യൂറോപ്യന്മാര്ക്ക് അമേരിക്കന്‍ ഭൂഖണ്ഡത്തിലേക്കു കുടിയേറാന്‍ കഴിഞ്ഞത് കൊളംബസ് അമേരിക്ക കണ്ടുപിടിച്ചതോടെയാണ്. അമേരിക്കന്‍ ഐക്യനാടിന്റെ ചരിത്രം അമേരിക്കന്‍ ഭൂഖണ്ഡത്തിലെ യൂറോപ്യന്‍ കുടിയേറ്റ ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു. യൂറോപ്യന്മാര് ആദ്യം തെക്കേ അമേരിക്ക, പിന്നെ മദ്ധ്യ അമേരിക്ക അതിനുശേഷം വടക്കേ അമേരിക്ക എന്ന ക്രമത്തിലായിരുന്നു കുടിയേറിയത്.
പുതിയ ഭൂഖണ്ഡത്തിന്റെ കണ്ടുപിടുത്തത്തെത്തുടര്‍ന്ന് സ്പെയിനും, ബ്രിട്ടനും, ഹോളണ്ടും, ഫ്രാന്‍സും തങ്ങളുടെ കോളനികള്‍ സ്ഥാപിക്കാന്‍ മത്സരിച്ചതായി ചരിത്രത്തില്‍ കാണാം. സ്പെയിനില്‍ നിന്നും നാവികരും പട്ടാളക്കാരും വ്യാപാരികളും മിഷനറിമാരുമായിരുന്നു അമേരിക്കയിലെ ആദ്യ യൂറോപ്യന്‍ കുടിയേറ്റക്കാര്‍. 1515-ല്‍ ഫ്രാന്‍സിസ് പിസാറോ എന്ന സ്പാനിഷ് നാവികന് തെക്കെ അമേരിക്കയില്‍ എത്തിയതോടെ യൂറോപ്യന്‍ കുടിയേറ്റത്തിന് ആരംഭം കുറിച്ചു എന്നു പറയാം. വളരെ സമ്പന്നമായിരുന്ന പെറുവിലെ ഇന്‍കാ സംസ്ക്കാരം ഇദ്ദേഹം നശിപ്പിച്ചു. 1519-ല്‍ മെക്സിക്കോയിലെത്തിയ ഹെര്മണ്കോര്ട്ടസും സംഘവും അവിടെയുണ്ടായിരുന്ന ആസ്ടെക്ക് നാഗരികത നശിപ്പിച്ച് സ്പാനിഷ് ഭരണത്തിന് ആരംഭംകുറിച്ചു. മെക്സിക്കോയെ ‘ന്യൂസ്പെയിന്’ എന്ന് നാമകരണം ചെയ്താണ് കോളനി സ്ഥാപിച്ച് ഭരണം ഉറപ്പിച്ചത്. മറ്റു ചില സ്പാനിഷ് നാവികര്‍ കൊളംബിയ, വെനീസുല തുടങ്ങിയ പ്രദേശങ്ങള്‍ കീഴടക്കുകയും അര്‍ജന്റീന, ചിലി എന്നിവിടങ്ങളില്‍ നഗരങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു.
1538-ല്‍ ഡിസോട്ടയുടെ നേതൃത്വത്തില്‍ ഒരു സ്പാനിഷ് അന്വേഷണസംഘം ഫ്ളോറിഡയില്‍ ഒരു കോളനി സ്ഥാപിച്ചതോടെ വടക്കേ അമേരിക്കയും സ്പെയിന്‍കാരുടെ കയ്യിലായി. അതിനു മുമ്പ് സ്പെയിന്കാരനായിരുന്ന പോണ്‍സ് ദ്ലിയോണ് (1513) ഒരു കുരുത്തോലപ്പെരുന്നാള് ദിനത്തില്‍ അവിടെ ചെന്നിറങ്ങിയതിന്റെ സ്മരണയ്ക്കാണ് ഫ്ളോറിഡ എന്ന പേര് നല്‍കിയത്. സ്പാനിഷ് ഭാഷയില്‍ കുരുത്തോലപ്പെരുന്നാളിന് ‘പാസ്കവ ഫ്ളോറിഡ’ എന്നാണ് പേര്. അങ്ങനെ പതിനാറാം നൂറ്റാണ്ടിന്റെ അവസാനഘട്ടമായപ്പോഴേയ്ക്കും മെക്സിക്കോ, വടക്കേ അമേരിക്കന്‍ സ്റ്റേറ്റായ ഫ്ളോറിഡ, തെക്കെ അമേരിക്ക എന്നിവിടങ്ങളില്‍ സ്പാനിഷ് കോളനികള്‍ സ്ഥാപിക്കപ്പെട്ടു. തുടര്‍ന്ന് ഇപ്പോഴത്തെ അമേരിക്കന്‍ ഐക്യനാട്ടിലെ ടെക്സാസ്, അരിസോണ, ന്യൂമെക്സിക്കോ, കാലിഫോര്‍ണിയ തുടങ്ങിയ സംസ്ഥാനങ്ങളില്‍ സ്പാനിഷ് അധീനിവേശമുണ്ടായി. തെക്കേ അമേരിക്കന്‍ രാജ്യമായ മെക്സിക്കോയിലെയും പെറുവിലെയും ഖനികളില്‍ നിന്നു ലഭിച്ച സ്വര്‍ണ്ണവും വെള്ളിയും സ്പെയിനിനെ യൂറോപ്പിലെ ഏറ്റവും സമ്പന്നമായ രാജ്യമായിത്തീരാന്‍ സഹായിച്ചു. ക്രമേണ സ്പാനിഷ് സംസ്ക്കാരം അമേരിക്കന്‍ കോളനികളിലേക്കു വ്യാപിക്കാനിടയായി.
ഫ്രഞ്ച് നാവികനായ ജാക്വസ് കാര്‍ട്ടെസ് പതിനാറാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തില്‍ സെന്റ് ലോറന്‍സ് ഉള്‍ക്കടലിലൂടെ ക്യൂബ (കാനഡ)ക്കിന്റെ തീരം വരെയെത്തിയെങ്കിലും ക്യൂബക്കിലെ ഫ്രഞ്ച് കോളനി സ്ഥാപിതമാകുന്നത് 1604-ല്‍ ആണ്. ഇതിന് നേതൃത്വം നല്‍കിയത് സാമുവല്‍ ചാപ്ലയിന്‍ ആയിരുന്നു. കാനഡയിലെ ക്യൂബക്ക് ഫ്രഞ്ചുകാര്‍ കീഴടക്കിയശേഷം വടക്കേ അമേരിക്കയിലേയ്ക്ക് തിരിഞ്ഞു. ഒഹിയോ മുതല്‍ മിസിസിപ്പി വരെയുള്ള പ്രദേശങ്ങള്‍ കൈവശപ്പെടുത്തി. മിസിസിപ്പി തടം മുഴുവന്‍ കീഴടക്കിയ ലാസാലെ എന്ന ഫ്രഞ്ചുകാരന് ഫ്രാന്‍സിലെ രാജാവിന്റെ ബഹുമാനാര്‍ത്ഥം ആ പ്രദേശത്തിന് ലൂസിയാന എന്ന പേര് നല്കി. അങ്ങനെ വടക്ക് ലൂസിയാന മുതല്‍ തെക്ക് മിസ്സിസിപ്പി വരെയുള്ള ഭൂപ്രദേശങ്ങള്‍ ഫ്രഞ്ചുകാര്ക്കധീനമായി. മറ്റു ഭാഗങ്ങള്‍ സ്പെയിനിനും.
സ്പെയിന്‍കാരും ഫ്രഞ്ചുകാരും അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നടത്തിയ അധിനിവേശ കഥകള്‍ മനസ്സിലാക്കിയ ഇംഗ്ലണ്ടും പുതിയ ഭൂഖണ്ഡത്തില്‍ കോളനികള്‍ സ്ഥാപിക്കാനാഗ്രഹിച്ചു. അമേരിക്കയിലുണ്ടെന്ന് പ്രചരിക്കപ്പെട്ട അളവറ്റ ധനത്തെക്കുറിച്ചുള്ള കഥകളും ഇംഗ്ലീഷുകാരെ പ്രലോഭിപ്പിച്ചു. 1497-ല്‍ ജോണ്‍ കാബട്ട് നയിച്ച ഇംഗ്ലീഷ് കപ്പലുകള്‍ ന്യൂ ഫൗണ്ട്ലാന്റിലെത്താന് അധികനാള്‍ വേണ്ടിവന്നില്ല. ഹെന്റി 7-ാമന്‍ രാജാവായിരുന്നു ഈ യാത്രയ്ക്ക് പ്രോത്സാഹനം നല്‍കിയത്. മൂടല്‍ മഞ്ഞും കൊടും തണുപ്പും അവര്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്നു. പിന്നീട് എലിസബെത്ത് രാജ്ഞിയുടെ ഭരണകാലത്ത് ജോണ്‍ ഹോക്കിന്‍സ്, സര് എം. ഹാം ഫ്രീഗില്ബര്ട്ട് എന്നിവര്‍ അമേരിക്കയിലെത്തി. 1585-ല്‍ സര്വാള്ട്ടര് റാലി അമേരിക്കയില്‍ ഇംഗ്ലണ്ടിന്റെ ഒരു കോളനി സ്ഥാപിച്ചതോടെ ഇംഗ്ലീഷുകാരുടെ അമേരിക്കന്‍ സാന്നിദ്ധ്യം കരുത്താര്‍ജ്ജിച്ചു. വെര്‍ജിന്‍ ക്വീന്‍ എന്നറിയപ്പെടാനാഗ്രഹിച്ച എലിസബത്ത് രാജ്ഞിയുടെ ഓര്‍മ്മയ്ക്കായി ആ കോളനിക്ക് വെര്‍ജീനിയ എന്ന പേരു നല്കി. എന്നാല്‍ സ്പെയിന്കാരുമായുണ്ടായ യുദ്ധത്തില്‍ വെര്‍ജീനിയ അവര്‍ക്കു നഷ്ടമായി.
ജെയിംസ് ഒന്നാമന്റെ ഭരണകാലത്ത് ലണ്ടനിലെ ധനികരായ ചില കച്ചവടക്കാര്ചേര്ന്ന് ലണ്ടന്‍ കമ്പനിക്ക് രൂപം നല്‍കിയതോടെ വടക്കേ അമേരിക്കയുമായി കച്ചവടബന്ധം ശക്തമായി. പില്ക്കാലത്ത് ലണ്ടന്‍ കമ്പനി വെര്‍ജീനിയ കമ്പനിയെന്ന് പേരുമാറ്റിയതോടെ വെര്‍ജീനിയ ഉള്‍പ്പെട്ട പ്രദേശത്ത് കോളനി സ്ഥാപിക്കാനുള്ള രാജകീയ ശാസനവും കമ്പനിയ്ക്ക് ലഭിച്ചു. അമേരിക്കയില്‍ ധാരാളം സ്വര്‍ണ്ണ നിക്ഷേപങ്ങളുണ്ടെന്ന കിംവദന്തി വെര്‍ജീനിയ കമ്പനിയ്ക്ക് ഇംഗ്ലണ്ടില്‍ അനേകം നിക്ഷേപകരുണ്ടാകാന് കാരണമായി. 1607-ല്‍ ഈ കമ്പനി മൂന്ന് കപ്പലുകളില്‍ 120 യാത്രക്കാരുമായി അമേരിക്കയിലേയ്ക്ക് യാത്രയായി. അതില്‍ 104 പേര് വെര്‍ജീനിയയില്‍ എത്തിച്ചേരുകയും ജെയിംസ് ടൗണ്‍ എന്ന പേരില്‍ സെറ്റില്‍മെന്റ് സ്ഥാപിക്കുകയും ചെയ്തു. ഇതാണ് അമേരിക്കയിലെ ആദ്യത്തെ ഇംഗ്ലീഷ് കോളനി.
എന്നാല്‍ രോഗവും ഭക്ഷ്യക്ഷാമവും തദ്ദേശീയരായ റെഡ് ഇന്ത്യാക്കാരുമായുള്ള ഏറ്റുമുട്ടലും മൂലം അനേകര്‍ മരണമടഞ്ഞു. 1608-ലും 1609-ലും പിന്നെയും അധിനിവേശകര്‍ എത്തിക്കൊണ്ടിരുന്നു. വെര്‍ജീനിയായിലെ പ്രഥമ ഗവര്‍ണറായി നിയമിതനായ ഡിലാവേര്‍ പ്രഭു 1610-ല്‍ ഭക്ഷണ സാധനങ്ങളുമായി എത്തിയത് കോളനിക്കാര്‍ക്കു ആവേശമായി. വെര്‍ജീനിയായിലെ പ്രധാന കൃഷി പുകയില ആയിരുന്നതുകൊണ്ടും ഇംഗ്ലീഷുകാര്‍ പുകയില വലിച്ചുതള്ളുന്നവരായിരുന്നതുകൊണ്ടും ഈ പുകയിലയ്ക്ക് ലണ്ടനില്‍ നല്ല വിപണി ലഭിച്ചു. ഇംഗ്ലണ്ടിലെ ജെയിംസ് രാജാവ് ‘പുകയില ശത്രു’ ആയിരുന്നുവെന്നത് മറ്റൊരു രസകരമായ വസ്തുതയാണ്.
ലണ്ടനില്‍ ആസ്ഥാനം ഉറപ്പിച്ചുകൊണ്ട് വെര്‍ജീനിയ കമ്പനിതന്നെ കോളനിയില്‍ ആദ്യമൊക്കെ ഭരണം നടത്തി. വാര്‍ത്താവിനിമയ സൗകര്യങ്ങളുടെ അഭാവംമൂലം ഭരണ സംബന്ധമായ നിര്‍ദ്ദേശങ്ങള്‍ തക്കസമയത്ത് കോളനി അധികാരികള്‍ക്ക് ലഭിച്ചിരുന്നില്ല. മാത്രമല്ല കമ്പനി ഡയറക്ടര്‍മാര്‍ ഭരണനിപുണരായിരുന്നുമില്ല. ഈ വക കാരണങ്ങളാല്‍ ഭരണം തൃപ്തികരമാകാതെപോയി. ഇത് പരിഹരിക്കുന്നതിനായി 1619-ല്‍ ജെയിംസ് ടൗണില്‍ നഗരജനസഭ എന്ന പേരില്‍ ഒരു പ്രതിനിധിസഭ രൂപീകരിച്ചു. അമേരിക്കയുടെ ചരിത്രത്തിലെ ആദ്യത്തെ ജനപ്രതിനിധി സഭയായിരുന്നു ഇത്. 1624 ആയപ്പോഴേയ്ക്കും കമ്പനിപിരിച്ചുവിട്ട് കോളനിഭരണം രാജാവ് ഏറ്റെടുക്കുകയാണുണ്ടായത്.
ആദ്യത്തെ ബ്രിട്ടീഷധിനിവേശം വ്യാപാരത്തിനുവേണ്ടിയും രാജ്യംവെട്ടിപിടിക്കുന്നതിനുവേണ്ടിയും ആയിരുന്നെങ്കില്‍ രണ്ടാമത്തെ കുടിയേറ്റം മത പീഢനത്തില്‍ നിന്നും രക്ഷതേടാനായിരുന്നു. 1620 സെപ്റ്റംബറില്‍ 102 പേര് ഉള്‍പ്പെട്ട ഒരു തീര്‍ത്ഥയാത്രാസംഘം ഇംഗ്ലണ്ടിലെ പ്ലിമത്തില്‍ നിന്നും ‘മേയ് ഫ്ളവര്‍’ എന്ന കപ്പലില്‍ വെര്‍ജീനിയ ലക്ഷ്യമാക്കി യാത്രതിരിച്ചു. എന്നാല്‍ അവര്‍ കപ്പലിറങ്ങിയത് മസാച്ചുസെറ്റ്സിന്റെ ഒരു ഭാഗമായ കോഡ് എന്ന മുനമ്പിലായിരുന്നു. ഇവര്‍ തീര്‍ത്ഥാടക പിതാക്കന്മാര് (പില്‍ഗ്രീം ഫാദേഴ്സ്) എന്നറിയപ്പെട്ടു. കപ്പലിറങ്ങിയ ഈ സ്ഥലത്തിനവര്‍ പില്ക്കാലത്ത് ‘പ്ലിമത്ത്’ എന്ന പേരുവിളിച്ചു. 1691-ല്‍ മസാചുസെറ്റ്സ് കോളനിയില്‍ പ്ലിമത്ത് ലയിക്കുന്നതുവരെ പ്ലിമത്ത് സ്വതന്ത്രമായി നിലകൊണ്ടു.
1630-ല്‍ ഒരുസംഘം പ്യൂരിട്ടന്മാര്‍ മസാച്ചുസെറ്റ്സ് ഉള്‍ക്കടലിനടുത്ത് ഒരു കേളനി സ്ഥാപിച്ചതോടുകൂടിയായിരുന്നു വന്‍തോതിലുള്ള കോളനീകരണം തുടങ്ങിയത്. 1643 ആയപ്പോഴേക്കും അവരുടെ അംഗസംഖ്യ വര്‍ദ്ധിച്ചു. പരിശ്രമശാലികളായിരുന്ന ഇവര്‍ കൃഷിയിലും കച്ചവടത്തിലും അഭിവൃദ്ധി നേടി. വടക്കു കിഴക്കന്‍ പ്രദേശങ്ങളിലുള്ള കോളനികള്ക്കെല്ലാറ്റിനും കൂടി ‘ന്യൂ ഇംഗ്ലണ്ട്’ എന്ന് പേരിട്ടു. 17-ാം നൂറ്റാണ്ടില്‍ 2 കോളനികള്കൂടി ന്യൂ ഇംഗ്ലണ്ടില്‍ ഉണ്ടായി.
മതപീഢ ഭയന്ന് അമേരിക്കയിലെത്തിയ പ്യൂരിട്ടന്മാര്‍ തന്നെ മതപീഢകരായി മാറുന്ന കാഴ്ചയാണ് പില്ക്കാലത്ത് നാം കാണുന്നത്. പ്രഖ്യാപിത പ്യൂരിട്ടണ്‍ വിശ്വാസത്തോടുള്ള എതിര്‍പ്പ് ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിക്കപ്പെട്ടു. അഭിപ്രായ പ്രകടനസ്വാതന്ത്യവും ആചാരനുഷ്ഠാനങ്ങളും കര്‍ശനമായി നിയന്ത്രണ വിധേയമാക്കി. അസംബ്ലി തെരഞ്ഞെടുപ്പിനുള്ള വോട്ടവകാശം പള്ളിയിലെ അംഗങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി. എന്നാല്‍ മതപരമായ സ്വാതന്ത്യത്തിന് വേണ്ടി വാദിച്ച റോജര്‍ വില്ല്യം എന്ന പ്യൂരിറ്റനെ 1635-ല്‍ അവര്‍ ബഹിഷ്കരിക്കുകയാണുണ്ടായത്. പുറത്താക്കപ്പെട്ട റോജര്‍ വില്ല്യം സ്ഥാപിച്ച ‘പ്രൊവിഡന്‍സ്’ എന്ന കോളനിയാണ് പില്ക്കാലത്ത് റോഡ് ഐലന്റ് എന്ന് അറിയപ്പെട്ടത്. അദ്ദേഹത്തിന്റെ ബഹിഷ്കരണത്തിന് ശേഷം മസാച്ചുസെറ്റ്സില്‍ നിന്നും അനേകം അധിനിവേശക്കാര്‍ പുറത്തുപോയിട്ട് കണക്റ്റിക്കട്ട് എന്ന കോളനി ഉണ്ടാക്കി. 1643-ല്‍ മസാച്ചുസെറ്റ്സും ന്യൂപ്ലിമത്തും കണക്റ്റിക്കട്ടും ചേര്‍ന്ന് ഡച്ചുകാര്‍ക്കും ഫ്രഞ്ചുകാര്‍ക്കും റെഡിന്ന്ത്യന്സിനും എതിരെ ഒരു കോണ്‍ഫെഡറേഷന്‍ രൂപീകരിച്ചു. അമേരിക്കയുടെ ചരിത്രത്തിലെ ആദ്യത്തെ കോണ്‍ഫെഡറേഷനായിരുന്നു ഇത്.
ന്യൂ ഇംഗ്ലണ്ടിന്റെ തെക്കുഭാഗത്തായി രൂപം കൊണ്ട കോളനികളെ മദ്ധ്യകോളനികള് എന്നറിയപ്പെട്ടു.
ഹെന്റി ഹഡ്സണ്‍ 1609-ല്‍ കണ്ടെത്തിയ നദിയായ ഹഡ്സണ്‍ നദി ന്യൂയോര്‍ക്കില്‍ ചെന്ന് അറ്റ്ലാന്റിക്ക് സമുദ്രത്തില്‍ പതിക്കുന്നു. അമേരിക്കന്‍ ഐക്യനാടിന്റെ വടക്കുഭാഗത്തുനിന്ന് മോണ്ട്രിലിലേക്കും സെന്റ് ലോറസിലേക്കും ഉള്ള ഏക ജലഗതാഗത മാര്‍ഗ്ഗമാണിത്. ഡച്ച് വെസ്റ്റ് ഇന്ത്യാ കമ്പനി കമ്പിളിരോമ കച്ചവട വികസനത്തിനായി ഹഡ്സണ്‍ നദീമുഖത്തുള്ള മാന്ഹാറ്റണ് ദ്വീപില്‍ 1620-ല്‍ വ്യാപാര കേന്ദ്രങ്ങള്‍ പണിയിച്ചു. ന്യൂയോര്‍ക്ക് അക്കാലത്ത് ന്യൂ ആംസ്റ്റര്‍ഡാം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കമ്പിളിരോമ വ്യവസായം എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള വ്യാപാരികളെ ന്യൂയോര്‍ക്കിലേയ്ക്ക് ആകര്‍ഷിച്ചു. എന്നാല്‍ ഹഡ്സണ്‍ നദീതീരത്തും അതിനു പടിഞ്ഞാറുള്ള പ്രദേശങ്ങളിലും ന്യൂജേഴ്സിയിലും ഹോളണ്ട് അവകാശവാദം ഉന്നയിച്ചു. ഇതിനിടയില്‍ സ്വീഡന്കാരും അമേരിക്കയെ വെട്ടിപ്പിടിക്കുവാന്‍ നുഴഞ്ഞുകയറി. ഹോളണ്ട് അവകാശവാദം ഉന്നയിച്ച ഈ മേഖലയില്‍ നിന്നും തെക്കുമാറി ഡിലാവേര്‍ നദീമുഖത്ത് 1638-ല്‍ സ്വീഡന്കാരും ഒരു കോളനി ഉണ്ടാക്കി. ഇന്നത്തെ പെന്‍സില്‍വേനിയ വരെ സ്വീഡീഷ് കച്ചവടക്കാരുടേയും ഫിന്ല്ലന്റ്കാരുടേയും തള്ളിക്കയറ്റമുണ്ടായി. ഈ പ്രദേശം ന്യൂസ്വീഡന് എന്നപേരില്‍ കുറച്ചുകാലം അറിയപ്പെട്ടു. എന്നാല്‍ 1665-ല്‍ സ്വീഡന്റെ അവകാശം ഹോളണ്ടിന് കൈമാറിയതോടെ സ്വീഡന് അമേരിക്കയില്‍ നിന്നും പിന്‍വാങ്ങി.
1664-ല്‍ ഇംഗ്ലണ്ടും പോളണ്ടും തമ്മിലുണ്ടായ യുദ്ധത്തില്‍ ഇംഗ്ലീഷുകാര്‍ വിജയിക്കുകയും ബ്രെഡം ഉടമ്പടിപ്രകാരം ഹോളണ്ടിന്റെ കോളനികള്‍ ഇംഗ്ലീഷുകാര്‍ക്ക് ലഭിക്കുകയും ചെയ്തു. ന്യൂ ആംസ്റ്റര്‍ഡാമും (ന്യൂയോര്‍ക്ക്) അതിന് വടക്കുള്ള പ്രദേശങ്ങളും ചാള്‍സ് 2-ാമന്‍ രാജാവ് തന്റെ സഹോദനായ ജെയിംസിന് നല്കി. യോര്‍ക്ക് പ്രഭു ആയിരുന്ന ജെയിംസ് തനിക്ക് ലഭിച്ച പ്രദേശത്തിന് ന്യൂയോര്‍ക്ക് എന്ന് പേരിട്ടു. ഡച്ച് കോളനിയുടെ തെക്കുഭാഗം രണ്ട് ഇംഗ്ലീഷ് പ്രഭുക്കള്‍ക്ക് ലഭിച്ചു. അതിലൊരാള്‍ ജെഴ്സിയിലെ ഗവര്‍ണര്‍ സര് ജോര്‍ജ്ജ് കാര്ട്ടറേറ്റ് ആയിരുന്നു. പില്ക്കാലത്ത് ആ പ്രദേശം ന്യൂജെഴ്സി കോളനി എന്ന് അറിയപ്പെട്ടു.
1633-നുശേഷം മേരി ലാന്റ് എന്ന കോളനികൂടി രൂപം കൊണ്ടു. ചാള്‍സ് ഒന്നാമന് ബാള്‍ട്ടിമോര്‍ എന്ന കത്തോലിക്കാ പ്രഭുവിന് നല്കിയ അധികാര പത്രം ബാള്‍ട്ടിമോര്‍ കുടുംബത്തിന് ലഭിക്കുകയും പ്രധാനപട്ടണത്തിന് ബാള്‍ട്ടിമോര്‍ എന്ന പേര് ലഭിക്കുകയും ചെയ്തു.
ചാള്‍സ് രണ്ടാമന് വില്ല്യം പെന്നിനോട് പതിനാറായിരം പവന് കടം വാങ്ങിയത് കൊടുക്കാനുണ്ടായിരുന്നു. വില്ല്യം പെന്നിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകനായിരുന്ന വില്ല്യം പെന്നിന് ഡിലോവെര് നദിയുടെ പടിഞ്ഞാറുഭാഗത്തുള്ള വിസ്തൃതമായ പ്രദേശം ഈ പണത്തിന് പകരം ചാള്‍സ് രണ്ടാമന് നല്കി. വില്ല്യം പെന്‍ ‘ക്വേക്കര്‍’ മതത്തില്‍പ്പെട്ട ആളായിരുന്നു. ഇംഗ്ലണ്ടില്‍ ക്വേക്കര്‍ മതക്കാര്‍ക്ക് നിര്‍ദ്ദയമായ പീഢകള്‍ ഏറ്റുവാങ്ങേണ്ടതായി വന്നു. അങ്ങനെ മതപീഢനം മൂലം ഇംഗ്ലണ്ടില്‍ നിന്നും ഓടിപോന്ന ക്വേക്കര്‍ മതക്കാര്‍ക്ക് ഒരഭയസ്ഥാനമായിരുന്നു ഈ പ്രദേശങ്ങള്‍. വില്ല്യം പെന്‍ തന്റെ പിതാവിന്റെ സ്മരണനിലനിര്ത്തുന്നതിന് തനിക്ക് ലഭിച്ച പ്രദേശത്തിന് 1682-ല്‍ പെന്‍സില്‍വേനിയ എന്ന പേര് നല്കി. ഇപ്പോള്‍ നോര്‍ത്ത് കരോളിന, സൗത്ത് കരോളിന എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഭൂപ്രദേശങ്ങളില്‍ ആ കോളനി സ്ഥാപിക്കുവാന്‍ ചാള്‍സ് രണ്ടാമന് അധികാരം നല്കി.
പിന്നീട് 1733-ല്‍ ഇംഗ്ലീഷുകാര്‍ സ്ഥാപിച്ച ജോര്‍ജ്ജിയ ആയിരുന്നു അവരുടെ പതിമൂന്നാമത്തെ കോളനി. ചുരുക്കിപറഞ്ഞാല്‍ അമേരിക്കയെ 13 കോളനികളാക്കി ഭരണം നടത്തിയ ബ്രിട്ടീഷുകാര്‍ ജനപ്രതിനിധി സഭകള്‍ രൂപീകരിച്ചാണ് ഭരണം നടത്തിരുന്നത്. വോട്ടവകാശം ധനികര്‍ക്കും ഭൂഉടമകള്‍ക്കും പള്ളി അധികാരികള്‍ക്കും മാത്രമായി പരിമിതപ്പെടുത്തി. ഇംഗ്ലണ്ടിലെ രാജാവ് നിയമിച്ചിരുന്ന ഗവണര്മാര്ഭരിച്ചിരുന്ന കോളനികളെ ക്രൗണ്‍ കോളനികള്‍ എന്നറിയപ്പെട്ടിരുന്നു. എന്നാല്‍ റോഡ്ഐലന്റിലേയും കണക്റ്റിക്കട്ടിലേയും ഗവര്‍ണര്‍മാരെ ജനങ്ങളാണ് തെരഞ്ഞെടുത്തിരുന്നത്.
അമേരിക്കന്‍ ചരിത്രം യൂറോപ്യന്മാരുടെ കുടിയേറ്റ ചരിത്രത്തോടെ ആരംഭിക്കുന്നതുപോലെ തന്നെ അമേരിക്കന്‍ മണ്ണിന്റെ യഥാര്‍ത്ഥ അവകാശികളായ റഡിന്ഇന്ത്യന്സിന്റെ പിഴുതെറിയലിന്റെ ചരിത്രം കൂടിയാണ്.
– ഡോ. ഓമന റസ്സല്‍






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.