അമേരിക്കന്‍ ഭൂഖണ്ഡം കണ്ടെത്തിയതിനെത്തുടര്‍ന്ന് സ്പെയിന്, ഇംഗ്ലണ്ട്, ഫ്രാന്‍സ്, നെതര്‍ലാന്റ്സ്, സ്വീഡന് തുടങ്ങിയ രാജ്യങ്ങള്‍ അമേരിക്കയില്‍ കോളനികള്‍ സ്ഥാപിക്കാന്‍ മത്സരിച്ചുവെങ്കിലും 13 കോളനികള്‍ സ്ഥാപിച്ചുകൊണ്ട് കോളനിവല്ക്കരണത്തില് വിജയികളായിത്തീര്ന്നത് ബ്രിട്ടീഷുകാരായിരുന്നു. വ്യാപാരവും, ക്രിസ്തുമത വ്യാപനവുമായിരുന്നു അമേരിക്കന്‍ കോളനിവല്‍ക്കരണത്തിന് ബ്രിട്ടന് പ്രചോദനമായത്.
പതിനെട്ടാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടും, ഫ്രാന്‍സും തമ്മില്‍ ലോകസാമ്രാജ്യത്തിനുവേണ്ടിയുള്ള യുദ്ധങ്ങള്‍ നടന്നു. അവയില്‍ ഏറ്റവും നിര്‍ണ്ണായകമയ യുദ്ധമായിരുന്നു 1756 മുതല്‍ 1763 വരെ നടന്ന സപ്തവത്സര യുദ്ധം. 1763-ലെ പാരീസ് സമാധാന സന്ധിയിലൂടെ യുദ്ധം അവസാനിച്ചപ്പോള്‍ വിജയം ഇംഗ്ലീഷുകാര്‍ക്കായിരുന്നു. പ്രസ്തുത ഉടമ്പടി പ്രകാരം കാനഡ ഇംഗ്ലണ്ടിനു ലഭിച്ചു. അമേരിക്കയുടെ ചരിത്രത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായിരുന്നു ഇത്.
കോളനികള്‍ അഭിവൃദ്ധി പ്രാപിച്ചപ്പോള്‍ മാതൃരാജ്യമായ ഇംഗ്ലണ്ട് കച്ചവടക്കണ്ണോടുകൂടി കോളനികളെ നിയന്ത്രിക്കാന്‍ തുടങ്ങി. കോളനി ഭരണത്തിനായി ഇംഗ്ലണ്ടിലെ രാജാവ് ഗവര്‍ണ്ണര്‍മാരെ നിയമിച്ചു. എന്നാല്‍ ഓരോ കോളനിക്കും അസംബ്ലിയുണ്ടായിരുന്നു. അതതു കോളനികളിലെ അസംബ്ലികളായിരുന്നു കോളനിക്കാവശ്യമായ നിയമ നിര്‍മ്മാണം നടത്തിയിരുന്നത്. ഗവര്‍ണ്ണറും അസംബ്ലിയും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ സാധാരണയായിരുന്നു. ഗവര്‍ണ്ണര്‍ക്ക് ശമ്പളം നല്‍കേണ്ടിയിരുന്നത് കോളനികളായിരുന്നു. കോളനികളിലെ കച്ചവടസംബന്ധമായ കാര്യങ്ങളില്‍ മാത്രമായിരുന്നു മാതൃരാജ്യമായ ഇംഗ്ലണ്ട് ഇടപെട്ടിരുന്നത്.
ബ്രിട്ടനിലെ കച്ചവടക്കാരുടേയും ഭരണാധികാരികളുടേയും ധാരണ കോളനികള്‍ നിലനില്‍ക്കുന്നത് മാതൃരാജ്യത്തിന് വേണ്ടിയാണെന്നായിരുന്നു. ബ്രിട്ടീഷ് കച്ചവടക്കാര്‍ കോളനികളെ താങ്കളുടെ വിപണികളായി കരുതിയിരുന്നു. മാത്രമല്ല കോളനികള്‍ ഉദ്പാതിപ്പിക്കുന്ന അസംസ്കൃത വസ്തുക്കള്‍ ബ്രിട്ടനുവേണ്ടിയാണെന്ന് അവര്‍ ഉറച്ച് വിശ്വസിച്ചു. അതുകൊണ്ട് തന്നെ ബ്രിട്ടീഷ് പാര്‍ലമെന്റ് കൊളോണിയല്‍ വ്യാപാര നിയന്ത്രണത്തിനായി ഒരു നിയമ പരമ്പര തന്നെ പാസാക്കി. നാവീക നിയമം, മൊളാസസ് നിയമം, സ്റ്റാമ്പ് നിയമം തുടങ്ങിയവയാണ് പ്രധാനപ്പെട്ട നിയമങ്ങള്‍.
ബ്രിട്ടണ് പാസ്സാക്കിയ നിയമങ്ങളിലൂടെ കോളനികളിലെ കയറ്റുമതിയും ഇറക്കുമതിയും നിയന്ത്രിക്കപ്പെട്ടു. കോളനികളില്‍ നിന്നും കോളനികളിലേക്കുമുള്ള ചരക്കുകള്‍ ഇംഗ്ലണ്ടിന്റെയോ, കോളനികളുടെയോ കപ്പലുകള്‍ ഉപയോഗിച്ച് മാത്രമേ കയറ്റി ഇറക്കാവു എന്ന് നാവീക നിയമം വ്യവസ്ഥ ചെയ്തു. കമ്പിളി, ടാര്‍, കപ്പലിന്റെ പായ് മരങ്ങള്‍, ടര്പ്പെന്റെയിന്, പുകയില എന്നീ സാധനങ്ങള്‍ യൂറോപ്പിലേക്ക് അയയ്ക്കുന്നത് ഇംഗ്ലണ്ട് വഴിയായിരിക്കണമെന്ന് നിഷ്കര്‍ഷിച്ചു. മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് കോളനിക്കാര്‍ വാങ്ങുന്ന സാധനങ്ങള്‍ക്ക് ബ്രിട്ടീഷ് തുറമുഖങ്ങളില്‍ നികുതി നല്‍കണമായിരുന്നു. വ്യാപാരത്തില്‍ കോളനിയിലെ കച്ചവടക്കാര്‍ ബ്രിട്ടീഷ് കച്ചവടക്കാരോട് മത്സരിക്കാന്‍ പടില്ലെന്ന നിബന്ധന കൊണ്ടുവന്നു.
1773 ലെ മൊളാസസ് നിയമ പ്രകാരം ഫ്രഞ്ച് വെസ്റ്റിന്റീസില്‍ നിന്നും കോളനിക്കാര്‍ റം ഉണ്ടാക്കുന്നതിനായി വാങ്ങിയിരുന്ന ശര്‍ക്കരപ്പാനിക്ക് ഗ്യാലന് ഒന്നിന് 6 പെന്‍സ് തീരുവ ചുമത്തി. ഇതോടുകൂടി ബ്രിട്ടീഷ് വെസ്റ്റിന്റീസില്‍ നിന്ന് ശര്ക്കരപ്പാനിവാങ്ങുവാന് കോളനിക്കാര്‍ നിര്‍ബന്ധിതരായി. ഈ വക വ്യാപാര നിയന്ത്രണങ്ങള്‍ കോളനിക്കാര്‍ എതിര്‍ക്കുകയും സാധനങ്ങളുടെ കള്ളക്കടത്ത് നിര്‍ബാധം തുടരുകയും ചെയ്തു. നികുതി നല്കുവാന് വിസമ്മതിച്ച കോളനിക്കാരില്‍ ചിലര്‍ ബ്രിട്ടന്റെ ശത്രു രാജ്യങ്ങളുമായി വ്യാപാരബന്ധം സ്ഥാപിക്കുവാന്‍ മുതിരുകയും ചെയ്തു.
സപ്തവത്സര യുദ്ധത്തെ തുടര്‍ന്നുണ്ടായ ബ്രിട്ടന്റെ സാമ്പത്തിക പരാധീനത നികത്തുന്നതിന് ബ്രിട്ടീഷ് നിര്‍മ്മിത വസ്തുക്കളില്‍ ഭാരിച്ച നികുതി ചുമത്തി. ഇത് ബ്രിട്ടനില്‍ നിന്നും സാധനങ്ങള്‍ ഇറക്കുമതി ചെയ്തിരുന്ന കോളനികളിലെ നികുതി ഭാരം വര്‍ദ്ധിപ്പിച്ചു. എന്നാല്‍ കൂടുതല്‍ നികുതി നല്കാന് കോളനിക്കാര്‍ തയ്യാറായില്ല.
1763-ല്‍ ജോര്‍ജ്ജ് ഗ്രെന്‍വില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി. അദ്ദേഹം അമേരിക്കയുമായുള്ള വ്യാപാര ബന്ധങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കള്ളകടത്തുകാരെ നിയന്ത്രിക്കാന്‍ കര്‍ശ്ശന നടപടി സ്വീകരിച്ചു. നിയമ ലഘനം നടത്തുന്നവരെ ശിക്ഷിക്കുന്നതിന് വൈസ് അഡ്മിറാലിറ്റി കേന്ദ്രങ്ങള്‍ സ്ഥാപിച്ചു.
കോളനിക്കാരുടെ പ്രതിഷേധം വര്‍ദ്ധിച്ചതിനാല്‍ 1763-ലെ മൊളാസസ് നിയമം റദ്ദ് ചെയ്യുകയും, പഞ്ചസാര നിയമം എന്ന പേരില്‍ മറ്റൊരു നിയമം അതിനടുത്ത വര്‍ഷം പാസ്സാക്കുകയും ചെയ്തു. പുതിയ നിയമപ്രകാരം ഇറക്കുമതി ചെയ്യപ്പെടുന്ന ശര്‍ക്കരപ്പാനിക്ക് ഒരു ഗ്യാലന് 3 പെന്‍സ് തീരുവ ചുമത്തി. അന്നത്തെ ബ്രിട്ടീഷ് രാജാവ് ജോര്‍ജ്ജ് മൂന്നാമന് അമേരിക്കയിലേക്ക് അയച്ച ബ്രിട്ടീഷ് പട്ടാളത്തിന്റെ സംരക്ഷണ ചെലവിലേക്ക് പണം കണ്ടെത്താനായിരുന്നു പുതിയ നികുതി ചുത്തിയത്.
ബ്രിട്ടീഷ് നടപടികളെ എതിര്‍ത്ത കോളനിക്കാരെ കൂടുതല്‍ ക്ഷുഭിതരാക്കിയ സംഭവമായിരുന്നു 1765-ല്‍ നടപ്പാക്കിയ സ്റ്റാമ്പ് നിയമം. ഗ്രെന്വില്ലിന്റെ ഈ നിയമപ്രകാരം അമേരിക്കയില്‍ പ്രമാണങ്ങള്‍ക്കും, ലൈസന്‍സുകള്‍ക്കും, വില്‍പത്രങ്ങള്‍ക്കും റവന്യൂ സ്റ്റാമ്പുകള്‍ പതിക്കേണ്ടിവന്നു. കോളനിക്കാര്‍ എല്ലാവരും ഒരുപോലെ നികുതിയെ എതിര്‍ത്തു. പത്രങ്ങള്‍ സ്റ്റാമ്പുനിയമത്തിനെതിരെ പ്രചരണം നടത്തി. പത്രത്തിന്റെ ഒന്നാം പേജില്‍ സ്റ്റാമ്പു പതിക്കേണ്ട സ്ഥലത്ത് മരണത്തിന്റെ ഒരു സാങ്കല്പിക ചിത്രം ചേര്‍ത്ത് പത്രങ്ങള്‍ പ്രസിദ്ധീകരിച്ചു.
ബ്രിട്ടീഷ് സ്റ്റാമ്പുകള്‍ കൂട്ടിയിട്ട് കത്തിച്ചും, സ്റ്റാമ്പുവകുപ്പിലെ ഉദ്ദ്യോഗസ്ഥന്മാരുടെ കോലങ്ങളും, വീടുകളും അഗ്നിക്കിരയാക്കിയും കോളനിക്കാര്‍ തങ്ങളുടെ കടുത്ത പ്രതിഷേധം പ്രകടിപ്പിച്ചു. ”സ്വാത്രന്ത്യത്തിന്റെ സന്തതികള്‍” എന്ന നാമധേയത്തില്‍ കൂലിപ്പണിക്കാര്‍ ഒരു സംഘടയ്ക്ക് രൂപം നല്കി. ബോസ്റ്റണിലെ വിപ്ലവനേതാവായിരുന്ന സാമുവല്‍ ആഡംസിനേപ്പോലുള്ള തീവ്രവാദികളുടെ ബ്രിട്ടീഷ് ഗവണ്മെന്റിനെതിരെയുള്ള പ്രസംഗങ്ങള്‍ കൊണ്ട് അന്തരീക്ഷം മുഖരിതമായി. ന്യൂ ഇംഗ്ലണ്ടിലും ന്യൂയോര്‍ക്കിലും കലാപമുണ്ടായി. കച്ചവടക്കാര്‍ കയറ്റുമതി നിസ്സഹരണസഖ്യം ഉണ്ടാക്കിയിട്ട് സ്റ്റാമ്പ് നിയമം റദ്ദുചെയ്യാതെ ഇംഗ്ലണ്ടില്‍ നിന്നും യാതൊരു സാധനങ്ങളും ഇറക്കുമതി ചെയ്യുകയില്ലെന്ന് തീരുമാനിച്ചു.
ബ്രിട്ടീഷ് പാര്‍ലമെന്റിന് ഇത്തരമൊരു നിയമം പാസ്സാക്കാന്‍ അധികാരമില്ലെന്ന് സ്ഥാപിച്ചുകൊണ്ട് വെര്‍ജീനിയയിലെ അസംബ്ലിയില്‍ പാട്രിക് ഹെന്റി ആവേശകരമായ ഒരു പ്രസംഗം നടത്തി. ഈ പ്രസംഗംകൊണ്ടുതന്നെ യുവ അഭിഭാഷകനായിരുന്ന പാട്രിക് ഹെന്റി അമേരിക്കന്‍ ചരിത്രത്തില്‍ ഇടം നേടി.
ന്യൂയോര്‍ക്കില്‍ സമ്മേളിച്ച 9 കോളനികളുടെ പ്രതിനിധികള്‍ കോളനി നിവാസികളുടെ സമ്മതം കൂടാതെ കരം ചുമത്തുവാന്‍ ബ്രിട്ടീഷ് പാര്‍ലമെന്റിനു അധികാരമില്ലെന്നു പ്രഖ്യാപിച്ചു. ”പ്രാതിനിധ്യമില്ലെങ്കില്‍ നികുതിയുമില്ല” എന്നതായിരുന്നു സമരക്കാരുടെ മുദ്രാവാക്യം. പ്രതിനിധികളെ അയയ്ക്കുവാന് അനുവദിക്കാത്തിടത്തോളംകാലം ബ്രിട്ടീഷ് പാര്‍ലമെന്റിന് തങ്ങളുടെമേല്‍ നികുതി ചുമത്താനുള്ള അവകാശമില്ലെന്നവര് വാദിച്ചു. കോളനികളില്‍ സാര്‍വ്വത്രികമായി കലാപം ആളിപ്പടര്‍ന്നു. സ്വന്തം ശക്തിയെപ്പറ്റി കോളനിക്കാര്‍ ബോധവാന്മായി എന്നതിന്റെ തെളിവായിരുന്നു ഈ കലാപം.
ബ്രിട്ടനിലെ രാഷ്ട്രീയ നേതാക്കന്മാരായ വില്യം പീറ്റും എഡ്മണ്ട് ബര്‍ക്കും ഈ നികുതിയെ ശക്തിയായി എതിര്‍ക്കുകയും നികുതി ചുമത്തിയത് വിവേകരഹിതമായിപ്പോയെന്നു വാദിക്കുകയും ചെയ്തു. അവസാനം 1766-ല്‍ സ്റ്റാമ്പു നിയമം ബ്രിട്ടീഷ് ഗവണ്മെന്റ് പിന്‍വലിച്ചെങ്കിലും പാര്‍ലമെന്റിന് കോളനികളുടെമേല്‍ നികുതി ചുമത്തുവാന്‍ അധികാരമുണ്ടെന്നു വാദിച്ചു. നികുതി പിന്വലിച്ചതറിഞ്ഞ വിപ്ലവകാരികള്‍ വിപ്ലവ പരിപാടികള്‍ നിര്‍ത്തിവച്ചു. കോളനിക്കാരുടെ ഐക്യമായിരുന്നു ഇതിലൂടെയുണ്ടായ പ്രധാനനേട്ടം.
– ഡോ. മന റസ്സല്‍































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.