ബൈബിള്‍ ഭാഷാന്തരം മലയാള സാഹിത്യത്തില്‍ (തുടര്‍ച്ച)

ബൈബിള്‍ ഭാഷാന്തരം മലയാള സാഹിത്യത്തില്‍ (തുടര്‍ച്ച)

തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ പ്രദേശങ്ങളില്‍ ഉപയോഗിക്കുന്നതിനു പൊതുവായ ഒരു പരിഭാഷ തയ്യാറാക്കുവാന്‍ 1871 -ല്‍ ബൈബിള്‍ സൊസൈറ്റിയുടെ മദ്രാസ് ഓക്‌സിലിയറി ഒരു കമ്മറ്റിയെ നിയമിച്ചു. അതില്‍ സി.എം.എസ്, എല്‍.എം. എസ്, ബാസല്‍മിഷന്‍, എന്നിവയുടെ പ്രതിനിധികളും സുറിയാനി സഭയുടെ പ്രതിനിധികളും ഉള്‍പ്പെട്ടിരുന്നു. ഈ കമ്മറ്റി ആദ്യം തയ്യാറാക്കിയത് പുതിയ നിയമത്തിന്റെ പരിഭാഷയാണ്. ഗ്രീക്കുമൂലകൃതിയെ ആധാരമാക്കിയായിരുന്നു ഈ വിവര്‍ത്തനം നിര്‍വ്വഹിച്ചത്.

ഇതിനുവേണ്ടി ലൂഥറിന്റെയും സ്റ്റെറിന്റെയും ജര്‍മ്മന്‍ ഭാഷയിലുള്ള വിവര്‍ത്തനങ്ങളും തമിഴിലുള്ള പുതിയ പരിഭാഷയും ബെയ്‌ലിയുടെ മലയാളം തര്‍ജ്ജമയും സാമുവേല്‍ ലീയുടെ സുറിയാനി ബൈബിളും സസൂക്ഷ്മം പരിശോധിക്കുകയുണ്ടായി. ഡോ. ഗുണ്ടര്‍ട്ടിന്റെ പരിഭാഷയായിരുന്നു ഇതിന് അടിസ്ഥാനമായി സ്വീകരിച്ചത്. സുവിശേഷങ്ങളും ഇതരഭാഗങ്ങളും ഇടയ്ക്കിടെ പരിഷ്‌ക്കരിച്ചുകൊണ്ടിരുന്നു. 1880 -ലാണ് പുതിയ നിയമം പൂര്‍ത്തിറങ്ങിയത്. 1859 -ല്‍ ഇന്ത്യയിലെ സേവനത്തില്‍നിന്നും വിരമിച്ച ശേഷം ഡോ. ഗുണ്ടര്‍ട്ട് ജര്‍മ്മനിയില്‍ താമസിച്ചു കൊണ്ട് പരിഭാഷപ്പെടുത്തിയ പഴയ നിമയത്തിലെ കവിതാപുസ്തകങ്ങള്‍ 1881 ലും പ്രവചന ഗ്രന്ഥങ്ങള്‍ 1888 ലും പ്രസിദ്ധീകരിച്ചു.

1871-ല്‍ ബൈബിള്‍ സൊസൈറ്റി നിയമിച്ച കമ്മറ്റി മലയാള ദേശത്തിനു പൊതുവേ സ്വീകാര്യമായ സമ്പൂര്‍ണ്ണ ബൈബിള്‍ 1910 -ല്‍ പ്രസിദ്ധീകരിച്ചു. ഇംഗ്ലീഷ് റിവൈസ്ഡ് വേര്‍ഷന്റെ വെളിച്ചത്തില്‍ ബെയ്‌ലിയുടെ വിവര്‍ത്തനത്തില്‍ വരുത്തിയ പരിഷ്‌ക്കാരങ്ങള്‍ ഉള്‍പ്പെടുത്തി ബൈബിള്‍ സൊസൈറ്റി നേരത്തെ പ്രസിദ്ധീകരിച്ച പുതിയ നിയമത്തിന്റെ ശൈലിയില്‍ തയ്യാറാക്കിയ ഈ പരിഭാഷയാണ് ‘സത്യവേദപുസ്തകം’ എന്ന പേരില്‍ ഇപ്പോള്‍ പ്രചാരത്തിലിരിക്കുന്നത്.

മലയാള ഭാഷയും ബൈബിള്‍ പരിഭാഷയും
അവനവന്റെ വിശ്വാസം അവനവനെ രക്ഷിക്കും എന്ന ശൈലി പ്രയോഗം വാസ്തവത്തില്‍ നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്ന ക്രിസ്തു വചനത്തിന്റെ നിഷേധവും അപ്പോള്‍ തന്നെ ബൈബിള്‍ അധിഷ്ഠിതമാണെന്ന് തെറ്റിദ്ധരിച്ചിട്ടുള്ളതുമാണ്. ഇങ്ങനെ ലഘുവായ ഈ ശൈലി പ്രയോഗം മുതല്‍ അങ്ങേയറ്റം സങ്കീര്‍ണ്ണമായ സാഹിത്യ ചര്‍ച്ചകളില്‍പോലും ബൈബിള്‍ കടന്നുവരുന്നു. കൈസര്‍ക്കുള്ളത് കൈസര്‍ക്ക് ദൈവത്തിനുള്ളത് ദൈവത്തിന് എന്നത് കൂടികുഴഞ്ഞുകിടക്കുന്ന വസ്തുതകളെ വേറിട്ടു വിശകലനം ചെയ്യാനുള്ള നിര്‍ദ്ദേശമായി മലയാളി ഉള്‍ക്കൊണ്ടുകഴിഞ്ഞു. നീതിമാന്‍ പനപോലെ തഴയ്ക്കും എന്ന സങ്കീര്‍ത്തന വാക്യം നന്മ ചെയ്യുന്നവന് നന്മയുണ്ടാകും എന്ന മനുഷ്യന്റെ നൈസര്‍ഗിക ബോധത്തെ പ്രതിഫലിപ്പിക്കുന്ന മലയാളികളുടെ ശൈലിയുടെ ഭാഗമായി. യേശുവിനെ ഒറ്റിക്കൊടുത്ത യൂദാ ചതിയുടെയും ഗുരുനിന്ദയുടെയും പ്രതീകമാണ് മലയാളിയ്ക്ക്.

രാഷ്ട്രീയ പാര്‍ട്ടികളുടെ പിളര്‍പ്പുകള്‍ക്ക് കാരണമാകുന്ന സാഹചര്യങ്ങളില്‍ യൂദാ എന്ന വഞ്ചകനെ പ്രതിയോഗിയില്‍ കാണാന്‍ തല്പര കക്ഷികള്‍ ശ്രമിക്കാറുണ്ട്. കുരിശില്ലാതെ കിരീടമില്ലായെന്ന പ്രസിദ്ധമായ സഭാചരിത്ര സിദ്ധാന്തം സഹനം വഴി ആര്‍ജ്ജിക്കുന്ന ഉയര്‍ച്ചയുടെ പ്രയോഗമായി കഴിഞ്ഞു. താന്‍ പാതി ദൈവം പാതി എന്ന ശൈലിയും ബൈബിള്‍ സ്വാധീനത്താല്‍ ഉളവായതാണ്. പ്രവൃത്തിയില്ലാത്ത വിശ്വാസം നിര്‍ജ്ജീവമെന്ന യാക്കോബ് അപ്പോസ്‌തോലന്റെ തര്‍ജ്ജനമാണ് ഇതിന്റെ അടിസ്ഥാനം. മനുഷ്യന്റെ ആയൂസ്സ് പുല്ലുപോലെയാകുന്നു എന്ന ജീവിത ക്ഷണപങ്കുരതയെക്കുറിച്ചുള്ള ബൈബിള്‍ നിരീക്ഷണം മലയാളി സമൂഹത്തെ ശവ സംസ്‌കാര ഘട്ടങ്ങളില്‍ പുനര്‍ വിചിന്തനത്തിന് പ്രചോദിപ്പിക്കാറുണ്ട്.

ബൈബിളിന്റെ മലയാള വിവര്‍ത്തനം മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും വികാസ പരിണാമങ്ങള്‍ക്ക് അടിത്തറ പാകുകയും വമ്പിച്ച സ്വാധീനം ചെലുത്തുകയും ചെയ്തു. മലയാള ഗദ്യസാഹിത്യത്തില്‍ മാത്രമല്ല കാവ്യമേഖലയിലും വിവിധ സാഹിത്യ ശാഖകളിലും ബൈബിള്‍ വിവര്‍ത്തനം സ്വാധീനം ചെലുത്തുകയുണ്ടായി. സര്‍ഗ്ഗാത്മക സാഹിത്യത്തിന്റെയും ചിത്രവും ശില്പവും പോലുള്ള കലകളുടെയും കാര്യത്തിലും സാഹിത്യ വിമര്‍ശനത്തിന്റെയും സൈദ്ധാന്തിക നിലപാടുകളുടെയും കാര്യത്തില്‍പോലും ഈ സ്വാധീനം പ്രകടമായി.

ബൈബിള്‍ വിവര്‍ത്തനത്തില്‍ നിന്നുള്ള പ്രയോഗങ്ങള്‍ ധാരാളമായി മലയാള സാഹിത്യത്തിലേക്കു വന്നു. ബൈബിള്‍ വിവര്‍ത്തകര്‍ പ്രയോഗിച്ച പദങ്ങളും ശൈലികളും ഇന്നും മലയാള സാഹിത്യത്തില്‍ പ്രാബല്യത്തിലുണ്ടെന്നത് ആ സ്വാധീനം വ്യക്തമാക്കുന്നു. അന്നുവരെ പ്രയോഗത്തിലില്ലാതിരുന്ന സങ്കീര്‍ണ്ണ പദങ്ങള്‍ രൂപപ്പെടുത്തുക വഴി മലയാള ഭാഷയെയും സാഹിത്യത്തെയും സംപുഷ്ടമാക്കുകയും വായന ജനകീയമാക്കുകയും ചെയ്തുകൊണ്ട് അക്ഷരത്തിന്റെ ലോകത്തിലേക്കു മലയാളിയെ കൈപിടിച്ചുയര്‍ത്തിയത് ബൈബിള്‍ പരിഭാഷകളായിരുന്നു.

പുതിയ നിയമത്തില്‍ നിന്നുള്ള ഭാഗങ്ങളുടെ മൊഴിമാറ്റത്തിന്റെ ഫലമായി ക്രൈസ്തവ ഗാനങ്ങള്‍ രചിക്കപ്പെട്ടു. ഈ ഗാനങ്ങളായിരുന്നു ബൈബിള്‍ സ്വാധീനം പ്രകടമാക്കുന്ന മലയാള സാഹിത്യത്തിലെ ആദ്യ സൃഷ്ടികള്‍. ഇതിന്റെ ചുവട് പിടിച്ച് ക്രിസ്തീയ പശ്ചാത്തലമുള്ള സിനിമകളില്‍ ബൈബിള്‍ പദങ്ങള്‍ക്കൊണ്ട് സമ്പുഷ്ടമായ നിരവധി ഗാനങ്ങള്‍ പിറവികൊണ്ടു. പാമ്പുകള്‍ക്ക് മാളമുണ്ട്. പറവവകള്‍ക്ക് ആകാശമുണ്ട് എന്ന ക്രിസ്തുവിന്റെ വാക്കുകള്‍ ദാരിദ്ര്യത്തിന്റെയും സഹനത്തിന്റെയും തിരസ്സ്‌കരണത്തിന്റെയും പ്രതീകമായി പാട്ടുകളില്‍ പ്രകടമായി. സിനിമയ്ക്കും നാടകത്തിനും അതിന്റെ ആശയപരമായ ഘടനയ്ക്കുപോലും ബൈബിളിലെ പദങ്ങള്‍ കരുത്തായി.

ബൈബിള്‍ കഥ സാഹിത്യ രൂപത്തില്‍ ആദ്യം ആഖ്യാനവിധേയമാകുന്നത് 1699 -ല്‍ കേരളത്തില്‍ വന്ന അര്‍ണോസ് പാതിരിയുടെ ‘മിശിഹാ ചരിത്രം പുത്തന്‍ പാന’യിലാണ്. യേശുക്രിസ്തുവിന്റെ ജനന ജീവിത മരണ പുനരുത്ഥാനങ്ങള്‍ പുതിയ പാനയായി മാറി.

1921 -ല്‍ മഹാകവി വള്ളത്തോള്‍ ”മഗ്ദലനമറിയം” എന്ന ബൈബിളധിഷ്ഠിത കാവ്യസൃഷ്ടി നടത്തി. ഇതേ കഥ തന്നെ വിഷയമാക്കിയ മറ്റൊരു ഖണ്ഡകാവ്യമാണ് സി.എ. ജോസഫിന്റെ ”ഉദയത്തിലേക്ക്’. ചങ്ങമ്പുഴയുടെ ”മഗ്ദലന മോഹിനി’യെന്ന കാവ്യം, കട്ടക്കയം ചെറിയാന്‍ മാപ്പിളയുടെ ‘ശ്രീയേശു വിജയം’ (1926), കെ.വി. സൈമണിന്റെ ‘വേദവിഹാരം’ (1931) എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ട കാവ്യങ്ങളാണ്. ഇതില്‍ കെ.വി. സൈമണിന്റെ ‘വേദവിഹാരം’ കേരള യൂണിവേഴ്‌സിറ്റിയില്‍ മലയാളം ഡിഗ്രി ക്ലാസ്സുകളിലെ പാഠപുസ്തകമായിരുന്നു.

മഹാകാവ്യത്തിനു പുറമെ ബൈബിള്‍ കഥ സ്വീകരിച്ച് ഏതാനും ചെറു കാവ്യങ്ങളും ഉണ്ടായി. ഉദാ: ‘സൂസാന’, ‘സിംഹക്കുഴിയിലെ ദാനിയേല്‍’, ‘തെരഞ്ഞെടുക്കപ്പെട്ട പാത്രം’, ‘ക്രിസ്തുനാഥന്റെ ഉപവാസം’, ‘കാനായക്കാരി’ തുടങ്ങിയവ.
നാടകങ്ങളായ ‘യൂദജീവേശ്വരി’, ‘സാറാ വിവാഹം’ എന്നിവയും ബൈബിള്‍ സന്ദേശം ആവിഷ്‌കരിക്കുന്ന ‘ഒലിവേര്‍ വിജയം’ ആട്ടക്കഥയും കട്ടക്കയം എഴുതി.

പുത്തന്‍കാവ് മാത്തന്‍ തരകന്‍ ‘വിശ്വദീപം’ എന്ന കാവ്യത്തില്‍ യേശുവിന്റെ ജീവിതകഥ ആഖ്യാനം ചെയ്തു.
പ്രവിത്താനം പി.എം. ദേവസ്യായുടെ ‘ഇസ്രായേല്‍ വംശം’, ‘മഹാ പ്രസ്ഥാനം’, ‘രാജാക്കന്മാര്‍’ എന്നീ മഹാകാവ്യങ്ങളിലും ബൈബിള്‍ കഥ തന്നെയാണ് ഇതിവൃത്തം. ഡോ.ടി.വി.മാത്യുവിന്റെ ‘ദിവ്യ സംഗിതം’ മഹാകാവ്യം, മേരി ജോണ്‍ തോട്ടത്തിന്റെ രണ്ടു ഖണ്ഡകാവ്യങ്ങളായ ‘ഈശപ്രസാദം’, ‘വിധി വൈഭവം’ എന്നിവയിലെ ഇതിവൃത്തം ബൈബിളാണ്. ബൈബിളിലെ ഉത്തമ ഗീതത്തിനു ‘ദിവ്യഗീതം’ എന്ന പേരില്‍ ചങ്ങമ്പുഴ തയ്യാറാക്കിയ പരിഭാഷ, ഇ.എം.ജെ. വെണ്ണിയൂരിന്റെ ‘പാട്ടുകളുടെ പാട്ട്’, ഇസഡ്.എം. മുഴൂരിന്റെ ബൈബിളിലെ ‘പ്രേമകാവ്യം’ തുടങ്ങിയ കൃതികളും ബൈബിളിനെ മലയാളസാഹിത്യത്തോട് കൂടുതല്‍ അടുപ്പിച്ചു.

പുത്തന്‍കാവ് മാത്തന്‍ തരകന്റെ പ്രഥമ പ്രളയം, വേദാന്ത മുരളി, ശൂലേം കുമാരി, കാവ്യ സങ്കീര്‍ത്തനം, എം.ഒ. അവിരായുടെ ‘മഹാത്യാഗി’,’തിരുവത്താഴം’, ഫാ. ജോസഫ് നെടുഞ്ചിറയുടെ ‘രക്തകാന്തി’, ജോസഫ് ചെറുവത്തൂരിന്റെ ബൈബിള്‍ കാവ്യങ്ങള്‍, ചാലില്‍ ജേക്കബിന്റെ ‘കാല്‍വരിയിലെ നിഴലില്‍’, എന്‍.കെ. ജോണിന്റെ സ്‌നേഹഗീതങ്ങള്‍, സി.ജെ. മണ്ണുമ്മൂടിന്റെ മുന്തിരിത്തോട്ടം, മാത്യു ഉലകം തറയുടെ ക്രിസ്തുഗാഥ എന്നിവ മലയാള ഭാഷയ്ക്കു ലഭിച്ച സംഭാവനകളാണ്.

ബൈബിള്‍ കവിത്വത്തെത്തന്നെ സ്വാധീനിച്ചതിന്റെ പ്രകടോദാഹരണങ്ങളാണ് ജി. ശങ്കരക്കുറുപ്പ്, ഒ.എന്‍.വി. കുറുപ്പ്, സുഗതകുമാരി, വിഷ്ണുനാരായണന്‍ നമ്പൂതിരി, ജോര്‍ജ്ജ് തോമസ്, സച്ചിതാനന്ദന്‍, യുസഫലി കേച്ചേരി, ബാലചന്ദ്രന്‍ ചുള്ളിക്കാട് തുടങ്ങിയവരുടെ കവിതകളില്‍ പ്രകടമാക്കുന്ന ബൈബിള്‍ സ്വാധീനം.
ജിയുടെ അലക്കുകാരി, ഇന്നു ഞാന്‍ നാളെ നീ, ലുമുംബ, എവിടേക്കുപോയി, പള്ളിമണികള്‍, രക്ഷാകവചം തുടങ്ങിയ കവിതകളും ബൈബിളിനെ അധികരിച്ച് എഴുതിയതാണ്.

ഒ.എന്‍.വി. കൃതികളായ – സോളമന് ഒരു ഗീതം, കൊടുങ്കാറ്റിന് മുമ്പ്, മൈക്കലാഞ്ചലോ മാപ്പ്, കറുത്ത പക്ഷിയുടെ പാട്ട്, ആദര്‍ശ കന്യക തുടങ്ങിയ കവിതകള്‍, സുഗതകുമാരിയുടെ കൊളോസസ്, ധര്‍മ്മത്തിന്റെ നിറം കറുപ്പാണ്, നിന്റെ കാരുണ്യം തുടങ്ങിയ കവിതകള്‍, വിഷണു നാരായണന്‍ നമ്പൂതിരിയുടെ ആദവും ദൈവവും, ജോര്‍ജ്ജ് തോമസിന്റെ അലിയുന്ന തുരുത്ത്, അമര്‍ഷ ഗാഥ എന്നിവയെല്ലാം ബൈബിളിനെ ആസ്പദമാക്കി എഴുതിയ കൃതികളാണ്.

ഗദ്യ സാഹിത്യ ശാഖകളായ നോവല്‍, നാടകം, ചെറുകഥ എന്നീ മേഖലകളില്‍ ചില പ്രധാന രചനകള്‍ ബൈബിള്‍ കഥ തന്നെ നേരിട്ടു സ്വീകരിച്ചും ബൈബിള്‍ ദര്‍ശനം പ്രമേയമായി സ്വീകരിച്ചും ഉണ്ടായിട്ടുണ്ട്.

1958 -ല്‍ പ്രസിദ്ധീകരിച്ച പോഞ്ഞിക്കര റാഫിയുടെ സ്വര്‍ഗ്ഗദൂതന്‍, പാറപ്പുറത്തിന്റെ ബൈബിളധിഷ്ഠിത നോവല്‍ അന്വേഷിച്ചു കണ്ടെത്തിയില്ല, അരനാഴിക നേരം, നിണമണിഞ്ഞ കാല്‍പ്പാടുകള്‍, എസ്.കെ. പൊറ്റക്കാടിന്റെ വിഷകന്യക, വൈക്കം ചന്ദ്രശേഖരന്‍ നായരുടെ കയീന്റെ വംശം, കാക്കനാടന്റെ ഏഴാം മുദ്ര, ഒ.വി. വിജയന്റെ ഖസാഖിന്റെ ഇതിഹാസം, ജോസഫ് മറ്റത്തിന്റെ ‘തേനും പാലും’, ടി.വി. വര്‍ക്കിയുടെ ‘കഴുകിത്തുടച്ച കാല്പാദങ്ങള്‍, ഡോ. കെ.എം. തരകന്റെ ‘അവളാണു ഭാര്യ’, ‘നിനക്കായി മാത്രം’, ‘ഓര്‍മ്മകളുടെ രാത്രി’, കാനം ഇ.ജെ.യുടെ ‘വാളും കുരിശും’, ബാബു ചെങ്ങന്നൂരിന്റെ ‘ചോരയും ചെങ്കോലും’, രേവതിയുടെ ‘ദേവയാഗം’ സി.വി. ബാലകൃഷ്ണന്റെ ‘ആയൂസ്സിന്റെ പുസ്തകം’, ‘കണ്ണാടിക്കടല്‍’ ഇങ്ങനെ പോകുന്നു ബൈബിളിനെ മലയാള സാഹിത്യവുമായി കൂട്ടികെട്ടിയ രചനകള്‍.

നാടകം

സി.ജെ. തോമസിന്റെ ‘ആ മനുഷ്യന്‍ നീ തന്നെ’, ‘രൂഥ്’, ‘അവന്‍ വീണ്ടും വരുന്നു’, കൈനിക്കര പത്മനാഭപിള്ളയുടെ കാല്‍വരിയിലെ ‘കല്പപാദപം’. ജി.ശങ്കരപിള്ളയുടെ ‘ഭരതവാക്യം’. ഏബ്രഹാം ജോസഫിന്റെ ‘പീലാത്തോസ്’ തുടങ്ങിയ നാടകങ്ങള്‍ ബൈബിളിനെ ആസ്പദമാക്കി രചിച്ചതാണ്.

തുള്ളലിലും, കിളിപ്പാട്ടുകളിലും, മാര്‍ഗ്ഗം കളിപ്പാട്ടുകളിലും ചവിട്ടുനാടകങ്ങളിലും… മറ്റും മറ്റും ബൈബിള്‍ പ്രമേയങ്ങള്‍ അവതരിപ്പിക്കപ്പെട്ടു.

എം.പി.അപ്പന്റെ ‘കുരിശില്‍ എന്ന ഗീതകം’. സുഗതകുമാരിയുടെ ‘ഏദനില്‍ നിന്ന്’. വൈലോപ്പിള്ളിയുടെ ‘തൊഴിലാളി’. വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ ‘ആദവും ദൈവവും’, സച്ചിതാനന്ദന്റെ ‘നോഹ തിരിഞ്ഞു നോക്കുന്നു’ എന്നിവയും എ. അയ്യപ്പന്‍, അയ്യപ്പണിക്കര്‍, നെല്ലിക്കല്‍ മുരളീധരന്‍ എന്നിവരുടെ ‘ഇടവേള’, ‘നക്ഷത്രപ്പിറവി’, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ‘കഷ്ടരാത്രികള്‍, വ്യര്‍ത്ഥമാസങ്ങള്‍’ എന്നീ കവിതകളും ബൈബിളിനെ സാഹിത്യഗ്രന്ഥമാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു.

കഥ

ശിംശോന്‍, മഗ്ദലന മറിയം, എസ്ഥേര്‍ താമാര്‍, ദാവീദ്, തുടങ്ങിയവരുടെ കഥകള്‍ പുനരാഖ്യാനം ചെയ്യപ്പെട്ടു. സക്കറിയയുടെ എന്തുണ്ട് പീലാത്തോസെ വിശേഷം?, കണ്ണാടി കാണ്‍മോളവും, പ്രെയ്‌സ് ദ ലോഡ്, തുടങ്ങിയ കൃതികള്‍ ബൈബിള്‍ ഇമേജുകളുടെ സമൃദ്ധികൊണ്ട് സവിശേഷമാണ്. ഇവകൂടാതെ ജോണ്‍ ഏബ്രഹാമിന്റെ കഥകളിലും കെ.പി. അപ്പന്റെ സാഹിത്യ നിരൂപണങ്ങളിലും ബൈബിള്‍ സ്വാധീനം കാണാം.

ഭക്തി സാഹിത്യം

ബൈബിളിന്റെ മലയാള പരിഭാഷയെ അധീകരിച്ച് ആയിരക്കണക്കിന് ഭക്തിസാഹിത്യ കൃതികള്‍, ഗവേഷണ പ്രബന്ഥങ്ങള്‍, കാവ്യ സാഹിത്യ കൃതികള്‍, ബൈബിള്‍ ക്വിസ്, ബൈബിള്‍ ബാലകൃതികള്‍, ബൈബിള്‍ സാഹിത്യ നിരൂപണ കൃതികള്‍ എന്നിവ ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. ബൈബിള്‍ ആത്മീകതയുമായി അടുത്തു നില്‍ക്കുന്ന ആഴ്ചപ്പതിപ്പുകള്‍, ദ്വൈവാരികകള്‍, പ്രതിമാസ പത്രങ്ങള്‍ എന്നിവയും നിരവധിയാണ്. ആയിരക്കണക്കിന് ബൈബിള്‍ പഠിതാക്കളും പണ്ഡിതന്മാരുമായ ആളുകള്‍ ഭക്തി സാഹിത്യ രംഗത്ത് ഗണ്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

മനുഷ്യന് ഉപാപജയ പ്രവര്‍ത്തനങ്ങള്‍പോലെ അനുപേക്ഷണീയമാണ് ഇന്ന് ഭാഷയുടെ വ്യവഹാരം. മലയാളിയെ സംബന്ധിച്ചിടത്തോളം അവന്റെ ചിന്താ മണ്ഡലങ്ങളില്‍ രൂപപ്പെടുന്ന ആശയത്തിന്റെ പ്രകാശനങ്ങള്‍ക്ക് അവന്‍ ഉപയോഗിക്കുന്ന വാമൊഴിയുടെയോ വരമൊഴിയുടെയോ ഭാഷാരൂപങ്ങളില്‍ ബൈബിള്‍ കടന്നുവരുന്നു. അങ്ങനെ മലയാളി ജീവിതത്തില്‍ നിന്ന് ഒരിക്കലും അകന്നു മാറാന്‍ കഴിയാതെ ബൈബിള്‍ അവന്റെ ഓര്‍മ്മയുടെ പുസ്തകമായി, ജീവന്റെ പുസ്തകമായി’ ഭവിക്കുന്നു.


This image has an empty alt attribute; its file name is omana-russel.jpg

ഡോ. ഓമന റസ്സല്‍
(സീനിയര്‍അക്കാഡമിക് ഫെല്ലോ, ICHR ഡല്‍ഹി)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!