ഗ്രെന്‍വില്‍ ഭരണകൂടത്തിനുശേഷം ബ്രിട്ടനില്‍ അധികാരത്തില്‍ വന്നത് പിറ്റിന്റെ നേതൃത്വത്തിലുള്ള ഭരണകൂടമായിരുന്നു. പിറ്റ് മന്ത്രിസഭയിലെ ധനകാര്യ വകുപ്പിന്റെ തലവനായിരുന്ന ചാള്‍സ് ടൗണ്ഷെന്റ,് ഗ്ലാസ്, കടലാസ്, തേയില, ചായം എന്നീ വസ്തുക്കളുടെമേല്‍ പുതിയ നികുതി ചുമത്തി. ബജറ്റ് കമ്മി നികത്തുന്നതിനു വേണ്ടിയായിരുന്നു അമേരിക്കക്കാരുടെമേല് ഈ നികുതി ചുമത്തിയത്.
ബ്രിട്ടീഷ് പാര്‍ലമെന്റ് ഈ നികുതി അംഗീകരിച്ചതോടുകൂടി കോളനികളില്‍ പ്രതിഷേധത്തിന്റെ കൊടുങ്കാറ്റ് ഉയര്‍ന്നു. ബോസ്റ്റണിലേയും ഫിലദല്ഫിയായിലെയും ന്യൂയോര്‍ക്കിലേയും വ്യാപാരികള്‍ ബ്രിട്ടീഷ് ചരക്കുകള്‍ ബഹിഷ്ക്കരിച്ചു. ബ്രിട്ടനില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ചരക്കുകളെ ആശ്രയിക്കാതെ സ്വദേശീയമായി ഉല്പാദിപ്പിക്കുന്ന സാധനങ്ങള്‍ ഉപയോഗിക്കാന്‍ നേതാക്കള്‍ ജനങ്ങളെ ആഹ്വാനം ചെയ്തു. കലാപങ്ങളും തീപ്പൊരി പ്രസംഗങ്ങളും ലഘുലേഖകളും മുഖപ്രസംഗങ്ങളും പ്രതിഷേധസമരത്തിന് ആവേശം പകര്‍ന്നു. 1769-ല്‍ റോഡ് ഐലന്റുകാര് ‘ലിബര്‍ട്ടി’ എന്ന ബ്രിട്ടീഷ് കപ്പല്‍ അഗ്നിക്ക് ഇരയാക്കി.
ഇതിനിടെ ടൗണ്‍ഷെന്റ് മരിക്കുകയും തല്‍സ്ഥാനത്ത് 1770-ല്‍ ലോര്‍ഡ് നോര്‍ത്ത് വരികയും ചെയ്തപ്പോള്‍ തേയിലയുടെ മാത്രം നികുതി നിലനിര്‍ത്തുകയും മറ്റ് സാധനങ്ങളുടെ നികുതി പിന്‍വലിക്കുകയും ചെയ്തു. കോളനിക്കാരെ ഭിന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു ഇത് ചെയ്തത്. മാത്രമല്ല കോളനിക്കാരുടെ മേല്‍ നികുതി ചുമത്താനുള്ള അധികാരം ബ്രിട്ടനുണ്ടെന്ന് സ്ഥാപിക്കാനും അതിലുപരി ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സ്റ്റോക്ക് ഉള്ള തേയില വിറ്റഴിക്കുക എന്ന ലക്ഷ്യവും നോര്‍ത്ത് പ്രഭുവിനുണ്ടായിരുന്നു.
തേയിലയുടെ നികുതി നിലനിര്‍ത്തിയതില്‍ പ്രതിഷേധിച്ച് ബോസ്റ്റണിലെ ആളുകള്‍ ബോസ്റ്റണില്‍ താവളമുറപ്പിച്ചിരുന്ന ബ്രിട്ടീഷ് പട്ടാളക്കാരെ ആക്രമിച്ചു. എന്നാല്‍ ജനക്കൂട്ടത്തിന് നേരെ പട്ടാളം വെടിവയ്പ് നടത്തുകയും മൂന്നു പേര് മരിക്കുകയും അഞ്ച് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് അറസ്റ്റും വിചാരണയും ഉണ്ടായെങ്കിലും അമേരിക്കന്‍ ജൂറി വിപ്ലപകാരികള് കുറ്റക്കാരല്ലെന്ന് വിധിക്കുകയും വെറുതെ വിടുകയും ചെയ്തു. മസാച്ചുസെറ്റ്സിലെ ജോണ്‍ ആഡംസ് ആയിരുന്നു പ്രക്ഷോഭകാരികള്‍ക്കുവേണ്ടി വാദിച്ചത്. അദ്ദേഹമാകട്ടെ ബ്രിട്ടന്റെ അമേരിക്കന്‍ കോളനികളോടുള്ള നയങ്ങളോട് എതിര്‍പ്പുള്ള ആളുമായിരുന്നു.
1773-ല്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് നോര്‍ത്ത് പ്രഭുവിന്റെ നിര്‍ബന്ധപ്രകാരം തേയിലനിയമത്തിന് നിയമസാധൂത നല്കിയതായിരുന്നു യുദ്ധത്തിന്റെ ആസന്നകാരണം. ഈ നടപടികളെ കോളനിക്കാര്‍ എതിര്‍ക്കുകയും ‘പ്രാതിനിധ്യമില്ലാതെ നികുതിയില്ല.’ എന്ന മുദ്രാവാക്യം മുഴക്കുകയും ചെയ്തു. കോളനികളുടെ തുറമുഖങ്ങളില്‍ തേയിലയുമായി വന്ന കപ്പലുകളില്‍ നിന്നും ചരക്ക് ഇറക്കിയില്ല.
1773-ന്റെ അവസാനത്തില്‍ തേയില കയറ്റിയ കപ്പലുകള്‍ ബോസ്റ്റണ്‍ തുറമുഖത്ത് എത്തി. ബോസ്റ്റണ്‍ ടൗണ്‍ കമ്മിറ്റി അവിടെ തേയില ഇറക്കുവാന്‍ സമ്മതിച്ചില്ല. തേയില കരയ്ക്ക് ഇറക്കാതെ കപ്പലുകള്‍ ബോസ്റ്റണ്‍ തുറമുഖം വിട്ടുപോകാന്‍ പാടില്ലെന്ന് മസാച്ചുസെറ്റ്സ് ഗവര്‍ണര്‍ ശഠിച്ചു. എന്നാല്‍ ചരിത്രത്തില്‍ ‘ബോസ്റ്റണ്‍ ടീ പാര്‍ട്ടി’ എന്ന് പില്ക്കാലത്ത് അറിയപ്പെട്ട സംഭവം വഴി അതിവിദഗ്ധമായി ഈ പ്രശ്നം പരിഹരിച്ചു.
വിപ്ലവനേതാവായിരുന്ന സാമുവേല്‍ ആഡംസിന്റെ നേതൃത്വത്തില്‍ റെഡ് ഇന്ത്യാക്കാരുടെ വേഷം ധരിച്ച വലിയ ഒരു കൂട്ടം കോളനിക്കാര്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കപ്പലുകളില്‍ കയറുകയും തേയിലപ്പെട്ടികള്‍ മുഴുവനും കടലില്‍ എറിയുകയും ചെയ്തു. ഇതാണ് ബോസ്റ്റണ്‍ ടീ പാര്‍ട്ടി. ഇതോടെ ബ്രിട്ടന് കോളനിക്കാരോടുള്ള വിരോധം വര്‍ദ്ധിക്കുകയും വിപ്ലവം അടിച്ചമര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
ജോര്‍ജ് മൂന്നാമന് രാജാവും നോര്‍ത്ത് പ്രഭുവും ചേര്‍ന്ന് ബോസ്റ്റണ്‍ തുറമുഖം അടച്ചു. ഇതിനെ തുടര്‍ന്ന് പട്ടിണിയും തൊഴിലില്ലായ്മയും വര്‍ദ്ധിച്ചു. രാഷ്ട്രീയ യോഗങ്ങള്‍ നിരോധിച്ചു. കുറ്റക്കാരയവരെ ഇംഗ്ലണ്ടില്‍ വിസ്തരിക്കുമെന്ന് അറിയിച്ചു. മസാച്ചുസെറ്റ്സിലേയ്ക്ക് കൂടുതല്‍ പട്ടാളക്കാരെ അയച്ചു. ഗവര്‍ണറുടെ അനുവാദം കൂടാതെ നഗരസഭ കൂടാന്‍ പാടില്ലെന്ന് നിയമം കൊണ്ടുവന്നു.
ബ്രിട്ടന്റെ ഈ കര്‍ശന നടപടികള്‍ കോളനിക്കാരെ ചൊടിപ്പിച്ചു. കോളനികളുടെ സ്വാതന്ത്യത്തെ ഹനിച്ച നടപടികള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ കോളനികള്‍ മുന്നോട്ട് വന്നു. കമ്മറ്റീസ് ഓഫ് കറസ്പോണ്ടന്‍സ് എന്ന പേരില്‍ ഒരു സ്ഥാപനത്തിന് കോളനിക്കാര്‍ രൂപം നല്കി. കോളനികളുടെ പരസ്പരബന്ധം നിലനിര്‍ത്താന്‍ വേണ്ടിയായിരുന്നു ഇത്. കോളനികളുടെ സ്വാതന്ത്ര്യത്തെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ എല്ലാ കോളനികളുടെയും പ്രതിനിധികളുടെ യോഗം ചേരാന്‍ ഈ സ്ഥാപനം ആഹ്വാനം ചെയ്തു. വെര്‍ജീനിയയിലെ അസംബ്ലിയും ബ്രിട്ടനെതിരെ പ്രതിഷേധ നടപടികള്‍ ആരംഭിക്കാന്‍ കോളനികളോട് ആവശ്യപ്പെട്ടു.
1774 സെപ്റ്റംബറില്‍ ഫിലദല്ഫിയയില് വച്ച് കോളനികളുടെ ആദ്യ പ്രതിനിധിയോഗം നടന്നു. ഇതാണ് ഒന്നാം കോണ്ടിനെന്റല് കോണ്‍ഗ്രസ്സ് എന്ന് അറിയപ്പെട്ടത്. ജോര്‍ജിയ ഒഴികെ മറ്റെല്ലാ കോളനികളുടെയും പ്രതിനിധികള്‍ ഇതില്‍ പങ്കെടുത്തു. ജോര്‍ജ് വാഷിങ്ടണ്‍, ജോണ്‍ ജെയ്, സാമുവല്‍ ആഡം തുടങ്ങിയ പ്രമുഖര്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുകയുണ്ടായി.
പ്രസ്തുത സമ്മേളനം കോളനികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ട് ഒരു നിവേദനം ജോര്‍ജ് മൂന്നാമന് രാജാവിന് സമര്‍പ്പിക്കുകയും കോണ്ടിനെന്റല് അസ്സോസിയേഷന് രൂപീകരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ‘അവകാശ പ്രഖ്യാപനം’ (Declaration of rights) എന്ന ഒരു പ്രമാണം കോണ്ടിനെന്റല് കോണ്‍ഗ്രസ്സ് പ്രസിദ്ധീകരിക്കുകയുണ്ടായി.
മനുഷ്യാവകാശ ചരിത്രത്തിലെ നാഴികക്കല്ലാണ് ഈ ചരിത്ര രേഖ. അടുത്ത വസന്തകാലത്ത് വീണ്ടും ഒത്തുചേരാമെന്ന് തീരുമാനിച്ച് സമ്മേളനം പിരിഞ്ഞു. അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും കോളനികള്‍ക്ക് പ്രധാന പ്രശ്നങ്ങളില്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് ഫിലദല്‍ഫിയ സമ്മേളനം തെളിയിച്ചു. അതുകൊണ്ട് അമേരിക്കന്‍ സ്വാതന്ത്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിന്റെ പ്രഥമ പടിയായി ഒന്നാം കോണ്ടിനെന്റല് കോണ്‍ഗ്രസ്സിനെ കണക്കാക്കാം.
എന്നാല്‍ ബ്രിട്ടന് കോളനികളുടെ എതിര്‍പ്പിനെ ചെറുത്തുതോല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.
എങ്കിലും 1775-ന്റെ ആദ്യഘട്ടത്തില്‍ കോളനിക്കാരെ അനുനയിപ്പിക്കാന്‍ ചില ശ്രമങ്ങളും ബ്രിട്ടന് നടത്താതിരുന്നില്ല. നോര്‍ത്ത് പ്രഭുവിന്റെ ഒലിവ് ബ്രാഞ്ച് നിവേദനങ്ങളാണ് ഇവയില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നത്. ഇവയെല്ലാം പരാജയപ്പെട്ടതോടുകൂടി അമേരിക്കയിലെ വടക്കന്‍ കോളനിക്കാര്‍ തുറന്ന കലാപത്തിന് തയ്യാറായി.
കലാപകാരികളെ അമര്‍ച്ചചെയ്യുന്നതിന് ബ്രിട്ടന് കൂടുതല്‍ സൈന്യത്തെ ബോസ്റ്റണിലേക്കയച്ചു. ബോസ്റ്റണിന്റെ 20 മൈല്‍ അകലെ സ്ഥിതിചെയ്തിരുന്ന കോണ്‍കോര്‍ഡിലെ മിലിട്ടറി സ്റ്റോഴ്സ് കൈവശപ്പെടുത്താനുള്ള ബ്രിട്ടീഷ് സൈന്യത്തിന്റെ നീക്കം കോളനിക്കാര്‍ എതിര്‍ക്കുകയും മിലിട്ടറി സ്റ്റോഴ്സ് നശിപ്പിക്കുകയും ചെയ്തു. കോളനിക്കാരും ബ്രിട്ടീഷ് സൈന്യവുമായി ഇടയ്ക്കിടെ ഏറ്റുമുട്ടലുകള്‍ ഉണ്ടായി. കോളനിക്കാരില്‍ ചിലരും 20 ബ്രിട്ടീഷ് പട്ടാളക്കാരും കൊല്ലപ്പെട്ടതോടെ അമേരിക്കന്‍ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള യഥാര്‍ത്ഥ പോരാട്ടത്തിന് തുടക്കമായി.
– ഡോ. മന റസ്സല്‍































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.