വാനിയായെ കൊല്ലാന്‍ മാല്‍സിന്‍ ഭംഗിയായി പദ്ധതി തയ്യാറാക്കി. കെ.ജി.ബി.യെയാണു ആ ചുമതല ഏല്‍പ്പിച്ചത്. അന്ന് വാനിയായോടു കെ.ജി.ബി. ഓഫീസിലേക്ക് ചെല്ലുവാന്‍ ആവശ്യപ്പെട്ടിരുന്നു. സാധാരണ ഡ്യൂട്ടിയാണെന്ന് കരുതി അവന്‍ വണ്ടിയോടിച്ച് നഗരത്തിലുള്ള കെ.ജി.ബി. ഹെഡ് ഓഫിസില്‍ എത്തി. കെ.ജി.ബി. ഉദ്ദ്യോഗസ്ഥന്മാരും മാല്‍സിനും മറ്റൊരു പൊബേഡാ കാറില്‍ പിന്നാലെ ഹെഡ് ഓഫീസിലേക്ക് പോന്നു.
മാല്‍സിന് അത്യാഹ്ലാദമായിരുന്നു. വാനിയായെ വധിക്കേണ്ടി വരുന്നത് നിര്‍ഭാഗ്യമാണ്. എന്നാല്‍ മനുഷ്യമനസ്സിനെ സംശുദ്ധമാക്കുന്നതിനും, കലര്‍പ്പില്ലാത്ത സോഷ്യലിസം പടുത്തുയുര്‍ത്തുന്നതിനും ചിലപ്പോള്‍ ഇങ്ങനെയുള്ള ക്രൂരമായ നടപടികളും കൊലപാതകങ്ങളും വേണ്ടിവരും. കൊല ചെയ്യാന്‍ കെ.ജി.ബി. അംഗങ്ങള്‍ വിദഗ്ദ്ധരാണ്.
നിമിഷങ്ങള്‍ക്കകം വാനിയയെ സെക്യൂരിറ്റി പോലീസിന്റെ സൗണ്ട് പ്രൂഫ് മുറിയിലേക്ക് മാറ്റി. ഇന്ന് അവന്റെ അന്ത്യദിനമാണ്. മാല്‍സിനു വളരെ ഉന്മേഷം തോന്നി. വാനിയാ വിശ്വാസം മുറുകെപ്പിടിച്ച് മരണം തിരഞ്ഞെടുക്കുമെന്ന് മാല്‍സിന്‍ കരുതിയില്ല. വാനിയായുടെ കൊലപാതകം കെ.ജി.ബിയെ സംബന്ധിച്ചിടത്തോളം വലിയ പ്രശ്‌നമൊന്നുമല്ല. എന്നാല്‍ അവനെ അതിക്രൂരമായി കൊല്ലണമല്ലോ എന്നോര്‍ത്തപ്പോള്‍ മാല്‍സിന്റെ വിജയാഹ്ലാദ ലഹരി ഇല്ലാതെയായി.
വികാരക്ഷോഭമുള്ള മാല്‍സിന്‍ വിയര്‍ക്കുന്നുണ്ടായിരുന്നു. ചൂടുള്ള ഭിത്തിയായിട്ടു കൂടെ അവന്‍ തണുത്ത് വിറച്ചു. അവന്റെ മുഖം ഭയം കൊണ്ട് വിളറി. തല പൊട്ടുന്നതു പോലെ കലശലായ തലവേദന.
ശബ്ദം കടക്കാത്ത ആ മുറിയില്‍ നിലത്ത് കിടക്കുന്ന വാനിയായുടെ നിശ്ചലമായ ശരീരത്തിലേക്ക് മാല്‍സിന്‍ തുറിച്ച് നോക്കി. വാനിയാ മരിച്ചുവോ? മാല്‍സിന്‍ ഭയത്തോടെ വീണ്ടും നോക്കി.
മാല്‍സിന്‍ അപരാധത്തിന്റെ കയങ്ങളിലേക്കു വഴുതി വീണുപോയി. താനറിയാതെ ഒരു ഭയത്തിന്റെ വലക്കണ്ണികളുടെ വലിഞ്ഞു മുറുക്കം അനുവഭപ്പെട്ടു. മാല്‍സിന്റെ തിളങ്ങുന്ന മുഖത്തിലെ കൂട്ടു പുരികങ്ങള്‍ ഏറെ രൗദ്രതയും ക്രൂരതയും വെളിവാക്കുന്നതായിരുന്നു. മാല്‍സിന്‍ ഒരു തടിയന്‍ പുകയില ചുരുട്ടെടുത്ത് കത്തിച്ചു.
ആഞ്ഞു മൂന്നാലു കവിള്‍ പുക അകത്തേക്കു വലിച്ചു കയറ്റി. കോരിച്ചൊരിയുന്ന പേമാരിയിലും രാക്കുളിരിലും ദേഹം വിയര്‍ത്തു. ഏതോ ഭയാനകമായ ദൃശ്യം മുന്നില്‍ കണ്ടെന്നോണം യുറേഷ്യന്‍ ചെന്നായ്ക്കള്‍ കൂട്ടമായി ഓരിയിട്ടു. നരിച്ചീറുകള്‍ വികൃത ശബ്ദങ്ങള്‍ പുറപ്പെടുവിച്ച് പറന്നു. മിന്നല്‍പിണരുകള്‍ ഭൂമിയില്‍ പ്രകമ്പനം സൃഷ്ടിച്ചു. ദൈവത്തോടുള്ള പരസ്യമായ ഒരു വെല്ലുവിളിയാണ് ഈ മൃഗീയ കൊലപാതകം.
ഇനി ചെയ്യേണ്ട കാര്യങ്ങള്‍ ഒന്നൊന്നായി മനസ്സിലൂടെ കടന്നുപോയി.
വാനിയായുടെ മരണത്തെക്കുറിച്ച് വിശദീകരണം നല്കണം. റിപ്പോര്‍ട്ട് തയ്യാറാക്കണം. വാനിയായുടെ മാതാപിതാക്കളെ വിവരമറിയിക്കണം. യൂണിറ്റിലെ പട്ടാളക്കാരെ തൃപ്തിപ്പെടുത്തണം. അതുപോലെ തന്നെ മറ്റൊരു വിശ്വാസിയായ സെര്‍ജിയെ കൂടെ കീഴടക്കണം.
എങ്ങനെയാണു വാനിയായുടെ മരണത്തെ പട്ടാളക്കാരോടു വിശദീകരിക്കേണ്ടത്? വെള്ളത്തില്‍ മുങ്ങി മരിച്ചെന്ന് പറഞ്ഞാല്‍ അവര്‍ അത് വിശ്വസിക്കുമോ? മാല്‍സിന്‍ ആകെ അസ്വസ്ഥനായി.
വാനിയായെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം കെ.ജി.ബി. ഉദ്യോഗസ്ഥര്‍ നിശബ്ദമായി മുറി വൃത്തിയാക്കുന്നു. തറയില്‍ തളം കെട്ടിയ രക്തം അവര്‍ കഴുകിക്കളയുകയാണ്. മാല്‍സിന്‍ തന്റെ വിറയല്‍ നിയന്ത്രിക്കാന്‍ നന്നേ പാടുപെട്ടു. കൈകള്‍ പിണച്ച് മാറോടു ചേര്‍ത്ത് കെട്ടി. അവന് ഇരിക്കണമെന്നും കിടക്കണമെന്നും തോന്നി.
മാല്‍സിന്റെ ഉള്ളില്‍ വാനിയാ മരണസമയത്ത് പറഞ്ഞ വാക്കുകള്‍ മുഴങ്ങി. അവനോര്‍ത്തു നോക്കി. കെ.ജി.ബി. അംഗങ്ങള്‍ അവനെ അതിക്രൂരമായി മര്‍ദ്ദിക്കുമ്പോള്‍ ചോരയൊലിപ്പിച്ചു കൊണ്ട് വാനിയാ നിലവിളിച്ചു കൊണ്ട് വേദനയാല്‍ പുളയുമ്പോള്‍ എന്താണ് വിളിച്ചു പറഞ്ഞത്? കരച്ചില്‍ നിറുത്തുന്നതിനു മുമ്പ്, ജീവന്‍ വെടിയുമ്പോള്‍ അവന്‍ പ്രാര്‍ത്ഥിച്ചുവല്ലോ. അപ്പോഴും എന്തോ പറയുന്നുണ്ടായിരുന്നു. മാല്‍സിന്‍ വളരെ ചിന്തിച്ച് ഓര്‍മ്മയില്‍ നിന്നും ചികഞ്ഞെടുത്തു.
”ക്രിസ്തു എല്ലാ പാപികളേയും സ്‌നേഹിക്കുന്നു, അങ്ങയേയും.” പ്രാണന്‍ വിടുമ്പോള്‍ വാനിയ പറഞ്ഞ വാക്കുകള്‍ ഇതായിരുന്നു. തന്നില്‍ ആരോപിക്കപ്പെട്ട കുറ്റം അതിവിചിത്രം തന്നെയായിരുന്നു. എന്നിട്ടും തനിക്ക് പരാതികളില്ല, പരിഭവമില്ല, പിറുപിറുക്കലുകളില്ല.
ഓരോ അടി ഏല്ക്കുമ്പോഴും വാനിയാ ദൈവത്തെ സ്തുതിച്ചു. ‘അങ്ങയുടെ ഹിതം ഇതാണെങ്കില്‍ നടക്കട്ടെ’ എന്നവന്‍ പ്രാര്‍ത്ഥിച്ചു.
ചോരയില്‍ കുളിച്ച് കിടക്കുന്ന സുന്ദരനായ പട്ടാളക്കാരനെ മാല്‍സിന്‍ ഒന്നേ നോക്കിയുള്ളു. അവന്‍ ഭയന്ന് പിന്മാറി.
നെഞ്ചിനേറ്റ മുറിവുകളില്‍ നിന്നും രക്തം ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു.
പ്രാണന്‍ പോകുന്നതിനു മുമ്പ് കെ.ജി.ബി. ഉദ്യോഗസ്ഥര്‍ വാനിയായുടെ കൊലപാതകത്തെ അപകടമരണമാക്കി മാറ്റാന്‍ ഉദ്ദേശിച്ചിരുന്നു. അവര്‍ വാനിയായുടെ ശരീരം ഒരു പുതപ്പില്‍ പൊതിഞ്ഞെടുത്തു. വെള്ളത്തില്‍ മുങ്ങി ചത്തതാണെന്ന് വരുത്തിത്തീര്‍ക്കണം.
ഇങ്ങനെയുള്ള അവസരത്തില്‍ ഒരു ഡോക്ടറുടെ സഹായം കൂടെ വേണ്ടതാണ്. പക്ഷേ കരുതിക്കൂട്ടിയുള്ള ക്രൂരമായ കൊലപാതകമായതിനാല്‍ ഡോക്ടറുടെ സാന്നിദ്ധ്യം അവിടെ ഉണ്ടായിരുന്നില്ല.
മാല്‍സിനെ ഒരു വിഡ്ഡിയായി കെ.ജി.ബി. ഉദ്യോഗസ്ഥര്‍ കരുതി. മാല്‍സിന്‍ ആകെ ക്ഷീണിതനായി ആരോടെന്നില്ലാതെ പറഞ്ഞു. ”ഇല്ലില്ല, എനിക്ക് വയ്യാ. അവര്‍ കൊണ്ടുപോയി മുക്കട്ടെ. കരിങ്കടല്‍ അടുത്തുണ്ടല്ലോ. വാനിയാ പ്രാണന്‍ വിടുന്നതിനു മുമ്പ് പറഞ്ഞ വാക്കുകള്‍ അവന്‍ വീണ്ടും വീണ്ടും ഓര്‍ത്തു. ”യേശു എല്ലാ പാപികളേയും സ്‌നേഹിക്കുന്നു, അങ്ങയേയും.”
ജീവിതത്തില്‍ ഒരിക്കലും ഈ വാക്കുകള്‍ ഇനി മറക്കാന്‍ സാധ്യമല്ല. ഇല്ല. ഒരിയ്ക്കലും മറക്കാന്‍ പറ്റില്ലെന്ന് മാല്‍സിന്‍ ഓര്‍ത്തു. തല കൈകൊണ്ട് താങ്ങിപ്പിടിച്ച് മാല്‍സിന്‍ ഭിത്തിയില്‍ ചാരി നിലത്തിരുന്നു.
സൈന്യത്തിലുള്ള ക്രിസ്തു ശിഷ്യരെ മിക്കപ്പോഴും വിചാരണ പോലുമില്ലാതെയാണ് വധിച്ചിരുന്നത്. സാധാരണഗതിയില്‍ വളരെ പെട്ടെന്നു തീര്‍പ്പാക്കുന്ന തരം വിചാരണയാണ് നടത്തിയിരുന്നത്. മൂന്നു പേരടങ്ങിയ ഒരു കമ്മീഷനാണ് മിക്കപ്പോഴും വധശിക്ഷ വിധിച്ചിരുന്നത്. വെടിവച്ചുകൊല്ലലായിരുന്നു സാധാരണ ശിക്ഷാരീതി. മറ്റു ശിക്ഷാരീതികള്‍ മുക്കിക്കൊല്ലലും, ജീവനോടെ കുഴിച്ചുമൂടലും, ഉരുക്കിയ ലോഹം തൊണ്ടയിലേയ്‌ക്കൊഴിക്കലും മറ്റുമായിരുന്നു. എന്നാല്‍ വാനിയായെ അവര്‍ അതിക്രൂരമായി മര്‍ദ്ദിച്ച് ഇഞ്ചിഞ്ചായി കൊന്ന ശേഷം മൃതശരീരം കരിങ്കടലില്‍ മുക്കി അതൊരു അപകടമരണമാക്കി റിപ്പോര്‍ട്ട് ചെയ്യുകയാണുണ്ടായത്.
(ഡോ.ഓമന റസ്സൽ പരിഭാഷപ്പെടുത്തി കേരള പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രകാശനം ചെയ്ത ‘വാനിയാ’ യുടെ അവസാന ഭാഗം)
പുസ്തകം ലഭിക്കാൻ വളിക്കുക: 94465 71642














































































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.