ജനറൽ കൺവൻഷനുകൾക്ക് തുടക്കമായി;വരവു ചെലവു കണക്കുകൾസുതാര്യമാകണം

ജനറൽ കൺവൻഷനുകൾക്ക് തുടക്കമായി;വരവു ചെലവു കണക്കുകൾസുതാര്യമാകണം


വര്‍ഗീസ് ചാക്കോ
johnygilead@gmail.com

കേരളത്തിലെ പെന്തെക്കോസ്തു സഭകളുടെ ജനറൽ കൺവൻഷനുകൾക്ക് ശാരോൻ ജനറൽ കൺവൻഷനോടുകൂടി തുടക്കമായിരിക്കുന്നു.

കൺവൻഷനുകൾ നല്ലതാണ്. ഒരു സംഘടനയിലെ അംഗങ്ങൾക്ക് പരസ്പരം കാണാനും ബന്ധം പുതുക്കാനും വർഷത്തിൽ ഒന്നെങ്കിലും ഒരുമിച്ചു കൂടേണ്ടത് ആവശ്യമാണ്. ദൈവമക്കളുടെ കൂട്ടായ്‌മ എന്നത് അടിസ്‌ഥാന ഉപദേശവും കൂടിയാണല്ലോ.

25 ഉം 50 ഉം ലക്ഷങ്ങൾ മുടക്കി കൺവൻഷനുകൾ നടത്തുമ്പോൾ അത് ഭക്ഷണം കഴിച്ച് പിരിഞ്ഞതിന്റെയും കുറെ പേർക്ക് സ്റ്റേജിൽ പെർഫോമൻസ് ചെയ്യാൻ കഴിഞ്ഞതിന്റെയും സംതൃപ്‌തിയിൽ മാത്രം ഒതുങ്ങിപ്പോകുന്ന രീതികളാണ് പൊതുവെ കണ്ടു വരുന്നത്. ആ അവസ്ഥയും മാറണം. ആത്മീയ യോഗങ്ങളിൽ ആത്മീയമായി എന്തു ഫലം ഉണ്ടായി എന്നുകൂടി വിലയിരുത്തണം. ആത്മീയമായി ഗുണം ഉണ്ടായില്ല എങ്കിൽ ഇത്തരം മഹാ സമ്മേളനങ്ങൾ കൊണ്ട് സാമ്പത്തിക നഷ്‌ടം മാത്രമേ ഉള്ളൂ.

ഈ കുറിപ്പിൽ ഞാൻ പ്രധാനമായും ഊന്നൽ കൊടുക്കുന്നത് സാമ്പത്തിക വിഷയത്തിലാണ്. എല്ലാ വർഷങ്ങളിലും മിക്കവാറും എല്ലാ സഭകളിലുംതന്നെ കൺവൻഷൻ കഴിയുമ്പോൾ വരവു ചിലവു കണക്കുകളെപ്പറ്റി വിമർശനങ്ങളും എതിരഭിപ്രായങ്ങളും ഉയർന്നു കേൾക്കുന്നത് സാധാരണമാണ്. കാരണം മറ്റൊന്നുമല്ല, നമുക്കിടയിൽ മറ്റുള്ള സമൂഹങ്ങളെപ്പോലെ കൃത്യമായ കണക്കുകൾ സൂക്ഷിക്കുന്ന രീതികൾ ഇല്ല. ഓരോരുത്തർക്കും തോന്നിയതുപോലെ ഓരോ കാര്യങ്ങൾ ചെയ്യുന്നു. ആരും ചോദിക്കാനില്ല.

ഇന്ന് മറ്റേതൊരു സംഘടനയെയും പോലെ പെന്തെക്കോസ്തു സഭകളും വളർന്നു പന്തലിച്ചു. സാമ്പത്തികമായി അത്ഭുത പ്പെടുത്തുന്ന നിലയിലേക്ക് വളർച്ച ഉണ്ടായി. എന്നാൽ കൃത്യമായ വിനിയോഗം നടക്കാത്തത് കൊണ്ടും അവരവർ തങ്ങളുടെ ഇഷ്‌ടാനുസരണം പ്രവർത്തിച്ചതുകൊണ്ടും പെന്തെക്കോസ്തു സംഘടനകൾക്ക് മറ്റു ക്രൈസ്തവ സംഘടനകളെപ്പോലെ പൊതു സ്ഥാപനങ്ങളോ സ്വന്തമായി നിലനിൽക്കാനുള്ള കെട്ടുറപ്പോ ഉണ്ടായില്ല. പണം ഇല്ലാത്തതുകൊണ്ടല്ല,

ശരിയായി വിനിയോഗിക്കാത്തത് മൂലം സംഭവിച്ച പാളിച്ചകളാണ് എല്ലാം. ഇപ്പോൾ തന്നെ പെന്തെക്കോസ്തു സംഘടനകളിലെ ലോക്കൽ സഭകളുടെയും സ്ഥലത്തിന്റെയും ഒക്കെ കോടിക്കണക്കിനു വില വരുന്ന ആധാരങ്ങളും മറ്റുമൊക്കെ മരിച്ചുപോയ നേതാക്കളുടെയും അവരുടെ മക്കളുടെയും ജീവിച്ചിരിക്കുന്നവരുടെയും ഒക്കെ പേരിലാണ്. വളരെ ഭീകരമായ പ്രശ്നങ്ങളാണ് വരുംകാലങ്ങളിൽ സഭകൾ അഭിമുഖീകരിക്കാൻ പോകുന്നത്. ഒരു ഉദാഹരണം പറഞ്ഞു എന്നേയുള്ളു. ഒത്തിരി പ്രശ്‌നങ്ങൾ ഇതേ മാതൃകയിൽ സാമ്പത്തിക കാര്യങ്ങളിലെ കെടുകാര്യസ്ഥത മൂലം പെന്തെക്കോസ്തു സഭ അനുഭവിക്കുന്നുണ്ട്.

പെന്തെക്കോസ്തു സഭകളുടെ സാമ്പത്തിക ഇടപാടുകൾ മൂലം ഉണ്ടാകുന്ന
പല വിമർശനങ്ങളിലും കഴമ്പുണ്ടെന്ന് തോന്നും വിധമാണ് കാര്യങ്ങളുടെ പോക്ക്. ഈ അവസ്ഥയ്ക്ക് ഒരു അറുതി വരണം. വന്നേ മതിയാകൂ.

ഇപ്പോൾ കൺവൻഷൻ സീസനാണല്ലോ. പല ലോക്കൽ സഭകളും വരുമാന മാർഗ്ഗമായി കൺവൻഷനുകളെ കാണുന്നുണ്ട് എന്നതാണ് അവസ്‌ഥ. നമ്മൾ എന്തു ചെയ്താലും നമുക്ക് കണക്കു വേണം.

കൺവൻഷനുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ഓരോ പൈസയുടെയും കണക്ക് അറിയുവാൻ സഭാ വിശ്വാസികൾക്കും ശുശ്രൂഷകർക്കും അവകാശമുണ്ട്. കാരണം, അത് വിശ്വാസികളുടെ അധ്വാനമാണ്. അവർ അറിയണം; അവരെ അറിയിക്കണം. അവർ വിശദീകരണം ചോദിച്ചാൽ മാന്യമായി മറുപടി പറയേണ്ട ബാധ്യത ഫിനാൻസ് കമ്മിറ്റികൾക്കുണ്ട്. കൃത്യമായ കണക്ക് ഒളിയും മറയും കൂടാതെ ഓരോ സഭാംഗത്തിനും നൽകുവാൻ ബന്ധപ്പെട്ട സഭാകമ്മിറ്റിയും പ്രതിജ്ഞാബദ്ധരാകണം. ആയേ മതിയാകൂ.

പൂച്ചയ്ക്ക് ആരു മണികെട്ടും എന്നതാണ് പലരുടെയും ചോദ്യം. ആരും അഭിപ്രായം പരസ്യമായി പറയാത്തതുകൊണ്ട് ഒരു സമൂഹം മുഴുവൻ ചൂഷണത്തിന് വിധേയരായി ത്തീരുന്നു.

ഒരാൾ നേതാവായാൽ അദ്ദേഹം തിരുവായ്ക്ക് മറുവാക്കില്ല എന്ന നിലയിൽ എല്ലാം കയ്യടക്കുന്നു, നിയന്ത്രണ പരിധിയിൽ കൊണ്ടു വരുന്നു. പതിയെ പതിയെ അദ്ദേഹത്തിന്റെ വേണ്ടപ്പെട്ടവരെ പല സ്ഥാനങ്ങളിലേയ്ക്കും തിരുകികയറ്റുന്നു. ഒടുവിൽ മുഴുവൻ സംവിധാനത്തെയും ഹൈജാക്ക് ചെയ്യുന്നു. ആർക്കും ഒന്നും ചെയ്യാനോ അഭിപ്രായം പറയാനോ പോലും സാധിക്കാത്തവിധം കാര്യങ്ങൾ മാറി മാറിയുന്നു. അദ്ദേഹത്തിന്റെ മരണശേഷം മക്കളും മരുമക്കളും മണിയടിക്കാരും ബന്ധപ്പെട്ടവരും പ്രസ്ഥാനങ്ങളെ കയ്യാളുന്നു.

ഇത് പല പെന്തെക്കോസ്തു സംഘടനകളുടെയും ഇന്നലെകളിലെയും നിലവിലേയും ദുരവസ്ഥയാണ്. ഇന്നലെകളിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി, ഞാൻ ഇപ്പൊ ശരിയാക്കിത്തരാം എന്നും പറഞ്ഞാണ് അടുത്തയാൾ ഭരണ രംഗത്തേക്ക് വരുന്നത്. അധികാരത്തിന്റെ മത്തുപിടിച്ചു കഴിയുമ്പോൾ മുൻഗാമികളേക്കാൾ പിൻഗാമികൾ ഏറ്റവും വലിയ വെല്ലുവിളികൾ ആയി മാറുന്നു.

ദ്രവ്യാ ഗ്രഹം സകല വിധ ദോഷത്തിന്റെയും മൂല കാരണമാണ് എന്ന് ബൈബിൾ പറയുന്നു. ഇവിടെയും നമ്മുടെ നേതാക്കൾക്ക് സംഭവിക്കുന്നതും പ്രത്യക്ഷമായോ പരോക്ഷമായോ ദ്രവ്യാഗ്രഹം എന്ന ദോഷമാണ്. ഇതു മാറാൻ സഭ ഒന്നടങ്കം ശ്രമിക്കണം. കണക്കു കാര്യങ്ങളിൽ സുതാര്യത ഉണ്ടാകണം. അതുണ്ടായാൽ എല്ലാം ശരിയാകും. കാര്യങ്ങൾ സുതാര്യമാകുമ്പോൾ അധികാരങ്ങൾക്ക് വേണ്ടിയുള്ള വടം വലിയും കുറയും. പെന്തെക്കോസ്തിൽ നേതാക്കൾ പ്രസ്ഥാനങ്ങളായി മാറുന്ന കാഴ്ചയാണ് പൊതുവെ ഉള്ളത്. അതു മാറണം. ഓരോ സഭയും ഇക്കാര്യത്തിൽ തീരുമാനമെടുത്താൽ സഭ നന്നാകും.

എല്ലാ മുഖ്യധാരാ സഭകൾക്കും വെബ്‌സൈറ്റുകൾ ഉണ്ടെന്നാണ് എന്റെ നിഗമനം.
കൺവൻഷനുകൾക്കുൾ പ്പടെ വിശ്വാസികൾ വിവിധ ആവശ്യങ്ങൾക്കായി നൽകുന്ന തുകയുടെ വരവു ചിലവ് കണക്കുകൾ അതത് സഭകളുടെ വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിക്കണം. ഒളിക്കാനും മറയ്ക്കാനും ഒന്നുമില്ലെങ്കിൽ എന്തു കൊണ്ട് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചുകൂടാ? കൂടുതൽ വിശ്വാസ്യതയ്ക്ക് ഉപകരിക്കും എന്നു മാത്രമല്ല, ഒപ്പം അനാവശ്യമായ വിമർശനങ്ങളേയും സോഷ്യൽ മീഡിയയിലെ ആരോപണങ്ങളെയും നിഷ്പ്രയാസം അതിജീവിക്കുകയും ചെയ്യാം. സോഷ്യൽ മീഡിയകളിൽ അനാവശ്യ വിമർശനം ഉന്നയിക്കുന്നവർക്ക് വായനക്കാർ വെബ്‌സൈറ്റുകളിൽ നിന്ന് മറുപടി നൽകുകയും ചെയ്യും.

മറ്റൊരു കാര്യം പറയാനുള്ളത്, സോഷ്യൽ മീഡിയകളെ നിസ്സാരമായി കാണുന്ന പ്രവണത അവസാനിപ്പിക്കണം എന്നതാണ്. അവിടെ യുവജനങ്ങളാണ് പ്രധാനമായും സഭയെപ്പറ്റിയുള്ള ആരോപണങ്ങൾ കേൾക്കുന്നത്. അവർ തെറ്റിദ്ധരിപ്പിക്കപ്പെട്ടാൽ നാളത്തെ സഭയാണ് തകരുന്നത് എന്ന് ഇന്നത്തെ നേതൃത്വം തിരിച്ചറിയണം. അതുകൊണ്ട് സാമ്പത്തിക കാര്യങ്ങളിലെ സുതാര്യത പെന്തെക്കോസ്തു സഭകളുടെ മുഖമുദ്രയായി മാറണം. വേലി തന്നെ വിളവ് തിന്നുന്നു എന്ന തോന്നൽ ഉണ്ടായാൽ പിന്നത്തെ ഗതി എന്താകും എന്നു പറയേണ്ടതില്ലല്ലോ.

സീസറിന്റെ പത്നി സംശയത്തിനതീതയായിരിക്കണം എന്നുള്ള ഷേക്സ്പിയറിന്റെ ചിന്ത ഇവിടെയും പ്രസക്തമാണ്. യേശുവിനെയും ഒരു പക്ഷേ, കുറ്റവാളിയായിട്ടാണ് ക്രൂശിലേറ്റിയത്. പക്ഷേ തനിക്കെതിരെ ആരോപണം ഉന്നയിച്ചവരുടെ വായടപ്പിച്ചും സാക്ഷാൽ സൈനിംഗ് അതോറിറ്റിയായ പിലാത്തോസിനെക്കൊണ്ട് യേശുവിൽ കുറ്റം ഒന്നും ഇല്ല എന്നു പറയിപ്പിച്ച ശേഷമാണ് യേശു ശിക്ഷാവിധി ഏറ്റു വാങ്ങിയത്.

ക്രിസ്ത്യൻ ലീഡർഷിപ്പ് പിന്തുടരേണ്ട മാർഗ്ഗവും ഇതല്ലാതെ മറ്റൊന്നല്ല. അടികൊള്ളുന്നത് വിശ്വാസത്തിന്റെ ഭാഗമാണ്. അതേസമയം, അവയൊക്കെ സഹിക്കുന്നത് നന്മ ചെയ്തിട്ടാകണം; അത് സഭാംഗങ്ങൾക്ക് ബോധ്യം വരികയും വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!