നിർബ്ബന്ധിത മതപരിവർത്തനം വ്യാജ ആരോപണം…

നിർബ്ബന്ധിത മതപരിവർത്തനം വ്യാജ ആരോപണം…

ഇന്ത്യൻ ഭരണഘടന മാനുഷിക മൂല്യങ്ങൾക്ക് പ്രാധാന്യം കൊടുത്ത് പൗരസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നു. ഇന്ത്യൻ ഭരണഘടനയുടെ 25 മുതൽ 28 വരെ ഉള്ള ആർട്ടിക്കിളുകളിൽ വിശദമായി വിവരിച്ചിരിക്കുന്ന മതസ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെടുന്ന സംഭവങ്ങൾ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ സംഭവിക്കുന്നത് വളരെ ഭീതിജനകമായ വസ്തുതയാണ്.

ഇന്ത്യൻ ഭരണഘടനയിലൂടെ ഒരോ പൗരനും ഏത് മതത്തിൽ വിശ്വസിക്കുവാനും പ്രചരിപ്പിക്കുവാനും മതപരമായ ആചാരങ്ങൾ അനുഷ്ടിക്കുവാനുമുള്ള അവകാശം ഉള്ളപ്പോൾ തന്നെ ഒരു മത വിശ്വാസം ഉപേക്ഷിക്കുവാനും വേറൊരു മതവിശ്വാസം സ്വീകരിക്കുവാനുമുള്ള അവകാശം ഭരണഘടന എല്ലാ പൗരനും വാഗ്ദാനം ചെയ്തിട്ടുണ്ട്.

പൊതു ജനത്തിന്റെ ജീവിതത്തെ ഒരു വിധത്തിലും ബാധിക്കാതെ ആയിരിക്കണം ഓരോ മത വിശ്വാസികളും തങ്ങളുടെ മതസ്വാതന്ത്ര്യം ഉപയോഗിക്കുവാൻ. ഒരു മതത്തിനും എന്തെങ്കിലും മേൽക്കോയ്മയോ മുൻഗണനയോ ഭരണഘടന അനുവദിച്ചിട്ടില്ല. എല്ലാ മതങ്ങളെയും തുല്യമായി ഇന്ത്യൻ ഭരണഘടന വീക്ഷിക്കുന്നു.

മത പ്രചാരകർ അവരുടെ വിശ്വാസം , മതത്തിന്റെ അടിസ്ഥാന ഉപദേശങ്ങൾ, വ്യത്യസ്തത എല്ലാം പൊതുസമൂഹത്തെ അറിയിക്കുന്നതിനു ഭരണഘടന അനുവദിക്കുന്നുണ്ട്. പൊതുസമ്മേളനങ്ങളിൽ കൂടിയോ, അച്ചടി മാദ്ധ്യമങ്ങളിൽ കൂടിയോ വ്യക്തിപരമായോ മതത്തിന്റെ പ്രചരണം പൊതുനന്മയെ ലക്ഷ്യമാക്കി ആകാം. ഇപ്രകാരം ഉള്ള പ്രചരണം മറ്റു ജനതയുടെ സ്വൈര്യ ജീവിതത്തിന് വിഘാതം സൃഷ്ടിക്കുവാനിടയാകരുത്.

മത പ്രചാരകരുടെ ജീവിതവും ഉപദേശവും വീക്ഷിക്കുന്ന ജനം തങ്ങളുടെ മതം ഉപേക്ഷിക്കുവാനും പുതിയ ഒരു മതവിശ്വാസം സ്വീകരിക്കുവാനും തീരുമാനിച്ചാൽ അതിനുള്ള അവകാശം ഭരണഘടന ഉറപ്പു നൽകിയിട്ടുണ്ട്. മതപരിവർത്തനം തികച്ചും സ്വയം ആയി ചിന്തിച്ച് എടുക്കുന്ന തീരുമാനം ആണ്.

നിർബ്ബന്ധിച്ച് മതം മാറ്റുവാൻ ആരെ എങ്കിലും പ്രേരിപ്പിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നത് കുറ്റകരമാണ്. ഇന്ന് ഇന്ത്യയിൽ പല ഇടങ്ങളിലും ക്രിസ്തീയ വിശ്വാസം സ്വീകരിച്ചവരെ തങ്ങളുടെ വിശ്വാസം ഉപേക്ഷിച്ച് തങ്ങൾ പണ്ടു് അനുഷ്ടിച്ചിരുന്ന മത വിശ്വാസത്തിലേക്ക് മാറുവാൻ ആയി നിർബ്ബന്ധിതരാകുന്ന സംഭവങ്ങൾ ഉണ്ടാകുന്നു. ഒരു മത വിശ്വാസം ഉപേക്ഷിച്ചവരെ ഭീഷണിപ്പെടുത്തുകയും തങ്ങളുടെ സമൂഹത്തിൽ നിന്നും അകറ്റി നിർത്തുകയും ചെയ്യുന്ന പ്രവണത ഉത്തരേന്ത്യയിലെ പല ഇടങ്ങളിലും വ്യാപകമായിക്കൊണ്ടിരിക്കുന്നു.

ഇപ്രകാരം ഭീഷണിപ്പെടുത്തുകയും വ്യക്തിസ്വാതന്ത്ര്യത്തിൽ അതിക്രമിക്കുകയും ചെയ്യുന്ന വ്യക്തികളെയും വർഗ്ഗീയ സംഘടനകളെയും സംരക്ഷിക്കുകയും ഇപ്രകാരം ഭരണഘടന ലംഘനം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കാതെ തങ്ങളുടെ വിശ്വാസം പ്രചരിപ്പിക്കുന്ന സുവിശേഷകന്മാരെയും ക്രിസ്തീയ വിശ്വാസികളെയും കള്ളക്കേസുകൾ , നിർബ്ബന്ധിത മതപരിവർത്തനം എന്നിവ ചുമത്തി ജയിലിലടക്കുകയും ചെയ്യുന്ന സംഭവങ്ങൾ അടുത്ത ചില നാളുകളായി വർദ്ധിച്ചു വരുന്നു.

‘ഘർവാപ്പസി ‘ എന്ന പേരിൽ നടക്കുന്നത് നിർബ്ബന്ധിത മത പരിവർത്തനം അല്ലേ? ഇപ്രകാരം ഉള്ള മത തീവ്രവാദ ശക്തികൾ ക്കെതിരെ നടപടി സ്വീകരിക്കേണ്ടിയ ഭരണകൂടം നിഷ്ക്രീയമാകുന്നത് മതതീവ്രവാദികൾക്ക് പ്രചോദനമായി മാറുന്നു.

അടുത്ത കാലങ്ങളിൽ ക്രിസ്തീയ ആരാധനാലയങ്ങളും ക്രിസ്തീയ വിശ്വാസികളുടെ വീടുകളും മറ്റും ആക്രമിക്കപ്പെടുന്ന അനുഭവം പലയിടങ്ങളിൽ ഉണ്ടായി. ക്രിസ്തീയ മിഷനറി പ്രവർത്തകരേയും വിശ്വാസികളേയും ഉപദ്രവിക്കുകയും കള്ളക്കേസുകളിൽ കുടുക്കി ജയിലിൽ അടക്കുകയും ചെയ്യുന്ന രീതി വർദ്ധിച്ചു വരുന്നു.

ഇപ്രകാരം പൊതുജനങ്ങളുടെ മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന, മത സൗഹാർദ്ദത്തെ ഇല്ലാതാക്കുന്ന , ദേശീയ ഐക്യതക്കും വളർച്ചക്കും വിഘാതം സൃഷ്ടിക്കുന്ന ദേശവിരോധശക്തികളെ അമർച്ച ചെയ്തു് നിയന്ത്രിക്കേണ്ടിയ സർക്കാരുകൾ തങ്ങളുടെ നയങ്ങളിൽ ആവശ്യമായ തിരുത്തലുകൾ നടത്തി പൗരസ്വാതന്ത്ര്യവും മതനിരപേക്ഷതയും ഉറപ്പുവരുത്തേണ്ടത് ഈ കാലഘട്ടത്തിൻ്റെ ആവശ്യം ആണ്.

ഇന്ത്യൻ രാഷ്ട്ര നിർമ്മാണത്തിൽ മുഖ്യ പങ്കുവഹിക്കുന്ന ക്രിസ്തീയ സഭകളെയും , ജനങ്ങളുടെ ഉന്നമനത്തിനും നന്മക്കുമായി പ്രവർത്തിക്കുന്ന ക്രിസ്തീയ സംഘടനകളെയും സർക്കാരുകൾ അംഗീകരിക്കുകയും അവർക്ക് ആവശ്യമായ സംരക്ഷണം നൽകുവാൻ തയ്യാറാവുകയും വേണം.


പി.എം .വറുഗീസ്,
ചെന്നൈ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!