കിരാതന്മാരായ പോപ്പുമാര്‍ നടത്തിയ കുരിശുയുദ്ധങ്ങള്‍

കിരാതന്മാരായ പോപ്പുമാര്‍ നടത്തിയ കുരിശുയുദ്ധങ്ങള്‍

പന്ത്രണ്ടും പതിമൂന്നും നൂറ്റാണ്ടുകളില്‍ പാലസ്തീനില്‍ ക്രിസ്ത്യാനികളും മുസ്ലീങ്ങളും തമ്മില്‍ നടന്ന രക്തരൂക്ഷിതമായ യുദ്ധങ്ങളായിരുന്നു കുരിശുയുദ്ധങ്ങള്‍. ചരിത്രത്തിലെ ഈ കറുത്ത അദ്ധ്യായങ്ങള്‍ എഴുതിച്ചേര്‍ക്കപ്പെട്ടത് മുസ്ലീം തുര്‍ക്കികള്‍ 1070 എ.ഡി.യില്‍ കൈവശമാക്കിയ ക്രിസ്ത്യാനികളുടെ പുണ്യനഗരമായ ജറൂസലേം വീണ്ടെടുക്കുന്നതിനു വേണ്ടിയായിരുന്നു.

പോപ്പിന്റെ അനുവാദത്തോടു കൂടി നടത്തപ്പെട്ടവയായിരുന്നു കുരിശുയുദ്ധങ്ങളിലധികവും. പില്‍ക്കാലത്ത് ക്രിസ്ത്യാനികള്‍ ക്രിസ്ത്യാനികള്‍ക്കെതിരെ നടത്തിയ യുദ്ധങ്ങള്‍ പോലും കുരിശുയുദ്ധങ്ങള്‍ എന്ന പേരില്‍ അറിയപ്പെട്ടു. കുരിശ് ധരിച്ചുകൊണ്ടും വഹിച്ചുകൊണ്ടും മറ്റുമുള്ള യുദ്ധങ്ങളായതിനാലാണ് കുരിശുയുദ്ധങ്ങളെന്നറിയപ്പെട്ടത്. അതിക്രൂരവും പൈശാചികവുമായ ഈ കുരിശുയുദ്ധങ്ങള്‍ക്ക് ബൈബിള്‍ ഉപദേശങ്ങളുമായി പുലബന്ധം പോലുമില്ല എന്ന വസ്തുതയാണ് ഏറെ രസകരം.

ക്രിസ്ത്യാനികളുടെ അടിസ്ഥാനപ്രമാണം ബൈബിളാണ്. ബൈബിള്‍ ഒരിക്കലും മറ്റൊരു സമൂഹത്തെ വെറുക്കാന്‍ പഠിപ്പിക്കുന്നില്ല. ദൈവം സ്‌നേഹമാണെന്നും, ശത്രുക്കളെ സ്‌നേഹിക്കണമെന്നും, മറ്റുള്ളവര്‍ക്ക് നന്മ ചെയ്യണമെന്നും, നിങ്ങള്‍ക്ക് മറ്റുള്ളവര്‍ എന്തു ചെയ്തു തരണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ, അത് നിങ്ങള്‍ മറ്റുള്ളവര്‍ക്ക് ചെയ്തുകൊടുക്കണമെന്നും തുടങ്ങി സമൂഹത്തിന് യാതൊരുവിധത്തിലും ഹാനികരമല്ലാത്ത ഉപദേശങ്ങളാണ് ബൈബിള്‍ നല്‍കുന്നത്.

ക്രിസ്തു ജഡാവതാരമെടുത്ത് ലോകത്തില്‍ വന്നത് സകല മാനവജാതിയുടെയും രക്ഷയ്ക്കു വേണ്ടിയാണെന്ന് വേദപുസ്തകം ഉദ്‌ഘോഷിക്കുന്നു. ദൈവപുത്രനായ യേശുക്രിസ്തുവില്‍ വ്യക്തിപരമായി വിശ്വസിച്ച് ജീവിതത്തില്‍ അംഗീകരിക്കുന്ന വ്യക്തി മാത്രമാണ് ബൈബിള്‍ വിഭാവന ചെയ്യുന്ന ക്രിസ്ത്യാനി അഥവാ യഥാര്‍ത്ഥ ക്രിസ്ത്യാനി. ഇവരുടെ കൂട്ടമാണ് സഭ. ഈ സഭയുമായിട്ടാണ് ക്രിസ്തുവിന് ബന്ധമുള്ളത്. ക്രിസ്തുവുമായി വ്യക്തിപരമായി ബന്ധം പുലര്‍ത്തുന്ന ആര്‍ക്കും ജാതി മത വര്‍ഗ്ഗ, വര്‍ണ്ണ, ലിംഗ, ദേശ, സംസ്‌കാരഭേദമെന്യേ ക്രിസ്ത്യാനി ആകാമെന്ന് ബൈബിള്‍ വ്യക്തമാക്കുന്നു. ക്രിസ്തുവിലായിത്തീര്‍ന്ന ഒരു വ്യക്തിക്ക് മറ്റുള്ളവരെ ദ്രോഹിക്കാന്‍ സാദ്ധ്യമല്ല. ക്രിസ്ത്യാനികള്‍ എന്ന പേരില്‍ അറിയപ്പെടുന്ന മറ്റു സമൂഹങ്ങളെല്ലാം ഭൂമിയിലെ കേവലം സംഘടനകള്‍ മാത്രമാണ്, സഭയല്ല.

ക്രിസ്തുവിന്റെ മരണ പുനരുത്ഥാന ശേഷം ഏകദേശം മൂന്നു നൂറ്റാണ്ടുകളില്‍ യഥാര്‍ത്ഥ ക്രിസ്ത്യാനികള്‍ ആണ് ലോകത്തില്‍ ഉണ്ടായിരുന്നത്. ക്രിസ്തു ജനിച്ച കാലത്ത് റോമാക്കാരായിരുന്നു പാലസ്തീന്‍ ഭരിച്ചിരുന്നത്. റോമന്‍ ഭരണാധികാരികള്‍ മൃഗീയമായ പീഡനങ്ങള്‍ അഴിച്ചുവിട്ടിട്ടും ക്രിസ്ത്യാനിത്വത്തെ നശിപ്പിക്കാനവര്‍ക്കു കഴിഞ്ഞില്ല. ദൈവം ഭൂമിയില്‍ സ്ഥാപിച്ച സഭയായിരുന്നതു കൊണ്ട് അത് പീഡനങ്ങളെ അതിജീവിച്ച് വളര്‍ന്നുവന്നു. ക്രിസ്ത്യാനികള്‍ രാജ്യത്ത് അവഗണിക്കാനാവാത്ത ശക്തിയായി വളര്‍ന്നുവന്നപ്പോള്‍ രാജാക്കന്മാരും ജനതയും ക്രിസ്തുമാര്‍ഗ്ഗത്തെ ഔദ്യോഗിക മതമായി അംഗീകരിക്കാന്‍ തയ്യാറായി.

മര്‍ദ്ദിതരുടെ സഭയായിരുന്നെങ്കിലും ആദിമനൂറ്റാണ്ടുകളില്‍ മാനസാന്തരപ്പെട്ട വിശുദ്ധരുടെ കൂട്ടമായിരുന്നു സഭ. സഭയില്‍ ഉച്ചനീചത്വം ഉണ്ടായിരുന്നില്ല. എന്നാല്‍ കാലത്തിന്റെ കുത്തൊഴുക്കില്‍ മനംമാറ്റം കൂടാതെ തന്നെ ജനം കൂട്ടത്തോടെ മതം മാറി ക്രിസ്ത്യാനികളായി അഥവാ നാമധേയ ക്രിസ്ത്യാനികളായി. ഏ.ഡി. 4-ാം നൂറ്റാണ്ടില്‍ റോമന്‍ ചക്രവര്‍ത്തിയായിരുന്ന കോണ്‍സ്റ്റന്റയിന്‍ മതം മാറിയപ്പോള്‍ തന്റെ രാജ്യത്തിലെ പ്രജകളൊന്നടങ്കം ക്രിസ്ത്യാനികളായി. ക്രിസ്ത്യാനികള്‍ക്ക് രാജാവ് വെച്ചുനീട്ടിയ വിശേഷാധികാരങ്ങളും പദവികളും സ്വായത്തമാക്കാനായിരുന്നു ഈ മതംമാറ്റം. 380 ഏ.ഡി.യില്‍ തിയഡോഷ്യസ് രാജാവ് തന്റെ പ്രജകളെ നിയമം മൂലം നിര്‍ബന്ധിച്ച് ക്രിസ്ത്യാനികളാക്കി. ഏ.ഡി. 395-ല്‍ ഇദ്ദേഹം തന്നെ റോമാ സാമ്രാജ്യത്തെ ഔദ്യോഗിക മതമായി ക്രിസ്ത്യാനിത്വത്തെ പ്രഖ്യാപിക്കുകയും പാഗണ്‍മതം അനുസരിക്കുന്നത് നിയമവിരുദ്ധമാക്കുകയും ചെയ്തു.

ബൈബിള്‍ വ്യവസ്ഥ കൂടാതെയുള്ള ഈ മതംമാറ്റം മൂലം ക്രിസ്ത്യാനികള്‍ അന്നു നിലവിലിരുന്ന പാഗണ്‍ മതത്തിന്റെ അനാചാരങ്ങളും ആരാധനയില്‍ കൂട്ടിക്കലര്‍ത്തി. അങ്ങനെ യഥാര്‍ത്ഥ ക്രിസ്തീയ ആരാധനയുടെ ആത്മാവ് സഭയ്ക്കു നഷ്ടമായി. ദൈവസഭ ക്രമേണ ഉച്ചനീചത്വവും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിറഞ്ഞ ക്രിസ്തീയ സംഘടനയായി അധഃപതിച്ചു. സഭയില്‍ പുരോഹിതന്മാരും ബിഷപ്പുമാരും പോപ്പും ഒക്കെ ഉണ്ടാവുകയും തിരുമേനി അയ്‌മേനി വിവേചനം അംഗീകരിക്കപ്പെടുകയും ചെയ്തു. അന്നു യൂറോപ്പില്‍ നിലനിന്നിരുന്ന ഫ്യൂഡലിസത്തിന്റെ പ്രതിഫലനമായിരുന്നു ഇത്. അങ്ങനെ സാര്‍വ്വത്രിക സഭ (Catholic Church or Church Universal) എന്ന നാമധേയം സഭ സ്വീകരിച്ചു. ഈ സഭയുടെ ആസ്ഥാനം റോം ആയിരുന്നു. അദ്ധ്യക്ഷന്‍ പോപ്പും.

ബൈബിള്‍ സത്യങ്ങളില്‍ നിന്ന് അകന്നുപോയ സഭ ക്രൈസ്തവമൂല്യങ്ങള്‍ കാറ്റില്‍പറത്തി അഴിമതിയുടെയും അധികാര പ്രമത്തതയുടെയും കൂത്തരങ്ങായി മാറി. ക്രൈസ്തവമല്ലാത്ത കുരിശുയുദ്ധങ്ങള്‍ സഭയുടെ അധഃപതനത്തിന്റെ ഏറ്റവും നല്ല തെളിവാണ്. കുരിശുയുദ്ധങ്ങള്‍ മുഖാന്തിരം ക്രൈസ്തവ വിശ്വാസത്തിന് വലിയ കോട്ടം തട്ടി. ചരിത്രത്തിലേക്ക് ഈ രക്തത്താളുകള്‍ തുന്നിച്ചേര്‍ത്തത് പ്രധാനമായും അധികാരമോഹികളും യുദ്ധക്കൊതിയന്മാരുമായ ചില പോപ്പുമാരുടെ വികല മനസ്സായിരുന്നു.

ഏ.ഡി. 1095 മുതല്‍ 1291 വരെയുള്ള കാലഘട്ടത്തില്‍ എട്ട് കുരിശുയുദ്ധങ്ങള്‍ നടന്നു. ഒന്നാം കുരിശുയുദ്ധമൊഴികെ മറ്റെല്ലാം അമ്പേ പരാജയപ്പെട്ടു. സെല്‍ജുക്ക് തുര്‍ക്കികള്‍ ക്രിസ്ത്യന്‍ തീര്‍ത്ഥാടകരെ പീഡിപ്പിച്ചതും, കോണ്‍സ്റ്റാന്റിനോപ്പിള്‍ തലസ്ഥാനമായുള്ള ബൈസാന്റയില്‍ സാമ്രാജ്യാധഃപതനവും ഇറ്റാലിയന്‍ നഗരങ്ങളായിരുന്ന പിസ, ജനോവ, വെനീസ്, അമല്‍ഫി തുടങ്ങിയ നഗരങ്ങളുടെ കച്ചവടക്കണ്ണും പാലസ്തീന്‍ തേനും പാലും ഒഴുകുന്ന രാജ്യമാണെന്നുള്ള കഥകളും സഞ്ചാരകൗതുകവും സാഹസികതയും തുടങ്ങി അനേകം കാരണങ്ങള്‍ കുരിശ് യുദ്ധങ്ങള്‍ക്ക് ചൂണ്ടിക്കാണിക്കാമെങ്കിലും അതിപ്രധാനമായ കാരണം തന്റെ അധികാരത്തിന്‍ കീഴില്‍ റോം തലസ്ഥാനമായി പ്രബലമായ ഒരു ക്രൈസ്തവലോകം കെട്ടിപ്പടുക്കാനുള്ള പോപ്പിന്റെ അധികാര ദുര്‍മോഹമായിരുന്നു.

പാപങ്ങളുടെ മോചനത്തിനും സ്വര്‍ഗ്ഗരാജ്യത്തില്‍ അക്ഷയമായ പ്രതിഫലം ലഭിക്കേണ്ടതിനും ജറുസലേമിന്റെ മോചനത്തിന് അണിചേരാന്‍ പോപ്പ് ആഹ്വാനം ചെയ്തതിന്റെ പിന്നിലെ ഗൂഢലക്ഷ്യം ക്രിസ്തുമതത്തിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുക വഴി തന്റെ അധികാരം ലോകത്തിലേതൊരു ശക്തിയെക്കാളും വലുതാണെന്ന് തെളിയിക്കുക എന്ന സ്വാര്‍ത്ഥ താല്പര്യമായിരുന്നു. ഒരു പരിധി വരെ ഇത് നേടിയെടുക്കാനും കഴിഞ്ഞു. ഒന്നാം കുരിശുയുദ്ധകാലത്ത് താല്‍ക്കാലികമായെങ്കിലും ക്രൈസ്തവ യൂറോപ്പ് മുഴുവനും പോപ്പിനെ തലവനായി അംഗീകരിച്ചു. ബൈബിള്‍ അനുശാസിക്കുന്ന കല്പനകള്‍ പ്രമാണിക്കുന്നവര്‍ക്കു മാത്രമാണ് സ്വര്‍ഗ്ഗത്തില്‍ പ്രതിഫലം ലഭിക്കുന്നതെന്നും, മനുഷ്യരുടെ പാപം മോചിക്കാന്‍ ദൈവത്തിനു മാത്രമേ അധികാരമുള്ളൂ എന്നും, കൊലപാതകി ദൈവരാജ്യം അവകാശമാക്കുകയില്ല എന്നുമുള്ള ബൈബിള്‍ സിദ്ധാന്തങ്ങള്‍ക്കെതിരാണ് പോപ്പിന്റെ ആഹ്വാനം.

പോപ്പ് അര്‍ബന്റെ തീപ്പൊരി പ്രസംഗങ്ങളും പ്രലോഭനങ്ങളും ആയിരക്കണക്കിനാളുകളെ യുദ്ധ കുതുകികളാക്കി. ആവേശഭരിതരായ കുരിശുയുദ്ധക്കാര്‍ ക്രിസ്തുവിന്റെ ജന്മനാടിന്റെ മോചനത്തിനായി ഒന്നാം കുരിശുയുദ്ധത്തില്‍ അണിചേര്‍ന്നു. കഠിനയാതനകള്‍ സഹിച്ച് 1099-ല്‍ അവര്‍ തുര്‍ക്കികളെ പരാജയപ്പെടുത്തി ജറൂസലേം പിടിച്ചടക്കി. യുദ്ധത്തില്‍ അവര്‍ ചെയ്ത കൊടുംക്രൂരതകള്‍ ക്രിസ്ത്യാനികള്‍ എന്ന നാമത്തിനു തന്നെ അപമാനകരമാണ്. റെയ്മണ്ട് എന്ന ദൃക്‌സാക്ഷി വിവരിക്കുന്നു: തലയറുക്കപ്പെട്ട തുര്‍ക്കികളുടെ ശരീരങ്ങള്‍, അമ്പേറ്റു വീണവര്‍, ഗോപുരത്തിന്റെ മുകളില്‍ നിന്ന് താഴേക്കു ചാടാന്‍ നിര്‍ബന്ധിതരായവര്‍,

ദിവസങ്ങളോളം പീഡിപ്പിച്ച ശേഷം തീയില്‍ ദഹിപ്പിക്കപ്പെട്ടവര്‍, തെരുവുകളില്‍ അറുക്കപ്പെട്ട തലകളുടെയും കൈകളുടെയും കാലുകളുടെയും കൂമ്പാരങ്ങള്‍, എങ്ങും മൃതശരീരങ്ങള്‍, കുത്തിക്കൊലപ്പെടുത്തപ്പെട്ട സ്ത്രീകളുടെ ശവശരീരങ്ങള്‍. മുലകുടിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞുങ്ങളെ കുരിശുയുദ്ധക്കാര്‍ അമ്മമാരുടെ മാറിടത്തില്‍ നിന്നും കാലില്‍ പിടിച്ചുവലിച്ചെടുത്ത് ഭിത്തിയില്‍ അടിച്ചുകൊന്നു. ജറൂസലേമില്‍ അവശേഷിച്ച 70,000 തുര്‍ക്കികളെ നിഷ്‌കരുണം കശാപ്പു ചെയ്തു. യുദ്ധത്തില്‍ നിന്നും രക്ഷപ്പെട്ട യഹൂദരെ സിനഗോഗിനുള്ളിലാക്കി ജീവനോടെ ദഹിപ്പിച്ചു. വിജയികളായ കുരിശുയുദ്ധക്കാര്‍ ഈ സംഹാരതാണ്ഡവത്തിനു ശേഷം പള്ളിയില്‍ കയറി സന്തോഷാതിരേകത്താല്‍ പരസ്പരം ആലിംഗനം ചെയ്ത് ഈ വിജയം നല്‍കിയ ദൈവത്തിന് നന്ദി പറഞ്ഞു.

കുരിശുയുദ്ധങ്ങള്‍ ബൈബിള്‍വിരുദ്ധമാണെന്ന തിരിച്ചറിവിന് സാമാന്യജ്ഞാനം മാത്രം മതി. 1212-ല്‍ കുരിശുയുദ്ധ പ്രേമികള്‍ കുട്ടികളുടെ കുരിശുയുദ്ധം നടത്തി നിഷ്‌കളങ്കരായ ആയിരക്കണക്കിനു കുട്ടികളുടെ ജീവന്‍ ഹോമിച്ചു. വമ്പിച്ച രക്തച്ചൊരിച്ചിലിലൂടെ ജറുസലേമില്‍ നിലവില്‍ വന്ന ലത്തീന്‍ രാജ്യം 1099 എ.ഡി. മുതല്‍ 1143 എ.ഡി. വരെ നിലനിന്നു. ഗോഡ് ഫ്രെ എന്ന നേതാവ് ഈ രാജ്യത്തിന്റെ രാജാവായിരുന്നെങ്കിലും പോപ്പിനായിരുന്നു പരമാധികാരം. ഇക്കാലത്ത് ജറുസലേമിലെ ക്രിസ്ത്യാനികള്‍ കഴിഞ്ഞുപോയ തുര്‍ക്കി ഭരണകാലത്തെ സുവര്‍ണ്ണയുഗം എന്നു വിശേഷിപ്പിച്ചു. അത്രയ്ക്കു കിരാതഭരണമായിരുന്നു പോപ്പും കൂട്ടരും നടത്തിയത്.

ബര്‍നാഡ് സന്യാസിയുടെ ആഹ്വാനത്തിന്റെ ഫലമായി ഉണ്ടായതായിരുന്നു രണ്ടാം കുരിശുയുദ്ധം. പോപ്പ് യു ഗേനിയസ് III-ാമനും ഈ ആഹ്വാനം സ്വീകരിച്ചു. ബര്‍നാഡ്, ഫ്രഞ്ച് രാജാവായ ലൂയി ഏഴാമനെ കുരിശെടുക്കാന്‍ നിര്‍ബന്ധിച്ചു. കുരിശുണ്ടാക്കാനായി ബര്‍ണാഡ് തന്റെ ളോഹ കീറി നല്‍കി. ഈ ളോഹക്കഷ്ണങ്ങളുപയോഗിച്ചുണ്ടാക്കിയ കുരിശുകള്‍ ക്രൂസേഡുകാര്‍ വസ്ത്രത്തില്‍ തുന്നിപ്പിടിപ്പിച്ചു. ജര്‍മ്മനിയിലെത്തിയ ബര്‍ണാഡ് കോണ്‍റാഡ് III രാജാവിനെ കുരിശുയുദ്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു. 1146 മുതല്‍ 1148 വരെ നടന്ന ഈ കുരിശുയുദ്ധം പൂര്‍ണ്ണപരാജയമായിരുന്നു. ക്രിസ്ത്യാനികള്‍ തന്നെ ക്രിസ്ത്യാനിത്വത്തിന്റെ തത്വങ്ങള്‍ ചോദ്യം ചെയ്തു തുടങ്ങി. ക്രിസ്തുവിന്റെ ജന്മസ്ഥലം വീണ്ടെടുക്കാന്‍ ക്രിസ്തീയ വിശ്വാസത്തിന്റെ സംരക്ഷകര്‍ എന്തുകൊണ്ട് പരാജയപ്പെടുന്നു എന്ന ചോദ്യം ഒരു വിഭാഗം ക്രിസ്ത്യാനികളുടെ മനസ്സില്‍ ഉത്തരം കിട്ടാത്ത ചോദ്യമായിത്തന്നെ തലയുയര്‍ത്തി നിന്നു.
1189-92 വരെ നടന്ന മൂന്നാം കുരിശുയുദ്ധത്തില്‍ ഫ്രഞ്ച് രാജാവായ ഫിലിപ്പും ഇംഗ്ലണ്ടിലെ രാജാവ് റിച്ചാര്‍ഡ് I-ാമനും ജര്‍മ്മന്‍ രാജാവ് ഫ്രെഡറിക് ബാര്‍ബറോസയും പങ്കെടുത്തെങ്കിലും ഇതും പരാജയത്തില്‍ കലാശിച്ചു.

നാണംകെട്ട കുരിശുയുദ്ധമായിരുന്നു നാലാം കുരിശുയുദ്ധം. കുരിശുയുദ്ധ സൈനികരായ ക്രിസ്ത്യാനികള്‍ കോണ്‍സ്റ്റാന്റിനോപ്പിളിലെ ക്രിസ്ത്യാനികളുമായി പോരാടി. പൂര്‍വ്വ റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഈ പുരാതന നഗരത്തിന്റെ ഒരു ഭാഗം അഗ്നിക്കിരയാക്കിയതിന്റെ ഫലമായി വമ്പിച്ച വിജ്ഞാനശേഖരം വരുംതലമുറയ്ക്കു നഷ്ടമായി. അപരിഷ്‌കൃത വര്‍ഗ്ഗമായിരുന്ന ഗോഥുകളും വാന്‍ഡലുകളും റോമിനെ ആക്രമിച്ചു നശിപ്പിച്ചതിനേക്കാള്‍ ക്രൂരമായ നാശനഷ്ടങ്ങളായിരുന്നു പരിഷ്‌കൃതരെന്നഭിമാനിച്ചിരുന്ന ക്രൂസേഡുകാര്‍ കോണ്‍സ്റ്റാന്റിനോപ്പിളിനു വരുത്തിയത്.

വീടുകളിലും കടകളിലും ദേവാലയങ്ങളിലും കയറി കൊള്ളയടിച്ചു. സ്വര്‍ണ്ണവും വെള്ളിയും ലഭിക്കുന്നതിനു വേണ്ടി ദേവാലയ അള്‍ത്താരകള്‍ തുണ്ടംതുണ്ടമായി മുറിച്ചു. ലൈംഗികാസക്തരായ ക്രൂസേഡുകാര്‍ സ്ത്രീകളെ വേട്ടയാടി. കന്യാസ്ത്രീകളെ പോലും കളങ്കപ്പെടുത്തി. അമൂല്യങ്ങളായ കയ്യെഴുത്തുപ്രതികള്‍ നശിപ്പിച്ചു. ലൈബ്രറികളിലെ അപൂര്‍വ്വഗ്രന്ഥങ്ങള്‍ അഗ്നിക്കിരയാക്കി. 1453-ല്‍ തുര്‍ക്കികള്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കിയപ്പോഴുണ്ടായ നാശനഷ്ടങ്ങള്‍ ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ തുലോം നിസ്സാരം. ക്രൂസേഡുകാരുടെ കാല്‍ക്കീഴില്‍ ഞെരിഞ്ഞമര്‍ന്ന കോണ്‍സ്റ്റാന്റിനോപ്പിള്‍ പിന്നീടൊരിക്കലുമെഴുന്നേറ്റില്ല. കുരിശുയുദ്ധക്കാര്‍ വിതച്ച നാശം തന്നെയായിരുന്നു പില്‍ക്കാലത്ത് തുര്‍ക്കികള്‍ക്ക് കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിച്ചെടുക്കാന്‍ വഴിയൊരുക്കിയതും.


This image has an empty alt attribute; its file name is omana-russel.jpg

ഡോ. ഓമന റസ്സല്‍
(സീനിയര്‍അക്കാഡമിക് ഫെല്ലോ, ICHR ഡല്‍ഹി)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!