കൊറോണ എന്നിൽനിന്ന് 200 രൂപാ വാങ്ങും !!

കൊറോണ എന്നിൽനിന്ന് 200 രൂപാ വാങ്ങും !!

പോലീസ് കൈ കാണിച്ചപ്പോള്‍ വാഹനം നിര്‍ത്തി. എന്റെ വശത്തെ വിന്‍ഡോ ഞാന്‍ തുറന്നു. ഗ്ലാസ് താഴ്ത്തുന്നതിനു മുമ്പേ മാസ്‌ക് ധരിക്കാന്‍ മറന്നില്ല.

”നിയമം ലംഘിച്ചിരിക്കുന്നു. അതുകൊണ്ട് ഫൈന്‍ അടയ്ക്കണം.” പോലീസ് ആവശ്യപ്പെട്ടു.

”ഏത് നിയമം തെറ്റിച്ചു?” എന്നായി ഞാന്‍. ”മാസ്‌ക് ധരിച്ച് യാത്ര ചെയ്തില്ല” എന്ന് പോലീസ്.

എറണാകുളത്തെ എന്റെ വീട്ടില്‍ നിന്നും തിരുവല്ല മുണ്ടിയപ്പള്ളിയിലേക്കുള്ള യാത്രയിലാണ് പോലീസ് വാഹനം തടഞ്ഞത്. എറണാകുളം കുണ്ടന്നൂരില്‍
വച്ചാണ് യാത്രയ്ക്ക് വിലങ്ങു വീണത്. മുണ്ടിയപ്പള്ളിയിലെ വീട് എന്റെ തറവാടാണ്.

”ഞങ്ങള്‍ നാലു പേരും ഒരു വീട്ടില്‍ ഒരുമിച്ച് താമസിക്കുന്നവരാണ്. വെളിയിലേക്ക് ഇറങ്ങുമ്പോള്‍ ധരിക്കാന്‍ ഞങ്ങളുടെ കൈവശം മാസ്‌കുണ്ട്. പാലാരിവട്ടത്തു നിന്നും ആരംഭിച്ചതാണ് ഈ യാത്ര. ഇനി മുണ്ടിയപ്പളളിയിലേ വണ്ടി നിര്‍ത്തൂ. ഇടയ്ക്ക് വാഹനം നിര്‍ത്തുകയോ വെളിയില്‍ ഇറങ്ങുകയോ ചെയ്യില്ല. ഭക്ഷണം ആവശ്യത്തിന് വണ്ടിയില്‍ ഉണ്ട്. വെള്ളവും ആവശ്യത്തിലധികം കരുതിയിട്ടുണ്ട്. വേറെ എങ്ങും വണ്ടി നിര്‍ത്തില്ല. ഒരു കുടുംബാംഗങ്ങളായ ഞങ്ങള്‍, ഒരു വീട്ടില്‍ താമസിക്കുന്നവര്‍ കാറിനുള്ളില്‍ എന്തിന് മാസ്‌ക് ധരിക്കണം? ഇറങ്ങുമ്പോള്‍ പോരേ?
എന്റെ ദൃഢമായ ചോദ്യങ്ങള്‍ക്കും അവകാശവാദങ്ങള്‍ക്കും മുമ്പില്‍ പോലീസ് ഒന്നും കുഴങ്ങി.

വണ്ടി പിടിച്ചിട്ടതല്ലേ, ഫൈന്‍ അടയ്ക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടതും അല്ലേ. ഇനിയെങ്ങനെ പിഴ ചുമത്താതെ വണ്ടി വിടും. പക്ഷേ വണ്ടിക്കുള്ളില്‍ മാസ്‌ക് ധരിക്കാന്‍ നിയമം ഉണ്ടെന്ന് പോലീസ് തീര്‍ത്തു പറഞ്ഞു. സംസാരം അല്പം നീണ്ടു.
ഒരു കുടുംബം, ഒരു വീട്ടില്‍ താമസിക്കുന്നവര്‍ ഒരു കാറില്‍ ഒരിടത്തേക്കു യാത്ര ചെയ്യുന്നു. ഒരുമിച്ച് അവസാനത്തെ ഡെസ്റ്റിനേഷനിലേ ഇറങ്ങൂ. പിന്നെന്തിന് മാസ്‌ക് വയ്ക്കണം. അഥവാ വെളിയില്‍ ഇറങ്ങിയാല്‍ ധരിക്കാന്‍ മാസ്‌ക് കരുതിയിട്ടുമുണ്ട്. അതുകൊണ്ടാണ് പോലീസ് വാഹനം തടഞ്ഞപ്പോള്‍ മാസ്‌ക് ധരിച്ചിട്ട് ഗ്ലാസ് താഴ്ത്തിയത്.

അങ്ങനെയെങ്കില്‍ ഭാര്യയും ഭര്‍ത്താവും മക്കളുമെല്ലാം വീടിനുള്ളില്‍ മുഖപ്പട്ട കെട്ടിക്കൊണ്ട് 24 മണിക്കൂറും കഴിയണമല്ലോ. എന്റെ ചിന്ത ഇങ്ങനെ കാടു കയറി. ഞാന്‍ അസ്വസ്ഥനായി.

ജീവിതത്തില്‍ ഒരിക്കലും അറിഞ്ഞുകൊണ്ട് നിയമലംഘനം നടത്തിയിട്ടില്ല. ഇവിടെയും നിയമലംഘനം ഞാന്‍ നടത്തിയിട്ടില്ല. പക്ഷേ പോലീസ് പറയുന്നു, ”ഫൈന്‍ അടയ്ക്കണം, നിങ്ങള്‍ തെറ്റു ചെയ്തിരിക്കുന്നു.”

യാത്രയുടെ അടിയന്തരസ്വഭാവം എന്നെ തണുപ്പിച്ചു. ”ഫൈന്‍ അടിച്ചു തരൂ” എന്നായി ഞാന്‍ പോലീസിനോട്.

അദ്ദേഹത്തിന് ആശ്വാസമായെന്ന് എനിക്കു തോന്നി. എനിക്ക് അസ്വസ്ഥത കൂടിയതേ ഉളളൂ.

ഫൈന്‍ അടിച്ച പേപ്പര്‍ കയ്യില്‍ കിട്ടിയപ്പോള്‍ തെല്ലമ്പരന്നു പോയി. 200 രൂപാ. ”200 രൂപാ തന്നേക്കട്ടെ” എന്നു ഞാന്‍ ചോദിച്ചു. ”വേണ്ട. കോടതിയില്‍ നിന്നും പേപ്പര്‍ വരുമ്പോള്‍ അടച്ചാല്‍ മതി”യെന്നായി പോലീസ്.

നിയമലംഘനം നടത്തിയാല്‍ 200-ന് പകരം ഇരുപതിനായിരം കൊടുക്കാന്‍ ഞാന്‍ റെഡി. അമേരിക്കന്‍ ഭാഷയില്‍ പറഞ്ഞാല്‍ 200 രൂപയുടെ ടിക്കറ്റ് എന്റെ ഫയലില്‍ ഭദ്രമായി ഇപ്പോള്‍ നിദ്രയിലാണ്.
ഇടയ്ക്കിടെ ഓര്‍ക്കുമ്പോള്‍ ഇത്തിരി വിമ്മിഷ്ടം തോന്നുന്നു.

നിയമം പ്രജകള്‍ക്കു വേണ്ടിയുള്ളതാണോ, അതോ അത് വളച്ചൊടിച്ച് പ്രജകളുടെ മേല്‍ പ്രയോഗിച്ച് രസിക്കാനുള്ളതാണോ?
ഏതായാലും ഞാന്‍ കാത്തിരിക്കുന്നു, കോടതിയില്‍ നിന്നും എനിക്കുള്ള നോട്ടീസിനായി. 200 രൂപയും റെഡി.

മനസ്സിന് ഒരു വല്ലായ്മ. നിയമം ലംഘിച്ചോ എന്ന് ഞാന്‍ എന്നോടു തന്നെ ചോദിക്കുന്നു. ഇല്ലെന്നാണ് എന്റെ ഉത്തരം.
ഇനി നിയമം വ്യാഖ്യാനിച്ച് തെറ്റുചെയ്തു എന്ന് ബോധ്യപ്പെടുത്തിയാല്‍ എനിക്കത് ഉള്‍ക്കൊള്ളാനും മടിയില്ല.

വര്‍ഗീസ് ചാക്കോ, ഷാര്‍ജ
johnygilead@gmail.com

One thought on “കൊറോണ എന്നിൽനിന്ന് 200 രൂപാ വാങ്ങും !!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!