–മനു ഫിലിപ്പ്
ഞങ്ങളുടെ റിട്ടയർമെന്റിനു ശേഷം,ഞാനും ഭാര്യയും യാത്രകൾ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. അങ്ങനെയിരിക്കെയാണു പ്രതീക്ഷകളെയെല്ലാം തച്ചുടച്ചുകൊണ്ട് കോവിഡിന്റെ വ്യാപനം.

യാത്രകളെല്ലാം കുറച്ചുകൂടി മുമ്പേ ഞങ്ങൾ ആഗ്രഹിച്ചിരുന്നു. എന്നാൽ ബാധ്യതകൾക്ക് ഒരു ക്രമീകരണം ആകട്ടെയെന്നു ചിന്തിച്ചു. ഒരു ദിവസം എന്റെ കോ-ബ്രദർ സാംജി ഓർലാൻഡോ ചർച്ചിൽ നിന്ന് യൂറോപ്പിലേക്കു പോകുന്നുവെന്നറിഞ്ഞു. അപ്പോൾ ടീം ലീഡറായ അലക്സാണ്ടർ ജോർജ്ജിനെ ഞാൻ സമീപിച്ചു. അദ്ദേഹം അതിനുള്ള കാര്യങ്ങൾ ക്രമീകരിച്ചു തന്നു.
അദ്ദേഹത്തിനു ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതോടൊപ്പം ഇങ്ങനെയൊന്ന് സാധ്യമാക്കിത്തീർത്ത സർവ്വശക്തനായ ദൈവത്തിനു സ്തുതികളർപ്പിക്കുന്നു. മനുഷ്യനോളം പഴക്കമുണ്ട് അവന്റെ യാത്രകൾക്കും. കരയും കടലും പിന്നീടു ആകാശത്തിലും വ്യത്യസ്ഥ വാഹനങ്ങളൊരുക്കി അവനു വീഥികളൊരുക്കി കാത്തിരുന്നു.
ഓരോ യാത്രയുടെ പര്യയവസാനവും ഉയർച്ചകളും താഴ്ച്ചകളും വീഴ്ച്ചകളും നേട്ടങ്ങളും നഷ്ടങ്ങളും മനുഷ്യന്റെ കണക്കുപുസ്തകത്തിൽ എഴുതിച്ചേർത്തിട്ടുണ്ട്. ശാസ്ത്രം വളർന്നതോടൊപ്പം പുതിയ ഭൂവിഭാഗങ്ങൾ തേടിയും പര്യവേഷണ സാധ്യതകൾ തേടിയും മനുഷ്യന്റെ യാത്രകൾ നിർബ്ബാധം തുടർന്നുകൊണ്ടിരുന്നു. ഇന്നുമത് അവസാനിച്ചിട്ടില്ല. മനുഷ്യനുള്ള കാലത്തോളം യാത്രകൾക്കു മരണമില്ല എന്നാണർത്ഥം.
ചരിത്രകുതുകിയായ ഒരു ദേശാടകന്റെ തുറന്നു പിടിച്ച കണ്ണ് ഈ യാത്ര വിവരണങ്ങളിലുടനീളം കാണാൻ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. യാത്രയെ ഇഷ്ടപ്പെടുന്ന ഒരാൾ എന്നനിലയിൽ കഴിയുന്നതും രാജ്യങ്ങൾ പോകാനാഗ്രഹിച്ചതും വാർത്തകളുടെ ഉറവിടങ്ങൾ തേടിയെത്ര വേണമെങ്കിലും സഞ്ചരിക്കാനും ഞാൻ ഒരുക്കമായിരുന്നു.
ചില ഇഷ്ടങ്ങൾ അങ്ങനെയാണ്. അത് നമ്മെ വിടാതെ പറ്റിക്കൂടി നില്ക്കും. എത്ര തുടച്ചു നീക്കുവാൻ ശ്രമിച്ചാലും അത് നമ്മെ വിട്ടു പോകില്ല. യാത്രയെക്കുറിച്ചുള്ള അഭിനിവേശം ഇടനെഞ്ചിൽ അണയാത്ത ഒരു അഗ്നികുണ്ഡമായി നീറുന്നുണ്ടായിരുന്നു. കാലത്തിന്റെ കുത്തൊഴുക്കിൽ ഒലിച്ചുപോകാതെ അവ ഹൃദയത്തിനുള്ളിൽ ഭദ്രമായിരിക്കും. മുമ്പ് ചെയ്ത യാത്രകളുടെ ഓർമ്മകൾ പോലും എന്നെ ഇന്നും കുളിരണിയിക്കുന്നതാണ്. സഞ്ചാരത്തോട് എനിക്കെന്നും പ്രണയമായിരുന്നു.
ഒരുപാടു ദേശങ്ങൾ ഞാൻ താണ്ടി. പരിചിതമല്ലാത്ത കാടുകളും, മനുഷ്യരും, കോടമഞ്ഞിന്റെ ഇടയിലൂടെ ഒളിച്ചെത്തിയ സൂര്യകിരണങ്ങൾ മെല്ലെ മെല്ലെ കവിളിൽ ചുംബിക്കുന്നതുമൊക്ക ഒരിക്കലും മറക്കാൻ സാധിക്കില്ല. തലയുയർത്തിനില്ക്കുന്ന കരിമ്പാറകൂട്ടങ്ങൾ, ചോര വീണു നനഞ്ഞ് ചുവന്ന ചരിത്രമുറങ്ങുന്ന നാടുകൾ,
പൊട്ടിപ്പൊളിഞ്ഞടർന്ന കോട്ടാരക്കെട്ടുകൾ, പ്രതിഷ്ഠകൾ തൂത്തെറിയപ്പെട്ട ശ്രീകോവിലുകൾ, കൽത്തൂണുകൾ ഇവയൊക്കെ കാണണമെന്നായിരുന്നു ആഗ്രഹം. പല കാരണങ്ങളാൽ ഇവിടെ കുറിക്കാൻ കഴിയാതിരുന്ന ഒരു പാടു വിഷയങ്ങളുണ്ട്. യാത്രാ വിവരണങ്ങൾക്ക് മേലെ ചായം പൂശലുകളും ചമല്ക്കാരവുമൊക്കെ ഞാനിവിടെ ഒഴിവാക്കിയിട്ടുണ്ടു.

മഞ്ഞ നിറം പൂശിയ കെട്ടിടങ്ങളും പുകക്കുഴലുകളടങ്ങിയ ഫാക്ടറിയും കുതിരച്ചാണകം മണക്കുന്ന തെരുവുകളും ഉള്ള ഒരു സ്ഥലരാശി, പോയ കാലത്തിന്റെ ധൂളി പടലങ്ങളിലുറങ്ങുന്ന നാട്ടറിവുകളും കഥകളും ചരിത്രാംശങ്ങളും എപ്പോഴും നമ്മെ മാടിവിളിക്കാറുണ്ട്. ഒരു കുട്ടിയുടെ കൗതുക മനസ്സോടെ ഇന്നലെകളുടെ ആഴങ്ങളിലേക്കിറങ്ങുമ്പോൾ നമ്മെ വലയം ചെയ്യുന്ന അനുഭൂതി അനിർവ്വചനീയമാണ്.
ബ്രിട്ടീഷ് എയർവേയ്സിന്റെ പടുകൂറ്റൻ ജറ്റുവിമാനം 272 യാത്രക്കാരുമായി മേഘക്കെട്ടുകളിലേക്ക് പറന്നുയർന്നത് പകലിന്റെ നീണ്ട കുതിപ്പുകൾക്കും കിതപ്പുകൾക്കും സാക്ഷിയായി സൂര്യൻ ചക്രവാളത്തിൽ ചെഞ്ചായം പൂശി വിടവാങ്ങാനൊരുങ്ങുന്ന സമയം വൈകിട്ട് 6.41 നാണ്. ഏകദേശം ഒരു മണിക്കൂർ ലേറ്റായി.
നീണ്ട എട്ടര മണിക്കൂറുകൾക്കു ശേഷം അർദ്ധമയക്കത്തിൽ നിന്ന് ഉണർത്തിയ ശബ്ദം “ലേഡീസ് അൻഡ് ജെന്റിൽമെൻ, ബ്രിട്ടീഷ് എയ്ർവെയ്‌സ് വെൽക്കംസ് യൂ റ്റു ഹീത്രൂ എയർ പോർട്ട് ലണ്ടൻ. ദി ലോക്കൽ ടൈം ഈസ് സെവൻ പാസ്റ്റ് ഫോർട്ടീ മിനിട്ട്സ്. ഫോർ യുവർ സേഫ്റ്റ്ടി ആൻഡ് ദ് സേഫ്റ്റ്ടി ഓഫ് ദോസ് എറൗണ്ട് യൂ പ്ലീസ് റിമെയിൻ സീറ്റഡ് വിത്ത് യുവർ സീറ്റ് ബെൽട്ട് ഫാസ്റ്റൻഡ് ആൻഡ് കീപ്പ് ദ് ഐയിൽസ് ക്ലീയർ അണ്ടിൽ വി ആർ പാർക്കഡ് അറ്റ് ദി ഗേറ്റ്.”
വളരെ രസകരവും ഹ്രുദയഭേദകവുമായ ഒരു കാര്യം വിമാനത്തിനുള്ളിൽ നടന്നത് ഇവിടെ കുറിക്കുവാൻ ഞാനാഗ്രഹിക്കുന്നു. ഞങ്ങളുടെ പ്രത്യേക അവശ്യ പ്രകാരം കുഞ്ഞുങ്ങളുള്ളവർക്കു മാത്രം കൊടുക്കുന്ന ബാസിനറ്റ് സീറ്റ് വിശാലമായ ഇരിപ്പിടവും കാൽ നീട്ടി വയ്ക്കുവാൻ സൗകര്യപ്രദമായുള്ളതായിരുന്നു ഞങ്ങളുടെ ഇരിപ്പിടം. മര്യാദക്കാരായ ചില ചെറുപ്പക്കാരും ഞങ്ങളുടെ സീറ്റിനടുത്തായിരുന്നു ഇരുന്നത്.
വിമാനം ടേക്ക് ഓഫ് ചെയ്തതിനുശേഷം ഇവർ നാലുപേരും ഹോട്ട് ഡ്രിങ്ക്സ് വാങ്ങി അതിനൊടൊപ്പം എന്തോ ഡ്രഗ്ഗ്സ് എടുത്ത് കാട്ടിക്കൂട്ടിയ പരാക്രമങ്ങൾ ഞങ്ങളെ വളരെയധികം ചിരിപ്പിക്കുന്നതായിരുന്നു. ഈയ്യിടെ എയർ ഇന്ത്യാ ബിസിനസ്സ് ക്ലാസ്സിൽ സഞ്ചരിച്ചിരുന്ന വെൽസ് ഫാർഗോയുടെ വൈസ് പ്രസിഡന്റുമാരിൽ ഒരാളായിരുന്ന ശങ്കർ മിശ്ര നടത്തിയതുപോലുള്ള ഭ്രാന്തൻ തമാശകളെ വെല്ലുന്നതായിരുന്നു.
കൗമാരക്കാരെ ത്രസിപ്പിക്കുന്ന നുരഞ്ഞു പൊന്തുന്ന പാനീയ
ങ്ങളിൽ അവർ ജീവിതത്തെ തളച്ചിടുന്നതിൽ ദുഃഖം തോന്നി. വീഞ്ഞ് പരിഹാസിയും മദ്യം കലഹക്കാരനുമാകുന്നുവെന്ന് ബൈബിൾ പറയുന്നു. (സദൃ:.20:1) നാം കാണുന്നത് എന്തും കയ്യടക്കാനുള്ള മോഹം മനുഷ്യന്റെ സ്വഭാവമാണ്. ശൈശവത്തിനു അതൊരലങ്കാരമാണ്. ഈ ലോക ജീവിതത്തിലുള്ള ആസക്തികളും ആഗ്രഹങ്ങളുമെല്ലാം ആത്യന്തികമായി ദുഃഖത്തിലേക്കു നയിക്കുന്നതാണ്. ഈ ആർത്തിമനുഷ്യനെ ഒരു മൃഗമാക്കുന്നു. മോഹിച്ച് നേടിയവ പലതും നമ്മുടെ കൈപ്പിടിയിൽ ഒതുങ്ങാതെ നഷ്ടപ്പെട്ടു പോകുമെന്നും ഒന്നും മോഹിക്കാതിരിക്കുമ്പോഴാണു സർവ്വവും ലഭിക്കുക എന്നത് ഒരു ജീവിത പാഠമാണ്.
ഇങ്ങനെയൊരു യാത്രാവിവരണം എഴുതുവാൻ ക്രൈസ്തവചിന്തയുടെ ചീഫ് എഡിറ്റർ റസ്സലും, കുര്യാക്കോസ് മാത്യുവും എന്നെ വളരെ ഉത്സാഹിപ്പിച്ചു.
1. ലണ്ടൻ, യുണൈറ്റഡ് കിംഗ്ഡം
ഏകദേശം രാവിലെ 10 മണിയോടടുത്ത സമയം ഞങ്ങളുടെ ടീം മാനേജർ മുംബെക്കാരനായ സുജിത്ത് ഒരു ലക്ഷ്യുറി കോച്ചിൽ ലണ്ടൻനഗരം കാണിക്കുവാൻ കൊണ്ടുപോയി. ലോകസഞ്ചാരികൾ ഏറ്റവും കൂടുതൽ തിരെഞ്ഞെടുക്കുന്ന ഒരു സ്ഥലമാണു ലണ്ടൻ നഗരം.
അത് എന്തുകൊണ്ടെന്ന് മനസിലാക്കാൻ വലിയ പ്രയാസമില്ല. കല, ശാസ്ത്രം, വാസ്തുവിദ്യ, കൂടാതെ രണ്ട് സഹസ്രാബ്ദങ്ങളുടെ ചരിത്രമുള്ള ലോകത്തിലെ ഏറ്റവും പ്രശസ്തവും കോസ്മോപൊളിറ്റൻ നഗരങ്ങളിൽ ഒന്നാണിത്. ടൈം സ്ക്വയർ ഓഫ് ലണ്ടൻ,ടവർ ഓഫ് ലണ്ടൻ, ബക്കിംഗ്ഹാം പാലസ്, ലണ്ടൻ ഐ, പത്തൊമ്പതാം നൂറ്റണ്ടിൽ പണികഴിപ്പിച്ച നാച്ച്യുറൽ ഹിസ്റ്ററി മ്യൂസിയം, പ്രിൻസ്സസ് ഡയാനയും ചാൾസ് രാജകുമാരന്റെയും വിവാഹംനടന്ന സെയിന്റ് പോൾ ചർച്ച്, തെംസ് നദി തുടങ്ങിയ മികച്ച സൈറ്റുകൾ സന്ദർശിച്ചു.
ഹാരി പോട്ടർ സ്റ്റുഡിയോ, വിൻഡ്സർ കാസിൽ, ഇംഗ്ലണ്ടിലെ ഏറ്റവും പഴയ സർവ്വകലാശാലയായ ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റി എന്നിവ ഒരു ചരിത്ര വിസ്മയമാണ്. സ്ട്രാറ്റ്ഫോർഡ്-ഓൺ-അവോണിലെ ഷേക്സ്പിയറുടെ ജന്മസ്ഥലം കണ്ടു. തെംസ് നദിയുടെ വടക്കൻതീരത്ത് ഗാംഭീര്യത്തോടെ നിൽക്കുന്ന ലണ്ടൻ ടവറും കണ്ടു. ഒരു ശ്രദ്ധേയമായ കോട്ടയാണ് . പൗരാണിക കാലത്ത് ബ്രിട്ടൻ ഇടതടവില്ലാതെ യുദ്ധങ്ങൾ നടത്തി സകല രാജ്യങ്ങളും വെട്ടിപ്പിടിച്ചിരുന്നു.
രാജ്യത്തെ ശത്രുക്കളിൽ നിന്ന് രക്ഷിക്കുവാൻ വലിയ കോട്ടയും കിടങ്ങും നിർമ്മിക്കാൻ ആയിരക്കണക്കിനു മനുഷ്യർ വേല ചെയ്തിട്ടുണ്ടാവും.ആ ഭിത്തികളിലെ കരിങ്കൽകെട്ടുകളിൽ അവരുടെ കൈപ്പാടുകൾ പതിഞ്ഞുകിടപ്പുണ്ടാവും. അവരെക്കുറിച്ചു ആർക്കും ഒരറിവുമില്ല. നമ്മൾ നിലവിളക്കിന്റെ ശോഭയെക്കുറിച്ച് സംസാരിക്കും. പക്ഷേ അതിനു ശോഭ പകരാൻ സ്വയം എരിഞ്ഞുതീരുന്ന വിളക്ക് തിരിയെക്കുറിച്ച് മൗനം പാലിക്കും. എരിഞ്ഞുതീരാൻ അങ്ങനെയൊന്നില്ലെങ്കിൽ നിലവിളക്കും വെറും കാഴ്ച്ച വസ്തുവാണ്. അല്ലെങ്കിൽ ഉപയോഗശൂന്യമാണ്.
ഒന്നോ രണ്ടോ വ്യക്തികളെ കേന്ദ്രീകരിച്ച് ചരിത്രം എഴുതുന്നവർ ഇവരെ ഓർക്കാറില്ല. റോമൻ വെൽസ് AD 2-3 നൂറ്റാണ്ടുകളിൽ റോമാക്കാർ തേംസ് നദിയുടെ വടക്കേ കരയിലുള്ള തന്ത്രപ്രധാനമായ തുറമുഖത്തിന് ചുറ്റും മതിൽ നിർമ്മിച്ചു. ടവർഹിൽ അണ്ടർപാസിന് കിഴക്ക് ഗാർഡനിൽ സ്ഥിതി ചെയ്യുന്നു. ആ പഴയ നഗരത്തിന്റെ അവശേഷിക്കുന്ന ഏറ്റവും ഉയർന്ന ശകലങ്ങളായ ഈ സൈറ്റിൽ 30-ലധികം റൗണ്ട് ഹൗസുകൾ, മറ്റ് കല്ല് കെട്ടിടങ്ങൾ, കിണറുകൾ ഇവയൊക്കെ കാണാം.
ഇംഗ്ലണ്ടിന്റെ ചരിത്രത്തിന്റെ വളരെ പ്രധാന്യമുള്ള ഭാഗമാണ് ലണ്ടൻ ടവർ. ബ്രിട്ടൻ ഒരിക്കൽ ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്തെയും ഫലത്തിൽ എല്ലാ ആഗോളവ്യാപാരത്തെയും നിയന്ത്രിച്ചിരുന്നു എന്നത് വസ്തുതയാണ്. പ്രധാനമായും അതിന്റെ സൈനികശക്തി എടുത്ത് പറയേണ്ടതുണ്ട്. അതുപോലെ ലണ്ടനിലുടനീളം ചരിത്രത്തിലെ ഏറ്റവും നിർണായകമായ ചില യുദ്ധങ്ങളിൽ വിജയിച്ചവരെ അനുസ്മരിക്കുന്ന സ്മാരകങ്ങൾ കാണാം.
ലണ്ടനിലെ ഏറ്റവും മികച്ച 10 പ്രതിമകളും സ്മാരകങ്ങളും ഇവിടെയുണ്ട്. ട്രാഫൽഗർ സ്ക്വയറിന്റെ മധ്യഭാഗത്ത് അഭിമാനത്തോടെ നിൽക്കുന്നത് 52 മീറ്റർ ഉയരമുള്ള നെൽസൺസ് സ്മാരകം. വൈസ് അഡ്മിറൽ ഹൊറേഷ്യോ നെൽസന്റെ സംയുക്ത ഫ്രഞ്ച്, സ്പാനിഷ് നാവികസേനയ്ക്കെതിരായ ട്രാഫൽഗർ യുദ്ധത്തിലെ നിർണായക വിജയത്തിന്റെ സ്മരണയ്ക്കായി നിർമ്മിച്ചതാണ്.
1805-ൽ നെപ്പോളിയൻ ഫ്രാൻസിനെതിരെ അഡ്മിറൽ നെൽസന്റെ നാവികസേനയുടെ വിജയങ്ങളെ ബഹുമാനിക്കുന്നതിനാണ് ഇത് നിർമ്മിച്ചത്. നിർഭാഗ്യവശാൽ അഡ്മിറലിന് തന്നെ ജീവൻ നഷ്ടപ്പെട്ടു. വെല്ലിംഗ്ടൺ ആൻഡ് മാർബിൾ ആർച്ച് ട്രാഫൽഗർ യുദ്ധത്തിൽ പരാജയപ്പെട്ട നെപ്പോളിയൻ വീണ്ടും ബ്രിട്ടനുമായി വാട്ടർലൂ യുദ്ധത്തിൽ ഏർപ്പെട്ടു. വീണ്ടും ബ്രിട്ടീഷുകാർ വിജയിച്ചു. പക്ഷേ ഈ വിജയം നെപ്പോളിയൻ യുദ്ധങ്ങൾ അവസാനിപ്പിക്കുന്നതിനു കാരണമായിത്തീർന്നു. ഹൈഡ് പാർക്കിന്റെ മൂലകളിലുള്ള രണ്ട് കമാനങ്ങൾ വെല്ലിംഗ്ടൺ ഡ്യൂക്കിന്റെയും റോയൽ നേവിയുടെയും വിജയങ്ങളെ അനുസ്മരിക്കുന്നു.
ആല്‍ബര്‍ട്ട് മെമ്മോറിയല്‍ വിക്ടോറിയരാജ്ഞി തന്റെ ഭര്‍ത്താവായ ആല്‍ബര്‍ട്ട് രാജകുമാരനെ വളരെയധികം സ്‌നേഹിച്ചിരുന്നു, അദ്ദേഹത്തിന്റെ മരണശേഷം രാജ്ഞി കറുപ്പ് മാത്രം ധരിച്ചിരുന്നു. കൂടാതെ, പൊതു സംഭാവനകള്‍ ഉപയോഗിച്ചാണ് ആല്‍ബര്‍ട്ട് മെമ്മോറിയല്‍ നിര്‍മ്മിച്ചത്.
4 വര്‍ഷത്തിന് ശേഷം ആല്‍ബര്‍ട്ട് രാജകുമാരന്റെ പ്രതിമ ചേര്‍ത്തെങ്കിലും 1872ലാണ് സ്മാരകം നിര്‍മ്മിച്ചത്.ഇവിടെ പ്രതിമാസം 1,600പൗണ്ടിലധികം വേണം വാടകയ്ക്ക് താമസിക്കണമെങ്കില്‍.ഒരു അപ്പാര്‍ട്ട്‌മെന്റ്‌ബ്ലോക്കിന്റെ ഏറ്റവും ഉയര്‍ന്ന നിലയിലുള്ള ഒരു ആഡംബര ഭവനമാണ് പെന്റ്ഹൗസ്.അവ സാധാരണയായി കെട്ടിടത്തിലെ മറ്റ് യൂണിറ്റുകളേക്കാള്‍ ചെലവേറിയതാണ്.
അവ കൂടുതല്‍ വിശാലവും പലപ്പോഴും സ്വകാര്യ എലിവേറ്റര്‍ പോലെയുള്ള ആഡംബര സൗകര്യങ്ങളുമായാണ് ഇങ്ങനെയൊന്നു ഇവിടെ സ്യന്തമാക്കണമെങ്കില്‍ 160 മില്യന്‍ പൗണ്ടെങ്കിലും വേണം. നമ്മുടെ രാഷ്ടപിതാവായ ഗാന്ധിജി ഇംഗ്ലണ്ടിലെ തന്റെ പഠന കാലയളവില്‍ താമസിച്ച ഹോട്ടല്‍ No 20 ബാറൊന്‍സ് കോര്‍ട്ട് റോഡില്‍ മുപ്പത് ഷില്ലിംഗ് ഒരാഴച്ച കൊടുത്ത് താമസിച്ചിരുന്നത് കാണുവാനിടയായി.
കൊട്ടാരത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ 1703ല്‍ മള്‍ഗ്രേവ് ജോണ്‍ ഷെഫീല്‍ഡിന്റെ മൂന്നാം പ്രഭുവിന് വേണ്ടി ബക്കിംഗ്ഹാം ഹൗസ് എന്ന പേരില്‍ നിര്‍മ്മിച്ച ബക്കിംഗ്ഹാം കൊട്ടാരം നൂറുകണക്കിന് വര്‍ഷങ്ങളായി രാജകുടുംബത്തിന്റെ ഭവനവും ഭരണപരമായ ആസ്ഥാനവുമാണ്. രാജകുടുംബത്തിന്റെ എല്ലാ ചെറിയ കാര്യങ്ങളും അവിടെയുണ്ട് കൊട്ടാരത്തിലെ കാര്യങ്ങള്‍ നോക്കുന്ന 800ലധികം ജോലിക്കാര്‍ അവിടെയുണ്ട്. ബ്രിട്ടനിലെ ഏറ്റവും ദൈര്‍ഘ്യം ഭരിച്ച രാജ്ഞി സെപ്റ്റ. 8ന് അന്തരിച്ചു,
ദുഃഖാചരണത്തിനായുള്ള തയ്യാറെടുപ്പു എന്ന രീതിയില്‍ മിക്കവാറും റോഡുകള്‍ അടച്ചിട്ടതുമൂലം ഞങ്ങള്‍ക് ബക്കിംഗാം കൊട്ടാരം അകലെ നിന്നേ കാണുവാന്‍ കഴിഞ്ഞുള്ളു.96ം വയസ്സില്‍ നിര്യാതയായ രാജ്ഞിയുടെ ശവസംസ്‌കാരം സെപ്തംബര്‍ 19 തിങ്കളാഴ്ചയായിരുന്നു.രാജ്ഞിയെ ആദരിക്കുന്ന രണ്ട് 96 റൗണ്ട് തോക്ക് സല്യൂട്ട് ഓരോ വര്‍ഷത്തിനും ഒരു റൗണ്ട് വെടിവച്ചു.
ഭൂമിയില്‍ എത്ര വലിയ സ്ഥാനവും പദവിയും വഹിച്ചാലും ഒടുവില്‍ ആറടി മണ്ണിനു മാത്രമേ അവകാശമുള്ളൂ, പക്ഷേ മനുഷ്യന്‍ ഒരിയ്ക്കലുമത് ചിന്തിക്കാറില്ല. അഗ്‌നിക്കു ചുറ്റും വട്ടമിട്ട് പറക്കുന്ന ഈയ്യാംപാറ്റകള്‍ എത്ര വിഢീകളാണു. ചിറകുകള്‍ ഓരോന്നായി എരിഞ്ഞുതീരുമ്പോഴും അഗ്‌നിയെ കൂടുതല്‍ ആലിംഗനം ചെയ്യുന്ന ഈയ്യാം പാറ്റകള്‍. നാം പലപ്പോഴും ഈയ്യാമ്പറ്റകളെപ്പോലെയാണു. ഏകദേശം എട്ടു മണിയോടെ ഞങ്ങള്‍ പ്രശസ്തമായ വെമ്പിളി സ്റ്റേഡിയത്തിനടുത്തുള്ള ഐബിസ് ഹോട്ടലില്‍ അന്നു രാത്രി വിശ്രമിച്ചു.ഉദയ സൂര്യന്റെ ചെങ്കതിരുകള്‍ തെളിഞ്ഞു വരുന്നതെയുള്ളുവെങ്കിലും ക്രുത്യ സമയത്തിനു തന്നെ പ്രഭാത ഭക്ഷണത്തിനു ശേഷം എട്ടുമണിയോടെ ഞങ്ങള്‍ ബെല്‍ജിയം ബ്രസ്സല്‍സിലേക്കു യാത്ര തിരിച്ചു.
(തുടരും)























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.