ഒരു യൂറോപ്പ് യാത്രയുടെ അനുഭവക്കുറിപ്പുകൾ -5

ഒരു യൂറോപ്പ് യാത്രയുടെ അനുഭവക്കുറിപ്പുകൾ -5

മനു ഫിലിപ്പ്‌

സ്വിറ്റ്സർലൻഡ്
പ്രഭാതം പൊട്ടിവിടരുകയാണ്.കുളിച്ച് ഈറനണിഞ്ഞു നില്ക്കുന്ന സുന്ദരിയായ പ്രക്രുതി.കിഴക്കു മഞ്ഞ് പുതച്ച മലകൾക്കിടയിൽ വർണ്ണ പ്രപഞ്ചം തീർത്തു.മഞ്ഞണിഞ്ഞ റ്റിറ്റിലസ് മലമുകളിൽ പിറവിയെടുത്ത മർമ്മരമുതിർക്കുന്ന ശീതക്കാറ്റിന്റെ ഗീതത്തിനായി ഞാൻ കാതോർത്തു.അണു ജ്വാലമുഖികളുള്ള, അൽപ്പം ഉയർന്ന് കാണപ്പെടുന്ന പീഠഭൂമിയിലേക്കു കയറുമ്പോൾ പ്രതലത്തിലെ വ്യതിരിക്തത കാണാമായിരുന്നു.

ഭൂപ്രതലം കടുത്ത ചാരവർണ്ണത്തിലേക്കു പരകായം ചെയ്യുന്നു.വിസ്തൃതമായി നീണ്ടു പോകുന്ന പാറക്കുന്നിനു മുകളിൽ നില്ക്കുമ്പോൾ അനുഭവിക്കാനാവുന്ന ഒരു തരം വിജനനിഗൂഢത.പാറകൾക്കിടയിലെ നേർത്ത പ്രതലത്തിൽ ആ അനുഭവത്തിനു കുറച്ചു കൂടി വന്യത നല്കി.മലനിരകളിൽ താണ്ടിയെത്തുന്ന ശീതക്കാറ്റിന്റെ പ്രഹരശേഷി തീവ്രമാണു.ചുറ്റും നൊക്കെത്താ ദൂരത്തോളം ഒന്നിനു പിറകെ ഒന്നായി മലനിരകൾ . മലഞ്ചെരുവുകളിൽ നിറയെ പച്ചപ്പുല്ലുകൾ കിളിർത്തു നില്ക്കുന്ന കാഴ്ച്ച കൗതുകമുണർത്തുന്നു.പ്രകൃതിയിലെ ഐസ് മൂടിക്കിടക്കുന്ന ഈ അത്യുംഗ കൊടുമുടികളെ കണ്ട് ഞാൻ ആശ്ചര്യചകിതനായി

എന്നത് ശരിയാണെങ്കിലും എന്റെ മനസ്സിൽ കടന്നുവന്ന ചിന്തകൾ അവയെക്കാൾ എത്ര ഗരിമയുള്ളവനും സൂര്യനെക്കാൾ പ്രഭയുള്ളവനും, മിന്നലിനെക്കാൾ വേഗതയുള്ളവനും ഇടിനാദത്തെക്കാൾ ശബ്ദമുള്ളവനും, പ്രക്രുതിശക്തികളെക്കാൾ ശക്തനും,അഗ്നിപർവ്വതത്തെക്കാൾ താപമുള്ളവനും, സിംഹത്തെക്കാൾ ശൗര്യമുള്ളവനും, അപ്പോൾത്തന്നെ കുഞ്ഞാടിനെക്കാൾ ശാന്തനുമാണു എന്റെ ദൈവമെന്ന ഓർത്ത് ഞാൻ ദൈവത്തെ സ്തുതിക്കുന്നതിനിടയായി.ഈ പ്രപഞ്ചത്തിലെ സൗന്ദര്യം കണ്ടിട്ടു ആരുടെ വായാണു ആശ്ചര്യസൂചകമായി അറിയാതെ വാപിളർന്നു പോകാത്തത്.തടാകങ്ങൾ, താഴ്‌വരകൾ ഉൾപ്പെടെ തുരങ്കങ്ങളുടേയും നാട് . വയലുകളിൽ യഥേഷ്ടം മേയുന്ന കന്നുകാലികളും ഇവിടെ കാണാം.

മരങ്ങൾക്കിടയിലൂടെ വന്നുവീഴുന്ന സൂര്യകിരണങ്ങളെ നോക്കി രാവിലെ വിരിഞ്ഞ പൂക്കളുടെ പരിമളം നുകർന്നു സവിശേഷമായ അന്തർജ്ഞാനത്തോടെ ഏകാന്തതയോടെ, ഏകാഗ്രതയോടെ, നിശബ്ദതയോടെ, നിശ്ചലതയോടെ പ്രവേശിക്കുന്നവർ അവരുടെ മനസ്സിനെ അനുഭൂതിപരതയിലേക്കു നയിക്കുന്നു.അപ്പോൾ ഉച്ഛാശനിച്ഛാസങ്ങളുടെ ആഗമനബഹിർഗമനങ്ങൾ പോലും വ്യക്തമായി കേൾക്കാനാകും.

ആകാശത്തിന്റെ ഒരു നുറുങ്ങൊന്നു കാണുവാൻ മഴയുടെ ഇരമ്പലിനു കാതോർക്കാൻ കൂമൻ മൂളുന്ന രാവുകളിൽ നിശാഗന്ധികൾ പൂക്കുന്നതു നോക്കിയിരിക്കുക ഇവയൊക്കെ ചെയ്യുന്ന ഒരുവനു ദൈവത്തിന്റെ നിശ്വാസം അതിൽ കേൾക്കുവാൻ കഴിയും. മഴക്കാലത്തു ആകെ കുളിച്ച് നില്ക്കുന്ന കാറ്റാടി മരങ്ങളിൽ നിന്നും അടർന്നു വീഴുവാൻ കൊതിക്കുന്ന വെള്ളത്തുള്ളികളും നയനാന്ദകരമാണു. വളരെ ബൃഹത്തും പ്രധാനവുമായ സ്രുഷ്ടിപ്പു വിശാലമായ നീലാകാശത്തു വാരിയെറിഞ്ഞ മുത്തുകൾ പോലെ ചിതറി കിടക്കുന്ന ആകാശ ഗംഗയിലെ അനന്തകോടി നക്ഷത്രങ്ങൾ നീഹാരം പൊഴിക്കുന്ന നിലാവു കൊണ്ടു ഭുമിക്കു രാത്രികാലങ്ങളിൽ അരണ്ട വെളിച്ചവും, പകൽ സമയത്തു കത്തിജ്യലിക്കുന്ന സൂര്യനേയും തന്ന ദൈവത്തിനു അറിയാതെ സ്തുതികളർപ്പിച്ചുപോകും.

ദൈവ സൃഷ്ടിയുടെ വിലപ്പെട്ട പാഠങ്ങളായ ആശ്രയം, അനുസരണം ഇവയൊക്കെ. വൈവിദ്ധ്യവും വൈചിത്രവുമാണു ലോകത്തെ മനോഹരമാക്കുന്നതു. പ്രക്രുതിയിലെ മാന്ത്രിക ഭംഗിയായ കായലും ഓളങ്ങളും പൂക്കളും അതിരമണീയമായ ഗ്രീഷ്മകാല പ്രഭാതങ്ങളും പകലുകളും സൗമ്യ സായം സന്ധ്യകളും നോക്കിയിരുന്നാൽ വിസ്മയവും ഹ്രുദയസ്പർശിയുമാണു. സ്ഫടികശോഭയാർന്ന ഭാവനയുടെ രശ്മികൾ വീഴ്ത്തിയ കൊച്ചു കൊച്ചു മഴവില്ലുകൾ.ഭ്രമിപ്പിക്കുന്ന പ്രക്രുതി സൗന്ദര്യത്തിന്റെ തുടി കൊട്ടുന്ന മാസ്മര വലയങ്ങൾ മനസ്സിൽ കവിതകൾ മെനയുന്നതാണു.മഴയിൽ തിളങ്ങുന്ന കുന്നുകളും പച്ചനിറം തിരതല്ലുന്ന വയലേലകൾ.ഋതുഭേദങ്ങളും വിശ്യഷ്യാ ആഷാഢ പ്രക്രുതിയുമൊക്കെ.

ഓരോ സൂര്യാസ്തമയവും സുവർണ്ണശോഭ വീശുന്നതുംമനുഷ്യ മനസ്സിനെരോമാഞ്ചം കൊള്ളിക്കുന്ന ചന്ദ്രികാ ചർച്ചിതമായ രാത്രികളിൽ ഇത്രയധികം വിളക്കുകൾ ആരാണു ആകാശത്തിൽ കത്തിച്ച് വെയ്ക്കുന്നത്. പുഴയുടെ തീരത്തു മന്ദമാരുതന്റെ തലോടലേറ്റു അൽപ്പനേരം ഇരിക്കുമ്പോൾ മനസ്സു സ്യച്ഛമാകാറില്ലേ?. ഭൂമിയിലേക്കും ആകാശത്തിലേക്കും സസൂക്ഷ്മം നോക്കുന്ന ഒരുവനു സ്രുഷ്ടിതാവിന്റെ വിരലുകളുടെ സ്പർശനം അനുഭവവേദ്യമാകും.ഒരാൾക്കു ബോധോദയമുണ്ടാകാൻ അടർന്നുവീഴുന്ന ഒരില മതിയാകും. പൂക്കളുടെ സുഗന്ധത്തിൽ, കിളികളുടെ പാട്ടിൽ, ആകാശനീലിമയിൽ നിങ്ങൾ ദൈവത്തേ മണക്കുന്നില്ലേ. കേൾക്കുന്നില്ലേ, കാണുന്നില്ലേ ഇല്ലെങ്കിൽ നിങ്ങൾക്കെന്തോ തകരാറുണ്ടു.

ലോകമെമ്പാടുമുള്ള സന്ദർശകരെ ആകർഷിക്കുന്ന സ്വിറ്റ്സർലൻഡിന്റെ ഹൃദയ ഭാഗത്തും ചരിത്രപരമായി, ലോകപ്രശസ്ത നഗരമായ ലുസെർൺ, അതിമനോഹരമായ ആൽപ്സ് പർവ്വതനിരകളാൽ രൂപപ്പെട്ടതാണ് ഇതിന്റെ ഭൂപ്രകൃതി, മഞ്ഞുകാലത്ത് മഞ്ഞിന്റെ മാന്ത്രിക പുതപ്പിൽ പൊതിഞ്ഞിരിക്കുന്നു. ലൂസേൺ തടാകം സ്വിറ്റ്സർലൻഡിന്റെ “പോക്കറ്റ്-സൈസ് പതിപ്പ്” ആണെന്ന് പറയപ്പെടുന്നു.

ആൽപ്സ് പർവ്വതനിരകളുടെ താഴ്വരയിൽ മഞ്ഞിൽ ഒരു ദിവസം ചെലവഴിക്കുന്നവരാണു ടൂറിസ്റ്റുകളിൽ പലരും.ലോകത്ത് ഉൽപ്പാദിപ്പിക്കുന്ന ലക്ഷ്വറി വാച്ചുകളിൽ പകുതിയും സ്വിറ്റ്സർലൻഡിൽ നിന്നാണ് വരുന്നത്.ഞങ്ങളിൽ ചിലർ ഈ വാച്ചുകളും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും കാസാഗ്രാൻഡ് ഷോപ്പിങ് കോമ്പളകസിൽ നിന്നുംവാങ്ങുകയുണ്ടായി. മറ്റൊരു ആകർഷണം പതിനാലാം നൂറ്റാണ്ടിൽ സ്ഥാപിച്ച ചാപ്പൽ ബ്രിഡജ് എന്നറിയപ്പെടുന്ന പാലമാണു.മരത്തിൽ നിർമ്മിച്ച ഈ പാലം ഇന്നും കേടുകൂടാതെ നിലനില്ക്കുന്നു ചുറ്റും പൂച്ചെടികൾ തൂക്കിയിട്ടിരിക്കുന്നത് വളരെ നയനാന്ദകരമാണു.

പാലത്തിന്റെ മേല്കൂരയിൽ ചിത്രപ്പണികളും മറ്റുമായി ഒരു മുതുമുത്തച്ഛന്റെ ഗൗരവത്തോടും ഗമയോടും നഗരമദ്ധ്യത്തിൽ വിലസ്സുന്നു.സ്വിറ്റ്സ ർലണ്ടു രണ്ടു തടാകങ്ങളുടെ ഇടയിലുള്ള ഒരു ഭംഗിയേറിയ നഗരമാണു.സ്വിറ്റ്സർലൻഡിലെ മൊത്തം ജനസംഖ്യയുടെ 23% ഏകദേശം 8 ദശലക്ഷം വിദേശികളാണ്.സ്വിറ്റ്സർലൻഡിൽ 70% വനവും 30% ഭൂമിയുമാണു.സ്വിറ്റ്സർലൻഡ് യൂറോപ്പിലെ ഏറ്റവും പർവ്വതപ്രദേശങ്ങളിലൊന്നാണ്,

കാരണം അതിന്റെ മൊത്തം ഭൂപ്രദേശത്തിന്റെ 65% ആൽപ്സിന് കീഴിലാണ്.സ്വിറ്റ്സർലൻഡ് ഗതാഗതം സുഗമമാക്കുന്നതിന് ധാരാളം റെയിൽ തുരങ്കങ്ങൾ നിർമ്മിച്ചിട്ടുണ്ട്. മിക്കതും ആൽപ്സ് പർവ്വതനിരകളിലൂടെ കടന്നുപോകുന്നു. 57 കി.മീറ്റർ നീളമുള്ള തുരങ്കങ്ങളുമുണ്ടു.ഏകദേശം 1300 ടണലുകൾ ഇവിടെയുണ്ടു. പർവ്വതങ്ങളുടെ വിശാലമായ കാഴ്ച; റിഗി പർവ്വതത്തിന്റെ തെക്കൻ ഭാഗത്തുള്ള ലൂസേൺ തടാകത്തിന്റെ തീരത്തുള്ള വെഗ്ഗിസ്, വിറ്റ്സ്നൗ എന്നീ തടാകതീര ഗ്രാമങ്ങൾ വൈവിധ്യമാർന്ന അവധിക്കാല അനുഭവങ്ങൾ പ്രദാനം ചെയ്യുന്നു.

(തുടരും)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!