‍ നമ്മെ അനുവദിക്കില്ല. ഡക്കില്‍ ധാരാളം കസേരകളും മേശകളും ഇട്ടിട്ടുള്ളതുകൊണ്ട് ചെറു ചീട്ടുകളി സംഘങ്ങള്‍ രൂപമെടുത്തുകഴിഞ്ഞു. ചിലര്‍ പുകവലിച്ചിട്ട് അകത്തേക്ക് പോകുന്നു. മറ്റുചിലര്‍ പുകവലി ആസ്വദിക്കാന്‍ പുറത്തേക്ക് വരുന്നു.

കുറച്ചു നേരം നിന്നശേഷം ഞങ്ങള്‍ കപ്പലിനുള്ളില്‍കയറി ഇരിപ്പിടങ്ങളില്‍ സ്ഥാനം പിടിച്ചു. 41 യൂറോ മുതല്‍ 250 യൂറോ വരെയാണ് ടിക്കറ്റു നിരക്ക്. തുക കൂടുന്നതിനനുസരിച്ച് സൗകര്യങ്ങള്‍ മെച്ചപ്പെട്ടുകൊണ്ടിരിക്കും. കൂടുതല്‍ തുകകൊടുക്കാന്‍ തയ്യാറാകുന്നവര്‍ക്ക് ഭക്ഷണവും പ്രത്യേക മുറികളും ഉള്‍പ്പെടുന്ന വന്‍പാക്കേജും സംവിധാനവും ഉണ്ട്.

ചെറുതും വലുതുമായ നിരവധി റസ്റ്റോറന്റുകള്‍ കപ്പലിനുള്ളില്‍ രാപ്പകല്‍ ഭേദമെന്യേ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഭര്‍ത്താവ് റസ്സല്‍ കയ്യില്‍ കരുതിയിരുന്ന ഭക്ഷണം പോരായെന്നു പറഞ്ഞ് എന്തോ ഒരുതരം ഉണക്കറൊട്ടി റസ്റ്റോറന്റില്‍ പോയി വാങ്ങിക്കൊണ്ടു വന്നുകഴിച്ചു. ഞാന്‍ കയ്യില്‍ കരുതിയരുന്ന ഭക്ഷണം കഴിച്ച് വിശപ്പടക്കി. പാതിരാ ആയപ്പോള്‍ ഓരോരുത്തരായി മയക്കം പിടിച്ചു തുടങ്ങി.

നേരം പരപരാവെളുത്തപ്പോള്‍ കടല്‍ കാണാറായി. സൂര്യന്‍ ഉദിച്ചു വരുന്ന കാഴ്ച അവര്‍ണ്ണനീയമായി അനുഭവപ്പെട്ടു. പരന്നുകിടക്കുന്ന നീലക്കടലിലൂടെ ബോട്ടുകളും കപ്പലുകളും പായുകയാണ്. പാറക്കെട്ടുകളുള്ള നിരവധി ദ്വീപുകള്‍ കണ്ടുതുടങ്ങി.
സെപ്റ്റംബര്‍ 6 ഞായര്‍. നേരം വെളുത്തെങ്കിലും വിളക്കുകള്‍ മിന്നിത്തന്നെ നില്‍ക്കുന്നു. ഏതാണ്ട് എട്ടര മണിക്കൂര്‍ ആയപ്പോള്‍ പത്മോസ് അടുക്കാറായെന്ന അനൗണ്‍സ്‌മെന്റ് വന്നു. സമയം ഏഴുമണിയായി. കപ്പല്‍ തീരമണഞ്ഞു. കുറെ വാഹനങ്ങളും യാത്രക്കാരും ഇറങ്ങി. കുറച്ചു പേര്‍ കയറി. വീണ്ടും കപ്പല്‍ വെള്ളത്തെ ഇളക്കി മറിച്ചുകൊണ്ട് യാത്രയായി മറ്റൊരു ദ്വീപിലേയ്ക്ക്. അന്നുരാത്രി പത്തുമണിക്ക് ആകപ്പലില്‍തന്നെയാണ് ഞങ്ങള്‍ക്ക് ഏതന്‍സില്‍ തിരിച്ചു വരേണ്ടത്. അതുകൊണ്ട് ഒരു പകല്‍ മുഴുവന്‍ പത്മോസില്‍ കറങ്ങാന്‍ സമയം കിട്ടുമല്ലോ എന്നോര്‍ത്ത് ഞങ്ങള്‍ സന്തോഷിച്ചു.

കുമ്പഴയുടെ അത്രപോലുമില്ലാത്ത ഒരു കുഞ്ഞന്‍ പ്രദേശം. ഏറ്റവും കൂടുതല്‍ ഉള്ളത് ഹോട്ടലുകളും വെളളക്കാരുടെ കടകളും. മത്സ്യത്തെ വല വീശിപ്പിടിക്കാന്‍ കാത്തിരിക്കുന്നതുപോലെ ടൂറിസ്റ്റുകളെ കാത്തിരിപ്പാണിവര്‍. ഒരുഹോട്ടലില്‍ കയറി ലഘു ഭക്ഷണം കഴിച്ച ശേഷം ഞങ്ങള്‍ യോഹന്നാന്‍ അപ്പോസ്തലന്‍ പാര്‍ത്തിരുന്ന ഗുഹ കാണാന്‍ യാത്രയായി. ക്രിസ്തു ശിഷ്യനായിരുന്ന യോഹന്നാനെ ക്രിസ്തുവിനെ പ്രസംഗിച്ചു എന്ന കുറ്റം ചുമത്തിയാണ് റോമന്‍ ചക്രവര്‍ത്തിയായിരുന്ന ഡൊമിഷ്യന്‍ ഇന്നത്തെ തുര്‍ക്കിയിലെ എഫേസോസില്‍നിന്നു പത്മോസിലേയ്ക്ക് എ.ഡി. 95 ല്‍ നാടുകടത്തിയത്. പത്മോസിലായിരുന്നപ്പോള്‍ താന്‍ കണ്ട ഭാവികാല ദര്‍ശനങ്ങളുടെ വിവരണമാണല്ലോ വെളിപ്പാട് പുസ്തകം.

യോഹന്നാന്‍ പാര്‍ത്തിരുന്നുവെന്നു വിശ്വസിക്കപ്പെടുന്ന ഗുഹയും മലയുടെ മുകളില്‍ പണിതിരിക്കുന്ന മൊണാസ്റ്ററിയുമെല്ലാം ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭയുടെ അധീനതയിലാണ്. മലയുടെ മുകളിലേയ്ക്ക് ബസ് സര്‍വീസ് ഉണ്ടെങ്കിലും നടന്നു കയറാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു. നടന്ന് പകുതിദൂരം എത്തിക്കഴിഞ്ഞപ്പോള്‍ കഠിനമായ ചൂടും കുത്തനെയുള്ള കയറ്റവും കാരണം 10 യൂറോ കൊടുത്ത് ഒരു ടാക്‌സിയില്‍ മലമുകളിലെത്തി. ഈജിയന്‍ കടലില്‍ ഉയര്‍ന്ന് നില്‍ക്കുന്ന ഒരു ദ്വീപാണ് പത്മോസ്. തുര്‍ക്കിയിലെ അര്‍ത്തെമിസ് (ഡയാന) ദേവിയുടെക്ഷേത്രം നിലകൊള്ളുന്ന ലാറ്റ്‌മോസില്‍ നിന്നാണ് പത്മോസ് എന്ന പേരുണ്ടായത്.

ഈജിയന്‍ കടലിലെ യരുശലേം’എന്നറിയപ്പെടുന്ന പത്മോസ് ദ്വീപ് തിരക്കേറിയ തീര്‍ത്ഥാടന കേന്ദ്രവും വിനോദസഞ്ചാരികളുടെ പറുദീസയുമാണ്. യൂറോപ്പിലെ ഏഴു പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി യൂറോപ്യന്‍ യൂണിയന്‍ പത്മോസിനെ പ്രഖ്യാപിക്കുകയുണ്ടായി. 13.15 സ്‌ക്വയര്‍ മൈല്‍ വിസ്തീര്‍ണ്ണമുള്ള ഈ ദ്വീപിലെ ജനസംഖ്യ 3500ല്‍ താഴെ മാത്രം. ഗ്രാമങ്ങളിലെ പ്രധാന തൊഴില്‍ കൃഷിയും മീന്‍പിടുത്തവുമാണ്. ‘പത്മോസിന്റെ ഹൃദയം എന്നറിയപ്പെടുന്ന ഖോറയാണ് തലസ്ഥാനം. തുറമുഖം സ്‌ക്കാല. കിഴക്കന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ കീഴിലുള്ള സെന്റ് ജോണിന്റെ നാമധേയത്തിലുള്ള മൊണാസ്റ്ററിയും യോഹന്നാന്‍ താമസിച്ചിരുന്നതെന്നും വെളിപ്പാട് ലഭിച്ചതെന്നും കരുതപ്പെടുന്ന ഗുഹയും 1999 ല്‍ UNESCO പൈതൃക സൈറ്റുകളായി പ്രഖ്യാപിച്ചു.

വെളിപ്പാട് പുസ്തകം 1:6 ല്‍ ദൈവവചനവും യേശുവിന്റെ സാക്ഷ്യവും നിമിത്തം യോഹന്നാന്‍ പത്മോസ് ദ്വീപില്‍ ആയിരുന്നു എന്ന് എഴുതിയിരിക്കുന്നു. കര്‍ത്തൃ ദിവസത്തില്‍ യോഹന്നാന് യേശു ക്രിസ്തുവില്‍ നിന്ന് ദൂതന്‍ മുഖാന്തരം ലഭിച്ച ദര്‍ശനമാണ് വെളിപ്പാട് പുസ്തകത്തിന്റെ ഇതിവൃത്തം. രണ്ടു വര്‍ഷത്തോളം പത്മോസ് ദ്വീപിലായിരുന്ന യോഹന്നാന്‍ ഡൊമീഷ്യന്റെ മരണാനന്തരം മോചിതനായി തിരികെ എഫേസോസിലെത്തി.

ബി.സി. രണ്ടായിരാമാണ്ടു മുതല്‍ പത്മോസില്‍ മനുഷ്യ വാസമുണ്ടായിരുന്നതായി പുരാവസ്തു ഗവേഷണങ്ങള്‍ തെളിയിക്കുന്നു. ഇപ്പോഴത്തെ തുറമുഖമായ സ്‌കാലയ്ക്കടുത്ത് കാസ്റ്റെല്ലിഎന്ന സ്ഥലത്തുള്ള പുരാവസ്തു സൈറ്റില്‍ നിന്ന് ശിലായുധങ്ങള്‍ ലഭിച്ചു. പ്രാചീന ഭരണ സിരാകേന്ദ്രമായിരുന്ന കാസ്റ്റെല്ലിയില്‍ പുരാവസ്തുക്കളുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴുമുണ്ട്.
ബിസി 3-ാം നൂറ്റാണ്ടില്‍ പത്മോസില്‍ കോട്ടകെട്ടി സുരക്ഷിതമാക്കിയ അക്രോ പൊലീസ് എന്നറിയപ്പെട്ടിരുന്ന പട്ടണമുണ്ടായിരുന്നു. പ്രാചീന കാലത്ത് തുര്‍ക്കിയിലെ എഫേസോസില്‍ നിന്നും റോമിലേക്കുള്ള കപ്പല്‍പാതയിലെ തന്ത്രപ്രധാനമായ തുറമുഖ പട്ടണമായിരുന്നു പത്മോസിലെ സ്‌ക്കാല. പ്രാചീന നഗരങ്ങളായ എഫേസോസും റോമും തമ്മില്‍ വളരെ വിപുലമായ കച്ചവട ബന്ധമുണ്ടായിരുന്നു.

റോമന്‍ ഭരണം ഗ്രീസിലുണ്ടായിരുന്ന കാലത്ത് പത്മോസ് ദ്വീപിലേക്കു കുറ്റവാളികളെ നാടു കടത്തുക പതിവായിരുന്നു. ഈ സാഹചര്യത്തിലാണ് എഫേസോസിലെ മൂപ്പനായിരുന്ന യോഹന്നാനെ അവിടെ നിന്ന് പത്മോസിലേക്കു നാടു കടത്തിയത്. പ്ലിനി (2379 AD)യെന്ന റോമന്‍ ചരിത്രകാരന്റെ ചമൗേൃമഹ ഒശേെീൃ്യ എന്ന ഗ്രന്ഥത്തിലും പത്മോസ് പരാമര്‍ശിക്കപ്പെട്ടതില്‍ നിന്ന് ഈ ദ്വീപ് ജനവാസമുള്ള സ്ഥലമായിരുന്നുവെന്നു മനസ്സിലാക്കാവുന്നതാണ്.

ബിസി 500 മുതല്‍ ഡോറിയന്‍ ജനവിഭാഗവും പിന്നെ അയോണിയന്‍മാരും പത്മോസില്‍ താമസിച്ചിരുന്നു. ബിസി നാലാം നൂറ്റാണ്ടില്‍ ഡയാനയുടെയും (അര്‍ത്തെമിസ് ദേവി) സഹോദരനായ അപ്പോളോയുടെയും ക്ഷേത്രങ്ങളുണ്ടായിരുന്നു പത്മോസില്‍. ഡയാനയാണ് അപ്പോളോയുടെയും ഗ്രീസിലെ പ്രധാന ദേവനായ സിയൂസിന്റെയും സഹായത്തോടെ സമുദ്രത്തിനടിയില്‍ നിന്ന് പത്മോസ് ദ്വീപിനെ ഉയര്‍ത്തിക്കൊണ്ടു വന്നതെന്നാണ് ഗ്രീസിലെ പരമ്പരാഗത വിശ്വാസം.

അര്‍ത്തെമിസ് ദേവിയെന്ന പ്രസിദ്ധയായ എഫെസോസിലെ ആരാധനാമൂര്‍ത്തിയുടെ റോമന്‍ പേരാണ് ഡയാന എന്നത്. എഫെസോസിലെ അര്‍ത്തെമിസ് ദേവീ ക്ഷേത്രം പ്രാചീന സപ്താത്ഭുതങ്ങളിലൊന്നായിരുന്നു. അപ്പോ. പ്രവൃത്തിയില്‍ അര്‍ത്തെമിസ് ദേവിയും ക്ഷ്രേത്രവും പരാമര്‍ശിക്കപ്പെടുന്നുണ്ട്. യോഹന്നാന്‍ പാര്‍ത്തിരുന്ന പത്മോസിലെ ഗുഹ ഡയാനയുടെ ക്ഷേത്രമായിരുന്നുയെന്നാണ് വിശ്വാസം.

ബി.സി. രണ്ടാം നൂറ്റാണ്ടില്‍ റോമാക്കാര്‍ ഗ്രീസ് കീഴടക്കി കുറ്റവാളികളെ നാടുകടത്തിയ കാലത്ത് പത്മോസ് ജനവാസവും ക്ഷേത്രങ്ങളുമുള്ള ദ്വീപായിരുന്നുവെന്നു വ്യക്തം. എന്നാല്‍ പല പ്രസംഗങ്ങളിലും പത്മോസ് ജനവാസമില്ലാത്ത ദ്വീപായിരുന്നുവെന്നു ചിത്രീകരിക്കുന്നത് കേട്ടിട്ടുണ്ട്.

എ.ഡി. 2, 3 നൂറ്റാണ്ടുകളിലെ പത്മോസിലെ ശിലാലിഖതത്തില്‍ അര്‍ത്തെമിസ് ദേവിയുടെ പത്താമത്തെ പുരോഹിതയായ വേര (Vera) യെ പരാമര്‍ശിക്കുന്നതില്‍ നിന്ന് ഈ ആരാധന പ്രാചീനകാലം മുതല്‍ തന്നെ നിലനിന്നിരുന്നതായി മനസ്സിലാക്കാം.
യുസേബിയസ് എന്ന ചരിത്രകാരന്റെ അഭിപ്രായത്തില്‍ ഡൊമിഷ്യന്‍ ചക്രവര്‍ത്തിയുടെ മരണശേഷം റോമിലെ ഭരണാധികാരിയായിരുന്ന നെര്‍വ പത്മോസില്‍ അന്യായമായി നാടുകടത്തപ്പെട്ടിരുന്ന തടവുകാരെയെല്ലാം മോചിപ്പിച്ചുവെന്നും റോമന്‍ സെനറ്റ് അതിനുള്ള അനുമതി നല്കിയതിന്റെ ഫലമായി യോഹന്നാന്‍ എഫോസോസിലേക്കു മടങ്ങി വന്നുവെന്നുമാണ്.

അപ്പോ. പ്രവൃത്തി 6:5-ല്‍ പരാമര്‍ശിക്കുന്ന യോഹന്നാന്റെ ശിഷ്യനും സഹായിയുമായിരുന്ന പ്രൊഖൊരൊസ് Travels of St. John in Patmos’എന്ന കൃതി രചിച്ചുവെന്ന് മറ്റൊരു വിശ്വാസം ഉണ്ട്. ഇതനുസരിച്ച് പത്മോസിലെ റോമന്‍ ഗവര്‍ണ്ണറായിരുന്ന ലോറന്‍ഷ്യസ് യോഹന്നാനെ മോചിപ്പിച്ചുവെന്നും ഗവര്‍ണറുടെ അമ്മായിയപ്പന്‍ മിറോണ്‍ യോഹന്നാനെ പത്മോസിലെ തന്റെ വീട്ടില്‍ താമസിപ്പിച്ചുവെന്നും ആ വീട്ടില്‍ പത്മോസിലെ ആദ്യ സഭ ആരംഭിച്ചുവെന്നും കരുതപ്പെടുന്നു. മിറോണിന്റെ മകനായ അപ്പോളോ നിഡസിനെ ഭൂതബാധയില്‍ നിന്നും സൗഖ്യമാക്കിയ അത്ഭുതം കണ്ട മിറോണിന്റെ മകളായ ക്രിസിപ്പിയും അവളുടെ ഭര്‍ത്താവും പത്മോസിലെ ഗവര്‍ണ്ണറുമായ ലോറന്‍ഷ്യസും ക്രിസ്തുവില്‍ വിശ്വസിച്ചു.

പ്രൊഖൊറൊസിന്റെ പുസ്തകത്തില്‍ മറ്റൊരു സംഭവം ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. പത്മോസിലെ മന്ത്രവാദിയായിരുന്ന കിനോപ്‌സും യോഹന്നാനുമായുണ്ടായ ആത്മീയ സംവാദത്തില്‍ യോഹന്നാന്‍ വിജയിച്ചുവെന്നും കിനോപ്‌സ് മുങ്ങി മരിച്ചുവെന്നും. (ഈ സംഭവത്തിന്റെ ഓര്‍മ്മ പുതുക്കല്‍ ഇന്നും ഒരു സഭയില്‍ ആചരിച്ചുപോരുന്നു.) ഇതിന്റെ ഫലമായി പത്മോസ് ദ്വീപിലെ ആളുകള്‍ ക്രിസ്തു വിശ്വാസത്തിലേക്കു വന്നുവെന്നും പത്മോസില്‍ നിന്നും എഫേസോസിലേക്കു മടങ്ങും മുമ്പ് യേശുക്രിസ്തുവിന്റെ ജീവിതത്തെപ്പറ്റി എഴുതണമെന്ന ദ്വീപുവാസികളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് യോഹന്നാന്റെ സുവിശേഷം രചിക്കപ്പെട്ടതെന്നും പ്രൊഖോറൊസ് രേഖപ്പെടുത്തിയിരിക്കുന്നു.

യോഹന്നാന്റെ മരണശേഷം (എ.ഡി. 100) ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ പത്മോസില്‍ പണികഴിക്കപ്പെട്ടു. 300-350 എ.ഡി. കാലഘട്ടത്തില്‍ ഖോറയില്‍ പണിത മൊണൊസ്റ്ററിയുടെ പുതുക്കിപ്പണിത രൂപമാണ് ഇപ്പോഴുള്ളത്. 7 മുതല്‍ 9 വരെയുള്ള നൂറ്റാണ്ടുകളില്‍ മുസ്ലീം ആക്രമണഫലമായി ക്രൈസ്തവ ദേവാലയങ്ങള്‍ നശിപ്പിക്കപ്പെട്ടു.
11-ാം നൂറ്റാണ്ടില്‍ ബൈസാന്റയിന്‍ ചക്രവര്‍ത്തിയായിരുന്ന അലക്‌സിയോസ് കോമിനോസ് ഒന്നാമന്‍ ക്രിസ്റ്റോഡോലസ് എന്ന ക്രിസ്ത്യന്‍ സന്യാസിക്ക് പത്മോസ് ദ്വീപ് സമ്മാനമായി നല്കിയതിന്റെ ഫലമായിട്ടാണ് അദ്ദേഹം യോഹന്നാന്റെ നാമധേയത്തിലുള്ള ഖോറയിലെ മൊണൊസ്റ്ററി പുതുക്കിപ്പണിതത്.

മൊണൊസ്റ്ററിയുടെ ഗേറ്റിന്റെ മുകളില്‍ കില്ലര്‍ എന്നൊരു ചെറിയ കവാടമുണ്ട്. ഇവിടെ നിന്ന് സന്യാസിമാര്‍ തിളച്ച വെള്ളവും തിളച്ച എണ്ണയും ഈയ്യക്കട്ടകളും ഉപയോഗിച്ച് ആക്രമണകാരികളെ തുരുത്തിയിരുന്നു. മാത്രവുമല്ല പള്ളി മണിയടിച്ച് സമീപവാസികള്‍ക്ക് മൊണൊസ്റ്ററിയില്‍ അഭയം നല്കുകയും ചെയ്തു. റോമാ സാമ്രാജ്യത്തിന്റെ അധഃപതനത്തിനുശേഷം കോണ്‍സ്റ്റാന്റി നോപ്പിള്‍ (ബൈസാന്റിയം) തലസ്ഥാനമാക്കി ഭരണം നടത്തിയ കിഴക്കന്‍ റോമാ സാമ്രാജ്യത്തെയാണ് ബൈസാന്റിയന്‍ സാമ്രാജ്യമെന്ന പേരില്‍ ചരിത്രത്തില്‍ അറിയപ്പെടുന്നത്.

1453-ല്‍ തുര്‍ക്കികള്‍ കോണ്‍സ്റ്റാന്റി നോപ്പിള്‍ പിടിച്ചടക്കിയതോടെ ബൈസാന്റയിന്‍ സാമ്രാജ്യത്തില്‍ നിന്നും പത്മോസ് ദ്വീപിലേക്ക് കുടിയേറ്റമുണ്ടായി. 1669 – ല്‍ ഗ്രീസിലെ ക്രേത്തയില്‍ നിന്നും കൂടുതലാളുകള്‍ പത്മോസിലെത്തുകയുണ്ടായി. ക്രേത്ത പെരുവയറരുടെ നാടെന്ന പരാമര്‍ശവും ബൈബിളിലുണ്ട്. വളരെക്കാലം പത്മോസ് ഓട്ടോമന്‍ തുര്‍ക്കികളുടെ കൈവശമായിരുന്നു. 1912 -ല്‍ ഇറ്റലി തുര്‍ക്കിയില്‍ നിന്നും പത്മോസ് പിടിച്ചെടുത്തു. 1943-ല്‍ നാസി ജര്‍മ്മനിയുടെ അധീനതയിലാകും വരെ ഇറ്റലിയുടെ നിയന്ത്രണത്തിലായിരുന്നു പത്മോസ്. 1945 -ല്‍ ജര്‍മ്മനി പത്മോസ് വിട്ടുപോയ ശേഷം 1948-ല്‍ സ്വതന്ത്ര ഗ്രീസിനോടു ചേരുന്നതുവരെ സ്വയം ഭരണാവകാശേത്താടെ പത്മോസ് നിലകൊണ്ടു.

യോഹന്നാന്‍ പത്മോസ് ദ്വീപിലേക്ക് നാടുകടത്തപ്പെട്ടില്ലായിരുന്നുവെങ്കില്‍ വെളിപ്പാടു പുസ്തകം എന്ന അമൂല്യ സമ്മാനം മനുഷ്യരാശിക്കു ലഭിക്കയില്ലായിരുന്നു. പ്രതികൂല സാഹചര്യങ്ങളില്‍ അനേക തലമുറകള്‍ക്ക് ആശ്വാസവും പ്രചോദനവും പ്രത്യാശയുമായി കാലഭേദമെന്യേ വെളിപ്പാടു പുസ്തകം അജയ്യമായി നിലകൊള്ളുന്നു.

ടാക്‌സിയില്‍ മലമുകളിലെത്തി മൊണാസ്റ്ററി കണ്ടശേഷം നടന്നു. മല ഇറങ്ങി യോഹന്നാന്‍ പാര്‍ത്തിരുന്ന ഗുഹാകവാടത്തിലെത്തി. 43 പടികള്‍ ഇറങ്ങി വേണം ഗുഹയിലെത്താന്‍. ഗ്രീക്കു ഓര്‍ത്തഡോക്‌സ് സഭ വളരെ മനോഹരമായി തന്നെ ഗുഹയ്ക്കകം സൂക്ഷിച്ചിട്ടുണ്ട്. അവിടെ നിന്നും തിരികെ റോഡില്‍ കയറി നിന്ന് താഴേക്ക് നോക്കി പത്മോസിന്റെ മനോഹാരിത ഒന്നു കൂടി ദര്‍ശിച്ചു. വീണ്ടും താഴേക്കു നടന്നു. പട്ടണം അടുക്കാറായപ്പോള്‍ ഒരമ്മൂമ്മ ഉമ്മറത്തിരിന്നു വിളിച്ചു കൂവുന്നു റൂം, റൂം, റൂം.ഡോ. ഓമന റസ്സല്‍

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!