അമേരിക്കയിലെ മൂന്നാമത്തെ വലിയ പട്ടണമായ ചിക്കാഗോയില്‍ കാല്‍ കുത്തുന്നതിന് മുമ്പേ രണ്ടു ചരിത്ര സ്മരണകള്‍ എന്റെ മനസ്സില്‍ പതിഞ്ഞിരുന്നു. സ്വാമി വിവേകാനന്ദന്‍ ചിക്കാഗോയില്‍ സര്‍വ്വമത സമ്മേളനത്തില്‍ നടത്തിയ പ്രസംഗമാണ് അതില്‍ ഒന്ന്. മറ്റൊന്ന് ലോക തൊഴിലാളി ദിനമായ മെയ് ഒന്ന് ആഘോഷിക്കാന്‍ കാരണമായ ചിക്കാഗോയിലെ രക്തരൂക്ഷിത തൊഴില്‍സമരം.
രാത്രി 12.25ന് (2010 ജൂലൈ 20) എന്നെ പ്രതീക്ഷിച്ചു വിമാനത്താവളത്തിലെത്തിയ ചിക്കാഗോയിലെ ഏറ്റവും വലിയ മലയാളി പെന്തക്കോസ്തു സഭാ പാസ്റ്ററായ ജോസഫ് കെ. ജോസഫിനെ നന്ദിപൂര്‍വ്വമേ സ്മരിക്കാനാവൂ. പട്ടണത്തിനകത്തു കൂടെയുള്ള പാതിരാ കാര്‍യാത്രയില്‍ പ്രകാശ വലയത്തില്‍ പൊതിഞ്ഞു നില്‍ക്കുന്ന ഡൗണ്‍ ടൗണ്‍ ചൂണ്ടിക്കാട്ടി തന്നു.

ചിക്കാഗോയെ കുറിച്ചും 1969-ല്‍ അവിടെ എത്തി അനുഭവിച്ച അദ്ദേഹത്തിന്റെ സുഖ-ദുഃഖ സമ്മിശ്ര ജീവിത കഥകളും എന്നോട് വിവരിച്ചു കൊണ്ടിരുന്നു. കൂടെ ഹൈറേഞ്ചിലെ ജീവിതത്തെക്കുറിച്ചും തന്റെ പിതൃസഹോദരീ പുത്രനും എന്റെ സുഹൃത്തുമായ ഇഞ്ചപ്പാറയ്ക്കല്‍ പാസ്റ്റര്‍ ജോസഫ് മാത്യുവുമൊക്കെ സംസാര വിഷയമായി. ജോസഫ് മാത്യുവിന് പല പ്രാവശ്യം വിസ നിഷേധിക്കപ്പെട്ടതില്‍ അദ്ദേഹത്തിന് വിഷമമുള്ളതായി സംസാരത്തില്‍ നിന്നും മനസ്സിലായി.
ആദ്യം സൂചിപ്പിച്ച ചിക്കാഗോയിലെ രണ്ടു ചരിത്ര സംഭവങ്ങളെ ഒന്ന് സൂചിപ്പിക്കാതെ പോയാല്‍ ഈ യാത്രാ വിവരണം അപൂര്‍ണ്ണമായിപ്പോകും.
1893-ലാണ് ചിക്കാഗോ പട്ടണം സ്വാമിവിവേകാനന്ദന്റെ പ്രസംഗം കൊണ്ട് മുഖരിതമായതും അമേരിക്കന്‍ ജനത കോള്‍മയിര്‍ കൊണ്ടതും. അമേരിക്കന്‍ ജനതയെ ‘സഹോദരീ സഹോദരന്മാരെ’ എന്ന് സംബോധന ചെയ്തുകൊണ്ട് ഹിന്ദു മത സംസ്‌ക്കാരത്തിന് പുത്തന്‍ വ്യാഖ്യാനം നല്‍കാനാണ് വിവേകാനന്ദന്‍ ശ്രമിച്ചത്. ‘സഹോദരീ സഹോദരന്മാരെ’ എന്ന് സര്‍വ്വമത സമ്മേളനത്തില്‍ വിളിക്കുമ്പോഴും ഇന്ത്യയില്‍ ഹിന്ദു മതത്തിന്റെ തീവ്രമായ വക്താവായിട്ടാണ് അദ്ദേഹം നിലകൊണ്ടതെന്നും നാം അറിഞ്ഞിരിക്കണം.
അമേരിക്കയിലെ പ്രസംഗവും, ഇന്ത്യയിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനവും തമ്മില്‍ വലിയ വൈരുദ്ധ്യം നിലനിന്നിരുന്നതായി കാണാം.സ്വാമി വിവേകാനന്ദന്‍ തന്റെ പുസ്തകങ്ങളിലൊക്കെ ഹിന്ദു മതത്തെ പ്രകീര്‍ത്തിക്കാനും ഹിന്ദു സംസ്‌ക്കാരം ശ്രേഷ്ഠമാണെന്ന് സ്ഥാപിക്കാനും ശ്രമിച്ചിട്ടുള്ളതായി കാണാം. മറ്റു മതങ്ങളെല്ലാം ഹിന്ദു മതത്തിന്റെ നിഴലുകളാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തലുകള്‍. (ഡോ. ഓമന റസ്സലിന്റെ ചരിത്രവും കാണാപ്പുറങ്ങളും എന്ന പുസ്തകത്തിലെ 18-ാം അദ്ധ്യായം വായിച്ചാല്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.)
ഒരു ഹിന്ദു ക്രിസ്ത്യാനിയായാല്‍ ഒരു ശത്രുകൂടി ജനിക്കുന്നുവെന്ന് പറയാനും വിവേകാനന്ദന് മടിയുണ്ടായില്ല.
മാര്‍ഗരറ്റ് നോബിള്‍ എന്ന ക്രിസ്ത്യന്‍ വനിതയെ താന്‍ മതം മാറ്റി സിസ്റ്റര്‍ നിവേദിത എന്ന പേരിട്ടതിലൂടെ, വിവേകാനന്ദ ഭാഷയില്‍ ക്രിസ്ത്യാനിക്ക് ഒരു ശത്രുകൂടി ഉണ്ടായിരിക്കുന്നു എന്നു വേണമെങ്കില്‍ പറയാം. എന്നിരുന്നാലും ചിക്കാഗോ സര്‍വ്വമത സമ്മേളനത്തില്‍ ചെയ്ത ‘സഹോദരീ സഹോദരന്മാരെ’ എന്ന സംബോധനയിലൂടെ വിവേകാനന്ദ സ്വാമികള്‍ ശ്രദ്ധിക്കപ്പെട്ടു. കൂടെ ഇന്ത്യയും.
ചിക്കാഗോയെ ലോക പ്രസിദ്ധമാക്കിയ മറ്റൊരു സംഭവം അവിടെ നടന്ന തൊഴിലാളി സമരവും, കലാപങ്ങളും, വെടിവെയ്പും തുടര്‍ന്നുണ്ടായ കോടതിയുടെ വധശിക്ഷയുമൊക്കെയാണ്. കുറഞ്ഞ വേതനത്തില്‍ 10 മണിക്കൂര്‍ പണിയെടുക്കണമായിരുന്നു ചിക്കാഗോയിലെ തൊഴിലാളികള്‍ക്ക്. ശമ്പളം കുറയ്ക്കാതെ തൊഴില്‍ സമയം 8 മണിക്കൂറാക്കി നിജപ്പെടുത്തണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ മുതലാളിത്തത്തിന്റെ പ്രചാരകരായിരുന്ന ഫാക്ടറി ഉടമകള്‍ ഈ ആവശ്യം അംഗീകരിക്കാന്‍ വിമുഖത കാട്ടി. ഹെമാര്‍ക്കറ്റ് സ്‌ക്വയറിലായിരുന്നു സമരത്തിന്റെ ആരംഭം.
1886 ഏപ്രില്‍ 25 മുതല്‍ മെയ് 4 വരെ നീണ്ടു നിന്ന വമ്പിച്ച തൊഴില്‍ സമരം ചിക്കാഗോയെ നിണ ഭൂമി ആക്കി മാറ്റി. മെയ് ഒന്നിന് മാത്രം 35000 വിദഗ്ദ്ധ തൊഴിലാളികളും അവിദഗ്ദ്ധ തൊഴിലാളികളും തൊഴില്‍ ബഹിഷ്‌കരിച്ച് ചിക്കാഗോ തെരുവീഥിയിലേക്ക് ഇറങ്ങി. ഇതോടെ ചിക്കാഗോയിലെ പണിശാലകള്‍ നിശ്ചലമായി. പതിനായിരങ്ങള്‍ സമരമുഖത്ത് അണി നിരന്നു.
ഡെസ് പ്ലെയിന്‍സില്‍ തൊഴിലാളികള്‍ തടിച്ചു കൂടി നില്‍ക്കവേ ആരോ പോലീസിന് നേരെ വലിച്ചെറിഞ്ഞ ഒരു ബോംബാണ് സമരത്തെ സങ്കീര്‍ണ്ണമാക്കിയത്. മേയര്‍ കാര്‍ട്ടര്‍ എച്ച്. ഹാരിസണ്‍ തൊഴിലാളികളെ ഉപദ്രവിക്കരുതെന്ന് പോലീസിനോട് ആവശ്യപ്പെട്ടെങ്കിലും ഇന്‍സ്‌പെക്ടര്‍ ജോണ്‍ ബോണ്‍ ഫീല്‍ഡിന്റെ ക്രൂരമായ നിലപാടുകള്‍ സമരത്തെ രക്തരൂക്ഷിതമാക്കി. കലാപം കൊടും പിരികൊണ്ടു. 8 പോലീസുകാര്‍ മരണപ്പെട്ടു. 60 പേര്‍ക്ക് മാരകമായ മുറിവേറ്റു. പോലീസ് വെടിവെയ്പ്പില്‍ മരിച്ച സിവിലിയന്മാരുടെ കണക്ക് ഇന്നും ലഭ്യമല്ല. തുടര്‍ന്ന് മേയര്‍ സമരത്തെ നിരോധിച്ചു.
കോടതി വിചാരണയില്‍ 8 പേരെ കുറ്റക്കാരാക്കിയെങ്കിലും ഒരാളെ വെറുതെ വിട്ടു. ഏഴ് പേരെ തൂക്കിക്കൊല്ലാന്‍ വിധിച്ചു. അമേരിക്കയില്‍ നടന്ന ചരിത്രത്തിലെ ഏറ്റവും വലിയ നീതി ലംഘനമായി ഈ കോടതി വിധി ഇന്നും നിലനില്‍ക്കുന്നു. ബോംബെറിഞ്ഞതിനെപ്പറ്റിയോ സമരത്തിന്റെ നീതിന്യായ വശങ്ങളെപ്പറ്റിയോ പഠിക്കാതെ നടത്തിയ വിധി നിര്‍ണ്ണയമായി ഇന്നും ഇതിനെ നിയമജ്ഞര്‍ കാണുന്നു.
1887-ല്‍ നടന്ന വിധി നിര്‍ണ്ണയത്തില്‍ വധശിക്ഷ ലഭിച്ചവരില്‍ ഒരാള്‍ ആത്മഹത്യ ചെയ്തു. രണ്ടു പേരുടെ വധശിക്ഷ റദ്ദാക്കി. നാലുപേരെ തൂക്കിക്കൊന്നു. ലോകജനത വിശേഷിച്ച് തൊഴിലാളി വര്‍ഗ്ഗം അവരുടെ അവകാശത്തിനായി നടത്തിയ ത്യാഗോജ്ജ്വലമായ ഈ പോരാട്ടം എന്നും ഓര്‍ക്കുവാനായി അമേരിക്കന്‍ സര്‍ക്കാര്‍ തന്നെയാണ് മെയ് ഒന്ന് തൊഴില്‍ ദിനമായി പ്രഖ്യാപിച്ചത്. 20-ാം നൂറ്റാണ്ടില്‍ നിലനിന്നിരുന്ന സോവിയറ്റ് ഗവണ്‍മെന്റും മറ്റ് സോഷ്യലിസ്റ്റ് രാജ്യങ്ങളുമെല്ലാം ഈ ദിനാഘോഷത്തെ പിന്നെ അംഗീകരിക്കുകയായിരുന്നു. അമേരിക്കയിലെ നല്ലൊരു ശതമാനം ആളുകള്‍ മെയ് ദിനത്തെ ‘കമ്മ്യൂണിസ്റ്റ് ഡേ’യായി കരുതുന്നവരാണ്.
പാസ്റ്റര്‍ ജോസഫ് കെ. ജോസഫിന്റെ ചിക്കാഗോയിലെ ജീവിതാനുഭവങ്ങളെ കുറിച്ച് പങ്കുവച്ചത് വികാര വായ്‌പോടെയാണ് ഓര്‍ക്കാനാവുക. അഞ്ചല്‍ ഏ.ജി. പ്രസ്ബിറ്ററായിരുന്ന പാസ്റ്റര്‍ വൈ. ജോസഫിനെ (അദ്ദേഹം ഇപ്പോള്‍ ഡാളസ്സിലാണ്) കാണാന്‍ കഴിഞ്ഞതും അദ്ദേഹത്തിന്റെ വീട്ടില്‍ ഒരു നാള്‍ അന്തിയുറങ്ങിയതും ഒക്കെ യാദൃശ്ചികമായിരുന്നു.

അമേരിക്കയിലെ പ്രശസ്തമായ മലയാളം വാരികയുടെ ഉടമയായ ഈപ്പച്ചായനെയും അദ്ദേഹത്തിന്റെ വിപുലമായ ആധുനീക അച്ചടിശാലയും കാണാനായതും പുതിയ അനുഭവമായി. ‘കത്തോലിക്ക – പെന്തക്കോസ്ത് പത്രം’ എന്ന് വേണമെങ്കില്‍ ഈപ്പച്ചായന്റെ കേരള എക്‌സ്പ്രസിനെ വിളിക്കാം.
പാസ്റ്റര്‍ ജോസഫ് കെ. ജോസഫിന്റെ ആതിഥ്യം സ്വീകരിച്ച ദിനങ്ങള്‍, ആത്മീയ കൂട്ടായ്മയുടെ മധുരിമ നുകര്‍ന്ന ദിനങ്ങള്‍. എല്ലാം എന്റെ മനസ്സില്‍ ഉണ്ട്. ഒന്നും മറക്കാനാവില്ലല്ലോ.
–കെ.എന്‍. റസ്സല്‍























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.