കങ്ങഴയിൽ നിന്നും കരിമ്പയിൽ എത്തിയ പാസ്റ്റർ എ.സി. എബ്രഹാം; സുവിശേഷവേലയിലെ ധീരപോരാളി

കങ്ങഴയിൽ നിന്നും കരിമ്പയിൽ എത്തിയ പാസ്റ്റർ എ.സി. എബ്രഹാം; സുവിശേഷവേലയിലെ ധീരപോരാളി

ഷാജി ആലുവിള

സുവിശേഷത്തിന്റെ കാഹളം ഒരിക്കലും നിലയ്ക്കുന്നില്ല. കാഹളം മുഴക്കിയവർ മൺമറഞ്ഞു പോയാലും മുഴങ്ങിയ ശബ്ദം പ്രതിധ്വനിക്കും. പാലക്കാട് ജില്ലയിലെ സുവിശേഷ ശബ്ദമായ പാസ്റ്റർ എ സി ഏബ്രഹാം മൺമറഞ്ഞു. എൺമ്പത്തിഒന്നാമത്തെ വയസ്സിൽ കർതൃസന്നിധിയിൽ ചേരുന്നതുവരെ ക്രിസ്തീയ ജീവിതത്തിൽ മാതൃകയും സുവിശേഷ വേലയിൽ നല്ലയോദ്ധവും ആയിരുന്നു കരിമ്പ കർമ്മേൽ പുത്തൻവീട്ടിൽ പാസ്റ്റർ ഏ സി എബ്രഹാം.

പത്തനംതിട്ട ജില്ലയിൽ വെണ്ണിക്കുളത്ത് ഒരു മർത്തോമ്മ കുടുംബത്തിലായിരുന്നു ജനനം. മാതാപിതാക്കളായ ആലുങ്കൽ ചെള്ളേത്ത് ചാക്കോയും, അന്നമ്മയും തികഞ്ഞ ദൈവഭക്തരായിരുന്നു. ആ ആത്മീയകാഴ്ചപ്പാടുകൾ ചെറുപ്പം മുതൽ ദൈവഭക്തിയിൽ വളർന്നുവരുവാൻ എബ്രഹാമിനു കാരണമാകുകയും ചെയ്തു.
1942 ൽ ജനിച്ച എബ്രഹാം പതിനേഴാമത്തെ വയസ്സിൽ ഇന്ത്യൻ ആർമിയിൽ ചേർന്നു. 1962 ലെ ഇന്ത്യ-ചൈന യുദ്ധത്തിൽ പങ്കെടുത്തിരുന്നു. ഒരു സൈനീകനായി സേവനം ചെയ്യുമ്പോഴും ദൈവഭക്തിയോടെ ആയിരുന്നു ജീവിതം.

സൈനീക വിരാമത്തിനുശേഷം നാഗാലാൻഡ് പോലീസ് മേധാവിയായി സേവനം ചെയ്തു. സബ്ഇൻസ്പെക്ടർ സ്ഥാനത്തിരിക്കുമ്പോൾ 1974 ൽ ഒരു സുവിശേഷ മഹായോഗത്തിൽ സംബന്ധിച്ചു. ആ സന്ദേശത്തിലൂടെ യേശുക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചു. വിശ്വസിക്കുകയും സ്നാനപ്പെടുകയും ചെയ്യുന്നവർ രക്ഷിക്കപ്പെടുമെന്നുള്ള വചനത്തിന്റെ അടിസ്ഥാനത്തിൽ തന്റെ മുപ്പത്തിരണ്ടാമത്തെ വയസ്സിൽ വിശ്വാസ സ്നാനം സ്വീകരിച്ചു. നാഗലാന്റിലെ ഡിക്കു നദിയിൽ പാസ്റ്റർ യേശുദാസ് ആയിരുന്നു സ്നാനപ്പെടുത്തിയത്. എസ്സ്. ഐ. ആയി ഇരിക്കുമ്പോൾ തന്നെ ദൈവശബ്ദം കേൾക്കുകയും മുപ്പത്തിയേഴാമത്തെ വയസ്സിൽ ജോലി ഉപേക്ഷിച്ച് പൂർണ്ണസമയ സുവിശേഷ പ്രവർത്തനത്തിനായി ഇറങ്ങുകയും ചെയ്തു.

തിരികെ നാട്ടിൽ എത്തിയ ഏബ്രഹാം കങ്ങഴ മുണ്ടത്താനത്തുനിന്നും പാലക്കാട്‌ ജില്ലയിലെ കരിമ്പയിലേയ്ക്ക് പൂര്ണസമയ പ്രേഷിതപ്രവർത്തനത്തിനായി കടന്നുപോയി. ഭാര്യ റാന്നി കാവുംമണ്ണിൽ ലിസിയും മൂന്നു മക്കളുമായുള്ള സുവിശേഷ പ്രവർത്തനം ആദ്യകാലത്ത് വളരെ പ്രതിസന്ധിയിലൂടെയാണ് കടന്നു പോയത്. തളർന്നുപോകാതെ ഉപവാസവും പ്രാർത്ഥനയും തുടർന്നുകൊണ്ടിരുന്നു. സൈനികന്റെ ഉറപ്പുള്ള ഹൃദയം സുവിശേഷ വേലയിലും പാസ്റ്റർ എബ്രഹാമിനെ ഉറപ്പുള്ളവനാക്കി മുന്നോട്ട് നയിച്ചു.
ജില്ലയിലെ ഇരുമ്പാമുട്ടി, ഇടക്കുറിശ്ശി, മൂന്നേക്കർ തുടങ്ങിയ സ്ഥലങ്ങളിൽ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുകയും അനേകർ രക്ഷിക്കപ്പെടുകയും ചെയ്തു.
കാർമ്മേൽ ഗോസ്പ്പൽ ടീം സ്ഥാപകനായ പാസ്റ്റർ ഏബ്രഹാം സമൂഹത്തിൽ ഏവർക്കും നല്ല മാതൃക ആയിരുന്നു. 2005 ൽ കരിമ്പ ഇടക്കുറിശ്ശിയിൽ ഗിൽഗാൽ സഭ സ്ഥാപിച്ചു. തുടർന്ന് മണ്ണാർകാട് സെന്റർ ആരംഭിച്ച് പ്രവർത്തനങ്ങൾ വിശാലമാക്കി സെന്ററിനെ നയിച്ചു.

നാൽപ്പത്തിയഞ്ചു വർഷം സുവിശേഷ വേലചെയ്ത ആ മുൻ സൈനികൻ തന്റെ ഓട്ടം തികച്ച് 2023 മെയ് 3 ന് എൺപ്പത്തിയൊന്നാമത്തെ വയസ്സിൽ നിത്യ വിശ്രമത്തിനായി കടന്നു പോയി.
ശാരീരിക അസ്വസ്ഥത മൂലം വിശ്രമത്തിലായിരുന്ന അദ്ദേഹം സെന്ററിന്റെ ചുമതല നിലമ്പൂരിലെ പാസ്റ്റർ ജെയിംസ് വർഗീസ്സിനു കൈമാറി.

പാസ്റ്റർ ഏ. സി. ഏബ്രഹാമിന്റെ മൂത്തമകൻ ഡോ. സാം ഏബ്രഹാം ഹിമാചലിൽ സുവിശേഷീകരണ പ്രവർത്തനത്തിന് ശക്തമായ നേതൃത്വം കൊടുക്കുന്ന ഒരു നേതാവാണ്. ബറാക്ക മിനിസ്‌ട്രീസിന്റെ നേതൃത്വത്തിൽ ബൈബിൾ കോളേജ് & സെമിനാരി, മൗണ്ട് ഒലിവ് മിഷൻ സ്ക്കൂൾ, പാലിയാറ്റി കെയർ യൂണിറ്റ് എന്നിവ പാസ്റ്റർ സാം ഏബ്രഹാമിന്റെ നേതൃത്വത്തിൽ അവിടെ നടക്കുന്നു.

രണ്ടാമത്തെ മകൻ സൈജു എബ്രഹാം കരിമ്പയിൽ സ്വന്തമായി ബിസിനിസ്സ് നടത്തുന്നു. ഇളയ മകൻ ചില വർഷങ്ങൾക്ക് മുമ്പ് ലോകത്തിൽ നിന്നും മാറ്റപ്പെട്ടിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!