വൈരമൺ കവിതകൾ ഒരു അവലോകനം

വൈരമൺ കവിതകൾ ഒരു അവലോകനം

നൈനാൻ മാത്തുള്ള
ഹൂസ്റ്റൺ

ഡ്വ. ഡോക്ടർ മാത്യു വൈരമൺ എഴുതിയതായ ‘വൈരമൺ കവിതകൾ” എന്ന പുസ്തകം ആദിയോടന്തം ശ്രദ്ധയോടെ വായിച്ചു. ഇത്  തന്റെ ഏഴാമത്തെ പുസ്തകമാണ് എന്നതിൽ ഞാനും സന്തോഷിക്കുന്നു.

ചില കവിതകളും ഗാനങ്ങളും രചിച്ചിട്ടുണ്ടെന്നല്ലാതെ കവിതയുടെയോ, ഗാനങ്ങളുടേയോ രചനയിലും അവലോകനത്തിലും ഞാൻ ഒരു വിദ്ഗ്ധൻ ആണെന്ന് ചിന്തിക്കുന്നില്ല. എന്തുകൊണ്ട് ഈ അവലോകനത്തിന് എന്നോട് ആവശ്യപ്പെട്ടു എന്നറിയില്ല. അവലോകനം എഴുതാൻ എന്നേക്കാൾ യോഗ്യരായ പലരും ഇവിടെ അമേരിക്കൻ മലയാളി സമൂഹത്തിൽ തന്നെയുണ്ട്. മിസ്റ്റർ സുധീർ പണിക്കവീട്ടിലിന്റെ കാര്യം ഞാൻ സൂചിപ്പിക്കുകയും ചെയ്തതാണ്. എങ്കിലും ശ്രമിച്ചു നോക്കുവാൻ താൻ ആവശ്യപ്പെട്ടതനുസരിച്ച് ഞാൻ ഈ കർത്തവ്യം നിറവേറ്റുകയാണ്. ഇത് ഒരു അംഗീകാരമോ പദവിയോ ആയി ഞാൻ കരുതുന്നു.

തന്റെ പുസ്തകം മറിച്ചു നോക്കുമ്പോൾ എന്റെ ശ്രദ്ധയിൽപ്പെട്ട ഒരു കാര്യം പുസ്തകത്തിൽ ആരും അവതാരിക എഴുതിയിട്ടില്ല എന്നുള്ളതാണ്. അത് അദ്ദേഹത്തെ ചൂണ്ടിക്കാട്ടിയപ്പോൾ മറുപടി കവിത എഴുതി തഴക്കം വന്നവർക്ക് പുസ്തകത്തിന് അവതാരികയുടെ ആവശ്യം ഇല്ലാ എന്നതായിരുന്നു. അത് എനിക്ക് പുതിയ അറിവായിരുന്നു. അദ്ദേഹത്തിന്റെ കീർത്തനങ്ങൾ അടങ്ങിയ സി.ഡി. ഒരു പതിറ്റാണ്ടു മുമ്പ് ഞാൻ ശ്രവിച്ചതായി ഓർക്കുന്നു. അത് അന്ന് എനിക്ക് വളരെ ആകർഷകമായി തോന്നിയിരുന്നു.

അതുകൊണ്ട് കവിത രചനയിൽ കവി ഇരുത്തം വന്ന വ്യക്തിയാണെന്ന് ഞാൻ മനസ്സിലാക്കുന്നു. വർഷങ്ങളായുള്ള സുഹൃദ്ബന്ധം എനിക്ക് കവിയുമായിട്ടുണ്ട്. എന്റെ ആദ്യ രണ്ട് പുസ്തകങ്ങളായ മെറ്റാമോർഫോസിസ് ഓഫ് ആൻ എതീസ്റ്റ് (അഥവാ ഒരു നിരീശ്വരവാദിയുടെ രൂപാന്തരത്തിനും ബൈബിളിന്റെ ദൈവികത്വത്തിനും അവതാരിക എഴുതിയിരിക്കുന്നത് ഡോ. മാത്യു വൈരമൺ ആണ്. ‘ആശാ സാഫല്യം’, ‘നല്ല അയൽക്കാരൻ’ എന്നീ ഖണ്ഡകാവ്യങ്ങളും ആറു കവിതകളും 33 ഗാനങ്ങളും അടങ്ങിയതാണ് ഈ ചെറുപുസ്തകം. ആശാസാഫല്യം എന്ന ഖണ്ഡകാവ്യം മഞ്ജരി വൃത്തത്തിലും നല്ല അയൽക്കാരൻ എന്നത് കേക വൃത്തത്തിലുമാണ് രചിച്ചിരിക്കുന്നത്.

ഇന്ന് വൃത്തത്തിൽ കവിത എഴുതുന്നവരും എഴുതാൻ കഴിവുള്ളവരും തുലോം വിരളമാണ്. ഒരു അനുഗ്രഹീത കവിക്കുമാത്രമേ ഇന്ന് വൃത്തത്തിൽ കവിത എഴുതാൻ സാധിക്കുകയുള്ളു എന്നതിനാൽ ഒരു കവി എന്ന നിലയിൽ പലതും അദ്ദേഹത്തിൽ നിന്ന് പഠിക്കാനുണ്ട്. വീണ്ടും പല കവിതകളും ഖണ്ഡകാവ്യങ്ങളും തന്റെ തൂലികയിൽ നിന്നും അടർന്നു വീഴട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുകയും ആശിക്കുകയും ചെയ്യുന്നു.
ഈ കവിതയുടെ അവലോകനത്തിനായി കവിതയുടെ നിയമങ്ങൾ എനിക്ക് വീണ്ടും ഓർമ്മ പുതുക്കേണ്ടി വന്നു.

മഞ്ജരി
ശ്ലഥകാകളി വൃത്തത്തിൽ രണ്ടാം പദത്തിൽ അന്ത്യമായ്
രണ്ടക്ഷരം കുറഞ്ഞീടിൽ അത് മഞ്ജരി ആയിടും

കാകളി
മാത്രയഞ്ചക്ഷരം മൂന്നിൽ വരുന്നൊരു ഗണങ്ങളെ
എട്ടു ചേർത്തുള്ളീരടിക്ക് ചൊല്ലാം കാകളി എന്ന് പേർ

‘ആശാസാഫല്യം’ വേദപുസ്തകത്തിലെ പുതിയനിയമത്തിലെ സുവിശേഷപുസ്തകങ്ങളിലെ സക്കായി എന്ന കഥാപാത്രത്തേയും യേശുവുമായുള്ള അദ്ദേഹത്തിന്റെ കൂടിക്കാഴ്ചയേയുമാണ് അവതരിപ്പിച്ചിരിക്കുന്നത്. യേശുവുമായുള്ള തന്റെ കൂടികാഴ്ച ജീവിതത്തിന്റെ തന്നെ ആശാസാഫല്യമായോ ജീവിത സായൂജ്യമായോ ആണ് അവതരിപ്പിച്ചിരിക്കുന്നത്. ആ കൂടിക്കാഴ്ചയോടുകൂടി തന്റെ ജീവിതത്തിന് അർത്ഥവും ലക്ഷ്യബോധവും  വന്ന വിഷയമാണ് കവിതയുടെ കേന്ദ്രബിന്ദു.

യേശുവിനെ കണ്ടുമുട്ടുന്ന ആർക്കും ജീവിതത്തിൽ ലക്ഷ്യവും അർത്ഥവും ഉണ്ടാകുമെന്നുള്ളതാണ് കവിതയിലെ ആശയമെന്നാണ് മനസ്സിലായത്.
കവിത എന്നു പറയുമ്പോൾ മനസ്സിനെ മഥിക്കുന്ന ഏതു ചിന്തയും കവിതയാകാം. ആ നിലയ്ക്ക് താൻ യേശുവിനെ കണ്ടുമുട്ടിയതും അത് തന്റെ ജീവിതത്തിലുണ്ടാക്കിയ ലക്ഷ്യബോധവും അർത്ഥവും കവിതയിൽ വായിച്ചറിയാനാകും. സ്വന്തജീവിത അനുഭവങ്ങളിൽ ചാലിച്ചെഴുതിയ തന്റെ ജീവിത കാര്യമാണ് സക്കായിയുടെ കഥയിൽ കൂടി കവി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ക്രിസ്തീയ സുവിശേഷത്തിന്റേയും ക്രിസ്തീയ വേദശാസ്ത്രത്തിന്റേയും കാതലായ വിഷയങ്ങൾ കവിതയിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കും.

മലയാളഭാഷയിലെ മിക്ക അലങ്കാരപ്രയോഗങ്ങളും താൻ കവിതയിൽ ഉപയോഗിച്ചിരിക്കുന്നതായി കാണാം. നല്ല പദസമ്പത്ത് ആ പദസമ്പത്തും ആവശ്യാനുസരണം കവിതയിൽ ഉപയോഗിക്കുന്നതിനും കവിക്ക് കഴിയണം. ഒരോ വാക്കിനുമുള്ള പര്യായപദങ്ങൾ ഇവിടെ അത്യന്താപേഷിതമാണ്. ഭാഷയിൽ തനിക്കുള്ള സ്വാധീനം ഈ പദസമ്പത്തിന്റെ പ്രയോഗത്തിൽ നിന്നും മനസ്സിലാക്കാവുന്നതാണ്. വായനക്കാരുടെ അറിവിലേക്കായി ഈ പദങ്ങളുടെ അർത്ഥം ഫുട്‌നോട്ടായി കൊടുത്തിരിക്കുന്നത് വളരെ ശ്ലാഘനീയമാണ്. കവിത എഴുതുമ്പോൾ പഞ്ചേന്ദ്രിയങ്ങളിൽ കൂടി അനുഭവവേദ്യമാകുന്ന അനുഭങ്ങൾ വൈകാരികമായി അവതരിപ്പിച്ചിരിക്കണം.

മനസ്സിനെ മഥിക്കുന്ന, മനസ്സിൽ തിക്കിതിരക്കുന്ന ആശയങ്ങൾ കാല്പനികതയോടെ, വൈകാരികമായി പുറത്തേക്ക് പിറന്നു വീഴുന്നതാണ് നല്ല കവിത. നല്ല ആശയവും, മികച്ച ഭാവനയും താളാത്മകതയും വൈകാരികതയും കവിതക്ക് അത്യന്താപേഷിതമാണ്.

പഞ്ചേന്ദ്രിയങ്ങളിൽ കൂടി അനുഭവവേദ്യമാകുന്നതു കൂടാതെ കവിക്ക് ചലനവും വികാരതീവ്രതയും അനുവാചകരിലേക്ക് പകരാൻ കഴിയും. ആ നിലയിൽ ആദ്യത്തെ രണ്ടു ഖണ്ഡകാവ്യങ്ങളും മികച്ചു നിൽക്കുന്നു. കൂടാതെ പല വരികളും നർമ്മരസം തുളുമ്പുന്നതാണ്. യേശുവിനെ കണ്ടുമുട്ടിയതിനുശേഷം സക്കായിയിൽ വന്ന മാറ്റം പൊതുജനങ്ങൾ ചർച്ച ചെയ്യുന്നത് ഉദാഹരണമാണ്. പേജ് 34

‘വട്ടത്തിൽ കൂടി നിന്നൊട്ടു വിരോധികൾ
വട്ടുപിടിച്ചവനെന്നു ചൊല്ലി’

ഹാസ്യവും താളാത്മകതയും ഉചിതമായ പദവിന്യാസവും ഇവിടേയും ഒരേ അക്ഷരത്തിൽ തുടങ്ങുന്നതും കവിതയിലുടനീളം സമ്മേളിച്ചിരിക്കുന്നത് കാണാം.
മറ്റൊരു ഉദാഹരണം, നീളത്തിൽ കുറിയവനായതു കാരണം സക്കായി യേശുവിനെ കാണാൻ ജനക്കൂട്ടത്തിന് ചുറ്റും വട്ടം ചുറ്റിയതിനെ വിവരിച്ചിരിക്കുന്നത് പേജ് 20 ൽ കാണാം

‘ചുറ്റി നിൽക്കും ജനക്കൂട്ടത്തിനു ചുറ്റും
ചുറ്റിയിട്ടും ഫലം ചുറ്റു തന്നെ’

നല്ല അയൽക്കാരൻ എന്ന ശീർഷകത്തിലുള്ള അടുത്ത ഖണ്ഡകാവ്യം കേക വൃത്തത്തിലാണ് രചിച്ചിരിക്കുന്നത്.

കേകയുടെ നിയമം വായനക്കാർ ഓർക്കുമല്ലോ. മൂന്നും ‘രണ്ടും രണ്ടും മൂന്നും രണ്ടും രണ്ടെന്നെഴുത്തുകൾ

പതിനാലിന്നാറു ഗണം പാദം രണ്ടിലുമൊന്നുപോൽ
ഗുരുവൊന്നെങ്കിലും വേണം മാറാതോരോ ഗണത്തിലും നടുക്കു യതി പാദാദിപൊരുത്തമിതു കേകയാം”

ഇവിടെയും തന്റെ മനസ്സിനെ മഥിച്ച ഒരു വിഷയമാണ് കവിതയായി പിറന്നു വീണിരിക്കുന്നതെന്ന് കാണം. നിന്റെ അയൽക്കാരൻ അഥവാ സ്‌നേഹിതൻ ആരെന്ന ചോദ്യത്തിന് യേശുദേവന്റെ മറുപടിയാണ് നല്ല അയൽക്കാരൻ എന്ന ഉപമ. കവിതയുടെ മുകളിൽ വിവരിച്ച ഗുണങ്ങളൊക്കെ ഇവിടെയും സമ്മേളിച്ചിരിക്കുന്നത് കാണാം.

ബുദ്ധിയുടേയും സന്മാർഗ്ഗത്തിന്റേയും ജീവിത പാത ഉപദേശിച്ചു തരുന്ന വരികളാണിവ. ഉദാഹരണം; അർദ്ധപ്രാണനായി മുറിവേറ്റു കിടക്കുന്ന വഴിയാത്രക്കാരന്റെ മാനസിക സ്ഥിതി വിവരിക്കുന്നത് പേജ് 44
നേരവും കഴിയുന്നു ഭാരവും പെരുകുന്നു
ചോരയുമൊഴുകുന്നു ആരതിയുമില്ലാതെ

പേജ് 45
കായത്തിലനവധി കായങ്ങളേറ്റതിനാൽ
കായമാസകലവും വേദന പൂണ്ടവനായ്
കായത്തിന് ശരീരം എന്നും മുറിവ് എന്നും അർത്ഥമുണ്ട്

പേജ് 46
അതു വഴി വന്ന് വഴിമാറിപ്പോയ പുരോഹിതനെ വിവരിക്കുന്നത്
വൈദികരായവർക്ക് വേദമോതുകയല്ലാ
താതുര ശുശ്രൂഷയും ചേർന്നതല്ലെന്നുമുണ്ടോ?

പേജ് 47
അതു വഴി വന്ന ലേവ്യനും വഴി മാറി പോകുന്നത് വിവരിച്ചിരിക്കുന്നത്
മാറിയവനും പോയി വേറിട്ടവനിൽ നിന്നും
നാറിയതെന്തോയൊന്നു മാർഗ്ഗത്തിൽ ദർശിച്ചപോൽ
ഈ ഖണ്ഡകാവ്യത്തിലും വേദത്തിലെ സത്തായ ഭാഗങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത് കാണാം.

ഉദാഹരണം പേജ് 55
ദേശവും ഭാഷകളും വേഷവും വിശ്വാസവും
ലേശവും നോക്കിടേണ്ട മർത്ത്യനെ സ്‌നേഹിക്കുവാൻ
ഖണ്ഡകാവ്യത്തിൽ ഒരു കുറവ് ചൂണ്ടിക്കാണിക്കുവാൻ പല വാക്കുകളും അവലോകനം നടത്തിയെങ്കിലും കാര്യമായി ഒന്നും കണ്ടില്ല. നരി എന്നതിന് കുറുക്കൻ പുലി എന്നീ അർത്ഥങ്ങൾ ഉണ്ടെങ്കിലും ഓലിയിടുക എന്ന വാക്കിന്റെ പ്രയോഗത്തിൽ കുറ്റം കാണാൻ കഴിഞ്ഞില്ല.

പുസ്തകത്തിന്റെ രണ്ടാം ഭാഗം കവിതകളും ഗാനങ്ങളുമാണ്. തന്റെ ജീവിതത്തെപറ്റിയുള്ള കാഴ്ചപ്പാടുകളും ജീവിതത്തിന്റെ അർത്ഥവും ലക്ഷ്യവും വായിച്ചെടുക്കാൻ സാധിക്കും. തന്റെ ആത്മാവിന്റെ ഗീതമാണ് ഈ കവിതാസമാഹാരം. കവിക്ക് എല്ലാ ഭാവുകങ്ങളും നേർന്നുകൊണ്ട് ഇനിയും അനവധിയായ കവിതകളും ഗാനങ്ങളും തന്റെ തൂലികയിൽ നിന്നും അടർന്ന് വീഴട്ടെ എന്ന് ആശിച്ചുകൊണ്ട്

നൈനാൻ മാത്തുള്ള

For those who like to write poems, but not confident to write Malayalam poems, here is a link to few Youtube videos.
Writing poem can be contageous or infectious. Listening to Changambuzha kavithakal will help. Here is a link to Kaavyanarthaki- Oceanic dance’ link.

https://www.youtube.com/watch?v=rXtlprPxsDY
Those who are materialistic minded might not be able to write a good poem. Your spiritual eyes need to be open. For example Changambuzha kavitha and many other good poems are appreciation of nature. There poet is praising God the creator behind nature.
tutorial videos below


https://www.youtube.com/watch?v=Mqs7gonztHw&t=115s
https://www.youtube.com/watch?v=Lct15OyLlz0
https://www.youtube.com/watch?v=UIjboAkcups
https://www.youtube.com/watch?v=lZAlr_pLWgU
https://www.youtube.com/watch?v=hBPNAOzHSmI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!