കേരള രാഷ്ട്രീയത്തിലെ ജെയ്ന്റ് കില്ലർ ആയിരുന്ന വി.പി.നായർ

കേരള രാഷ്ട്രീയത്തിലെ ജെയ്ന്റ് കില്ലർ ആയിരുന്ന വി.പി.നായർ


വില്‍ഫ്രഡ്‌.എച്ച്‌
winsha45
@aneesh

ക്യ കേരളം രൂപീകൃതമാകുന്നതിന്‌ മുന്‍പ്‌ ഇന്ത്യയുടെ പ്രഥമ ലോക്സഭ തെരഞ്ഞെടുപ്പ്‌ നടന്നു. തിരുകൊച്ചി, മലബാര്‍, എന്നിങ്ങനെ വിഭജിക്കപ്പെട്ട നിലയിലായിരുന്നു അന്നത്തെ കേരളം. 1951-ഡിസംബര്‍ 10 മുതല്‍ 1952 ജനുവരി 5 വരെയായിരുന്നു തിരുകൊച്ചിയിലും മലബാറിലും തെരഞ്ഞെടുപ്പ്‌ നടന്നത്‌. വിവിധ ഘട്ടങ്ങളിലായിട്ടാണ്‌ തെരഞ്ഞടുപ്പ്‌. ആദ്യം തെരഞ്ഞെടുപ്പ്‌ നടക്കുന്ന മണ്ഡലത്തിലെ ഫലപ്രഖ്യാപനം തുടര്‍ന്നുണ്ടാകും.

അത്തരത്തില്‍ തിരു-കൊച്ചി സംസ്ഥാനത്തെ തെരഞ്ഞെടുപ്പ്‌ ഫലം ആദ്യം പ്രഖ്യാപിക്കപ്പെട്ടതിനാല്‍ ഇന്ത്യയിലെ, ‘കേരളത്തിലെ’ ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ (സ്വത്രന്തന്‍) എം.പി.യായി വി.പി.നായര്‍, നെടുമങ്ങാട്‌ – ചിറയിന്‍കീഴ്‌ ലോക്സഭ മണ്ഡലത്തില്‍ നിന്നും തിരു-കൊച്ചി മുഖ്യമന്ത്രിയായിരുന്ന കോണ്‍ഗ്രസ്സ്‌ സ്ഥാനാര്‍ത്ഥി പറവൂര്‍ ടി.കെ. നാരായണ പിള്ളയെ പരാജയപ്പെടുത്തിക്കൊണ്ട്‌ യുവാവായ വി.പി.നായര്‍ ജയന്റ്‌ കില്ലര്‍ ആയി; അക്കാലത്തെ രാഷ്ട്രീയ രംഗത്ത്‌ വിസ്മയവും ഞെട്ടലുമുണ്ടാക്കി.

കേരള സംസ്ഥാന രൂപീകരണശേഷം നടന്ന രണ്ടാം ലോക്സഭ തെരഞ്ഞെടുപ്പില്‍ 1957-ല്‍ കൊല്ലം മാവേലിക്കര ധ്വായാംഗമണ്ഡലത്തില്‍ നിന്നും നിലവിലുള്ള എം.പി. എന്‍. ശ്രീകണ്ഠന്‍ നായരെ പരാജയപ്പെടുത്തിക്കൊണ്ട്‌ വീണ്ടുമൊരിക്കല്‍ കൂടി വി.പി.നായര്‍ കേരള രാഷ്ട്രീയത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.

വിദ്യാര്‍ത്ഥി ജീവിതത്തില്‍ സ്പോര്‍ട്സില്‍ നിരവധി സമ്മാനങ്ങളും ചാമ്പ്യന്‍
പട്ടവും നേടിയിട്ടുള്ള വി.പി., ടെന്നീസ്‌ കളിയില്‍ മിടുക്കന്‍, പാര്‍ലമെന്റ്‌ ക്രിക്കറ്റ്‌ ടീമിലെ പ്രഗത്ഭ കളിക്കാരന്‍, തികഞ്ഞ അഭിനേതാവ്‌, മികച്ച എഴുത്തുകാരന്‍, ആംഗേലയത്തിലും മാതൃഭാഷയിലും ദേശീയ ഭാഷയിലും അസാമാന്യ പ്രാവീണ്യത്തോടെയുള്ള വാഗ്മിത്വം പാര്‍ലമെന്റ്‌ നടപടികളില്‍ കൂലങ്കഷമായി ഭേദഗതികളവതരിപ്പിക്കലും സ്വകാര്യ ബില്ലുകള്‍ അവതരിപ്പിച്ചുമുള്ള ശ്രദ്ധ്യേയവും സജീവുമായ പ്രവര്‍ത്തന ചരിത്രം. നിയമ പഠന രംഗത്തെ തന്റെ പ്രാഗത്ഭ്യം നിയമ നിര്‍മ്മാണ സഭയില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കി.

ഏ.കെ.ജി.യോടൊപ്പം പ്രതിപക്ഷനിരയില്‍ നക്ഷത്രശോഭയോടെ ശോഭിക്കുവാന്‍ തികഞ്ഞ രാജ്യസ്നേഹിയും പുരോഗമന ജനാധിപത്യവാദിയും മനുഷ്യ സ്‌നേഹിയുമായിരുന്ന വി.പി.നായര്‍ക്ക്‌ കഴിഞ്ഞിരുന്നു.

പ്രധാനമ്രന്തി ജവഹര്‍ലാല്‍ നെഹ്റു ഏറ്റവും ശ്രദ്ധിച്ചിരുന്ന പ്രതിപക്ഷ
ശബ്ദമായിരുന്നു വി.പി.നായരുടേത്‌. ആക്ഷേപഹാസ്യത്തിലൂന്നിയുള്ള
വിമര്‍ശനാത്മകമായ വി.പി.യുടെ പ്രസംഗം സഭയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

വ്യക്തിപരമായി ഏറെ സൗഹൃദം നെഹ്റുവുമായിട്ടുണ്ടായിരുന്നെങ്കിലും
വിമര്‍ശനങ്ങളുടെ മൂര്‍ച്ച ഒട്ടും കുറവായിരുന്നില്ലതാനും. അസാമാന്യ ഓര്‍മ്മ
ശക്തിയുണ്ടായിരുന്ന വി.പി.നായര്‍ തന്റെ പ്രസംഗങ്ങളിലും എഴുത്തിലും ടെന്നിസണ്‍, ബൈറണ്‍, കീറ്റസ്‌, ഷെല്ലി, ഷേക്‌സ്പിയര്‍ മുതല്‍ തുഞ്ചനെയും കുഞ്ചനെയും വള്ളത്തോളിനെയും ഉള്ളൂരിനെയും ആശാനെയുമൊക്കെ അനായാസം ഉദ്ധരിക്കുമായിരുന്നു. പരപ്പാര്‍ന്ന വായന, ഏത്‌ വിഷയത്തെക്കുറിച്ചുമുള്ള ആഴമായ അറിവ്‌ അദ്ദേഹത്തിന്റെ കരുത്തായിരുന്നു.

ശ്രീമൂലം അസംബ്ലിയിലെ തിലകപട്ടം നേടിയ സദസ്യതിലകന്‍ റ്റി.കെ. വേലുപ്പിള്ളയുടെ കുലീന പാരമ്പര്യവും ചരിത്ര ബോധവും പൌരുഷം നിറഞ്ഞ വൃക്തിത്വവും കുലമഹിമയുമെല്ലാം നിറഞ്ഞ പുത്രനായിരുന്നു വി.പി.നായര്‍. ലോക്‌സഭാ മെമ്പറായിരിക്കേ തന്നെ പത്രപ്രവര്‍ത്തനത്തിലെ തന്റെ പ്രതിഭ തെളിയിച്ചതിന്റെ ഫലമായിരുന്നു “കേരളശബ്ദം” രാഷ്ട്രീയ വാരിക സ്ഥാപിക്കലും (1952-ല്‍) നടത്തിപ്പും.

1918-ല്‍ സദസ്യതിലകന്‍ ടി.കെ. വേലുപ്പിള്ളയുടേയും ഭഗവതി അമ്മയുടേയും രണ്ടാമത്തെ മകനായി ഉണ്ണിയെന്ന ഓമനപ്പേരില്‍ വിളിച്ച വി.പരമേശ്വരന്‍ നായര്‍ തിരുവനന്തപുരത്ത്‌ ജനിച്ചു. മുത്ത സഹോദരന്‍ വി.മാധവന്‍ നായര്‍ (പ്രശസ്ത സാഹിത്യകാരന്‍, മാലി) ഇളയ സഹോദരന്‍ വി.തങ്കപ്പന്‍ നായര്‍, ഏകസഹോദരി കല്യാണിക്കുട്ടി (കല്യാണിക്കുട്ടിയുടെ ഭര്‍ത്താവ്‌ കോണ്‍ഗ്രസ്‌ എം.എല്‍.എ. ആയിരുന്ന കണ്ട്ല ഭാസ്ക്കരന്‍ നായര്‍).

തിരുവനന്തപുരം മോഡല്‍ സ്കൂള്‍, മഹാരാജാസ്‌ കോളേജ്‌ ഓഫ്‌ സയന്‍സ്‌
(ഇന്നത്തെ യൂണിവേഴ്‌സിറ്റി കോളേജ്‌) മധുര അമേരിക്കന്‍ കോളേജ്‌, ലോ കോളേജ്‌ എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മദ്രാസ്‌ പ്രസിഡന്‍സി കോളേജില്‍ ഉപരിപഠനത്തിന്‌ ചേര്‍ന്നെങ്കിലും രാഷ്ട്രീയ കാരണങ്ങളാല്‍ പഠനം തുടരാനായില്ല.

നിയമബിരുദം നേടുന്നതിന്‌ മുമ്പ്‌ ടെക്സ്റ്റൈല്‍ ഇന്‍സ്‌പെക്ടറായി കൊല്ലത്തും
നാഗര്‍ കോവിലിലും ജോലിയിലായിരിക്കെ കരിഞ്ചന്തക്കാര്‍ക്കും പൂഴ്ത്തി വെയ്പുകാര്‍ക്കുമെതിരേ ശക്തമായ നടപടികളെടുത്തതിലൂടെ വി.പി.നായര്‍ ര്രദ്ധേയനായി.

നിയമബിരുദമെടുത്തശേഷം സെക്രട്ടറിയേറ്റിലെ ലോ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലിയില്‍ പ്രവേശിച്ചെങ്കിലും ചില വര്‍ഷങ്ങള്‍ക്കു ശേഷം രാജിവെച്ച്‌ അഭിഭാഷകവൃത്തിയിലേര്‍പ്പെട്ടു. അക്കാലത്ത്‌ തിരുവനന്തപുരത്തെ പാവങ്ങളായ സാധാരണജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങളില്‍ ഇടപെടുകയും അവരുടെ കേസുകള്‍ ഫീസീടാക്കാതെ കോടതികളിലും പുറത്തും വാദിക്കുകയും ചെയ്തിരുന്നു. ഇതായിരുന്നു കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുമായി അദ്ദേഹത്തെ അടുപ്പിച്ചത്‌.

1949-ല്‍ തുമ്പമണ്‍ കോയിക്കോണത്ത്‌ കുടുംബാംഗവും “അഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കി” എന്ന പ്രശ്‌സ്ത വന്ദനഗാനമെഴുതിയ പന്തളം കെ.പി.യുടെ അനന്തിരവളുമായ ലളിതാ പി.നായരെ വിവാഹം കഴിച്ചു.

1951-ല്‍ മാതാവും അതേവര്‍ഷം തന്നെ പിതാവും നിര്യാതരായി. മാതാപിതാക്കളെ ദൈവതുല്യരായി കണ്ടിരുന്ന വി.പി.നായര്‍ക്ക്‌ അവരുടെ വേര്‍പാട്‌ കനത്ത ആഘാതമായി.

1952-ലെയും 1957-ലെയും പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ് ജയത്തെ തുടര്‍ന്ന്‌ 1962 വരെയുള്ള ഡല്‍ഹി ജീവിതമവസാനിപ്പിച്ചുകൊണ്ട്‌ 40 വര്‍ഷം നഗരത്തിലും മഹാനഗരത്തിലുമായി ജീവിച്ച വി.പി.നായര്‍ പ്രകൃതി രമണീയമായ ശുദ്ധജല താടകത്തിന്റെ നാടായ ശാസ്താംകോട്ടയെന്ന കുഗ്രാമത്തിലേക്ക്‌ പറിച്ചു നടപ്പെട്ടു.

“ചുറ്റുപാടുകള്‍ക്കൊണ്ട ശീലം, ഭാവം, ആചാരം, സ്വഭാവം, വേഷം എന്നിവയെല്ലാം എന്നിലുണ്ടായ മാറ്റം എനിക്ക്‌ തന്നെ വ്യക്തമാണ്‌. അക്കാര്യങ്ങളിലെല്ലാം ഇങ്ങോട്ട്‌ താമസം മാറ്റും മുമ്പ്‌ ഞാന്‍ അനിയതമായി കഴിഞ്ഞത്‌ അഭംഗുരമായി തന്നെ തുടര്‍ന്നു”.

“വൈവിദ്ധ്യം ജീവിതത്തിന്റെ ഹൃദയപരിമളമാണ്‌ എന്ന മുമ്പിലത്തെപ്പോലെ തന്നെ ഇപ്പോഴും വിശ്വസിച്ചു കഴിയുകയാണ്‌” എന്നാണ്‌ ശാസ്താംകോട്ടയിലെ ജീവിതത്തെക്കുറിച്ച്‌ അദ്ദേഹം രേഖപ്പെടുത്തിയിട്ടുള്ളത്‌.

1964-ലെ ഇന്‍ഡ്യന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയിലെ പിളര്‍പ്പോടെ ഇരുപക്ഷത്തോടും ആഭിമുഖ്യമില്ലാതെ തികഞ്ഞ മനുഷ്യസ്നേഹിയായും പരോപകാരിയായും അദ്ദേഹം തുടര്‍ന്നു. തന്റെ അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങള്‍, നിലപാടുകള്‍ കത്തുകളിലൂടെ, പ്രതിലേഖനങ്ങളിലൂടെ, പ്രസംഗങ്ങളിലൂടെ ആര്‍ജ്ജവത്തോടെ സധൈര്യം അദ്ദേഹം ഉത്തരവാദിത്തപ്പെട്ടവരുടെ മുന്നില്‍ അവതരിപ്പിച്ചിരുന്നു.

ആകസ്മികമായി തെരഞ്ഞെടുപ്പ്‌ രാഷ്ട്രീയത്തിലൂടെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ നേതൃനിരയിലെത്തുകയും ഒരു വ്യാഴവട്ടക്കാലം കര്‍മ്മനിരതനാവുകയും ചെയ്ത വി.പി.നായര്‍ അതേ ആകസ്മികതപോലെ തന്നെ രാഷ്ട്രീയ വേദികളില്‍ നിന്നും അപ്രത്യക്ഷനാകുകയും ചെയ്തു.

ശാസ്താംകോട്ടയിലെ തിലകഭവനത്തില്‍ താമസമാരംഭിച്ചതോടുകൂടി പ്രാക്ടീസ്‌ പുനരാരംഭിച്ചു. ഹൈക്കോടതിയിലും മാവേലിക്കര കോടതിയിലും ഇടയ്ക്ക്‌ സുപ്രീം കോടതിയിലും കേസ്‌ നടത്തിപ്പിനായി പോയിരുന്നു. ഫാക്ടിന്റെ ലീഗല്‍ അഡ്വൈസറായും ഇക്കാലത്ത്‌ പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ്‌ കോളേജിന്റെ സ്ഥാപനത്തിനും അത്‌ ഫസ്റ്റ്‌ ഗ്രേഡ്‌ ആക്കി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ക്കും സമയോചിതമായ തന്റെ ഇടപെടലിലൂടെ ഫലപ്രാപ്തി ഉണ്ടാക്കാന്‍ കഴിഞ്ഞു.

ശാസ്താംകോട്ട ശുദ്ധജല തടാകത്തിന്റെ ഇന്നത്തെ ദുരവസ്ഥയെക്കുറിച്ച്‌ നാല്‌ പതിറ്റാണ്ടുകള്‍ക്ക്‌ മുന്‍പ്‌ ദീര്‍ഘദര്‍ ശിത്വത്തോടെ അധികാരികളുടെ മുന്നിലെത്തിക്കുകയും പരിസ്ഥിതി സൗഹൃദ രീതിയില്‍ തടാകത്തെ സംരക്ഷിക്കുവാനുള്ള അനവധി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയുമുണ്ടായി. അതെല്ലാം ബധിര കര്‍ണ്ണങ്ങളിലാണ്‌ പതിച്ചതെന്ന്‌ കാലം തെളിയിച്ചു. കായല്‍ ഒരു ദുരന്തമായി മാറുന്നു.

സദസ്യതിലകന്‍ ടി.കെ. വേലുപ്പിള്ള എഴുതി 1940-ല്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ 4 വാല്യങ്ങളിലായി പ്രസിദ്ധീകരിച്ച ‘(ടാവന്‍കൂര്‍ സ്റ്റേറ്റ്‌ മാന്വല്‍’ മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തുകയെന്ന വലിയൊരു അഭിലാഷം അദ്ദേഹം തന്റെ ജീവിതത്തിന്റെ അവസാന ദശകത്തില്‍ പൂര്‍ത്തിയാക്കുകയുണ്ടായി. അഞ്ച്‌ വര്‍ഷക്കാലം നിഷ്ഠയായി, തപസ്യയെന്നോണം അദ്ദേഹം പരിഭാഷയത്നത്തില്‍ വ്യാപൃതനായി.

കേരള സര്‍ക്കാരിന്റെ സാംസ്ക്കാരിക വകുപ്പ്‌ മലയാള തര്‍ജ്ജമയുടെ പ്രസിദ്ധീകരണ ചുമതല ഏറ്റെടുക്കുകയും പതിനായിരത്തോളം പേജ്‌ വരുന്ന കൈയ്യെഴുത്ത്‌ വകുപ്പിനെ ഏല്‍പ്പിക്കുകയും ചെയ്തു. നിര്‍ഭാഗ്യമെന്നു പറയട്ടെ തന്റെ ജീവിതാഭിലാഷങ്ങളിലൊ ന്നായിരുന്ന, മലയാളത്തില്‍ സ്റ്റേറ്റ്‌ മാന്വലിന്റെ പ്രസിദ്ധീകരണം കാണാന്‍ കഴിയാതെയാണ്‌ അദ്ദേഹം കടന്നു പോയത്‌. അതിനുമപ്പുറം പറയട്ടെ സാംസ്ക്കാരിക വകുപ്പില്‍ ഏല്പിച്ച കൈയ്യെഴുത്ത്‌ പ്രതി കാണാനില്ലെന്നാണ്‌ തുടര്‍ അന്വേഷണത്തില്‍ അറിയാനിടയായത്‌. നിര്‍ഭാഗ്യമെന്നല്ലാതെന്ത്‌ പറയാന്‍…!

വി.പി.നായര്‍- ലളിത നായര്‍ ദമ്പതികള്‍ക്ക്‌ മൂന്ന്‌ ആണ്‍മക്കള്‍ ഡോ..പി.ശശിധരന്‍ നായര്‍ എം.ഡി., ഡോ. പി. ഹരികുമാര്‍ എം.ഡി., പി. വിശ്വനാഥന്‍ നായര്‍ M.Sc ഡോക്ടര്‍മാരായ മക്കള്‍ കുടുംബസമേതം ലണ്ടനില്‍. ഇളയമകന്‍ കുടുംബസമേതം ശാസ്തംകോട്ട തിലക്‌ ഭവനില്‍. വിശ്വനാഥന്‍ നായരുടെ ഉടമസ്ഥതയില്‍ തിലക്‌ പെയിന്റ്‌സ്‌ എന്ന കമ്പനി പ്രവര്‍ത്തിക്കുന്ന. തിരുവനന്തപുരത്ത്‌ ജനിച്ച്‌, പഠിച്ച്‌, വളര്‍ന്നു, ഡല്‍ഹിയിലെ രാഷ്ട്രീയ സദസ്സില്‍ രജത താരമായി പ്രോജ്ജ്വലിച്ച്‌, രാഷ്ട്രീയ ശത്രുവിനെയും മിത്രത്തെയും അതിശയിപ്പിച്ച്‌, കീഴടക്കി, വിദേശ വേദികളില്‍ മാതൃരാജ്യത്തിനായി വീറോടെ വാദിച്ച ഉജ്വല വാഗ്മിയും എഴുത്തുകാരനും പാര്‍ലമെന്റേറിയനും അഭിഭാഷകനും അതിലെല്ലാമുപരി മനുഷ്യ സ്‌നേഹിയുമായിരുന്ന വി.പി.നായര്‍ 73-ാം വയസ്സില്‍ 1990 ഡിസംബര്‍ 19-ന്‌ കടന്നുപോയിട്ട്‌ മൂന്ന്‌ ദശകങ്ങള്‍…. മരിക്കാത്ത ഓര്‍മ്മകള്‍ക്ക്‌ മുന്നില്‍ പ്രണാമം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!