– ഡോ. ഓമന റസ്സല്‍
1789 ഏപ്രില്‍ 30-ാം തീയതി ജോര്‍ജ് വാഷിംഗ്ടണ്‍ അമേരിക്കന്‍ ഐക്യനാടുകളുടെ പ്രഥമ പ്രസിഡന്റായി ഐകകണേഠന തെരഞ്ഞെടുക്കപ്പെട്ടതോടെ അമേരിക്കയില്‍ ഒരു പുതുയുഗം ആരംഭിക്കുകയായിരുന്നു. നാലുവര്‍ഷത്തിനുശേഷം വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1797 വരെ തല്‍സ്ഥാനത്ത് തുടരുകയുണ്ടായി.
പുതിയ അമേരിക്കന്‍ റിപ്പബ്ലിക്കിന്റെ ഭരണസാരഥ്യം ജോര്‍ജ് വാഷിംഗ്ടണ്‍ ഏറ്റെടുക്കുമ്പോള്‍ അമേരിക്കല്‍ ഐക്യനാടുകളുടെ വിസ്തൃതി എട്ടുലക്ഷം ചതുരശ്ര ൈമല്‍. എന്നാല്‍ ഇത്രയും വിശാലമായ ഭൂവിഭാഗത്ത് അധിവസിച്ചിരുന്നത് കഷ്ടിച്ച് നാല്‍പതു ലക്ഷം ജനങ്ങള്‍ മാത്രം. പില്‍ക്കാലത്താണ് 50 സ്റ്റേറ്റുകള്‍ ചേര്‍ന്ന ഒരു വന്‍ രാഷ്ട്രമായി അമേരിക്ക മാറുന്നത്.
ന്യൂയോര്‍ക്ക് നഗരത്തിലെ ഫെഡറല്‍ ഹാളിലായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് വാഷിംഗ്ടണ്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. 1789 മുതല്‍ 1799 വരെ ന്യൂയോര്‍ക്കായിരുന്നു അമേരിക്കന്‍ ഐക്യനാടുകളുടെ പ്രഥമ തലസ്ഥാനം. 1790 മുതല്‍ 1799 വരെ തലസ്ഥാന നഗരവും ഏറ്റവും വലിയ പട്ടണവും ഫിലദെല്‍ഫിയ ആയിരുന്നു. 1800-ല്‍ ജോര്‍ജ് വാഷിംഗ്ടണിന്റെ സ്മരണയ്ക്കായി വാഷിംഗ്ടണിലേക്കു തലസ്ഥാനം മാറ്റി.
അമേരിക്കന്‍ ഐക്യനാടുകളിലെ ജനങ്ങളുടെ പ്രധാന തൊഴില്‍ കൃഷിയായിരുന്നു. മരക്കുറ്റികള്‍ കൊണ്ടു നിര്‍മ്മിച്ച വീടുകളിലായിരുന്നു കൃഷിക്കാര്‍ താമസിച്ചിരുന്നത്. കാലക്രമേണ അമേരിക്കന്‍ ഐക്യനാടുകളുടെ തെക്കന്‍ സംസ്ഥാനങ്ങളില്‍ കൃഷി അഭിവൃദ്ധി പ്രാപിക്കുകയും തോട്ടങ്ങളിലെ കൃഷിപ്പണിക്കായി ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും നീഗ്രോ അടിമകളെ കൊണ്ടുവരികയും ചെയ്തു.
1790-ല്‍ ഏഴുലക്ഷം അടിമകള്‍ അമേരിക്കയി ലുണ്ടായിരുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. തെക്കന്‍ സംസ്ഥാനങ്ങളില്‍ ധാരാളം അടിമകളുണ്ടായിരുന്നപ്പോള്‍ വടക്കന്‍ സംസ്ഥാനങ്ങളില്‍ അവരുടെ എണ്ണം തുലോം കുറവായിരുന്നു. ലണ്ടനില്‍ വലിയ ഡിമാന്റുണ്ടായിരുന്ന പരുത്തി ആയിരുന്നു തെക്കന്‍ സംസ്ഥാനങ്ങളിലെ പ്രധാനകൃഷി.
കച്ചവടം വ്യാപകമായതോടെ നഗരങ്ങള്‍ വികാസം പ്രാപിച്ചു. ന്യൂയോര്‍ക്ക്, ചാള്‍സ് ടൗണ്‍, ഫിലദെല്‍ഫിയ, ബോസ്റ്റണ്‍ തുടങ്ങിയ നഗരങ്ങള്‍ വ്യാപാരികളുടെ സങ്കേതങ്ങളായി മാറി.
പുതിയ റിപ്പബ്ലിക്കിന്റെ പ്രസിഡന്റിന് അനേകം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നു. ലോകമെമ്പാടും അക്കാലത്ത് രാജവാഴ്ചയാണ് നിലനിന്നിരുന്നത്. 1792-ല്‍ ഫ്രാന്‍സ് റിപ്പബ്ലിക്കായി തീര്‍ന്നെങ്കിലും അതിന് അധികം ആയുസുണ്ടായില്ല. താമസം വിനാ നെപ്പോളിയന്‍ ഫ്രാന്‍സിന്റെ ചക്രവര്‍ത്തിയായിത്തീര്‍ന്നു. യൂറോപ്പിലെ മറ്റു രണ്ടു റിപ്പബ്ലിക്കുകളായിരുന്ന സ്വിറ്റ്‌സര്‍ലന്റിനും വെനീസിനും നെപ്പോളിയന്റെ ഉദയത്തോടെ അവയുടെ സ്വാതന്ത്ര്യം നഷ്ടപ്പട്ടു.
പുതുതായി പിറന്ന ഒരു ജനായത്ത രാഷ്ട്രം (റിപ്പബ്ലിക്) എന്ന നിലയില്‍ അതിനെ സംരക്ഷിക്കേണ്ടതും നിലനിറുത്തേണ്ടതുമായ ഭാരിച്ച ഉത്തരവാദിത്വമായിരുന്നു ആദ്യ പ്രസിഡന്റിന് നിര്‍വ്വഹിക്കേണ്ടിയിരുന്നത്. കൂടാതെ ഫെഡറല്‍ മാതൃകയിലുളള ഒരു ഗവണ്‍മെന്റ് എന്ന പരീക്ഷണം വിജയിപ്പിക്കുകയും വേണമായിരുന്നു. സ്വതന്ത്രമായ വിഭിന്ന സ്റ്റേറ്റുകളെ ഒരുമിച്ചു നിര്‍ത്തുവാനും കേന്ദ്ര ഗവണ്‍മെന്റ് എന്ന നിലയില്‍ ഭരണം നടത്തുവാനും പ്രസിഡന്റ് ബാദ്ധ്യസ്ഥനായി. രാജ്യത്തിന്റെ വിസ്തൃതിയും സ്റ്റേറ്റുകളുടെ സ്വാതന്ത്ര്യാഭിലാഷവും മറ്റു പ്രശ്‌നങ്ങളായിരുന്നു. അയല്‍ക്കാരെന്ന നിലയില്‍ കാനഡയില്‍ ബ്രിട്ടീഷുകാരുടേയും മിസിസ്സിപ്പിയിലും ഫ്‌ളോറിഡയിലും സ്‌പെയിന്‍കാരുടേയും സാന്നിദ്ധ്യവും റെഡ് ഇന്ത്യാക്കാരും ഒക്കെ ഫെഡറല്‍ ഗവണ്‍മെന്റിന് തലവേദനയുണ്ടാക്കി.
”കൂടുതല്‍ നല്ല ഒരു യൂണിയന്‍ രൂപവല്‍ക്കരിക്കുന്നതിനും നീതി സംരക്ഷിക്കുന്നതിനും ആഭ്യന്തര സമാധാനം സുനിശ്ചിതമാക്കുന്നതിനും പൊതുപ്രതിരോധം സജ്ജമാക്കുന്നതിനും പൊതുക്ഷേമം അഭിവൃദ്ധിപ്പെടുത്തുന്നതിനും സ്വാതന്ത്ര്യത്തിന്റെ അനുഗ്രഹങ്ങള്‍ നമുക്കും നമ്മുടെ അനന്തര പരമ്പരകള്‍ക്കും അനുഭവവേദ്യമാക്കിത്തീര്‍ക്കുന്നതിനും വേണ്ടി, ഐക്യനാടുകളിലെ ഈ ഭരണഘടനയെ ഐക്യനാടുകളിലെ ജനങ്ങളായ ഞങ്ങള്‍ ഇതിനാല്‍ അധികാരപ്പെടുത്തുകയും നടപ്പിലാക്കുകയും ചെയ്യുന്നു.” എന്ന ആമുഖപ്രസ്താവന പുതിയരാഷ്ട്രം നിശ്ചിതമായ ചില ആദര്‍ശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നുവെന്ന് വ്യക്തമാക്കി. അതിന്‍ പ്രകാരം സ്വാതന്ത്ര്യവും സമത്വവും നടപ്പിലാക്കാന്‍ വേണ്ട പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതും പ്രസിഡന്റിന്റെ ചുമതലയായി.
നിശ്ചയദാര്‍ഢ്യവും സത്യസന്ധതയും കഴിവുമുള്ള വ്യക്തിയായിരുന്നു ജോര്‍ജ്ജ് വാഷിംഗ്ടണ്‍. അമേരിക്കന്‍ ഐക്യനാടുകള്‍ അഭിമുഖീകരിച്ച പ്രശ്‌നങ്ങളില്‍ വിവേകപൂര്‍വ്വമായ തീരുമാനങ്ങളെടുക്കുവാനുള്ള കഴിവ് അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. കക്ഷി രാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കുവാന്‍ അദ്ദഹത്തിന് കഴിഞ്ഞു. ലോക ചരിത്രത്തില്‍ തന്നെ നിര്‍ണ്ണായകമായ ഒരു ദിശാസന്ധിയില്‍ അമേരിക്കയെ ഒരു പ്രധാന രഷ്ട്രമാക്കിത്തീര്‍ക്കുന്നതില്‍ ജോര്‍ജ്ജ് വാഷിംഗ്ടന്റെ സേവനം വളരെ സഹായകമായി.
അവകാശ നിയമങ്ങള്‍ ഭരണഘടനയിലുള്‍പ്പെടുത്തി ഭരണഘടനയെ പ്രവര്‍ത്തിപഥത്തിലെത്തിച്ചത് ജോര്‍ജ്ജ് വാഷിംഗ്ടണ്‍ ആയിരുന്നു. പുതിയ സ്റ്റേറ്റുകളെ ഉള്‍പ്പെടുത്തി അമേരിക്കന്‍ ഐക്യനാടുകളുടെ വിസ്തൃതി വര്‍ദ്ധിപ്പിച്ചു. അമേരിക്കന്‍ മന്ത്രിസഭയുടെയും ഫെഡറല്‍ ജുഡീഷ്യറിയുടേയും പ്രവര്‍ത്തനഫലമായി അമേരിക്കയെ ലോകത്തിന്റെ ദൃഷ്ടിയില്‍ ഒരു സ്വതന്ത്രരാഷ്ട്രമാക്കി ഉയര്‍ത്തിക്കാട്ടുന്നതില്‍ അദ്ദേഹം വിജയിച്ചു.
വകുപ്പുതലവന്മാരുമായി ആലോചിച്ചശേഷമേ അദ്ദേഹം സുപ്രധാന തീരുമാനങ്ങള്‍ എടുത്തിരുന്നുള്ളൂ. ബാങ്ക് ഓഫ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് സ്ഥാപിച്ചതും നല്ല രീതിയിലുള്ള നാണയവ്യവസ്ഥകൊണ്ടുവന്നതും എക്‌സൈസ് തീരുവ ചുമത്തുകയും ചെയ്തത് ഇദ്ദേഹത്തിന്റെ ഭരണകാലത്തായിരുന്നു. ‘വാഷിംഗ്ടണ്‍യുഗം’ എന്നാണ് അദ്ദേഹത്തിന്റെ ഭരണകാലം ചരിത്രത്തില്‍ വാഴ്ത്തപ്പെടുന്നത്.
1790-ല്‍ റെസിഡന്‍സ് ആക്ടില്‍ (Residence Act) വാഷിംഗ്ടണ്‍ ഒപ്പുവച്ചു. ഗവണ്‍മെന്റിന് സ്ഥിരമായ ഒരാസ്ഥാനം എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. അങ്ങനെ Washington DC (DC=District of Columbia) 1800 ല്‍ ഫെഡറല്‍ ഗവണ്‍മെന്റിന്റെ ആസ്ഥാനമായി.
മദ്യവാറ്റ് അക്കാലത്ത് വലിയ വ്യവസായമായിരുന്നു അമേരിക്കന്‍ ഐക്യനാടുകളില്‍. 1791 ല്‍ കോണ്‍ഗ്രസ്സ് (കേന്ദ്ര പാര്‍ലമെന്റ്) മദ്യവാറ്റിന്മേല്‍ എക്‌സൈസ് തീരുവ ചുമത്തിയത് വളരെ എതിര്‍പ്പുക്ഷണിച്ചുവരുത്തി. പെന്‍സില്‍വാനിയായിലെ മദ്യവിപണനക്കാര്‍ നികുതി നല്‍കാതിരിക്കാന്‍ നടത്തിയ കലാപത്തെ വിസ്‌കി കലാപം (Whisky Rebellion) എന്നപേരില്‍ അറിയപ്പെട്ടു.
1792 ലെ മിലീഷ്യ ആക്ട് പ്രകാരം ജോര്‍ജ്ജ് വാഷിംഗ്ടണ്‍ വെര്‍ജീനിയ, മെരിലാന്റ്, ന്യൂജേഴ്‌സി, പെന്‍സില്‍വാനിയ എന്നിവിടങ്ങളില്‍ നിന്നും സൈന്യത്തെ ശേഖരിച്ചു. സ്റ്റേറ്റുകളിലെ ഗവര്‍ണര്‍മാര്‍ അയച്ചുകൊടുത്ത സൈന്യത്തിന്റെ നായകത്വം (കമാന്റര്‍) ഏറ്റെടുത്ത വാഷിംഗ്ടണ്‍ കലാപ ബാധിത പ്രദേശങ്ങളിലെത്തി.
ലഹളക്കാര്‍ പിരിഞ്ഞുപോയതുകൊണ്ട് യുദ്ധം ചെയ്യേണ്ടിവന്നില്ലെങ്കിലും പൗരന്മാരുടേയും സ്റ്റേറ്റുകളുടേയും മേല്‍ പൂര്‍ണ്ണ അധികാരം ഫെഡറല്‍ ഗവണ്‍മെന്റിനാണെന്ന് ഈ സംഭവം തെളിയിച്ചു.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.