റിപ്പബ്ലിക്ക് ഭാരതത്തിൽ ജനങ്ങൾ സുരക്ഷിതരോ?

റിപ്പബ്ലിക്ക് ഭാരതത്തിൽ ജനങ്ങൾ സുരക്ഷിതരോ?

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ എഴുപത്തിമൂന്നാമത്തെ റിപ്പബ്ലിക്ക് ദിനമാണ് ആഘോഷിക്കുന്നത്.

ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചനം നേടിയ ഭാരതം ഒരു സ്വതന്ത്ര പരമോന്നത റിപ്പബ്ലിക്ക് രാഷ്ട്രമായതിന്റെ ഓർമ്മപുതുക്കലിനാണ് ജനുവരി 26 റിപ്പബ്ലിക്ക് ദിനമായി ആഘോഷിക്കുന്നത്.

1947 ഓഗസ്റ്റ് 15 നാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത്. എന്നാൽ ഭരണഘടന നിലവിൽവന്നത് 1950 ജനുവരി 26 നാണ്. ആ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഡോ. രാജേന്ദ്ര പ്രസാദ് ഇന്ത്യയുടെ ആദ്യ പ്രസിഡന്റായി ചുമതലയേറ്റത് അന്നാണ്.

ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാർ ഒരു നിയമസംഹിത അടിസ്ഥാനമായി ഭരണം നടത്തുന്നതിനെയാണ് “റിപ്പബ്ലിക്ക്” എന്നു പറയുന്നത്. പ്രത്യേക ഭരണഘടനക്കു കീഴിൽ രാജ്യത്തിന്റെ ഭരണം നിർവ്വഹിക്കുന്നതിന് ഒരു രാഷ്ട്രത്തലവനെ തെരഞ്ഞെടുക്കുന്ന സമ്പ്രദായമുള്ള രാജ്യങ്ങളെയാണ് “റിപ്പബ്ലിക്ക്” എന്നുവിളിക്കുന്നത്. ഇവിടെ പരമാധികാരം ജനങ്ങൾക്കാണ്. ജനങ്ങളുടെ താൽപ്പര്യം ഭരണഘടനക്കുള്ളിൽ നിന്നുകൊണ്ട് നിർവ്വഹിക്കുന്നതിനുള്ള പ്രതിനിധികൾ മാത്രമാണ് ഭരണകർത്താക്കൾ.

പൗരന്മാരെ പ്രതിനിധീകരിക്കാനും, അവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടുവാനുമായിട്ടാണ് ഭരണകർത്താക്കളെ തെരഞ്ഞെടുക്കുന്നത്. ഭരണത്തലവനായ പ്രധാനമന്ത്രിയെ ജനങ്ങളാണ് തെരഞ്ഞെടുക്കുന്നത്. അതുപോലെ രാജ്യത്തിന്റെ രാഷ്ട്രത്തലവനായ ഇന്ത്യൻ പ്രഡിഡന്റ് തെരഞ്ഞെടുക്കപ്പെടുന്നയാളാണ്. രാഷ്ട്രത്തലവനും, ഭരണത്തലവനും ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന രീതി നിലനിൽക്കുന്ന റിപ്പബ്ലിക്കിനെയാണ് ജനാധിപത്യരാജ്യമെന്നു വിളിക്കുന്നത്.

ലോകത്തിലെ എഴുതപ്പെട്ട ഭരണഘടനയിൽ ഏറ്റവും വലുത് ഇന്ത്യയുടേതാണ്. ഒരു രാഷ്ട്രത്തിന്റെ അടിസ്ഥാന നിയമ സംഹിതയാണ് ഭരണഘടന. 1935 ലെ ഭാരത സർക്കാർ ആക്ടും, 1946 ലെ ക്യാബിനറ്റ് മിഷൻ പ്ലാനും അനുസരിച്ച് സ്ഥാപിതമായ ഭരണഘടനാ നിർമ്മാണ സമിതിയാണ് ഇത് തയ്യാറാക്കിയത്. 1949 നവംബർ 26 നാണ് അത് അംഗീകരിച്ചത്.

പ്രാബല്യത്തിൽ വന്നത് 1950 ജനുവരി 26 നും. നമ്മുടെ ഭരണഘടന നിലവിൽ വരുമ്പോൾ 395 വകുപ്പുകളും 8 പട്ടികകളും 22 ഭാഗങ്ങളും ആയിരുന്നു ഉണ്ടായിരുന്നത്. ഇപ്പോൾ നാനൂറിലേറെ വകുപ്പുകളും 12 ലേറെ പട്ടികകളും 22 ഭാഗങ്ങളും ഉണ്ട്.
ഓരോ പൗരനും അവരുടെ അവകാശങ്ങൾ നേടിയെടുക്കുവാനും സർക്കാരിന് നിയമങ്ങൾ നടപ്പാക്കാനുമുള്ള ചട്ടങ്ങളുടെ സംഹിതയാണ് ഭരണഘടന.

നമ്മുടെ രാജ്യത്തിന്റെ പരമമായ നിയമമാണ് ഭരണഘടന. ആരുടെയും ഇഷ്ടപ്രകാരം അത് മാറ്റുവാനോ, കൂട്ടിച്ചേർക്കുവാനോ ആകില്ല. പാർലമെന്റിൽ ഭേദഗതി എന്നൊരു നിയമപ്രക്രിയയിലൂടെ, അവതരിപ്പിച്ച് ചർച്ച ചെയ്തു മാത്രമേ മാറ്റങ്ങൾ ചെയ്യാനാവൂ. പല സമയങ്ങളിലായി 94 ഭേദഗതികൾ ഇതുവരെ വരുത്തിയിട്ടുണ്ട്.

റിപ്പബ്ലിക്ക് രാജ്യമായ നമ്മുടെ ഭാരതത്തിലെ ജനങ്ങളുടെ താൽപ്പര്യങ്ങൾ ഭരണഘടനക്കുള്ളിൽ നിന്നുകൊണ്ട് നടത്തിക്കൊടുക്കുവാൻ ഭരണകൂടങ്ങൾക്ക് സാധിക്കുന്നുണ്ടോ? ഇന്നും ന്യൂനപക്ഷങ്ങൾക്ക് അവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടോ? അതില്ലാത്തതുകൊണ്ടല്ലേ അവർ പീഡിപ്പിക്കപ്പെടുന്നത്?

അതൊക്കെ ഭരണകർത്താക്കൾ അറിയാത്തതോ അതോ അറിഞ്ഞിട്ടും അറിയാത്തതുപോലെ അഭിനയിക്കുന്നതോ? ഇനിയെങ്കിലും ഭരണകർത്താക്കൾ അത് ശ്രദ്ധിക്കുമെന്നു നമുക്ക് വിശ്വസിക്കാം.


-ഷാജി ആലുവിള

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!