നീണ്ട നൂറ്റാണ്ടുകള്‍ പിന്നിട്ട സഭാ ചരിത്രത്തില്‍ ആഴമേറിയ മുറിവുണ്ടാക്കിയ സംഭവമായിരുന്നു ഉദയംപേരൂര്‍ സൂനഹദോസ്. ദൂരവ്യാപകമായ ഫലങ്ങള്‍ സൃഷ്ടിച്ച ഈ മതസമ്മേളനം ഏല്പിച്ച ആഘാതം 5 നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഉണങ്ങാത്ത മുറിവായി, പിളര്പ്പുകളായി ഇന്നും അവശേഷിക്കുന്നു.
കേരള ക്രൈസ്തവരെ ഏതു മാര്‍ഗ്ഗം ഉപയോഗിച്ചും റോമിലെ പോപ്പിന്റെ അധികാരത്തിന് കീഴില്‍ കൊണ്ടുവരികയെന്നതായിരുന്നു കത്തോലിക്കരായ പോര്‍ച്ചുഗീസുകാരുടെ ലക്ഷ്യം.
15-ാം നൂറ്റാണ്ടു വരെ കത്തോലിക്കാ സഭയോ വിശ്വാസമോ കേരളത്തിലുണ്ടായിരുന്നില്ല എന്നാണര്‍ത്ഥം. അന്നത്തെ സെന്റ് തോമസ് ക്രിസ്ത്യാനികളെ കത്തോലിക്കരാക്കുക എന്ന ലക്ഷ്യപ്രാപ്തിക്കു വേണ്ടി വിളിച്ചുകൂട്ടിയ മതസമ്മേളനമായിരുന്നു ഉദയംപേരൂര്‍ സൂനഹദോസ്. സൂനഹദോസ് എന്ന വാക്കിന് മെത്രാന്മാരുടെ ഔദ്യോഗിക സമ്മേളനം എന്നാണര്‍ത്ഥം.
1599 ജൂണ്‍ മാസം 20-ാം തീയതി മുതല്‍ 8 ദിവസം സൂനഹദോസ് കൂടി. ഗോവ ആര്‍ച്ചുബിഷപ്പ് മെനസിസ് ആയിരുന്നു പോര്‍ച്ചുഗീസ് ഭാഷയില്‍ സൂനഹദോസിന്റെ ചട്ടങ്ങള്‍ തയ്യാറാക്കിയത്. മെനസിസ് തന്നെയായിരുന്നു സൂനഹദോസിന്റെ അദ്ധ്യക്ഷന്‍. ഫാദര്‍ റോസിന്റെ നേതൃത്വത്തില്‍ കൊച്ചിയിലെ വൈദികര്‍ ഈ ചട്ടങ്ങള്‍ മലയാള ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തു.
163 പുരോഹിതന്മാരും 20 ഡീക്കന്മാരും 660 സഭാ പ്രതിനിധികളും സൂനഹദോസില്‍ പങ്കെടുത്തെന്നാണ് വിശ്വസിക്കുന്നത്. (കൃത്യമായ കണക്ക് ലഭ്യമല്ല.) സ്വതന്ത്രമായ ചര്‍ച്ചയോ, പരസ്യസംവാദമോ സൂനഹദോസില്‍ ഉണ്ടായിരുന്നില്ല. മെനസിസിന്റെ ഉത്തരവുകള്‍ അംഗീകരിപ്പിക്കാനുള്ള വേദി മാത്രമായിരുന്നു സൂനഹദോസ്.
മുന്‍കൂട്ടി തയ്യാറാക്കിയ നിര്‍ദ്ദേശങ്ങള്‍ സൂനഹദോസില്‍ വായിക്കുകയും അംഗങ്ങളെക്കൊണ്ട് അംഗീകരിപ്പിക്കുകയും ചെയ്തു. ചുരുക്കിപ്പറഞ്ഞാല്‍, കേരള ക്രിസ്തീയ സഭയില്‍ അന്നുവരെ നിലനിന്നിരുന്ന ആചാരരീതികളും വിശ്വാസങ്ങളും പരിത്യജിച്ച് റോമന്‍ കത്തോലിക്ക വിശ്വാസസംഹിത അടിച്ചേല്‍പ്പിക്കപ്പെട്ടു.
2000-ലധികം ചട്ടങ്ങളാണ് ഈ സൂനഹദോസ് അംഗീകരിച്ചത്. ഒന്നാം ദിവസം ഞായറാഴ്ച ദിവ്യബലി അര്‍പ്പണത്തിനു ശേഷം നടപടിക്രമങ്ങള്‍ എന്തായിരിക്കുമെന്ന് പ്രഖ്യാപിച്ചു. വിശ്വാസപ്രഖ്യാപനം നടത്തുന്നതിനാണ് രണ്ടാം ദിവസം ഉപയോഗപ്പെടുത്തിയത്. അര്ക്കദോക്യനും വൈദികരും സൂനഹദോസില്‍ പങ്കെടുത്ത മറ്റംഗങ്ങളും മെനസിസിന്റെ നിര്‍ബന്ധത്തിനു വഴങ്ങി വിശ്വാസപ്രഖ്യാപനം നടത്തിയത് മനസ്സോടെയായിരുന്നില്ല.
കൂദാശകളെപ്പറ്റിയുള്ള വിഷയങ്ങളായിരുന്നു അടുത്തദിവസം പരാമര്‍ശിക്കപ്പെട്ടത്. കുര്‍ബാന, കുമ്പസാരം തുടങ്ങിയ വിഷയങ്ങള്‍ നാലാം ദിവസം പരിഗണിച്ചു. അഞ്ചാം ദിവസം വിശ്വാസ സംബന്ധമായ കാര്യങ്ങളെപ്പറ്റിയും അതില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും, ആറാം ദിവസം വിവാഹം, പട്ടം കൊടുക്കല്‍ തുടങ്ങിയ വിഷയങ്ങളെപ്പറ്റിയും തീരുമാനങ്ങള്‍ കൈക്കൊണ്ടു. പള്ളി കാര്യങ്ങളെക്കുറിച്ച് ഏഴാം ദിവസവും, സാമൂഹ്യാചാരങ്ങളെക്കുറിച്ചുള്ള തീരുമാനങ്ങള്‍ എട്ടാം ദിവസവും അംഗീകരിച്ചു.
സൂനഹദോസ് നടപടികള്‍ അവസാനിച്ച ശേഷം അംഗീകരിക്കപ്പെട്ട രേഖകളില്‍ ആര്‍ച്ചുബിഷപ്പും അര്ക്കദോക്യനും മറ്റംഗങ്ങളും ഒപ്പിട്ടു. സൂനഹദോസ് തീരുമാനങ്ങളുടെ ഒരു കോപ്പി വൈപ്പികോട്ടയിലും മറ്റൊന്ന് അങ്കമാലി പള്ളിയിലും സൂക്ഷിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ സൂനഹദോസ് ആറ് ദിവസങ്ങള്‍ കൊണ്ട് ദ്രുതഗതിയില്‍, വിശദമായ ചര്‍ച്ച കൂടാതെ സമാപിച്ചുവെന്നും, സൂനഹദോസില്‍ വായിച്ച തീരുമാനങ്ങള്‍ കൂടാതെ മറ്റു പലതും പിന്നീട് എഴുതി ചേര്ക്കുകയുണ്ടായെന്നും അഭിപ്രായമുണ്ട്.
ക്രൈസ്തവസഭയില്‍ കലാപത്തിന്റെ വിത്തു വിതച്ച ഉദയംപേരൂര്‍ സൂനഹദോസിന്റെ ഫലങ്ങള്‍ നിരവധിയാണ്. വിശുദ്ധന്മാരെ വന്ദിക്കുക, പട്ടക്കാരോട് പാപം ഏറ്റുപറയുക (കുമ്പസാരം), അന്ത്യകൂദാശ, പുരോഹിതന്മാര് വിവാഹം കഴിക്കരുതെന്നുള്ള നിര്‍ബന്ധം തുടങ്ങിയവ കത്തോലിക്കരായ പോര്‍ച്ചുഗീസുകാരുടെ വരവിനു മുമ്പ് കേരള ക്രിസ്ത്യാനികളുടെ ഇടയില്‍ ഇല്ലായിരുന്നു. സൂനഹദോസിനു ശേഷം ഈ അനാചാരങ്ങള്‍ സഭയില്‍ നടപ്പിലാക്കി. തന്നിമിത്തം വിവാഹിതരായ പുരോഹിതന്മാര് തങ്ങളുടെ ഭാര്യമാരെ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായി.
മെനസിസ് വീണ്ടും പള്ളികള്‍ സന്ദര്‍ശിച്ച് അതുവരെ ഉപയോഗിച്ചിരുന്ന പുസ്തകങ്ങള്‍ അധികവും അഗ്നിക്കിരയാക്കുകയോ, തിരുത്തുകയോ ചെയ്തു. ഹൃദയശൂന്യമായ ഈ പ്രവര്‍ത്തി മൂലമാണ് കേരള ക്രൈസ്തവസഭയ്ക്ക് സൂനഹദോസിനു മുമ്പുള്ള വസ്തുനിഷ്ഠമായ ചരിത്രം നഷ്ടപ്പെടുവാനിടയായത്. കാലം ഒരിക്കലും മാപ്പു നല്‍കാത്ത മഹാപരാധമായിരുന്നു മെനസിസിന്റേത്. കത്തോലിക്കാസഭ ചെയ്ത മായ്ക്കാനാവാത്ത മറ്റൊരു കൊടുംപാതകമായി ഇത് ഇന്നും ചരിത്രത്തില്‍ അവശേഷിക്കുന്നു.
കേരളീയ ആചാരങ്ങള്‍ അനുവര്‍ത്തിച്ചു പോന്നിരുന്ന മാര്‍ത്തോമ്മാ സഭയെ പാശ്ചാത്യവല്ക്കരിക്കുന്നതില് ഒരു പരിധി വരെ പോര്‍ച്ചുഗീസുകാര്‍ വിജയിച്ചു. ബാബിലോണ്‍ ബന്ധം ഉപേക്ഷിക്കാന്‍ കേരളസഭ നിര്‍ബന്ധിതമായി. പകരം, മെത്രാന്മാരെ റോമിലെ പോപ്പ് നിയമിക്കാന്‍ തുടങ്ങി. കേരള സഭയിലുണ്ടായിരുന്ന ജനാധിപത്യ സ്വഭാവം നഷ്ടമാവുകയും, അധികാരം മെത്രാന്മാര് കയ്യടക്കുകയും ചെയ്തു.
പ്രതിമകള്‍ വിപുലമായ തോതില്‍ സഭകളില്‍ ഉപയോഗിക്കപ്പെട്ടു. ഹിന്ദുക്കളും ക്രിസ്ത്യാനികളും തമ്മില്‍ മതവൈരം ഉണ്ടാകുന്നതിനും പോര്‍ച്ചുഗീസുകാരുടെ ചെയ്തികള്‍ കാരണമായി. കേരളത്തില്‍ വര്‍ഗ്ഗീയത വളര്‍ത്തിയത് പോര്‍ച്ചുഗീസുകാരായിരുന്നു എന്നാണ് പ്രശസ്ത ചരിത്ര പണ്ഢിതനായ പ്രൊഫ. എം.ജി.എസ്. നാരായണന്റെ അഭിപ്രായം.

– ഡോ. ഓമന റസ്സല്‍
(സീനിയര്‍അക്കാഡമിക് ഫെല്ലോ, ICHR ഡല്‍ഹി)






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.