
മാക്‌സി വിശ്വാസ് മേന
സ്വപ്നത്തിലേക്കൊരു സഞ്ചാരപഥം പോലെയാണ് അഗസ്ത്യാര്‍കൂടം യാത്ര. ഉള്‍വനത്തിലൂടെയുള്ള കയറ്റിറക്കങ്ങളുടെ നൈരന്ത്യര്യങ്ങള്‍ക്കൊടുവില്‍ ഭൂഗോളത്തിന്റെ നെറുകയിലെത്തിപ്പെടുന്ന അനുഭവം.
അതിവിദൂരത്തിലല്ലാത്ത ആകാശം. കനത്തവെയിലിലും കുളിരേകി ഏതുനിമിഷവും പറത്തിയെടുത്തുകൊണ്ടുപോയേക്കുമെന്നു ഭയപ്പെടുത്തുന്ന കൊടുംകാറ്റ്.
രണ്ടാംവട്ടമാണ് അഗസ്ത്യാര്‍കൂടത്തിലേക്കുള്ള വിളിവരുന്നത്. ആദ്യത്തേത് പതിനെട്ടുവര്‍ഷം മുന്‍പാണ്. അന്ന് തീര്‍ത്ഥാടനത്തിന്റെ പരിവേഷമായിരുന്നു ഈ മലകയറ്റത്തിന്. ഇന്നിപ്പോള്‍ സാഹസികതയുടെ, ഉല്ലാസത്തിന്റെ, കാഴ്ചാനുഭവങ്ങളുടെ, കായികക്ഷമതയുടെ ആരോഹണവേദിയാണ് അഗസ്ത്യാര്‍കൂടം.

തിരുവന്തപുരത്തുനിന്ന് ഏതാണ്ട് നാല്‍പതു കി. മീ അകലെയുള്ള ബോണക്കാടാണ് പ്രവേശനകവാടം. ഓണ്‍ലൈനില്‍ 1800 രൂപ അടച്ച് വനംവകുപ്പിന്റെ യാത്രാനുമതി നേടാം. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് പ്രവേശനം അനുവദിക്കുക. ഒരുദിവസം നൂറുപേര്‍ക്കുമാത്രമേ അനുമതിയുള്ളൂ.
രാവിലെ ഏഴിന് ബോണക്കാടുള്ള ചെക്ക്‌പോസ്റ്റില്‍ വനംവകുപ്പുദ്യോഗസ്ഥര്‍ സഞ്ചാരികളെ പരിശോധിച്ച് ഉള്‍ക്കാട്ടിലേക്ക് കയറ്റിവിടും. പ്രാതലും ഉച്ചഭക്ഷണവും കയ്യില്‍ കരുതണം. പഴയ നാട്ടുവഴിയിലൂടെ തണല്‍പറ്റിയുള്ള യാത്രയ്ക്കു സമാനമാണ് തുടക്കമെങ്കിലും മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ നടത്ത കഠിനമാകും. വന്‍മരങ്ങളുടെ വേരുകള്‍ക്കിടയിലൂടെ, പാറക്കൂട്ടങ്ങളില്‍ അള്ളിപ്പിടിച്ചുവേണം മുന്നോട്ടുകയറാന്‍.

കയ്യിലുള്ള ഊന്നുവടിയാണ് ഏക ആശ്രയം. വഴിയില്‍ കരമനയാറും വാഴപ്പൈത്തിയാറും അട്ടയാറുമുണ്ട്. ഇവിടെ പാറയില്‍നിന്നൂര്‍ന്നുവീഴുന്ന കുളിര്‍വെള്ളത്തില്‍ കുളിച്ച് ക്ഷീണമകറ്റാം. പാറപറ്റിയൊഴുകുന്ന ജലധാരയില്‍ ഒരിളം ഇലചേര്‍ത്തുവച്ച് ചോര്‍പ്പുണ്ടാക്കി കുപ്പിയിലേക്ക് കുടിവെള്ളം ശേഖരിക്കാം. ഉള്‍വനങ്ങളും, കഠിനവെയില്‍ ചുരത്തുന്ന മൊട്ടക്കുന്നും താണ്ടിമുന്നേറുമ്പോള്‍ ഒരുവേള കൂട്ടംവിട്ട് തനിച്ചാകുന്ന അവസ്ഥയാകും. സ്വന്തം വിചാരങ്ങളും ശ്വാസഗതിയുടെ ശബ്ദവും മാത്രമാകും കൂട്ടിന്.

ഉള്‍വനം ചീവിടുകളാല്‍ ശബ്ദമുഖരിതമാണ്. വനഭംഗിയൊക്കെ ആസ്വദിച്ച് സാമാന്യവേഗത്തില്‍ നടന്നാല്‍ അഞ്ചുമണിക്കൂറുകൊണ്ട് അതിരുമലയിലെത്താം. അവിടത്തെ ബേസ്‌ക്യാംപാണ് രാത്രിയിലെ സങ്കേതം. വന്യമൃഗങ്ങളുടെ ആക്രമണം ചെറുക്കാന്‍ ബേസ്‌ക്യാംപിനുചുറ്റും കിടങ്ങുകുഴിച്ചിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്കുമുന്‍പ് ഇവിടെ വരുമ്പോള്‍ കിടക്കാനും ഭക്ഷണംകഴിക്കാനുമൊരു താവളമെന്നതിനപ്പുറം മറ്റുസൗകര്യങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇന്നിപ്പോള്‍ കുളിമുറികളും ശൗച്യാലയങ്ങളും അതിരുമലയിലുണ്ട്. 2019 മുതല്‍ കോടതിവിധിയിലൂടെ സ്ത്രീകള്‍ക്ക് പ്രവേശനമനുവദിച്ചതോടെ ബേസ്‌ക്യാംപിലെ ഇരുമ്പുപാളികള്‍ കൊണ്ടുനിര്‍മ്മിച്ച ഷെല്‍ട്ടറുകളില്‍ ഒരുഭാഗം, സ്ത്രീകള്‍ക്കായി വേര്‍തിരിച്ചിരിക്കുന്നു.

ക്യാന്റീനില്‍ 150 രൂപയ്ക്ക് ചൂടുകഞ്ഞികിട്ടും. ഒന്‍പതുമണികഴിഞ്ഞാല്‍ ഉറങ്ങാന്‍ നേരമായെന്നറിയിച്ച് ഷെല്‍ട്ടറിലെ സോളാര്‍ദീപങ്ങള്‍ അണയ്ക്കും. പിന്നെ ഇരുട്ട്.
കഠിനമായ കൊടുങ്കാറ്റില്‍ ഷെല്‍ട്ടറിന്റെ പുറംപാളികള്‍ രാത്രിമുഴുവന്‍ തീവണ്ടിയൊച്ചയുതിര്‍ത്തു. അതിനകമ്പടിയായി പലതരം കൂര്‍ക്കംവലികള്‍കൂടിയായപ്പോള്‍ ഉറക്കം മാറിനിന്നു.
അര്‍ധരാത്രിയില്‍ ഇരുമ്പുകവാടം മെല്ലെതുറന്ന് പുറത്തുകടന്നു. കമ്പിളിക്കുപ്പായത്തിനുള്ളിലേക്ക് പടര്‍ന്നുകയറി ഉള്ളംകോച്ചുന്ന ഘോരമായ തണുപ്പാണ് പുറത്ത്. അടുത്തദിവസം കീഴടക്കേണ്ട അഗസ്ത്യാര്‍കൂടം വലിയൊരു കരിമ്പടംപോലെ ദൂരെ തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. കാറ്റില്‍ ചുറ്റുമുള്ള മാമരങ്ങളാകെ ഇളകിയാടുന്നു. നീലവിരിച്ച ആകാശത്ത് അനേകായിരം നക്ഷത്രങ്ങള്‍ തെളിമയോടെ വിരിഞ്ഞുനില്‍ക്കുന്നു.
രാവിലെ ഏഴിന് അടുത്തയാത്രതുടങ്ങും. വഴിയില്‍ വിശപ്പടക്കാന്‍ 130 രുപയ്ക്ക് രണ്ടുകഷ്ണം പുട്ടും കടലയും കാന്റീനില്‍ നിന്നുവാങ്ങാം. തലേ ദിവസത്തേക്കാള്‍ കഠിനമാണ് രണ്ടാംദിനയാത്ര. നെഞ്ചുയരത്തില്‍ കാലുയര്‍ത്തി പാറക്കൂട്ടങ്ങള്‍ കയറണം. ഒന്നരമണിക്കൂര്‍ പിന്നിടുമ്പോള്‍ വിശ്രമിക്കാന്‍ വിശാലമായ പൊങ്കാലപ്പാറയുണ്ട്. ഇതുവരെ കണ്ടിട്ടില്ലാത്ത മരങ്ങളും പൂക്കളും ചെടികളുമൊക്കെ വഴിയില്‍ കാത്തുനില്‍ക്കും.
കുറ്റിച്ചെടികളുടേയും പാറക്കൂട്ടങ്ങളുടേയും ഇടുങ്ങിയപാതപിന്നിടുമ്പോള്‍ പൊടുന്നനെ ചെങ്കുത്തായ വന്‍മലകള്‍ പ്രത്യക്ഷപ്പെടും. വടത്തില്‍കയ്യൂന്നി, ചുവടുകളുറപ്പിച്ച് മെല്ലെ മുകളിലേക്കുരണ്ടുമലകള്‍കൂടി കയറുമ്പോള്‍ ലക്ഷ്യസ്ഥാനമായ മൂന്നാംമല കാണാം. അതാണ് അഗസ്ത്യാര്‍കൂടം. ഈ കയറ്റങ്ങളിലെല്ലാം കനത്തകാറ്റടിക്കും. താഴെ നീലമലകള്‍ ഭ്രമിപ്പിക്കും.

ഭയപ്പെട്ടുപോയാല്‍ മുകളിലേക്കുകയറാനാവില്ല. ചുറ്റുപാടുകളിലേക്ക് കണ്ണോടിച്ചാല്‍ തലചുറ്റും. കണ്ണും മനസും സ്വന്തംകാല്‍ചുവടുകളില്‍ മാത്രം കേന്ദ്രീകരിച്ചാല്‍ എളുപ്പമായി. ഒടുവില്‍ ഗിരിനിരയുടെ മുകളിലെത്തിയാല്‍ വിവരിക്കാനാകാത്ത ഒരാത്മനിര്‍വൃതി. സമുദ്രനിരപ്പില്‍നിന്ന് 6129 അടി ഉയരത്തേക്ക്, ഏതാണ്ട് 27 കി.മീ നടന്നുംകയറിയുമുള്ള സാഹസത്തിന് പരിസമാപ്തി.
മലയുടെ നെറുകയില്‍ നിന്നുനോക്കുമ്പോള്‍ താഴെ നീലമലകള്‍ മേഘംപുതച്ചുനില്‍ക്കുന്നു. മൂക്കിലേക്കടിച്ചുകയറുന്ന തണുത്തകാറ്റ്. മുകളില്‍ വെയില്‍നാളങ്ങള്‍ക്കിടയില്‍ ആകാശത്ത് പുകയുടെപഞ്ഞിക്കെട്ടുകള്‍ വിതറി ജറ്റുവിമാനം നീന്തിനീങ്ങുന്നു.
മലയിറങ്ങി ബേസ്‌ക്യാംപിലെത്തുമ്പോള്‍ വൈകിട്ട് അഞ്ചുമണികഴിഞ്ഞു. ഒരു രാത്രികൂടി അവിടെ തങ്ങണം. ഉച്ച രണ്ടുമണികഴിഞ്ഞാല്‍ ആര്‍ക്കും മടക്കയാത്രയ്ക്ക് അനുവാദമില്ല. സന്ധ്യയ്ക്ക് വനത്തില്‍പെട്ടുപോയാല്‍ വന്യമൃഗങ്ങള്‍ക്കിരയാകുമെന്നതാണ് കാരണം.
രാത്രി പതിനൊന്നോടെ നിലത്തുവിരിച്ച കിടക്കയില്‍ കിടന്നുറങ്ങിയ ഒരാളുടെ കയ്യിലൂടെ പാമ്പിഴഞ്ഞു. ബഹളത്തിനിടെ എല്ലാവരും ഞെട്ടിയുണര്‍ന്ന് മൊബൈല്‍ഫോണ്‍ ലൈറ്റുകള്‍ തെളിച്ചു. വനം വകുപ്പുദ്യോഗസ്ഥനെത്തി, നിരത്തിയിട്ട കിടക്കകളിലൊന്നിനടിയില്‍ നിന്ന് പാമ്പിനെ വടിയില്‍തൂക്കിയെടുത്തുകൊണ്ടുപോയി.
പതിനെട്ടുവര്‍ഷംമുന്‍പ് ആദ്യമായി വന്നപ്പോഴും ഇതുപോലൊരു പാമ്പനുഭവമുണ്ടായിരുന്നു. അന്ന് കിടക്കാനായി ചിലര്‍ പുല്‍പായ വിരിക്കുന്നതിനിടെയാണ് അതിനുള്ളില്‍ പാമ്പിനെ കണ്ടത്. വിഷമുള്ളയിനമായിരുന്നു.
വെളുപ്പിന് ഏഴുമണിയോടെ മടക്കയാത്ര ആരംഭിച്ചു. ഇറക്കത്തിലാണ് കാലുകള്‍ വേദനിക്കുക. ചാരുതയാര്‍ന്ന ദൃശ്യഭംഗികളാസ്വദിച്ച് മെല്ലെ മെല്ല ബോണക്കാടെത്തുമ്പോള്‍ മണി രണ്ടായി. ആസ്വാദനത്തിന്റെ മൂന്നുപകലുകളും രണ്ടുരാവുകളും ഓര്‍മ്മയുടെ ഉള്ളറകളിലേക്ക് കയറിക്കൂടി.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.