
പാസ്റ്റര്‍ ഷിബു ജോസഫ്.
ഉദാത്തമായ ക്രിസ്തീയ ജീവിതത്തിന്റെ രൂപരേഖ വിശുദ്ധതിരുവെഴുത്തു വളരെ സുവ്യക്തമായി നമുക്ക് നൽകിയിട്ടുണ്ട്. എന്നാലിന്ന് അതിന്റെ മുഴുവൻ വസ്തുതകളും ശരിയായി ഗ്രഹിക്കാതെ ഓരോരുത്തർക്ക് ബോധിച്ചത് പോലെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ജനമധ്യത്തിൽ നമ്മുടെ സമൂഹത്തെ തെല്ലൊന്നുമല്ല അപഹാസ്യരാക്കുന്നത്. മൂല്യങ്ങളിൽ(Values) അധിഷ്ഠിതമായി പടുത്തു ർത്തിയ സഭാസംവിധാനത്തിലിന്ന് സാരമായ പുഴുക്കുത്തുകൾ ദൃശ്യമാണ്.
ഇതിനൊക്കെയൊരു മാറ്റം കാലഘട്ടത്തിന്റെ ആവശ്യമാണ്. നാം അനുവർത്തിക്കേണ്ട മൂല്യങ്ങളിലേക്ക് ഒരു മടക്കയാത്ര ഇന്നിന്റെ ആവശ്യമാണ്.നമ്മുടെ ജീവിതം ദ്വിമാന മൂല്യങ്ങളിൽ അധിഷ്ഠിതമാണ്. ഒന്ന്- ആത്മീയം, രണ്ട്- ധാർമ്മികം. ഇന്നത്തെയൊരു പ്രധാനപ്രശ്നം ആത്മീയതക്കു മാത്രമുള്ള അമിതമായ പ്രാധാന്യമാണ്.
ധാർമികമൂല്യങ്ങളെക്കുറിച്ച് ആരും ബോധവാന്മാരല്ലയെന്ന് മാത്രമല്ല, ബോധ്യം വരുത്താൻ ശ്രമിക്കുന്നുമില്ല. ഉപവാസ പ്രാർത്ഥനകളിൽ പോലും ഇങ്ങനെയുള്ള വിഷയങ്ങൾ പഠിപ്പിക്കാറില്ലയെന്നത് സത്യമാണ്. എല്ലാവർക്കും ഇവിടെ ജീവിക്കാനുള്ള അനുഗ്രഹം മതി. അതിനു വേണ്ടി മാത്രമാക്കി തീർത്തു ഇപ്രകാരമുള്ള സംരംഭങ്ങളെ ല്ലാം തന്നെ.യേശു ക്രിസ്തുവിന്റെ ഏറ്റവും പ്രശസ്തമായ പഠിപ്പിക്കലുകളിലൊന്നായ ഗിരിപ്രഭാഷണങ്ങൾ നമ്മുടെ പ്രസംഗപീഠങ്ങളിൽ വിരളമായി മാത്രമേ മുഴങ്ങാറുള്ളൂ.
വിശ്വാസജീവിതം കേവലം ‘വിടുതലിൻ ജീവിത’മാണെന്ന് ധരിച്ചുവച്ചിരിക്കുന്ന വിശ്വാസി സമൂഹം മറ്റൊന്നും അംഗീകരിക്കാത്തവരായി തീരുന്നുവെന്നത് ദുഃഖകരമാണ്. അതിനൊപ്പിച്ചുള്ള പ്രഭാഷണങ്ങൾ മാത്രമേ നമ്മുടെ പ്രസംഗകർ ചെയ്യാറുള്ളു. പെന്തെക്കോസ്തുകാർ വിമർശിക്കുന്ന ക്രിസ്തീയ സമൂഹങ്ങളിലുള്ളവർ പാലിക്കുന്ന മൂല്യങ്ങൾ പോലും വിമർശിക്കുന്നവർക്ക് പാലിപ്പാൻ കഴിയുന്നില്ല.
കേവലം പേരിനും പെരുമക്കും വേണ്ടി ഏതു നിലവാരം വരെ താഴുവാനും മടിയില്ല. ആ തത്രപ്പാടിൽ മൂല്യങ്ങൾക്കൊന്നും പ്രാധാന്യമില്ല.മുൻപിൽ എത്തുവാനുള്ള ഓട്ടത്തിൽ ധാർമികതെയും അതിന്റെ പ്രായോഗികതയും ആരും ഗൗനിക്കാറില്ല.
അടിസ്ഥാന മൂല്യങ്ങളായ നീതി, ന്യായം, കരുണ, പക്ഷപാതരാഹിത്യം,ദ്രവ്യാഗ്രഹമില്ലായ്മ, ലാളിത്യജീവിതം ഇത്യാദി യഥാർഥ്യങ്ങളെ പുറകോട്ട് വലിച്ചെറിഞ്ഞ് കുറെ വച്ചുകെട്ടുകൾ കെട്ടി അരങ്ങത്തു വരുന്നവരായി നാം മാറുന്നില്ലേ?
ഏതു കുറുക്കുവഴിയും അവലംബിച്ചു അധികാരത്തിന്റെ സോപാനത്തിലേക്കും ഭൗതിക ഉയർച്ചയിലുമെത്തി ചേർന്നിട്ട് ദൈവം തന്നതാണെന് അവകാശമുന്നയിച്ച് ദൈവത്തെ പോലും അങ്ങനെയുള്ളവരുടെ കുറുക്കു വഴിയിലേക്ക് വലിച്ചു കൊണ്ട് വരുന്നു. മൂല്യച്ചുതിയുടെ ഒടുവിലത്തെ ആണിയും നാം അടിച്ചുകയറ്റി എന്ന് പറയേണ്ടിവരും. ഇന്നിപ്പോൾ സമൂഹമാധ്യമങ്ങൾ പോലും മൂല്യശോഷണത്തിന്റെ നേർച്ചിത്രങ്ങളായി മാറുകയാണ്.
ആരെയും മനസാക്ഷിക്കൊരു ഖേദവു മില്ലാതെ ഇടിച്ചുതാഴ്ത്തുന്നതിനും പരിഹസിക്കുന്നതിനും നമ്മുടെ സമയം ഉപയോഗിക്കുമ്പോൾ ക്രിസ്തു പഠിപ്പിച്ച സഹോദര സ്നേഹത്തിന്റെ മൂല്യങ്ങൾ വെറും അക്ഷരങ്ങളായി അവശേഷിക്കുകയല്ലേ?
മിഖാ പ്രവാചകൻ തന്റെ എഴുത്തിൽ മൂല്യനഷ്ടം വന്ന ദൈവജനത്തെക്കുറിച്ചുള്ള ദൈവ ഹൃദയത്തിന്റെ വേദന വ്യക്തമാക്കുന്ന വചനമാണ് 6ന്റെ 6മുതൽ 8വരെ ഉല്ലേഖനം ചെയ്തിരിക്കുന്നത്. ഇതിനോട് ചേർത്ത് വയ്ക്കാൻ കഴിയുന്ന ധാരാളം ഭാഗങ്ങൾ തിരുവെഴുത്തിലുണ്ട്.






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.