‘റ്റാ ബിബ്ലിയാ’ എന്ന ഗ്രീക്ക് പ്രയോഗത്തില്‍ നിന്നുമാണ് ബൈബിള്‍ എന്ന പദം നിഷ്പാദിച്ചിരിക്കുന്നത്. റ്റാ എന്നത് ഗ്രീക്കിലെ ബഹുവചന നിശ്ചിത ആര്‍ട്ടിക്കിളും, ബിബ്ലിയാ’എന്നത് പുസ്തകങ്ങള്‍ എന്ന അര്‍ത്ഥത്തിലുള്ള ശബ്ദവുമാണ്. ബിബ്ലോസ്’എന്നതാണ് ബിബ്ലിയായുടെ ഏകവചനം. ബൈബിള്‍ എന്നത് ഇംഗ്ലീഷ് പദമാണ്.
കത്തോലിക്കര്‍ ഒഴികെയുള്ള ക്രിസ്തീയ സഭകള്‍ കാനോനികമായി അംഗീകരിച്ചിട്ടുള്ള പുസ്തകങ്ങള്‍ 66 എണ്ണമാണ്. ഇവയ്ക്കൊപ്പം ചില അപ്പോക്രിഫല്‍ പുസ്തകങ്ങള്‍ കൂടി ചേരുമ്പോഴെ കത്തോലിക്കാ ബൈബിള്‍ പൂര്‍ണ്ണമാകുന്നുള്ളൂ. എന്നാല്‍ 66 പുസ്തകങ്ങളെ മുഴുവന്‍ ക്രൈസ്തവരും ദൈവ അരുളപ്പാടുകളുടെ മാനുഷിക ലിഖിതങ്ങളായി കാണുന്നു. എബ്രായ ജനത എന്ന ജൂതരുടെ മതഗ്രന്ഥമായ തോറ, നെബീം, കെത്തുബീം, എന്നിങ്ങനെയുള്ള പഴയനിയമമാണ് ക്രിസ്തീയ വിശ്വാസികളുടെ ആധാരഗ്രന്ഥമായ ബൈബിളിന്റെ പൂര്‍വ്വ ഭാഗം.
തോറാ എന്നാല്‍ ന്യായപ്രമാണമെന്നും നെബീം എന്നാല്‍ പ്രവാചകന്മാര് എന്നും കെത്തുബീം എന്നാല്‍ എഴുത്തുകള്‍ എന്നും വിവക്ഷ. എബ്രായ ഭാഷയില്‍ രൂപപ്പെട്ട തോറാ, നെബിം, കെത്തുബീം എന്നിവയുടെ ഗ്രീക്കു തര്‍ജ്ജിമയാണ് സെപ്റ്റ്വജന്റ്. ഇവയിലും ഈ മൂന്ന് വിധ വിഭജനമാണുള്ളതെങ്കില് ഇംഗ്ലീഷ് ബൈബിളിലുകളിലും പിന്നീടുള്ള ഇതരപരിഭാഷകളിലുമെല്ലാം 39 സ്വതന്ത്രകൃതികളായിട്ടാണ് പഴയ നിയമത്തെ രൂപപ്പെടുത്തിയിരിക്കുന്നത്.
യേശുവിന്റെ ഉപദേശങ്ങളും പ്രസംഗങ്ങളും പ്രവ്യത്തികളും സംബന്ധിച്ചുള്ള ജീവചരിത്രാത്മക കൃതികളായ സുവിശേഷങ്ങളും ക്രിസ്തീയ സഭയുടെ ആവിര്‍ഭാവ ചരിത്രം രേഖപ്പെടുത്തിയ അപ്പോസ്തല പ്രവൃത്തികളും ക്രിസ്തു വിരോധിയായി തുടങ്ങി പില്കാലത്ത് ക്രിസ്തു സഹയാത്രികനായി മാറി പ്രേക്ഷിത വൃത്തിയില്‍ വ്യവഹരിച്ച പൗലോസ് സ്ലീഹായുടെ ആത്മീയ തര്ജ്ജനങ്ങള് ഉള്‍ക്കൊള്ളുന്ന ലേഖനങ്ങളും പത്രോസ്, യോഹന്നാന്, യൂദാ, യാക്കോബ് തുടങ്ങിയ ക്രിസ്തു ശിഷ്യരുടെ കൃതികളും ഉള്‍ക്കൊള്ളുന്ന ബൈബിളിന്റെ ഉത്തരഭാഗം പുതിയ നിയമം എന്നറിയപ്പെടുന്നു.
ബൈബിള്‍ വാമൊഴി പാരമ്പര്യങ്ങളിലൂടെ തലമുറയ്ക്കു കൈമാറുന്ന പതിവായിരുന്നു ജൂദര്ക്കിടയില് ഉണ്ടായിരുന്നത്. ഈജിപ്ഷ്യന്‍ പശ്ചാത്തലമുള്ള മോശെ ഹീറോഗ്ലിഫിക്സ് ലിപികളും ആവിഷ്കരണ ശൈലിയുമൊക്കെ ഈജിപ്റ്റില്‍ വച്ചുതന്നെ പഠിച്ചിരിക്കണം. മോശയുടെ പിതാമഹനായിരുന്ന അബ്രഹാമായിരുന്നല്ലോ ഇസ്രയേല്‍ ജനതയുടെ പൂര്വ്വികന്.
മെസപൊട്ടേമ്യന് സാംസ്കാരിക പശ്ചാത്തലമുള്ള ഊര് പട്ടണത്തില്‍ നിന്ന് യാത്ര തിരിക്കുന്ന അബ്രഹാമിന്റെ ദൈവവിളിയോടെയാണ് ഇസ്രയേല്‍ ജനതയുടെ ചരിത്രം ആരംഭിക്കുന്നത്. ഏറെക്കുറെ നാടോടിയായി ജീവിതം നയിച്ച അബ്രഹാമിനും അനുചര വൃന്ദങ്ങള്‍ക്കും വിശ്വസംസ്കാരത്തിന്റെ കളിത്തൊട്ടിലില്‍ നിന്ന് ക്യൂണിഫോം ആലേഖന വിദ്യയുടെ ആദ്യ പാഠം ലഭ്യമായിരിക്കണം. എന്നാല്‍ അബ്രഹാമില്‍ നിന്ന് മോശയില്‍ എത്തുമ്പോള്‍ ആലേഖന സമ്പ്രദായം ഹീറോഗ്ലിഫിക്സിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കാം.
അതുകൊണ്ട് ലിഖിത രൂപങ്ങളെക്കാള്‍ മോശയുടെ സമകാലികര്‍ അവലംബമാക്കിയത് വാമൊഴി പാരമ്പര്യങ്ങളെയാകണം. കൃത്യമായ മത നിഷ്ഠ, പൗരോഹിത്യ മേധാവികള്ക്കൊഴികെ ആര്‍ക്കും പ്രവേശനം ഇല്ലാത്ത അന്തര്‍ മന്ദിര സംവിധാനമുള്ള ആലയം ഇവയെല്ലാം ആ വാമൊഴി പാരമ്പര്യങ്ങളെ സംരക്ഷിച്ചിരിക്കണം. എന്നാല്‍ ഒരു വരേണ്യ മണ്ഡലത്തില്‍ നിന്ന് ഇത് ജനകീയ വല്ക്കരിക്കേണ്ട ഘട്ടം വരുമ്പോഴാണ് തിരുവെഴുത്തുകള്‍ ലിഖിത രൂപത്തില്‍ തയ്യാറാക്കണം എന്ന ആവശ്യകത ഉണ്ടാകുന്നത്. ആ സ്വാതന്ത്ര്യം തന്നെ ദുരുപയോഗപ്പെടുത്താതെ പരിമിതമാക്കിവെയ്ക്കാന് അവര്‍ തയ്യാറായി.
വിശുദ്ധ ലിഖിതങ്ങളുടെ പകര്പ്പെഴുതാന് ശാസ്ത്രിമാര്‍ എന്ന ഒരു വിഭാഗം പ്രത്യേകം പരിശീലിപ്പിക്കപ്പെട്ടു. അവരുടെ ഉദ്യമങ്ങളാല്‍ രൂപപ്പെട്ട ബൈബിള്‍ പകര്പ്പുകള്ക്കെ ഒരു ഏകദേശ കാലനിര്‍ണ്ണയം പറയാനാവൂ. അങ്ങനെയെങ്കില്‍ ഏകദേശം ബി.സി. 1500 ആകണം പഴയ നിയമ പുസ്തകങ്ങള്‍ എഴുതാന്‍ ആരംഭിക്കുന്നത്. പുതിയ നിയമത്തിന്റെ അവസാന കൃതി ക്രിസ്തുവര്‍ഷം നൂറിനുമുമ്പ് രൂപപ്പെട്ടിരിക്കണം .
ബൈബിള്‍ പരിഭാഷാ ചരിത്രം
ബി.സി. 3-ാം നൂറ്റാണ്ടില്‍ തന്നെ പഴയ നിയമം അതിന്റെ മൂല ഭാഷയായ എബ്രായയില്‍ നിന്ന് ഗ്രീക്കിലേക്ക് തര്‍ജ്ജിമ ചെയ്യപ്പെട്ടു. വായനാ തല്പരനും യഹൂദാമത വിശ്വാസത്തെ വിലയിരുത്തുന്നതില്‍ ഉല്സുകിയും മത സംവാദങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നയാളുമായ അല്ക്സാണ്ട്രിയായിലെ റ്റോളമി ഫിലാഡല് ഫസിന്റെ നിര്‍ദ്ദേശാനുസരണം അന്നത്തെ മുഖ്യ സമ്പര്‍ക്ക ഭാഷയായിരുന്ന ഗ്രീക്കിലേക്ക് 72 ഹീബ്രു – ഗ്രീക്ക് പണ്ഡിതന്മാരെ തിരഞ്ഞെടുത്ത് നടത്തിയ പരിഭാഷ ശ്രമത്തോടെയാണ് ബൈബിള്‍ ഭാഷാന്തര ചരിത്രം ആരംഭിക്കുന്നത്.
ഈ 72 പേരില്‍ പരിഭാഷയുടെ ഇടയ്ക്ക് രണ്ടാളുകള്‍ മരിച്ചുവെന്നും അവശേഷിച്ച 70 പേരുടെ പേരില്‍ ഇത് അറിയപ്പെട്ടു എന്നുമാണ് ഇതു സംബന്ധിച്ച് പ്രചരിക്കപ്പെടുന്ന ആശയം. 70 അഥവാ സപ്തതി എന്ന അര്‍ത്ഥത്തില്‍ ഘതത എന്ന് ഇത് അറിയപ്പെട്ടു. ലെത്തീനില് സെപ്റ്റ്വുജന്റ് എന്ന് അറിയപ്പെട്ട ഈ പുസ്തകം അവലംബമാക്കിയാണ് പുതിയനിയമത്തിലെ പല ഉദ്ധരണികളും എടുത്തുപ്രയോഗിച്ചിരിക്കുന്നത്. പുതിയ നിയമ എഴുത്തുക്കാര്‍ക്ക് ഹീബ്രുവിലുള്ള മൂലകൃതിയെക്കാള്‍ സ്വീകാര്യമായത് ഗ്രീക്കിലുള്ള സെപ്റ്റ്വുജന്റാകാന് കാരണം ഗ്രീക്കിന്റെ സര്‍വ്വസ്വീകാര്യതയും ഹീബ്രുവിന്റെ ഒരു വ്യവഹാര ഭാഷയെന്ന നിലയിലുള്ള മേല്‍ക്കോയ്മ നഷ്ടപ്പെട്ടതുമാകണം.
ഏ.ഡി. 4-ാം നൂറ്റാണ്ടില്‍ വി.ജെറോം വള്‍ഗേറ്റ് അഥവാ വുള്‍ഗാത്ത എന്ന ലത്തീം ഭാഷയില്‍ ബൈബിള്‍ പരിഭാഷ നിര്‍വ്വഹിച്ചു. വള്‍ഗേറ്റ് എന്ന ലാറ്റിന്‍ പ്രയോഗത്തിന് സാധാരണക്കാരന്റെ പുസ്തകം എന്നര്‍ത്ഥം. ഒരു നൂറ്റാണ്ടുകൂടി പിന്നിടുമ്പോള്‍ പെഷീറ്റാ ബൈബിള്‍ എന്ന സുറിയാനി വിവര്‍ത്തനവും നിലവില്‍ വന്നു. 1405 -ല്‍ അച്ചടിവിദ്യ കണ്ടുപിടിച്ചതോടെ ബൈബിള്‍ അച്ചുകുടത്തിന്റെ മഷിപുരണ്ട് പുറത്തിറങ്ങുന്ന ആദ്യ ഗ്രന്ഥമായിമാറി. 1456 -ല്‍ ജെ. ഗുട്ടന് ബെര്‍ഗ് ലത്തീം ബൈബിള്‍ അച്ചടിച്ചു. 1488 -ല്‍ എബ്രായ ബൈബിളും 1516 -ല്‍ ഗ്രീക്ക് പുതിയ നിയമവും അച്ചടിച്ചു. 1522 -ല്‍ നവീകരണ കര്‍ത്താവായ മാര്ട്ടിന് ലൂഥര്‍ പുതിയ നിയമത്തിന്റെ ജര്‍മ്മന്‍ പരിഭാഷ പ്രസിദ്ധം ചെയ്തു.
ഇംഗ്ലീഷ് ഭാഷാന്തരം
ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ സാര്‍വ്വദേശീയ വ്യാപനം ഇംഗ്ലീഷ് ഭാഷയുടെ കൂടി വ്യാപനമായിരുന്നുവല്ലോ. ഇംഗ്ലീഷ് ഒരു ലോക ഭാഷയായി പിച്ചവെച്ചു തുടങ്ങുമ്പോഴെ ബൈബിള്‍ വിവര്‍ത്തനം ഇംഗ്ലീഷില്‍ നിര്‍വ്വഹിക്കപ്പെട്ടിരുന്നു. ബൈബിളിന്റെ ഇംഗ്ലീഷ് പരിഭാഷയ്ക്ക് കനത്ത എതിര്‍പ്പുകളെ നേരിടേണ്ടിവന്നു. ബൈബിളിന്റെ തന്നെ ആശയപരവും ഘടനാപരവുമായ എല്ലാത്തരം വ്യവഹാരങ്ങളുടെയും അധികാരം തങ്ങളിലാണെന്നു കരുതിപ്പോന്ന കത്തോലിക്കാ മതത്തിന്റെ എതിര്‍പ്പായിരുന്നു ഇതില്‍ പ്രധാനം.
എന്നാല്‍ ഈ എതിര്‍പ്പുകളെ അതിജീവിച്ച് ജോണ്‍വൈക്ലിഫ് എന്ന ഇംഗ്ലീഷ്കാരന് ബൈബിളിന്റെ ആദ്യത്തെ ഇംഗ്ലീഷ് പരിഭാഷ നിര്‍വ്വഹിച്ചു. പിന്നീട് വില്യം റ്റിംഡേല് ബൈബിള്‍ തര്‍ജ്ജിമ ഇംഗ്ലീഷില്‍ തയ്യാറാക്കി. എന്നാല്‍ ഈ രണ്ട് പരിഭാഷകളും മാര്‍പ്പാപ്പ പിടിച്ചെടുത്ത് നശിപ്പിച്ചു. മതകോടതിയുടെ എതിര്‍പ്പിനെ വകവെയ്ക്കാതെ ഭാഷാന്തരം നിര്‍വ്വഹിച്ച റ്റിംഡേലിനെ 1536 ഒക്ടോബര്‍ 6-ന് ജീവനോടെ ദഹിപ്പിച്ചു. റ്റിംഡേല് നല്കിയ വില കനത്തതായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ ഉദ്യമത്തെ അപ്പാടെ നശിപ്പിക്കാന്‍ പാപ്പാധിപത്യത്തിനായില്ല.
1611 -ല്‍ ഇംഗ്ലണ്ടില്‍ നിന്ന് ബൈബിളിന്റെ ആധികാരികമായ മറ്റൊരു പരിഭാഷ പുറത്തുവന്നു. ഇംഗ്ലണ്ടിലെ ജെയിംസ് ഒന്നാമന് രാജാവിന്റെ നിര്‍ദ്ദേശ പ്രകാരം രൂപപ്പെട്ട പണ്ഡിത സമൂഹത്തിന്റെ കമ്മറ്റി പ്രസിദ്ധം ചെയ്ത കിങ് ജെയിംസ് വേര്‍ഷന്‍ എന്ന ഗ.ഖ.ഢ ബൈബിളാണിത്. മൂലഭാഷകളോട് പരമാവധി നീതി പുലര്‍ത്താന്‍ ശ്രമിച്ച ആധികാരിക വ്യാഖ്യാനം എന്ന നിലയില്‍ ജെയിംസ് രാജാവിന്റെ ഭാഷാന്തരത്തിന് വലിയ സ്ഥാനമാണ് ബൈബിള്‍ പരിഭാഷ ചരിത്രത്തിലുള്ളത്.ബൈബിള്‍ ഇന്ത്യന്‍ ഭാഷകളിലേക്ക്
ആധൂനിക മിഷനറി പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്ന വില്യം കേരി ഭാരതീയ ഭാഷകളില്‍ ബൈബിള്‍ വിവര്‍ത്തനത്തിന് ഗണ്യമായ സംഭാവനകള്‍ നല്കിയ വ്യക്തിയാണ്.
എന്നാല്‍ ഇന്ത്യന്‍ ഭാഷകളില്‍ ആദ്യമായി ബൈബിളിന് ഒരു വിവര്‍ത്തനം ഉണ്ടാകുന്നത് തമിഴിലാണ്. പ്രൊട്ടസ്റ്റെന്റ് വിശ്വാസിയായ ഡെന്മാര്ക്കിലെ ഫെഡറിക് രാജാവിന്റെ ഉത്തരവനുസരിച്ച് സീഗന്‍ ബാലഗ് എന്ന ജര്മ്മന്കാരന് തമിഴ്നാട്ടിലെ തരംഗംപാടിയില്‍ വെച്ച് 1711 -ല്‍ പുതിയ നിയമം തമിഴിലേക്ക് വിവര്‍ത്തനം ചെയ്തു. 19-ാം നൂറ്റാണ്ടിലാണ് ബംഗാളിലെ സെറാമ്പൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിച്ച വില്യം കേരി ബൈബിള്‍ പരിഭാഷയിലേക്ക് ശ്രദ്ധ തിരിക്കുന്നത്. ബംഗാളി, മറാഠി, സംസ്കൃതം, ഹിന്ദി ഭാഷകളില്‍ ബൈബിളിന് വിവര്‍ത്തനം നിര്‍വ്വഹിക്കുന്നതില്‍ വില്യം കേരിയും സഹപ്രവര്‍ത്തകരും ഉജ്ജ്വല ശ്രമമാണ് നടത്തിയത്.
മലയാളം ബൈബിള്‍
വില്യം കേരിയുടെ സുഹൃത്തും കല്‍ക്കത്ത കോളേജിലെ വൈസ് പ്രന്സിപ്പലുമായിരുന്ന ആഗ്ലിക്കന്‍ സഭാ വൈദീകന് ഡോ. ക്ലോഡിയസ് ബുക്കാനന് എന്ന സ്കോഡ്ലാന്റ് കാരന്മിഷനറിയാണ് 1806 -ല്‍ മലബാര്‍ സന്ദര്‍ശന വേളയില്‍ ബൈബിളിന്റെ മലയാളി വിവര്‍ത്തനത്തെക്കുറിച്ചുള്ള ചിന്തയ്ക്ക് തുടക്കം കുറിക്കുന്നത്. ഈ ആവശ്യം സ്കോഡ്ലാന്റിലെ തന്റെ മാതൃസഭയേയും കേരളത്തിലെ സുറിയാനി സഭാ നേതാക്കളെയും അറിയിച്ചതിന്റെ ഫലമായി സുറിയാനി ഭാഷയില്‍ നിന്നും ബൈബിളിന്റെ മലയാള ഭാഷാന്തരത്തിനുള്ള യത്നം തുടങ്ങി.
അന്നത്തെ മലങ്കര മെത്രപ്പോലിത്താ മാര്‍ ദിവന്ന്യാ സ്യോസിന്റെ മേല്‍ നോട്ടത്തില്‍ 1807 -ല്‍ നാലു സുവിശേഷങ്ങള്‍ സുറിയാനിയില്‍ നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. കായംകുളം ഫിലിപ്പോസ് റമ്പാന്റെ സേവനവും ഇതില്‍ ലഭിച്ചു. 1811 -ല്‍ ഇത് ഒരു പുസ്തകമാക്കി ബോംബെയില്‍ നിന്നും പ്രസിദ്ധീകരിച്ചു.
1817 -ല്‍ ബൈബിള്‍ പൂര്‍ണമായി തര്‍ജ്ജമ ചെയ്യുവാനും കോട്ടയത്തുനിന്ന് പ്രസിദ്ധീകരിക്കുവാനും ബൈബിള്‍ സൊസൈറ്റി തീരുമാനിച്ചു. അതിനുവേണ്ടി ചര്‍ച്ച് മിഷനറി സൊസൈറ്റി റവ. ബെഞ്ചമിന്‍ ബെയ്ലിയുടെ സേവനം വിട്ടുകൊടുത്തു.
ഭാഷാപണ്ഡിതനായ കൊച്ചിക്കാരന് മോശെ ഈശാര്‍ഫനി എന്ന യഹൂദന്, ത്രിഭാഷാ പണ്ഡിതനായ ചാത്തു മേനോന്, സംസ്കൃത പണ്ഡിതനായ വൈദ്യനാഥയ്യര്‍ എന്നിവരുടെ സഹകരണം വിവര്‍ത്തന പ്രക്രിയയില്‍ ബെയ്ലിക്കു ലഭിച്ചു. ഇവരെ കൂടാതെ സുറിയാനി പണ്ഡിതന്മാരായ എട്ടു പുരോഹിതന്മാരുടെ സഹായവും അന്ന് തിരുവിതാംകൂറില്‍ ബ്രിട്ടീഷ് റസിഡന്റായിരുന്ന കേണല്‍ മണ്‍റോയുടെ പിന്തുണയും ഈ സംരംഭത്തിനുണ്ടായിരുന്നു. ബൈബിള്‍ സൊസൈറ്റി ധനസഹായം നല്കി.
1825 -ല്‍ ബെയ്ലി മത്തായി സുവിശേഷത്തിന്റെ മലയാള തര്‍ജ്ജമ പ്രസിദ്ധീകരിച്ചു. 1829 -ല്‍ ബൈബിള്‍ സൊസൈറ്റിയുടെ മദ്രാസ് ഓക്സിലിയറി ബെയ്ലിയുടെ ആദ്യത്തെ പുതിയ നിയമ തര്‍ജ്ജമ കോട്ടയം സി.എം. എസ്. പ്രസ്സില്‍ അച്ചടിച്ചു പ്രസിദ്ധീകരിച്ചു. എന്നാല്‍ ബെയ്ലിയുടെ തര്‍ജ്ജമ കൊച്ചിയിലും മലബാറിലുമുള്ള ക്രിസ്ത്യാനികളുടെ ആവശ്യത്തിന് ഉതകിയില്ല.
അതുകൊണ്ട് ഉത്തര കേരളത്തിലെ ക്രൈസ്തവര്‍ക്കു കൂടി ഉപയോഗിക്കത്തക്കവിധത്തിലുള്ള ഒരു തര്‍ജ്ജമ ആവശ്യമായിവന്നു. തലശ്ശേരി ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാക്കമ്പനിയുടെ ചാപ്ളെയിനായ ക്യാപ്റ്റന്‍ സ്പ്രിങ് സംസ്കൃതത്തില്‍ നിന്നു മലയാളത്തിലേക്കു ബൈബിള്‍ വിവര്‍ത്തനം ചെയ്യാനുള്ള ചുമതല ഏറ്റെടുത്തു. അദ്ദേഹത്തിന്റെ പരിഭാഷ ബൈബിള്‍ സൊസൈറ്റിയുടെ മദ്രാസ് ഓക്സിലിയറി പ്രസിദ്ധീകരിക്കാമെന്നു സമ്മതിച്ചു.
1822 -ല്‍ പ്രാദേശിക ഭാഷാ പണ്ഡിതന്മാരുടെ സഹായത്തോടെ സ്പ്രിങ്ങിന്റെ പരിഭാഷ ഏതാണ്ടു പൂര്‍ത്തിയായി. എന്നാല്‍ ആ തര്‍ജ്ജമ ഒരിക്കലും പ്രസിദ്ധീകരിച്ചില്ല. കാരണം ഔദ്യോഗികമായ സ്വീകരണം ലഭിച്ചത് ബെയ്ലിയുടെ തര്ജ്ജമക്കായിരുന്നു. 1835-ല്‍ അതു പ്രസിദ്ധീകരിച്ചു. ഈ ബൈബിളിന്റെ പരിഷ്ക്കരിച്ച പതിപ്പ് 1859 ലാണ് പ്രസിദ്ധീകരിച്ചത്. ആദ്യത്തെ സി.എം. എസ്. മിഷണറിയായ തോമസ് നോര്ട്ടന് 1837 -ല്‍ സങ്കീര്‍ത്തനങ്ങളുടെ ഒരു വിവര്‍ത്തനം തയ്യാറാക്കിയതായി പറയപ്പെടുന്നു.
19-ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ ജീവിച്ചിരുന്ന അതിപ്രഗല്ഭരായ ബൈബിള്‍ വിവര്‍ത്തകരില്‍ ഒരാളായിരുന്നു ബെഞ്ചമിന്‍ ബെയ്ലി. 1854 -ല്‍ ബാസല്‍ ഇവാഞ്ചലിക്കല്‍ ലൂഥറന്‍ മിഷന് തലശ്ശേരിയില്‍ നിന്നും പുതിയ നിയമത്തിന്റെ ഒരു പുതിയ തര്‍ജ്ജമ പ്രസിദ്ധീകരിച്ചു. സുപ്രസിദ്ധ വൈയാകരണനും ബഹുഭാഷാ പണ്ഡിതനും നിഘണ്ടു നിര്‍മ്മാതാവുമായ ഹെര്‍മെന്‍ ഗുണ്ടര്‍ട്ടായിരുന്നു ഈ വിവര്‍ത്തനം നിര്‍വ്വഹിച്ചത്.

– ഡോ. ഓമന റസ്സല്‍
(സീനിയര്‍അക്കാഡമിക് ഫെല്ലോ, ICHR ഡല്‍ഹി)































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.