കൊരിന്ത് : യഹൂദ-യവന സാംസ്‌കാരിക നഗരം

കൊരിന്ത് : യഹൂദ-യവന സാംസ്‌കാരിക നഗരം

അപ്പോസ്തലനായ പൗലോസിനെ വിസ്തരിക്കാന്‍ യഹൂദാമത മേധാവികള്‍ കയറ്റി നിര്‍ത്തിയ പീഠത്തിനരികില്‍ നിന്നും ഫോട്ടോ എടുത്തശേഷം ഞങ്ങള്‍ കൊരിന്ത് വിടാന്‍ തീരുമാനിച്ചു. വൈകിട്ട് ഏതാണ്ട് മൂന്നുമണി നേരം. മ്യൂസിയത്തിനു പുറത്തിറങ്ങിയ ശേഷം അക്രോകൊരിന്ത് അഥവാ അക്രോപൊലീസ് എന്ന ചരിത്ര പട്ടണം കൂടെ കാണാന്‍ തീരുമാനിച്ചു. പൊലീസ് എന്നാല്‍ പട്ടണം എന്നര്‍ത്ഥം.

പ്രാചീന പട്ടണങ്ങളെല്ലാം പണിതുയര്‍ത്തിയിരിക്കുന്നത് മല മുകളിലാണ്. കൊരിന്തിന്റെ സമീപ സ്ഥലത്തായി തലയുയര്‍ത്തി നില്‍ക്കുന്ന അക്രോകൊരിന്തും ബി. സി. യില്‍ പണിതതാണ്. വളരെ ഉയരത്തില്‍ പണിതിരിക്കുന്ന ഈ പട്ടണത്തിന്റെ കോട്ടകള്‍ താഴെ നിന്നാല്‍ കാണാം. പുരാതനകാലം തുടങ്ങി 19-ാം നൂറ്റാണ്ടുവരെ അക്രോകൊരിന്തില്‍ ജനവാസമുണ്ടായിരുന്നു. കോട്ടകെട്ടി സുരക്ഷിതമാക്കിയ അക്രോകൊരിന്തിന്റെ മുകളറ്റത്ത് അഫ്രോഡൈറ്റ് ദേവന്റെ ക്ഷേത്രമുണ്ടായിരുന്നു.

പില്‍ക്കാലത്ത് ഇത് ക്രൈസ്തവ ദേവാലയമായും ഓട്ടോമന്‍ തുര്‍ക്കികളുടെ ഭരണകാലത്ത് മുസ്ലീം മോസ്‌ക്കായും ഈ ക്ഷേത്രത്തെ രൂപാന്തരപ്പെടുത്തി. 1929-ല്‍ അമേരിക്കന്‍ സ്‌കൂള്‍ അക്രോകൊരിന്തില്‍ ഉത്ഖനനം നടത്തി. ഇന്ന് ഗ്രീസിലെ പ്രധാന മധ്യകാലകൊട്ടാര നഗരിയായി കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്നു അക്രോകൊരിന്ത്.

അതുപോലെ തന്നെ ഗ്രീസിന്റെ പ്രാചീന തലസ്ഥാനമായ ഡെല്‍ഫിയും വന്‍ പര്‍വ്വത ശൃംഗത്തിലാണ് സ്ഥിതിചെയ്തിരുന്നത്. ഏതന്‍സിന്റെ ഏതാണ്ട് മദ്ധ്യഭാഗത്ത് തലയുയര്‍ത്തി നില്‍ക്കുന്ന മറ്റൊരു പര്‍വ്വത പട്ടണമാണ് അക്രോപൊലിസ്.

മലമുകളിലെ അക്രൊകൊരിന്ത് കയറി കാണണമെന്ന എന്റെ സ്‌നേഹിതന്‍ അച്ചന്‍കുഞ്ഞ് ഇലന്തൂരിന്റെ താല്പര്യം കൂടി കണക്കിലെടുത്താണ് ഞങ്ങള്‍ മലകയറാന്‍ തീരുമാനിച്ചത്. എന്നാല്‍ അന്ന് ഉച്ച കഴിഞ്ഞ് അക്രൊകൊരിന്തിലേക്ക് നിര്‍ഭാഗ്യവശാല്‍ കാര്‍ സര്‍വ്വീസ് ഉണ്ടായിരുന്നില്ല. നല്ലൊരു ദൂരം കാറില്‍ യാത്ര ചെയ്തു വേണം പിന്നെ നടന്നു കയറാന്‍. അതുകൊണ്ട് അല്‍പം നിരാശയോടെ ഏന്‍ഷ്യന്റ് കൊരിന്തില്‍ നിന്നും പൗലോസ് യാത്ര ചെയ്തു വന്ന മെഡിറ്ററേനിയന്‍ കടലിന്റെ ഭാഗങ്ങള്‍ കൂടെ കണ്ടശേഷം ഞങ്ങള്‍ മലയിറങ്ങി.

പുതിയ കൊരിന്തു പട്ടണത്തിലേക്ക് മൂന്നരയ്ക്കുള്ള വണ്ടി ഞങ്ങള്‍ സ്റ്റാന്‍ഡില്‍ വന്നപ്പോഴേയ്ക്കും പോയിക്കഴിഞ്ഞിരുന്നു. ടൂര്‍ പാക്കേജുമായി വരുന്നവര്‍ അതിവേഗം ഓടിനടന്ന് സ്ഥലങ്ങള്‍ കണ്ട് മടങ്ങുകയാണ്. ഞങ്ങള്‍ ബസിലും ട്രെയിനിലുമായി യാത്ര ചെയ്തതുകൊണ്ട് എനിക്കും ഭര്‍ത്താവ് റസ്സലിനും തിരക്കില്ലാതെ യാത്രചെയ്യാനായി.

അടുത്ത ട്രാന്‍സ്‌പോര്‍ട്ട് ബസ് അഞ്ചരയ്ക്കാണ്. ഞങ്ങള്‍ക്ക് അന്നുതന്നെ രാത്രി പത്മോസിലേക്ക് യാത്ര തിരിക്കേണ്ടതുള്ളതുകൊണ്ട് ഒരു ടാക്‌സിയില്‍ കയറി പുതിയ കൊരിന്തിലേക്കു പോയി. ടാക്‌സിയായി കിട്ടിയത് പുതിയ ഇ ക്ലാസ് ബെന്‍സ്‌കാര്‍. ഗ്രീസില്‍ ഓടുന്ന ടാക്‌സികളില്‍ കൂടുതലും ബെന്‍സിന്റെ വിവിധതരം കാറുകളാണ്. തൊട്ടടുത്തു നില്‍ക്കുന്നത് സ്‌ക്കോഡാ ഓക്‌ടേവിയ.

കൊരിന്തിന്റെ പ്രാചീന ചരിത്രം കുറേക്കൂടി പരാമര്‍ശിക്കാതെ ഈ യാത്രാക്കുറിപ്പ് അവസാനിപ്പിക്കാനാവില്ല.

ചരിത്രാതീതകാലം മുതല്‍ തന്നെ കൊരിന്തില്‍ ജനവാസമുണ്ടായിരുന്നതിന് തെളിവുകളുണ്ട്. 6500 BC മുതല്‍ നവീനശിലായുഗ മനുഷ്യരുടെ വാസകേന്ദ്രമായിരുന്നു തുറമുഖ നഗരമായ കൊരിന്ത്. ശിലായുഗത്തില്‍ നിന്നും ലോഹയുഗത്തിലേക്കും ചരിത്രകാലത്തിലേക്കും നൂറ്റാണ്ടുകളിലൂടെ കടന്ന് ആധുനിക കാലത്തിലേക്ക് എത്തിനില്‍ക്കുന്ന മനുഷ്യസാന്നിദ്ധ്യം കൊരിന്തിനെ ചരിത്രപ്രാധാന്യമുള്ള സ്ഥലമാക്കിമാറ്റി.

കൊരിന്ത് ക്രമേണ ഒരു നഗര രാഷ്ട്രമായിത്തീര്‍ന്നു. ഒരു നഗരവും അതിനുചുറ്റുമുള്ള ഏതാനും കാര്‍ഷിക ഗ്രാമങ്ങളും ചേര്‍ന്നതായിരുന്നു ഗ്രീസിലെ നഗര രാഷ്ട്രങ്ങള്‍. 900 BC യില്‍ ഡോറിയന്‍ വംശജര്‍ കൊരിന്തില്‍ താമസമാരംഭിച്ചു. BC 7,8 നൂറ്റാണ്ടുകളില്‍ കൊരിന്തില്‍ ധാരാളം കെട്ടിടങ്ങളും ക്ഷേത്രങ്ങളും നിര്‍മ്മിച്ചു.

അക്കാലത്ത് നിര്‍മ്മിക്കപ്പെട്ട സ്‌നേഹത്തിന്റെ ദേവതയായ അഫ്രോഡൈറ്റിന്റെ ക്ഷേത്രത്തില്‍ ആയിരക്കണക്കിന് ദേവദാസികളുണ്ടായിരുന്നെന്നും ധനാഢ്യരായ കച്ചവടക്കാര്‍ വന്‍ തുക ചെലവിട്ട് ഇവരെ പ്രാപിച്ചിരുന്നുവെന്നും അതുകൊണ്ടുതന്നെ ”എല്ലാവര്‍ക്കും കൊരിന്തില്‍ പോകാന്‍ കഴിയില്ല”എന്ന പഴഞ്ചൊല്ല് രൂപപ്പെട്ടുവെന്നും പറയപ്പെടുന്നു. കെട്ടിടനിര്‍മ്മാണത്തിന് ഡോറിക്, അയോണിക്, കൊരിന്ത്യന്‍ ശൈലികളാണ് സ്വീകരിച്ചിരുന്നത്.

ലിഷെയോണ്‍, കെന്‍ഷ്‌റേ എന്നീ രണ്ടു പ്രധാന തുറമുഖങ്ങള്‍ വഴിയുള്ള വാണിജ്യം കൊരിന്തിനെ അസൂയാര്‍ഹമാകും വിധം സമ്പല്‍സമൃദ്ധമാക്കി. കൊരിന്തു ജനത ബഹുദൈവവിശ്വാസികളായിരുന്നു. അപ്പോളോ, വീനസ്, ഹെറക്ലിസ്, പോസിഡന്‍, ഭാഗ്യദേവതയായിരുന്ന ടൈക്ക്, അഫ്രോഡൈറ്റ് മുതലായവരായിരുന്നു കൊരിന്ത്യരുടെ പ്രധാന ആരാധനാ മൂര്‍ത്തികള്‍.

458 BC യില്‍ വാണിജ്യ നഗരമായിരുന്ന കൊരിന്തിനെ ഗ്രീസിലെ തന്നെ മറ്റൊരു നഗര രാഷ്ട്രമായിരുന്ന ആതന്‍സ് കീഴടക്കി. 332 BC യില്‍ ഗ്രീസിലെ മാസിഡോണിയയിലെ മഹാനായ അലക്‌സാണ്ഡരുടെ നിയന്ത്രണത്തിലായി കൊരിന്ത്. അങ്ങനെ കൊരിന്തില്‍ ഹെല്ലനിസ്റ്റിക് കാലഘട്ടത്തിന്റെ ആരംഭമായി.

146 BC യില്‍ റോമാസാമ്രാജ്യം കൊരിന്ത് കീഴടക്കി. റോമന്‍ ഭരണാധിക്കാരിയായിരുന്ന ജൂലിയസ് സീസര്‍ 44 BC യില്‍ കൊരിന്തിനെ റോമന്‍ കോളനിയായി പണിതെടുത്തതോടെ റോമക്കാരും ഗ്രീക്കുകാരും യഹൂദന്മാരും കൊരിന്തിലെ സ്ഥിര താമസക്കാരായി.

അഗസ്റ്റസ് സീസറുടെ കാലത്ത് (BC 29 -AD 14) കൊരിന്തില്‍ ഗതാഗതം സുഗമമാക്കാന്‍ ധാരാളം റോഡുകള്‍ നിര്‍മ്മിച്ചു. AD 41 മുതല്‍ 54 വരെ റോമിന്റെ ഭരണാധികാരിയായിരുന്ന ക്ലോഡിയസ് യഹൂദന്മാര്‍ എല്ലാവരും റോമാ നഗരം വിട്ടുപോകണമെന്ന് കല്പന പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് ബൈബിളില്‍ പരാമര്‍ശിക്കുന്ന അക്വിലാവും ഭാര്യ പ്രിസ്‌കില്ലയും കൊരിന്തിലെത്തി.

പൗലോസ് തന്റെ മിഷനറി യാത്രയില്‍ ഗ്രീസിലെ സമോത്രാസ്, ഫിലിപ്പി, തെസ്സലോനിക്ക, ബരോവ, അഥേന എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചനന്തരം AD 51 ല്‍ കൊരിന്തിലെത്തി. ഗ്രീസിന്റെ തെക്കുഭാഗത്തെ പ്രവിശ്യയായിരുന്ന അഖായയുടെ തലസ്ഥാനമായിരുന്നു കൊരിന്ത്. മാത്രമല്ല പ്രമുഖ തുറമുഖ പട്ടണവും സമ്പല്‍സമൃദ്ധമായ കച്ചവട കേന്ദ്രവുമായിരുന്നു റോമാസാമ്രാജ്യത്തിന്റെ കോളനിയായിരുന്ന കൊരിന്ത് അന്ന്.

ഗല്ലിയോന്‍ അഖായയില്‍ ദേശാധിപതിയായിരുന്നപ്പോഴായിരുന്നു പൗലോസ് കൊരിന്തിലെത്തിയതെന്ന് അപ്പോസ്തല പ്രവൃത്തി 18:1-18 വരെയുള്ള വാക്യങ്ങളില്‍ നിന്ന് വ്യക്തമാണ്. പൗലോസ്, അക്വിലാവ് പ്രിസ്‌ക്കില്ലാ ദമ്പതിമാരുടെ ഭവനത്തില്‍ ഒന്നരവര്‍ഷം താമസിക്കുകയും കൂടാരപ്പണി ചെയ്തുകൊണ്ട് സുവിശേഷവേലയില്‍ വ്യാപൃതനാവുകയും ചെയ്തു.

യഹൂദന്മാരോടും യവനന്മാരോടും പൗലോസ് ശ്ലീഹ സുവിശേഷം അറിയിക്കുകയും അനേകര്‍ വിശ്വസിച്ച് ക്രിസ്തുവിനെ അംഗീകരിക്കുകയും ചെയ്‌തെങ്കിലും ചില യഹൂദന്മാര്‍ പൗലോസിനെ ദുഷിക്കുകയും എതിര്‍പറകയും ചെയ്തതുകൊണ്ട് ജാതികളുടെ അടുക്കലേക്ക് പോകുവാന്‍ പൗലോസ് തീരുമാനിച്ചത് കൊരിന്തില്‍ വെച്ചാണ്. അതുകൊണ്ടാണ് ജാതികള്‍ക്കും സുവിശേഷവെളിച്ചം ലഭിക്കാനിടയായത്.

കൊരിന്തില്‍ സുസ്ഥിരവും കെട്ടുറപ്പുള്ളതുമായ സഭ സ്ഥാപിച്ച ശേഷമായിരുന്നു പൗലോസ് കൊരിന്തില്‍ നിന്നും പോയത്. തന്നെയുമല്ല ലേഖനങ്ങളെഴുതി കൊരിന്തിലെ വിശ്വാസികളെ ഉറപ്പിക്കുകയും ധൈര്യപ്പെടുത്തുകയും ചെയ്തതിലൂടെ ആത്മബന്ധം പുലര്‍ത്തുകയും ചെയ്തു.

ഒരുകൃപാവരത്തിലും കുറവില്ലാത്ത, ദൈവകൃപ ലഭിച്ച ശക്തമായ സഭയായിരുന്നു കൊരിന്തിലുണ്ടായിരുന്നതെന്നും യേശുക്രിസ്തുവിന്റെ പ്രത്യക്ഷത കാത്തിരിക്കുന്ന സഭയാണിതെന്നും പൗലോസ് സാക്ഷ്യപ്പെടുത്തിയ കൊരിന്തില്‍ വളരെ ചെറിയ സുവിശേഷ വിഹിതസഭകള്‍ ഇന്നും ഉണ്ടെന്ന് അറിയാനിടയായി.

പില്ക്കാലത്തെ ബൈസാന്റിയന്‍ കാലഘട്ടത്തില്‍ കൊരിന്തില്‍ പൗലോസിനെ വിസ്തരിച്ച സ്ഥലം ക്രിസ്ത്യന്‍ ദേവാലയമായി മാറി. ഇന്നത് ചരിത്രസ്മാരകമാണ്. എല്ലാ ജൂണ്‍ മാസവും 29-ാം തീയതി പൗലോസിന്റെ ഓര്‍മ്മക്കായി പ്രാര്‍ത്ഥനയും നടത്താറുണ്ട്.

AD 365 നും 375 നുമിടയില്‍ കൊരിന്തു പട്ടണം ഭൂകമ്പത്തില്‍ നശിച്ചു പോവുകുയും പിന്നീട് പുതുക്കി പണിയുകയും ചെയ്തു. റോമന്‍ ചക്രവര്‍ത്തിയായിരുന്ന ജസ്റ്റീനിയന്റെ ഭരണകാലത്ത് (AD 527 565) കൊരിന്തിനെ ബാര്‍ബേറിയന്മാരുടെ ആക്രമണത്തില്‍ നിന്നും സംരക്ഷിക്കാനായി 10 കിലോമീറ്റര്‍ നീളമുള്ള കന്മതില്‍ കെട്ടി.

AD 11,12 നൂറ്റാണ്ടുകളില്‍ സില്‍ക്കു വ്യാപാരത്തിന്റെ സിരാകേന്ദ്രമായി കൊരിന്തു മാറി. എന്നാല്‍ 1458 ല്‍ ഓട്ടോമാന്‍ തുര്‍ക്കികള്‍ കൊരിന്ത് പിടിച്ചടക്കി. തുടര്‍ന്ന് ബൈസാന്റീയന്‍ ഭരണത്തിന്‍ കീഴിലാവുകയും വീണ്ടും തുര്‍ക്കികളുടെ ഭരണത്തില്‍ കീഴിലമരുകയും ചെയ്ത കൊരിന്ത് 1821 വരെ തുര്‍ക്കികളുടെ കൈവശമായിരുന്നു.

ഗ്രീക്കു സ്വാതന്ത്ര്യ സമരത്തെത്തുടര്‍ന്ന് ലണ്ടന്‍ ഉടമ്പടി പ്രകാരം 1832ല്‍ കൊരിന്തിന് സ്വാതന്ത്ര്യം ലഭിച്ചു. 1858 ല്‍ പുരാതനകൊരിന്ത് ഭൂകമ്പം മൂലം വീണ്ടും നശിച്ചപ്പോള്‍ 5 കിലോ മീറ്റര്‍ വടക്കു കിഴക്കായി ഇപ്പോഴത്തെ ആധുനിക കൊരിന്തു പട്ടണം പണിതുണ്ടാക്കി. പുരാതന പട്ടണം ഖനനം ചെയ്തു പുരാവസ്തുവായി സംരക്ഷിച്ചിരിക്കുന്നു.

ഇത്രമാത്രം ചരിത്ര പൈതൃകം പേറുന്ന കൊരിന്തിനെ പറ്റി അറിയാന്‍ ചരിത്ര കുതുകികള്‍ക്ക് താല്പര്യമുണ്ടെന്നു കരുതുന്നു. അന്നുതന്നെ പത്മോസിലേക്കു പോകേണ്ടതുള്ളതുകൊണ്ട് ഞങ്ങള്‍ സന്ധ്യയ്ക്കുതന്നെ ഏതന്‍സിലേക്കു യാത്രയായി. മെഡിറ്ററേനിയന്‍ കടലിനരികിലൂടെയുള്ള യാത്ര ത്രസിപ്പിക്കുന്ന അനുഭവമായിരുന്നു.

ദൂരെ കടലില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ചെറുതും വലുതുമായ കല്‍ക്കൂട്ടങ്ങള്‍ നിറഞ്ഞ ദ്വീപുകള്‍ കാണാം. അവയില്‍ ചിലതില്‍ മാത്രമേ ജനവാസമുള്ളു. ബസ് സ്റ്റേഷനില്‍ ഇറങ്ങി ആതന്‍സിലെ ഏറ്റവും വലിയ പോര്‍ട്ടായ പിറായൂസിലേക്കു ഞങ്ങള്‍ ട്രെയിനില്‍ കയറി. മൈലുകളോളം വളഞ്ഞു പുളഞ്ഞു കിടക്കുന്ന തുറമുഖത്തില്‍ അനേകം യാനങ്ങള്‍ ദ്വീപുകളിലേക്കുള്ള യാത്രക്കായി തയ്യാറായിക്കിടക്കുന്നത് നയനാനന്ദകരമായ കാഴ്ചയാണ്. ഒക്കെയും അത്യാനുധിക സൗകര്യങ്ങളോട് കൂടിയ പടുകൂറ്റന്‍ യാത്രാക്കപ്പലുകള്‍.

ഏഴാം നമ്പര്‍ കവാടത്തില്‍ നിന്നാണ് ഞങ്ങള്‍ക്ക് അപ്പോസ്തലനായ യോഹന്നാന്‍ ഏകാന്ത തടവില്‍ കഴിഞ്ഞ പത്മോസിലേക്കു പോകേണ്ടത്. എട്ടര മണിക്കൂര്‍ കപ്പല്‍ യാത്രയുണ്ട് പിറായൂസില്‍ നിന്നും പത്മോസിലേക്ക്. 1 മുതല്‍ 8 വരെയുള്ള കവാടങ്ങളില്‍ നിന്നും കപ്പലുകള്‍ വിവിധ ദ്വീപുകളിലേക്ക് ചരക്കും യാത്രക്കാരുമായി നീങ്ങുന്നു. കാറുകള്‍, കണ്ടെയ്‌നറുകള്‍, കയറ്റിയ നിരവധി ലോറികള്‍, കൂറ്റന്‍ ബസുകള്‍ കൂടാതെ ആയിരക്കണക്കിന് ആളുകളുമായിട്ടാണ് ഈ കപ്പലുകള്‍ പുറപ്പെടുന്നത്.

‘ബ്ലൂസ്റ്റാര്‍ ഫെറി’ യെന്ന കമ്പനിയുടെ കപ്പലുകളാണ് ഏറെയും. മറ്റു കമ്പനികളുടെ കപ്പലുകളും നിരന്നു കിടക്കുന്നു. പോര്‍ട്ട് ഓഫീസില്‍ ഞങ്ങള്‍ ഇരിക്കുമ്പോള്‍ ഞങ്ങള്‍ക്കുമുമ്പേ ക്രേത്തയ്ക്കുള്ള കപ്പല്‍ യാത്രയാകുന്നതു കണ്ടു. ‘പെരുവയറന്മാരെന്ന’ ക്രേത്തരുടെ വിശേഷണനാമം ബൈബിളില്‍ പരാമര്‍ശിച്ചിരിക്കുന്നത് ഞാനോര്‍ത്തു. 8 മണിയായപ്പോഴേക്കും ബ്ലൂസ്റ്റാര്‍ ഫെറിയുടെ സൂപ്പര്‍ഫാസ്റ്റ് XII എന്ന പടുകൂറ്റന്‍ കപ്പല്‍ പോര്‍ട്ടണയുന്നതു കണ്ടു. ഞങ്ങള്‍ ദീര്‍ഘ നിശ്വാസത്തോടെ പെട്ടികളുമായി കപ്പലിനടുത്തേക്കു നടന്നു നീങ്ങി.ഡോ. ഓമന റസ്സല്‍

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!