2023 ആരംഭിച്ച് 26 ദിവസം ആയപ്പോൾ ഇറാൻ ഭരണകൂടം തൂക്കിക്കൊന്നത് 55 പേരെ. ഇത്രയും ഭീകരതയാർന്ന ഒരു രാജ്യം ഇക്കാലത്ത് ഭൂമിയിലെങ്ങും ഉണ്ടാവില്ല.

ഹിജാബ് വിരുദ്ധ പ്രക്ഷോഭം കത്തി നിൽക്കുന്നതിനിടെ യാണ് വിവിധ കുറ്റകൃത്യങ്ങൾ ചാർത്തി 55 പേരെ തൂക്കിലേറ്റിയത്. നോർവേ ആസ്ഥാനമായുള്ള ഇറാൻ മനുഷ്യാവകാശ സംഘടനയാണ് ഭയപ്പെടുത്തുന്ന ഈ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്.
സർക്കാർ വിരുദ്ധ സമരങ്ങളിൽ പങ്കെടുക്കുന്നവരിൽ ഭയം ജനിപ്പിക്കാൻ വേണ്ടിയാണ് ഈ പ്രാകൃത ശിക്ഷ തടപ്പിലാക്കുന്നതെന്നാണ് ഐ.എച്ച്. ആർ പറയുന്നത്. 55 പേരിൽ നാലുപേരെ തൂക്കിക്കൊന്നത് ഹിജാബ് വിരുദ്ധ സമരങ്ങളിൽ പങ്കെടുത്തതിന്റെ പേരിലാണ്. 37 പേരെ തൂക്കിക്കൊന്നത് ലഹരിക്കേസുകളുമായി ബന്ധപ്പെട്ടാണ്. വിവിധ കേസുകളിലായി 107 പേർ കൂടി വധശിക്ഷ കാത്തു കഴിയുകയാണെന്നും ഐ .എച്ച്.ആർ വെളിപ്പെടുത്തുന്നു.

ഒരു തെറ്റിനെ അതിലും വലിയ തെറ്റു കൊണ്ട് ശിക്ഷിക്കുന്നത് ആധുനിക പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ കുറ്റവാളികളാകുന്നവരുണ്ട്. മാനസിക വൈകല്യം ഉള്ളവരും തങ്ങളറിയാതെ തെറ്റുകുറ്റങ്ങളിൽ അകപ്പെടാറുണ്ട്.
മാതാപിതാക്കളെയോ മക്കളെയോ ഭാര്യയേയോ ഭർത്താവിനെയോ ആക്രമിക്കുന്നതു കണ്ട് പ്രതിരോധിക്കുന്നതിനിടയിൽ അബന്ധത്തിൽ ചിലർ കൊലയാളികളാവാറുണ്ട്. ഇവരെ കൊടുംകുറ്റവാളികളായി കാണാനാവുമോ? ജനാധിപത്യം, സർക്കാർ വിരുദ്ധ രാഷ്ട്രീയ സമരങ്ങളിൽ പങ്കെടുക്കുവാൻ ജനങ്ങൾക്ക് അവകാശം നൽകുന്നുണ്ട്. ഇങ്ങനെയുള്ളവരെയൊക്കെ കഴുവേറ്റുന്നതിലൂടെ പ്രാകൃത കാലത്തേക്ക് നാം തിരിച്ചു പോവുകയാണ്.

ഇറാനും താലിബാനും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളായി മാറുകയാണ്. മനുഷ്യർക്ക് സ്വാതന്ത്ര്യത്തോടെ ഭയരഹിതരായി ജീവിക്കാൻ പറ്റുന്ന ഒരു ഭരണസംവിധാനം അടുത്ത കാലത്തെങ്ങും ഇവിടങ്ങളിൽ ഉണ്ടാകാൻ പോകുന്നില്ല.
മാറിക്കൊണ്ടിരിക്കുന്ന പരിഷ്കൃത ലോകത്തിന് മുമ്പിൽ സൗദിഅറേബ്യ മാതൃകയായി മാറുകയാണെന്നതും നാം ഓർക്കേണ്ടതുണ്ട്.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.