കിരാതന്മാരായ പോപ്പുമാര്‍ നടത്തിയ കുരിശുയുദ്ധങ്ങള്‍ (തുടര്‍ച്ച)

കിരാതന്മാരായ പോപ്പുമാര്‍ നടത്തിയ കുരിശുയുദ്ധങ്ങള്‍ (തുടര്‍ച്ച)

കുട്ടികളുടെ കുരിശുയുദ്ധങ്ങള്‍

1212-ല്‍ നിക്കോളാസ് എന്നു പേരായ ഒരു ജര്‍മ്മന്‍ യുവാവ്, കുട്ടികളുടെ ഒരു കുരിശുയുദ്ധം വിശുദ്ധനാട്ടിലേക്കു നയിക്കാന്‍ ദൈവം തന്നെ നിയോഗിച്ചു എന്നു പ്രഖ്യാപിച്ചു.

ശരാശരി 12 വയസ്സു മാത്രം പ്രായമുള്ള ആണ്‍കുട്ടികളും ആണ്‍കുട്ടികളുടെ വേഷം ധരിച്ച പെണ്‍കുട്ടികളും നിക്കോളാസിനു പിന്നാലെ അണിനിരന്നു. ഏകദേശം 30,000 കുട്ടികള്‍. മാര്‍ഗ്ഗമദ്ധ്യേ ധാരാളം കുഞ്ഞുങ്ങള്‍ വിശന്നു മരിച്ചു. കുറെപ്പേരെ കുറുക്കന്മാര്‍ പിടിച്ചുതിന്നു. കള്ളന്മാര്‍ കുട്ടികളുടെ വസ്ത്രങ്ങളും ഭക്ഷണവും മോഷ്ടിച്ചു.

പോപ്പ് ഇന്നസെന്റ് മൂന്നാമന്റെ നിര്‍ദ്ദേശാനുസരണം കുറെ കുട്ടികള്‍ ഭവനങ്ങളിലേക്കു തിരിച്ചുപോയി. അവശേഷിച്ചവര്‍ ജനോവയില്‍ താമസിച്ചു.

ഈ കാലഘട്ടത്തില്‍ തന്നെ ഫ്രാന്‍സില്‍ സ്റ്റീഫന്‍ എന്നു പേരായ 12 വയസ്സുള്ള ആട്ടിടയ ബാലന്‍ രാജാവിനെ ചെന്നു കണ്ട് പറഞ്ഞു: യേശുക്രിസ്തു തനിക്കു പ്രത്യക്ഷനായി പാലസ്തീനിലേക്കു കുട്ടികളുടെ ഒരു കുരിശുയുദ്ധം നയിക്കാന്‍ നിയോഗിച്ചു എന്ന്.

ആടുകളുടെ അടുത്തേക്കു മടങ്ങിപ്പോകാന്‍ രാജാവ് അവനോട് ആജ്ഞാപിച്ചു. എന്നാല്‍ 20,000 കുട്ടികള്‍ സ്റ്റീഫന്റെ പിന്നില്‍ അണിനിരന്നു. അവര്‍ ഫ്രാന്‍സില്‍ നിന്നും മാര്‍സീലിലെത്തുമ്പോള്‍ സമുദ്രം അവര്‍ക്കു വഴിമാറുമെന്നും, ഉണങ്ങിയ ഭൂമിയിലൂടെ പാലസ്തീനില്‍ എത്തിച്ചേരാമെന്നും സ്റ്റീഫന്‍ വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ അവര്‍ മാര്‍സീലിലെത്തിയപ്പോള്‍ അത്ഭുതമൊന്നും സംഭവിച്ചില്ല.

രണ്ട് കപ്പലുടമകള്‍ അവരെ സൗജന്യമായി പാലസ്തീനിലെത്തിക്കാമെന്നേറ്റു. ഏഴു കപ്പലുകളിലായി വിജയഗാനങ്ങളാലപിച്ചുകൊണ്ടവര്‍ യാത്രയാരംഭിച്ചു. സാര്‍ഡീനിയായില്‍ വെച്ച് രണ്ടു കപ്പലുകള്‍ മുങ്ങി അതിലുണ്ടായിരുന്ന കുട്ടികളെല്ലാം മരണമടഞ്ഞു. മറ്റു കുട്ടികളെ ടൂണീഷ്യാ, ഈജിപ്ത് എന്നിവിടങ്ങളിലെത്തിച്ചു. അവിടെ അവര്‍ അടിമകളായി വില്‍ക്കപ്പെട്ടു. ഫ്രെഡറിക് II-ാമന്‍ രാജാവിന്റെ ആജ്ഞയനുസരിച്ച് കപ്പലുടമസ്ഥരെ തൂക്കിക്കൊന്നു.

ലോകത്തിലെ പ്രശ്‌നങ്ങളുടെയെല്ലാം അടിസ്ഥാനകാരണം മതപരമാണെന്നതിന് ചരിത്രത്തിലുടനീളം നടന്ന യുദ്ധങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. കുട്ടികളെ കുരുതി കൊടുത്തുകൊണ്ട് നടത്തിയ കിരാതമായ കുട്ടികളുടെ കുരിശുയുദ്ധങ്ങള്‍ക്ക് അനുവാദം നല്‍കിയ മതനേതാക്കളുടെ ചെയ്തികള്‍ക്ക് എത്ര നൂറ്റാണ്ടുകള്‍ പിന്നിട്ടാലും കാലം മാപ്പ് നല്‍കില്ല. മനുഷ്യന്‍ മതത്തിനു വേണ്ടി എന്തും ചെയ്യും. സ്വജീവന്‍ പോലും ബലിയര്‍പ്പിക്കും. എന്നാല്‍ മതതത്വങ്ങള്‍ അനുസരിച്ച് അവന്‍ ജീവിക്കുക മാത്രം ചെയ്യില്ല എന്ന മഹദ്‌വചനത്തിന് ഉത്തമോദാഹരണമാണ് കുരിശുയുദ്ധങ്ങള്‍.

കുരിശുയുദ്ധങ്ങളുടെ ഫലങ്ങള്‍

എ.ഡി. 1291-ലെ അവസാന യുദ്ധത്തോടെ കുരിശുയുദ്ധങ്ങളുടെ കാലം അവസാനിച്ചെങ്കിലും രാഷ്ട്രീയ, മത, സാമ്പത്തിക, സാമൂഹ്യ, സാംസ്‌കാരിക, വാണിജ്യരംഗങ്ങളില്‍ ദൂരവ്യാപകമായ ഫലങ്ങള്‍ ഉളവാക്കുവാന്‍ കുരിശുയുദ്ധങ്ങള്‍ക്ക് കഴിഞ്ഞു.

രണ്ടു നൂറ്റാണ്ട് കാലത്തെ നിരന്തര യുദ്ധങ്ങള്‍ക്കു ശേഷവും ജറുസലേം മുസ്ലീങ്ങളുടെ കയ്യില്‍ നിന്നും വീണ്ടെടുക്കാന്‍ ക്രിസ്ത്യാനികള്‍ക്കു കഴിഞ്ഞില്ല. മതസഹിഷ്ണുത പുലര്‍ത്തിയിരുന്ന മുസ്ലീങ്ങള്‍ കുരിശുയുദ്ധങ്ങളോടു കൂടി അസഹിഷ്ണുക്കളായി മാറി. ഇറ്റാലിയന്‍ വാണിജ്യത്തിനു വേണ്ടി പിടിച്ചെടുക്കപ്പെട്ട പാലസ്തീനിലെയും സിറിയയിലെയും തുറമുഖങ്ങള്‍ ക്രിസ്ത്യാനികള്‍ക്കു നഷ്ടപ്പെട്ടു.

മുസ്ലീം സംസ്‌കാരമാണ് ക്രൈസ്തവ സംസ്‌കാരത്തേക്കാള്‍ അഭികാമ്യമെന്ന് കുരിശുയുദ്ധങ്ങള്‍ തെളിയിച്ചു. ഒരു ഏകീകൃത യൂറോപ്പ് എന്ന പോപ്പിന്റെ ആശ സഫലമായില്ലെന്നു മാത്രമല്ല, പോപ്പിന്റെ പിന്നീടുള്ള കുരിശുയുദ്ധങ്ങള്‍ ക്രിസ്ത്യന്‍ രാജാക്കന്മാരോടായി മാറുകയും ചെയ്തു.

ക്രൂസേഡുകാര്‍ മുസ്ലീം ജറുസലേമല്ല, ക്രിസ്ത്യന്‍ ബൈസാന്റിയമാണ് കീഴടക്കിയത്. ഫ്രഞ്ച് രാജാക്കന്മാരുടെ ശക്തി വര്‍ദ്ധിക്കുന്നതിന് ക്രൂസേഡുകള്‍ ഇടയാക്കി. രണ്ടു റോമാ സാമ്രാജ്യങ്ങളുടേയും കീര്‍ത്തി, വിശുദ്ധഭൂമിയില്‍ അവരുടെ പരാജയത്തിന്റെ ഫലമായും, ക്രൂസേഡുകളുടെ ഫലമായി ഉയര്‍ത്തപ്പെട്ട പോപ്പിന്റെ ആധിപത്യത്തോട് ഏറ്റുമുട്ടിയതിന്റെ ഫലമായും നഷ്ടപ്പെട്ടു.

പൗരസ്ത്യ റോമാസാമ്രാജ്യം 1261-ല്‍ പുനരുജ്ജീവിപ്പിക്കപ്പെട്ടെങ്കിലും അതിന്റെ ആദ്യകാല പ്രതാപത്തിലേക്കും ഗതകാലസമൃദ്ധിയിലേക്കും പിന്നീടൊരിക്കലും മടങ്ങിവന്നില്ല. മുസ്ലീങ്ങളും ക്രൂസേഡുകള്‍ നിമിത്തം പരിക്ഷീണിതരായതുകൊണ്ടാണ് മംഗോള്‍ ആക്രമണത്തില്‍ മുങ്ങിത്താണുപോയത്.

മുസ്ലീങ്ങളുടെ ഭാഷയിലെ പദസമ്പത്ത് സ്വീകരിച്ച് യൂറോപ്പ്യന്‍ ഭാഷ സമ്പന്നമായി. അവരുടെ ആരോഗ്യപരിപാലന രീതികള്‍, ഗ്ലാസ് നിര്‍മ്മാണവിദ്യ, ഉയര്‍ന്ന സാംസ്‌കാരിക നിലവാരം എന്നിവ യൂറോപ്യന്മാര്‍ അനുകരിച്ചു.

കുരിശുയുദ്ധങ്ങളുടെ ഫലമായി ഫ്യൂഡലിസം തകരുകയും അടിമകള്‍ സ്വതന്ത്രരാവുകയും ചെയ്തു. ജനങ്ങളില്‍ ദേശീയബോധം ഉടലെടുത്തു.
റോമാ സഭയുടെ അന്തസ്സ് ഒന്നാം കുരിശുയുദ്ധത്തില്‍ ഉയര്‍ന്നെങ്കിലും പിന്നീടുള്ള കുരിശുയുദ്ധങ്ങളെല്ലാം പരാജയമായിരുന്നു. പോപ്പുമാര്‍ നികുതി ചുമത്തലിലൂടെ വിശ്വാസികളില്‍ നിന്നും വമ്പിച്ച തുക സമാഹരിച്ചു.

ക്രിസ്തീയ രക്തം ചൊരിയുന്നതിനും, അക്രൈസ്തവ രക്തം ചൊരിയുന്നതിനും ഒരേ പാപമോചനം നല്‍കി. പോപ്പ് യഥാര്‍ത്ഥത്തില്‍ ദൈവത്തിന്റെ പ്രതിനിധിയാണെങ്കില്‍ എന്തുകൊണ്ട് കുരിശുയുദ്ധങ്ങളില്‍ പരാജയപ്പെടുന്നു എന്ന സംശയം ക്രിസ്ത്യാനികളുടെയിടയില്‍ ഉയര്‍ന്നു.

എ.ഡി. 1250-നു ശേഷം കുരിശുയുദ്ധങ്ങള്‍ക്കു വേണ്ടി പോപ്പ് പണം ആവശ്യപ്പെട്ടപ്പോള്‍ ക്രിസ്ത്യാനികള്‍ പണം നല്‍കാന്‍ തയ്യാറായില്ല. പകരം യാചകരെ വിളിച്ചുകൂട്ടി മുഹമ്മദിന്റെ പേരില്‍ അവര്‍ക്കു സഹായം നല്‍കി. കുരിശുയുദ്ധം കണ്ടു മനംമടുത്ത ക്രിസ്ത്യാനികള്‍ പറഞ്ഞത് ക്രിസ്തുവിനേക്കാള്‍ നല്ലവനും ശക്തനും മുഹമ്മദ് ആണെന്നായിരുന്നു. ക്രൈസ്തവ വിശ്വാസത്തിനേറ്റ ക്ഷതം എത്രയാണെന്നത് ഇതില്‍നിന്ന് ഊഹിക്കാമല്ലോ.

കുരിശുയുദ്ധം ഭൂമിശാസ്ത്ര പഠനത്തിനും പര്യവേഷണത്തിനും പ്രോത്സാഹനം നല്‍കി. സര്‍ജറി വികാസം പ്രാപിച്ചു. വ്യാപാരം വര്‍ദ്ധിച്ചതുകൊണ്ട് ‘കുരിശിനെ വ്യാപാരം പിന്തുടര്‍ന്നു’ എന്ന ശൈലി രൂപമെടുത്തു. പിന്നെ കുരിശിനെ നയിച്ചതും നിയന്ത്രിച്ചതും വ്യാപാരമായിരുന്നു. ഇറ്റാലിയന്‍ വ്യാപാരികള്‍ക്ക് നല്ല വിപണി ലഭ്യമാവുകയും വ്യാപാരം ഗണ്യമായ തോതില്‍ വര്‍ദ്ധിക്കുകയും ചെയ്തു. റോമാ സാമ്രാജ്യത്തിന്റെ പ്രതാപകാലത്തു പോലും പൗരസ്ത്യ ദേശവുമായി ഇത്ര വിപുലമായ വാണിജ്യബന്ധം നിലനിന്നിരുന്നില്ല.

11-ാം നൂറ്റാണ്ടില്‍ യൂറോപ്പിലെ അത്യപൂര്‍വ്വ ആഡംബരവസ്തുക്കളായിരുന്ന സില്‍ക്ക്, പഞ്ചസാര, കുരുമുളക്, ഇഞ്ചി, ഏലം, ഗ്രാമ്പൂ തുടങ്ങിയ സുഗന്ധദ്രവ്യങ്ങള്‍ യൂറോപ്പിലേക്കൊഴുകി. സസ്യങ്ങള്‍, ധാന്യങ്ങള്‍, വൃക്ഷങ്ങള്‍, പഴങ്ങള്‍ തുടങ്ങിയവയും. ജീവിതം മധുരതരമാക്കാനും ഭവനം അലങ്കരിക്കാനും മറ്റുമുള്ള പൗരസ്ത്യ സാധനങ്ങളും പാശ്ചാത്യവീടുകളിലെത്തി.

നഗരങ്ങളുടെ ആവിര്‍ഭാവത്തിനും, മദ്ധ്യവര്‍ഗ്ഗത്തിന്റെ വികാസത്തിനും ക്രൂസേഡുകള്‍ വഴിതെളിച്ചു. ബാങ്കിംഗ്, ക്രെഡിറ്റ്, പുതിയ ആശയങ്ങള്‍, വര്‍ദ്ധമാനമായ പണവിതരണം മുതലായവ മൂലമുണ്ടായ സാമ്പത്തിക വിപ്ലവമായിരുന്നു നവോത്ഥാനത്തിനു ഹേതുവായത്.

യഥാര്‍ത്ഥ ക്രൈസ്തവമൂല്യങ്ങളില്‍ നിന്നു വ്യതിചലിച്ചതു കൊണ്ടുണ്ടായ ദുരന്തങ്ങളായിരുന്നു കുരിശുയുദ്ധങ്ങള്‍. നൂറ്റാണ്ടുകള്‍ പിന്നിട്ടെങ്കിലും ഉണങ്ങാത്ത മുറിവായി ലോകചരിത്രത്തില്‍ ക്രൂസേഡുകള്‍ നിലനില്‍ക്കുന്നു.

കത്തോലിക്കാ സഭ ബൈബിളില്‍ നിന്നും ദൈവത്തില്‍ നിന്നും അകന്നുപോയതിന്റെ തെളിവാണല്ലോ കുരിശുയുദ്ധങ്ങള്‍. ഈ നൂറ്റാണ്ടില്‍ യൂറോപ്പില്‍ ക്രിസ്ത്യാനിത്വം പിന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കുന്നതിന് കാരണവും മറ്റൊന്നല്ല.


This image has an empty alt attribute; its file name is omana-russel.jpg

ഡോ. ഓമന റസ്സല്‍
(സീനിയര്‍അക്കാഡമിക് ഫെല്ലോ, ICHR ഡല്‍ഹി)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!