
ഷാജി മണിയാറ്റ്
അമേരിക്കന്‍ ജനത പോളിംഗ്ബൂത്തിലേക്ക് നീങ്ങുകയാണ്. അതിന് ഇനി രണ്ടു ദിവസങ്ങള്‍ മാത്രം. അമേരിക്കയുടെ ഭാവി, അഥവാ ലോകത്തിന്റെ തന്നെ ഭാവി നിശ്ചയിക്കുന്ന ഒരു തെരഞ്ഞെടുപ്പായിരിക്കും നവംബറില്‍ നടക്കുക.
ലോകത്തിലെ തന്നെ ഏറ്റവും വലിയ പദവിക്കു വേണ്ടിയുള്ള തെരഞ്ഞെടുപ്പിനെ അമേരിക്കന്‍ ജനത മാത്രമല്ല ലോകം തന്നെ ഉറ്റുനോക്കുന്നതിന്റെ കാരണം ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തികളില്‍ ഒന്നായ ചൈനയുടെ വ്യവസായനയങ്ങളും മദ്ധ്യപൂര്‍വ്വ ഏഷ്യന്‍ രാജ്യങ്ങളിലെ സമാധാന അന്തരീക്ഷവും മറ്റും ഈ തെരഞ്ഞെടുപ്പിനെ ആശ്രയിച്ചു നില്‍ക്കുന്നു എന്നുള്ളതാണ്.
ഒരുവശത്ത് ഡെമോക്രാറ്റുകളുടെ പുറകില്‍ എല്ലാ മാധ്യമങ്ങളും. സ്റ്റോണ്‍ വാള്‍ ഡെമോക്രാറ്റ്‌സ്, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് അസ്സോസിയേഷന്‍, ട്രേഡ് യൂണിയനുകള്‍, ഏഷ്യന്‍ അമേരിക്കന്‍ ഡെമോക്രാറ്റ്‌സ് പ്ലാന്റ് പേരന്റ്ഹുഡ് (അബോര്‍ഷനെ അനുകൂലിക്കുന്നവര്‍), ബ്ലാക്ക് ലൈവ് മാറ്റേഴ്‌സ് തുടങ്ങി അനേക സംഘടനകള്‍. മറുവശത്ത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പുറകില്‍ യാഥാസ്ഥിതിക ചിന്താഗതിക്കാര്‍, പ്രോ-ചോയ്‌സുകാര്‍, ഇന്‍ഡോ അമേരിക്കന്‍ റിപ്പബ്ലിക് കോക്കസ്സ്, നാഷണല്‍ പോലീസ് അസ്സോസിയേഷന്‍ തുടങ്ങിയവര്‍.
2016-ലെ തെരഞ്ഞെടുപ്പിലെ പോലെ തന്നെ മീഡിയാ മുഴുവന്‍ ഡെമോക്രാറ്റുകളുടെ വിജയം ഉറപ്പിച്ചു തന്നെ പ്രഖ്യാപിച്ചിരിക്കുന്നു. സര്‍വ്വേ ഫലങ്ങള്‍ ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമാണെന്ന് അവര്‍ തന്നെ പ്രഖ്യാപിച്ചിരിക്കുന്നു. സെനറ്റും വൈറ്റ്ഹൗസും ഇപ്രാവശ്യം ഡെമോക്രാറ്റുകള്‍ കൈക്കലാക്കുമെന്ന് നാന്‍സി പെലോസിയെപ്പോലുള്ളവര്‍ സ്വപ്നം കാണാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറെയായി.
2011 മുതലാണ് ഡെമോക്രാറ്റുകള്‍ ഇടത്തോട്ട് ചരിയുവാന്‍ തുടങ്ങിയത്. അന്നുമുതലുള്ള അവരുടെ നീക്കങ്ങള്‍ സസുക്ഷ്മം നിരീക്ഷിച്ചാല്‍ ആ ചായ്‌വ് വ്യക്തമാണ്. സ്വകാര്യ വ്യവസായങ്ങളോടുള്ള അവരുടെ നിലപാടുകള്‍, സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനികളെ നിയന്ത്രിക്കല്‍ തുടങ്ങിയവ അതിന് ഉദാഹരണങ്ങളാണ്. എലിസബത്ത് വാറനും ബാനി സാന്‍ഡേഴ്‌സും മറ്റും ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ സോഷ്യലിസ്റ്റ് ചിന്താഗതിക്കാരാണല്ലോ. അമേരിക്കന്‍ കോണ്‍ഗ്രസിലെ അലക്‌സാണ്ട്രിയ കോര്‍ട്ടസിന്റെയും അനുയായികളുടെയും വളര്‍ച്ച ഡെമോക്രാറ്റിക് പാര്‍ട്ടി എങ്ങോട്ടാണ് എന്നുള്ളതിന് സൂചന തരുന്നതാണ്.
കണ്‍സര്‍വേറ്റീവുകള്‍ നയിക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഒരു പരിധി വരെ യാഥാസ്ഥിതിക ചിന്താഗതി വച്ചുപുലര്‍ത്തുന്നുണ്ട്. അമേരിക്ക നേരിടുന്ന ധാര്‍മ്മികാധഃപതനം നിയന്ത്രിക്കുവാന്‍ അവരുടെ കഴിഞ്ഞ നാലു വര്‍ഷത്തെ ഭരണം സഹായിച്ചു എന്നു തന്നെ പറയാം. ഏതൊരു വ്യക്തിക്കും ഇന്നത്തെ പ്രസിഡന്റ് ഭരണത്തെ പ്രകീര്‍ത്തിക്കുവാനേ കഴിയൂ.
അമേരിക്കന്‍ പ്രസിഡന്റ് മാധ്യമങ്ങളുടെ കണ്ണിലെ കരടാകുന്നത് 2016-ലെ ഇലക്ഷനു മുമ്പു തന്നെയാണ്. രാഷ്ട്രീയക്കാരുടെ ഭാഷാശൈലി വശമില്ലാത്ത, പറയുന്നത് ചെയ്യുവാന്‍ തന്റേടം കാണിക്കുന്ന ഒരു നേതാവിനെ മാധ്യമങ്ങള്‍ക്ക് സഹിക്കുവാന്‍ കഴിഞ്ഞില്ല. ഫോക്‌സ് ന്യൂസ് ഒഴിച്ച് ബാക്കി എല്ലാ മുഖ്യധാരാ മാധ്യമങ്ങളും ട്രംപിനെ എതിര്‍ക്കുന്നു എന്നു മാത്രമല്ല, അവരെല്ലാം തന്നെ ട്രംപിന്റെ പരാജയം 2016-ല്‍ പ്രവചിക്കുകയും ചെയ്തിരുന്നു.
മാധ്യമങ്ങളുടെ പ്രവചനങ്ങളെയും ഡെമോക്രാറ്റുകളുടെ കുതന്ത്രങ്ങളെയും പരാജയപ്പെടുത്തി 2016-ല്‍ ട്രംപ് അധികാരത്തില്‍ വന്നു. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഒന്നിനു പുറകെ ഒന്നായി നടപ്പാക്കി തന്റെ മുന്‍ഗാമികള്‍ അറച്ചുനിന്ന പല കാര്യങ്ങളും നടപ്പില്‍ വരുത്തി ഭരണത്തില്‍ കാലുറപ്പിച്ച ട്രംപ് തന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഒട്ടുമിക്കതും നടപ്പിലാക്കുന്നതു കണ്ട് മാധ്യമങ്ങളും ഡെമോക്രാറ്റുകളും ഹാലിളകി അന്നുമുതല്‍ ഇംപീച്ച് ചെയ്യുവാന്‍ പെടാപ്പാട് ചെയ്തു.
കോണ്‍ഗ്രസിലെ ഭൂരിപക്ഷം മറയാക്കി നാന്‍സി പെലോസ്സിയും ആഡംഷിഫും ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം പാസ്സാക്കി. എന്തിനാണ് ട്രംപിനെ അവര്‍ ഇത്രയധികം ഭയപ്പെടുന്നത്? എന്താണ് ട്രംപ് ചെയ്ത തെറ്റ്? തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ ശ്രമിച്ചു. അമേരിക്കക്ക് യാതൊരു പ്രയോജനവുമില്ലാത്ത NAFTAയെ എതിര്‍ത്തതോ?
നിയമപരമല്ലാത്ത കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതോ? അമേരിക്കന്‍ സമ്പദ്ഘടനയെ ചൂഷണം ചെയ്തിരുന്ന ചൈനയുടെ മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോ? ഐസിസ് എന്ന ലോക തീവ്രവാദ സംഘടനയെ ഉന്മൂലനം ചെയ്തതോ? അവരുടെ ബുദ്ധികേന്ദ്രമായിരുന്ന ബാഗ്ദാദിയെ നശിപ്പിച്ചതോ? യിസ്രയേലും അയല്‍രാജ്യങ്ങളുമായി സമാധാനകരാറില്‍ ഏല്‍പ്പെടുവാന്‍ കാര്‍മ്മികത്വം വഹിച്ചതോ?
ഇന്ത്യയുമായി സൗഹൃദ കരാറില്‍ ഏര്‍പ്പെട്ടതോ? അമേരിക്കയില്‍ നിന്നും മെമ്പര്‍ഷിപ്പായി 50 മില്യണ്‍ ഈടാക്കിയ ശേഷം ചൈനയ്ക്ക് അനുകൂലമായി നിലപാടെടുത്ത ഡബ്യൂ.എച്ച്.ഒ.യുമായുള്ള ബന്ധം വിച്ഛേദിച്ചതോ? ഇങ്ങനെ കഴിഞ്ഞ 46 മാസങ്ങള്‍ കൊണ്ട് തന്നാല്‍ കഴിയുന്നവിധം അദ്ധ്വാനിച്ച ധീരനായ ഒരു പ്രസിഡന്റാണ് ട്രംപ് എന്ന് ശത്രുക്കള്‍ പോലും സമ്മതിക്കും.
രണ്ട് പതിറ്റാണ്ടുകള്‍ക്കു മുമ്പ് യിസ്രയേലിന്റെ തലസ്ഥാനം യെരൂശലേം എന്ന അവരുടെ ആവശ്യത്തെ അംഗീകരിച്ച കോണ്‍ഗ്രസ് പ്രമേയം നടപ്പിലാക്കുവാന്‍ പിന്നീട് വന്ന ഒരു പ്രസിഡന്റിനും ധൈര്യമില്ലാതിരുന്നപ്പോള്‍ തന്റേടത്തോടെ അത് നടപ്പാക്കിയത് ട്രംപായിരുന്നു. 1948-ല്‍ യിസ്രയേല്‍ സ്ഥാപിതമായതു മുതല്‍ അവരെ എതിര്‍ത്തിരുന്ന അറബിരാജ്യങ്ങളുമായി യിസ്രയേലിന് നയതന്ത്രബന്ധം സ്ഥാപിക്കുവാന്‍ കഴിഞ്ഞത് ട്രംപിന്റെ ഭരണത്തിലെ പൊന്‍തൂവല്‍ തന്നെയാണ്.
യു.എ.ഇ.യ്ക്കു പുറമെ ബഹറിനും അവരുമായി നയതന്ത്രബന്ധം സ്ഥാപിച്ചു കഴിഞ്ഞു. പുറകെ സൗദിയും ഒമാനും സെര്‍ബിയയും കോസോവയും വരുമെന്ന് കരുതപ്പെടുന്നു. ഖത്തറിനെ ഒറ്റപ്പെടുത്തി ഹമാസ്സിനും അല്‍ഖ്വയ്ദയ്ക്കുമുള്ള സഹായം കുറയ്ക്കുവാന്‍ അയല്‍രാജ്യങ്ങളെ സഹായിച്ചതും ഇറാനുമായി ഒബാമ ഉണ്ടാക്കിയ കരാര്‍ റദ്ദ് ചെയ്തതും ട്രംപിന്റെ വിദേശനയപാടവം വെളിപ്പെടുത്തുന്നു.
മദ്ധ്യപൂര്‍വ്വ ഏഷ്യയില്‍ നടത്തിയ സമാധാന ഉടമ്പടിയുടെ പേരില്‍ ട്രംപിനെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് ശിപാര്‍ശ ചെയ്തത് ഈ അടുത്ത ദിവസങ്ങളിലെ വാര്‍ത്തയായിരുന്നല്ലോ.
ജോണ്‍സണ്‍ അമെന്റ്‌മെന്റ് ഒപ്പിടുക വഴി സഭാവിഭാഗങ്ങള്‍ക്ക് ലഭിച്ചിരുന്ന നികുതി ഇളവുകള്‍ തുടരുന്നതിന് ഇടയായത് ട്രംപ് ഭരണകൂടത്തിന് സഭാവിഭാഗങ്ങളോടുള്ള മൃദുല സമീപനത്തിന് ഉദാഹരണമാണ്.
സുപ്രീംകോടതിയില്‍ യാഥാസ്ഥിതിക ചിന്താഗതിയുള്ള ജഡ്ജിമാരെ നോമിനേറ്റ് ചെയ്ത് അമേരിക്കയുടെ പൈതൃകമായ സംസ്‌കാരം ഉയര്‍ത്തിപ്പിടിക്കുവാന്‍ സഹായിച്ചത് വേറൊരു ഉദാഹരണമാണ്. അബോര്‍ഷനെ എതിര്‍ക്കുകയും ലോ ആന്‍ഡ് ഓര്‍ഡര്‍ പോലീസ് സംഘടനകളെ അനുകൂലിക്കുകയും എനെര്‍ജി ഇന്‍ഡിപെന്‍ഡന്‍സ് എന്ന തത്വം ഉയര്‍ത്തിപ്പിടിച്ച് അനാവശ്യ നടപടികള്‍ റദ്ദു ചെയ്യുകയും ചെയ്തത് ആ മേഖലയിലെ നിര്‍ണ്ണായകമായ നേട്ടമാണ്.
അമേരിക്ക ഒന്നാമത് എന്ന മുദ്രാവാക്യം മുഴക്കി സാമ്പത്തികമാന്ദ്യത്തില്‍ നിന്ന് അമേരിക്കയെ കരകയറ്റുവാന്‍ ട്രംപ് ശ്രമിച്ചു. കൊറോണ എന്ന മഹാവ്യാധി വരുന്നതിന് മുമ്പ് സാമ്പത്തികമായി അമേരിക്ക വളരെ വളര്‍ന്നിരുന്നു. തൊഴിലില്ലായ്മ കഴിഞ്ഞ 25 വര്‍ഷത്തിലേതിനേക്കാള്‍ കുറവായിരുന്നു.
സാമ്പത്തികമേഖലയിലെ ചൈനയുടെ നുഴഞ്ഞുകയറ്റവും ഏകപക്ഷീയമായ വ്യാപാര കരാറുകളും റദ്ദു ചെയ്ത് ചൈനീസ് ഉല്പന്നങ്ങളുടെ ടാക്‌സ് വര്‍ദ്ധിപ്പിച്ചതും ട്രംപിന്റെ നേട്ടം തന്നെയാണ്. സ്‌പെയിസ് ഫോഴ്‌സ് എന്ന പേരില്‍ പുതിയൊരു ബ്രാഞ്ച് മിലിട്ടറിയില്‍ ആരംഭിച്ച് അമേരിക്കന്‍ പട്ടാളത്തിന് പുതിയ ഉണര്‍വ്വ് നല്‍കുവാനും കഴിഞ്ഞ നാലു വര്‍ഷത്തെ ഭരണത്തിനിടയില്‍ പ്രസിഡന്റിന് കഴിഞ്ഞു.
ട്രംപ് വര്‍ഗ്ഗീയവാദി എന്നതാണ് എതിരാളികളുടെ പ്രധാന ആരോപണം. ഡോ. ബെന്‍ കാര്‍സണ്‍ പറഞ്ഞത് ട്രംപ് വര്‍ഗ്ഗീയവാദി ആയിരുെന്നങ്കില്‍ 1998-ല്‍ ജൂസി ജാക്‌സണ്‍ ട്രംപിനെ കറുത്തവര്‍ഗ്ഗക്കാരുടെ സുഹൃത്ത് എന്നു പറഞ്ഞു പുകഴ്ത്തുമായിരുന്നോ? മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ അനന്തരവള്‍ അല്‍വേഡാ കിംഗ് ട്രംപിനെ അനുകൂലിക്കുമായിരുന്നോ?
അമേരിക്ക സ്വതന്ത്രരാജ്യമായതു മുതല്‍ ഇത് ഒരു ക്രിസ്തീയ രാജ്യമായി അറിയപ്പെട്ടിരുന്നു. എന്നാല്‍ സുപ്രീംകോര്‍ട്ടില്‍ ഡെമോക്രാറ്റിക് ജഡ്ജിമാരുടെ ഭൂരിപക്ഷം വന്നപ്പോള്‍ സഭകളും ഗവണ്‍മെന്റും രണ്ടും രണ്ടാണെന്നുള്ള നിയമം വഴി അതുവരെ തുടര്‍ന്നുപോന്ന ക്രിസ്തീയപാത അമേരിക്ക കൈവെടിഞ്ഞു.
ലിന്‍ഡന്‍ ജോണ്‍സന്‍ അമെന്റ്‌മെന്റ് വഴി ചര്‍ച്ചുകള്‍ക്ക് എതിരെ നില്‍ക്കുവാന്‍ അമേരിക്കയ്ക്കു കഴിഞ്ഞു. പ്രാര്‍ത്ഥന സ്‌കൂളുകളില്‍ നിര്‍ത്തി. പത്തു വര്‍ഷത്തിനുള്ളില്‍ ഹൈസ്‌കൂള്‍ പ്രഗ്നന്‍സി ഇരട്ടിയായി വര്‍ദ്ധിച്ചു. ഹോട്ടലുകളില്‍ നിന്നും പൊതുസ്ഥലങ്ങളില്‍ നിന്നും ബൈബിള്‍ നിരോധിച്ചു. അലബാമ, മണ്‍ഗോമറി കോര്‍ട്ടിന് മുമ്പിലുണ്ടായിരുന്ന പത്തു കല്പന ശിലകത്തിന്റെ അവസ്ഥ വായനക്കാര്‍ മറന്നിട്ടുണ്ടാകയില്ല.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.