അമേരിക്കന്‍ സ്വാതന്ത്ര്യത്തിനുള്ള പോരാട്ടമെന്ന മഹത്തായ ലക്ഷ്യത്തിനായി 1775 മെയ് 2-ാം തീയതി രണ്ടാം കോണ്ടിനെന്റല് കോണ്‍ഗ്രസ്സ് ഫിലദല്‍ഫിയായില്‍ ആരംഭിച്ചു. 13 കോളനികള്‍ സ്ഥാപിച്ച് അമേരിക്കയെ അടക്കിഭരിച്ചുകൊണ്ടിരിന്ന ബ്രിട്ടീഷ് മേല്‍ക്കോയ്മയെക്കുറിച്ച് കഴിഞ്ഞലക്കങ്ങളില് എഴുതിയിരുന്നത് വായനക്കാര്‍ ഓര്‍ക്കുമല്ലോ.
അതുകൊണ്ട് സ്വാതന്ത്ര്യത്തിനായി ബ്രിട്ടനോട് യുദ്ധം ചെയ്യണമെന്ന തീരുമാനം കോണ്‍ഗ്രസില്‍ പങ്കെടുത്ത എല്ലാ പ്രതിനിധികളും അംഗീകരിച്ചെങ്കിലും യുദ്ധത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് അഭിപ്രായഐക്യം രൂപീകരിക്കാന്‍ നേതാക്കള്‍ക്ക് കഴിഞ്ഞില്ല.
ജോണ്‍ ആഡംസും സാമുവല്‍ ആഡംസും കോളനികള്‍ക്ക് പരിപൂര്‍ണ്ണ സ്വാതന്ത്ര്യം ലഭിക്കണമെന്നുവാദിച്ചപ്പോള് ജോണ്‍ ഡിക്കിന്സണിനെപ്പോലുള്ള നേതാക്കള്‍ ബ്രിട്ടനുമായി സൗഹാര്‍ദ്ദപരമായ ഒത്തുതീര്പ്പുണ്ടാക്കണമെന്നാണ് അഭിപ്രായപ്പെട്ടത്.
ബ്രിട്ടീഷ് രാജാവിന് ഒരു നിവേദനം സമര്‍പ്പിക്കാനും കോളനികളെ പ്രതിരോധത്തിന് സജ്ജരാക്കാനും സ്വന്തമായി ഒരു സൈന്യം രൂപീകരിക്കുന്നതിനും സമ്മേളനം തീരുമാനിച്ചുകൊണ്ട് സൈന്യത്തിന്റെ നായകനായി ജോര്‍ജ്ജ് വാഷിങ്ടനെ തെരഞ്ഞെടുത്തു. സ്വന്തമായി കറന്‍സി അച്ചടിക്കാന്‍ തീരുമാനിച്ചതിലൂടെ രാജ്യത്തെ സാമ്പത്തിക ക്രയവിക്രയങ്ങളെല്ലാം അമേരിക്കന്‍ ജനതയ്ക്കായിരിക്കണമെന്നു നിശ്ചയിച്ചു.
കോണ്ടിനെന്റല് കോണ്‍ഗ്രസ് ബ്രിട്ടന് സമര്‍പ്പിച്ച നിവേദനം നിഷ്പ്രയോജനമെന്നു മനസ്സിലാക്കിയ കോളനിക്കാര്‍ യുദ്ധവുമായി മുന്നോട്ടു പോകാന്‍ തീരുമാനിക്കുകയാണുണ്ടായത്. തോമസ് ജെഫേഴ്സണും ഡിക്കിന്‍സണും ചേര്‍ന്ന് എഴുതിയുണ്ടാക്കിയ ”ആയുധമെടുക്കാനുള്ള കാരണങ്ങളുടെയും അതിന്റെ ആവശ്യകതയുടെയും പ്രഖ്യാപനം” ജൂലായ് മാസത്തില്‍ കോണ്‍ഗ്രസ് അംഗീകരിച്ചു. ഒന്നുകില്‍ ബ്രിട്ടന് നിരുപാധികം കീഴടങ്ങുക അല്ലെങ്കില്‍ ബ്രിട്ടീഷ് നയങ്ങളെ ബലം പ്രായോഗിച്ച് എതിര്‍ക്കുക; ഈ രണ്ടു പോംവഴികളെ കോളനിക്കാരുടെ മുന്നിലുള്ളൂവെന്നും രണ്ടാമത്തെ വഴിയാണ് തങ്ങള്‍ക്കു കരണീയമായിട്ടുള്ളതെന്നും അടിമകളായി ജീവിക്കുന്നതില്‍ ഭേദം സ്വതന്ത്രരായി മരിക്കുന്നതാണെന്നും പ്രസ്തുത പ്രഖ്യാപനം വ്യക്തമാക്കി.
അതോടെ ബ്രിട്ടീഷ് അധിനിവേശം നിര്‍ത്തലാക്കാനും അവരുടെ പട്ടാളത്തെ തുരത്താനുമായി യുദ്ധത്തിന്റെ പരമ്പരതന്നെ അരങ്ങേറി. 1775 ജൂണില്‍ ബങ്കര്‍ ഹില്ലില്‍ വച്ച് ഏറ്റവും രക്തരൂക്ഷിതമായ പോരാട്ടം നടന്നു. ബ്രിട്ടീഷ് പട്ടാളത്തിന്റെ മൂന്നിലൊരുഭാഗം ഈ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. മസാചുസെറ്റ്സിന്റെ ഭൂരിഭാഗവും അമേരിക്കന്‍ സൈന്യത്തിന്റെ പിടിയിലായി. വെര്‍ജീനിയയിലെ ബ്രിട്ടീഷ് ഗവര്‍ണറെ കോളനിക്കാര്‍ പുറന്തള്ളി. എന്നാല്‍ അതേവര്‍ഷം ഡിസംബറില്‍ കാനഡ പിടിച്ചെടുക്കാന്‍ കോളനിസേനകള് നടത്തിയ ശ്രമത്തെ ബ്രിട്ടീഷ് സൈന്യം പരാജയപ്പെടുത്തി.
1776-ല്‍ ബ്രിട്ടീഷ് സൈന്യത്തിന്റെ കരോലിന കീഴടക്കാനുള്ള ശ്രമം അമ്പേ പരാജയപ്പെട്ടു. ബോസ്റ്റണില്‍ നിന്നും ബ്രിട്ടീഷ് സേനയെ കോളനി സൈന്യം തുരത്തി. ആദ്യ വിജയങ്ങള്‍ ബ്രിട്ടന് അനുകൂലമായെങ്കിലും 1777-ല്‍ സാരട്ടോഗയില് വച്ച് അമേരിക്ക ബ്രിട്ടനെ പരാജയപ്പെടുത്തിയത് അമേരിക്കന്‍ സ്വാതന്ത്ര്യ സമരത്തിലെ ഒരു നാഴികക്കല്ലായിരുന്നു. പ്രിന്‍സ് ടൗണില്‍ വെച്ച് ജോര്‍ജ്ജ് വാഷിംഗ്ടണ്‍ ബ്രിട്ടീഷ് പടയെ തോറ്റു തുന്നം പാടിച്ചതോടെ 1778-ല്‍ ഫ്രഞ്ചുകാരും അമേരിക്കന്‍ കോളനികളുടെ സഹായത്തിനെത്തി.
1881-ല്‍ ജനറല്‍ കോണ്‍വാലീസിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സൈന്യത്തെ യോര്‍ക്ക് ടൗണില്‍വച്ച് ജോര്‍ജ്ജ് വാഷിങ്ടണ്‍ തുരത്തിയെങ്കിലും ബ്രിട്ടീഷ് അമേരിക്കന്‍ പോരാട്ടം തുടര്‍ന്നുകൊണ്ടിരുന്നു. എന്നാല്‍ അത് അത്രരൂക്ഷമാകാതെ 1783 വരെ നാമമാത്രമായി തുടര്‍ന്നു എന്നുമാത്രം.
1775 അവസാനത്തോടെ ബ്രിട്ടീഷ് ഗവണര്‍മാര്‍ നാടുവിടുകയും കോളനികളില്‍ സ്വതന്ത്ര ഭരണകൂടങ്ങള്‍ നിലവില്‍ വരുകയും ചെയ്തു. ക്രമേണ കോണ്ടിനെന്റല് കോണ്‍ഗ്രസ്സ് കോളനികളുടെ അധികാരങ്ങള്‍ ഏറ്റെടുത്തു. ബ്രിട്ടന് ഒഴികെയുള്ള വിദേശ രാജ്യങ്ങളുമായി കോണ്‍ഗ്രസ്സ് വ്യാപാര ബന്ധത്തിലേര്‍പ്പെടുകയും ചെയ്തു. ഇതില്‍ ബ്രിട്ടന്റെ ശത്രുരാജ്യമായിരുന്ന ഫ്രാന്‍സും ഉള്‍പ്പെട്ടു.
1776-ല്‍ തോമസ് പെയിന്‍ പ്രസിദ്ധീകരിച്ച ‘കോമണ്‍സെന്‍സ്’ എന്ന ലഘുലേഖയില്‍ ഇംഗ്ലണ്ടില്‍ നിന്നും വേര്‍പിരിയുകയാണ് അമേരിക്കന്‍ കോളനികളെ സംബന്ധിച്ചിടത്തോളം വിവേകപൂര്‍വ്വമായ നടപടിയെന്ന് വ്യക്തമാക്കി. ഈ ലഘുലേഖയുടെ ലക്ഷക്കണക്കിന് പ്രതികള്‍ കോളനികളില്‍ പ്രചരിക്കുകയും പരിപൂര്‍ണ്ണ സ്വാതന്ത്ര്യം എന്ന ആശയം കോളനിക്കാരുടെ ഇടയില്‍ രൂഢമൂലമാവുകയും ചെയ്തു.
കോളനികള്‍ക്ക് ബ്രിട്ടീഷ് സാമ്രാജ്യത്തിനുളളില് സ്വയം ഭരണം മതിയെന്നും അതല്ലാ, പരിപൂര്‍ണ്ണ സ്വാതന്ത്ര്യം ലഭിക്കണമെന്നും ഉള്ള രണ്ട് അഭിപ്രായഗതികള് കോളനികളുലുണ്ടായി. എന്നാല്‍ ഒരു പടികൂടി മുന്നോട്ട് നീങ്ങികൊണ്ട് സ്വാതന്ത്ര്യത്തിനനുകൂലമായി വോട്ട് ചെയ്യണമെന്ന് കോണ്ടിനെന്റല് കോണ്‍ഗ്രസ്സിലേയ്ക്കുള്ള തങ്ങളുടെ പ്രതിനിധികള്‍ക്ക് വടക്കേ കരോലിന നിര്‍ദ്ദേശം നല്കി. കോളനികള്‍ സ്വതന്ത്രങ്ങളാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഒരു പ്രമേയം വെര്‍ജീനിയയിലെ റിച്ചാര്‍ഡ് ഹെന്റി ലി കോണ്ടിനെന്റല് കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കുകയും എല്ലാ കോളനികളും അത് അംഗീകരിക്കുകയും ചെയ്തു. ”ഈ ഐക്യരാഷ്ട്രങ്ങള്‍ ബ്രിട്ടീഷ് കിരീടത്തോടുള്ള എല്ലാ വേഴ്ചയില്‍ നിന്നും വിമുക്തമാക്കപ്പെട്ടിരിക്കുന്നു എന്നും അവരും ബ്രിട്ടനും തമ്മിലുള്ള രാഷ്ട്രീയ ബന്ധങ്ങള്‍ പാടെ വിച്ഛേദിക്കപ്പെട്ടിരിക്കുന്നു എന്നും” പ്രമേയം പ്രഖ്യാപിച്ചു.
സ്വാതന്ത്ര്യം പ്രഖ്യാപിക്കാനുള്ള കോണ്ട്രിനെന്റല് കോണ്‍ഗ്രസ്സിന്റെ തീരുമാനം ലോകത്തെ അറിയിക്കുവാന്‍ ഒരു പ്രഖ്യാപനം എഴുതിയുണ്ടാക്കാനായി ഒരു കമ്മിറ്റിയെ കോണ്ടിനെന്റല് കോണ്‍ഗ്രസ്സ് ചുമതലപ്പെടുത്തുകകൂടി ചെയ്തു. 1776 ജൂലൈ മാസത്തില്‍ ഐകകണ്ഠേന അംഗീകരിച്ച ഈ പ്രഖ്യാപനമാണ് ‘അമേരിക്കന്‍ സ്വാതന്ത്ര്യ പ്രഖ്യാപനം’ എന്ന പേരില്‍ ലോക പ്രശസ്തമായത്. അമേരിക്കക്കാരുടെ ഹൃദയത്തിലെ സ്വാതന്ത്ര്യ അഭിലാഷം വ്യക്തമാക്കിയ പ്രഖ്യാപനമായിരുന്നു ഇത്. തോമസ് പെയിന്റെ ‘കോമണ്‍സെന്‍സ്’ എന്ന ലഘുലേഖയും അമേരിക്കന്‍ സ്വാതന്ത്ര്യ പ്രഖ്യാപനവും ബ്രിട്ടനില്‍ നിന്നും സ്വാതന്ത്ര്യം നേടാനുള്ള അമേരിക്കന്‍ കോളനികളുടെ അഭിവാഞ്ഛയ്ക്ക് ആക്കം കൂട്ടിയ സംഭവങ്ങളായിരുന്നു.
അമേരിക്കന്‍ സ്വാതന്ത്ര്യ പ്രഖ്യാപനം
കോളനികള്ക്കെതിരായി ബ്രിട്ടീഷ് ഗവണ്മെന്റ് സ്വീകരിച്ച മര്‍ദ്ദന നടപടികളെയും സാമ്രാജ്യത്തിനുള്ളില്‍ നിന്നുകൊണ്ട് കോളനികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള പരിശ്രമങ്ങളെയും വിവരിച്ചശേഷം വിപ്ലവത്തിലൂടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്ന ഒരു ജനാധിപത്യ രാഷ്ട്രം സ്ഥാപിക്കാനുള്ള അവകാശം പ്രഖ്യാപിക്കുന്ന രേഖയാണ് സ്വാതന്ത്ര്യ പ്രഖ്യാപനം.
സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ ആദ്യ ഖണ്ഡികയില്‍ മനുഷ്യാവകാശ പ്രഖ്യാപനം ഉള്‍ക്കൊള്ളുന്നു. എല്ലാ മനുഷ്യരും തുല്യരായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നുയെന്നും അവര്‍ക്ക് അവരുടെ സൃഷ്ടാവ് മാറ്റാന്‍ വയ്യാത്ത ചില അവകാശങ്ങള്‍ നല്കിയിരിക്കുന്നുയെന്നും ജീവന്, സ്വാതന്ത്യം,
സുഖം തേടാനുള്ള അവകാശം എന്നിവ അക്കൂട്ടത്തില്പ്പെടുന്നുയെന്നും പറയുന്നു. ഏതെങ്കിലും ഭരണം ഈ ലക്ഷ്യങ്ങളെ നശിപ്പിക്കുന്ന തരത്തിലാവുന്നുവെങ്കില് അതിനെ മാറ്റുകയോ ഇല്ലാതാക്കുകയോ ചെയ്യാനും തങ്ങള്‍ക്ക് രക്ഷയും സുഖവും പ്രദാനം ചെയ്യാന്‍ ഏറ്റവും ഉതകുന്നതെന്ന് തോന്നുന്ന രൂപവും തത്വങ്ങളുമുള്ള ഒരു പുതിയ ഗവണ്മെന്റ് രൂപീകരിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നുള്ള പ്രഖ്യാപനം ലോകത്തെമ്പാടുമുള്ള സ്വാതന്ത്ര്യ പ്രേമികള്‍ക്ക് എക്കാലവും ഉത്തേജനം നല്‍കുന്നതാണ്. പില്ക്കാലത്ത് വിപ്ലവത്തിനും അതിന്റെ മനുഷ്യാവകാശ പ്രഖ്യാപനത്തിനും ഉത്തേജനമേകിയത് അമേരിക്കന്‍ സ്വാതന്ത്ര്യ പ്രഖ്യാപനമായിരുന്നുവെന്ന് നിസ്സംശയം പറയാം.
ഇതൊക്കെയാണെങ്കിലും ബ്രിട്ടീഷ് നുകത്തിന് കീഴില്‍ ഞെരിഞ്ഞമര്‍ന്ന് അമേരിക്കക്കാര്‍ കഴിയുമ്പോഴും അവര്‍ക്കു കീഴില്‍ അടിമകളുണ്ടായിരുന്നു എന്നതാണ് ഏറെ രസകരം. അടിമത്വം നിലനിര്‍ത്തിപോന്ന അമേരിക്കന്‍ കോളനിക്കാര്‍ തന്നെ എല്ലാ മനുഷ്യരും തുല്ല്യരായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്ന് പ്രഖ്യാപിച്ചത് വിരോധാഭാസമായിരുന്നു.!
1775-ല്‍ ആരംഭിച്ച യുദ്ധം 1781-ല്‍ അവസാനിച്ചുവെങ്കിലും 1783-ല്‍ മാത്രമാണ് ബ്രിട്ടനും അമേരിക്കന്‍ കോളനികളും തമ്മിലുള്ള സമാധാന ഉടമ്പടി ഒപ്പിട്ടത്. ജോര്‍ജ്ജ് വാഷിങ്ടന്റെ സമര്‍ത്ഥമായ നേതൃത്വം ബ്രിട്ടീഷ് സൈന്യത്തെ പരാജയപ്പെടുത്തി സ്വാതന്ത്ര്യം കൈവരിക്കാന്‍ കോളനികളെ സഹായിച്ച നിര്‍ണ്ണായക ഘടകമായിരുന്നു. ഫ്രഞ്ചുകാര്‍ അമേരിക്കന്‍ പക്ഷത്തു ചേര്‍ന്നതും ബ്രിട്ടന്റെ ഭരണം അപ്രഗല്ഭനായ നോര്‍ത്ത് പ്രഭുവിന്റെ ചുമതലയിലായിരുന്നതും ബ്രിട്ടീഷ് പരാജയത്തിന് വഴിതെളിച്ചു. ആവശ്യത്തിന് ബ്രിട്ടീഷ് പട്ടാളക്കാര്‍ ഇല്ലാതിരുന്നതും ബ്രിട്ടനും അമേരിക്കയും തമ്മില്‍ ദൂരക്കൂടുതല്‍ ഉണ്ടായിരുന്നതും പരാജയത്തിന്റെ കാരണമായി. കോളനികളിലെ സ്ഥിതിഗതികള്‍ നിശ്ചയമില്ലാതിരുന്നതും ബ്രിട്ടന്റെ യുദ്ധപരാജയത്തിന് കാരണമായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.
ബെഞ്ചമിന്‍ ഫ്രാങ്ക്ളിന്, ജോണ്‍ജോ, ജോണ്‍ ആഡംസ് എന്നിവര്‍ ബ്രിട്ടീഷ് ഗവണ്മെന്റിന്റെ പ്രതിനിധികളുമായി ഫ്രാന്‍സിലെ വേഴ്സായില്‍ വച്ച് നടത്തിയ സംഭാഷണങ്ങളുടെ ഫലമായി അമേരിക്കന്‍ കോളനികളുടെ സ്വാതന്ത്ര്യം സംജാതമായി. അമേരിക്കന്‍ ഐക്യനാടുകള്‍ എന്ന പുതിയ നാമധേയം അംഗീകരിച്ചുകൊണ്ട് ഒപ്പിട്ട ഉടമ്പടി 1783 ജനുവരി 20-ന് നിലവില്‍ വന്നു.
– ഡോ. ഓമന റസ്സല്‍






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.