
സാബു തൊട്ടിപ്പറമ്പിൽ .
ഇടുക്കി : നമ്മുടെ പൊതു നിരത്തുകളിൽ എണ്ണ ടാങ്കറുൾപ്പെടെയുള്ള ഭാര വണ്ടികൾ ഓടിക്കുന്ന വനിതകളെക്കുറിച്ചു കേട്ടിട്ടുണ്ട്. അവരേക്കുറിച്ച് ‘വളയിട്ട കൈകൾ ഇനി വളയം പിടിക്കും ‘ എന്ന തലക്കെട്ടോടുകൂടിയ വാർത്തകളും വരാറുണ്ട്. എന്നാൽ ‘വള’ ഇടാത്ത കരങ്ങളിൽ വളയം ഭദ്രമാണെന്ന ഒരു വാർത്ത കണ്ടിട്ടില്ല. അതുകൊണ്ടു കൂടിയാണ് ‘വളയിടാത്ത’ ഈ വനിതാ ഡ്രൈവറെക്കുറിച്ച് ഞങ്ങൾ വാർത്ത ചെയ്യാൻ തീരുമാനിച്ചതും.
പഠനത്തിനപ്പുറം മനക്കരുത്തും സുഷ്മതയും ഉണ്ടെങ്കിൽ മാത്രമാണ് ഒരു നല്ല ‘ഡ്രൈവർ’ എന്ന് പറയാൻ കഴിയുക. അതിനപ്പുറം ഡ്രൈവറാകാൻ മറ്റൊരു ഘടകവും വേണ്ട. കരുണാപുരം ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മ സേനയുടെ ജൈവമാലിന്യ ശേഖരണത്തിനുള്ള പിക്ക്-അപ്പ് വാൻ ഓടിക്കുന്നത് കൈകളിൽ വളയിടാത്ത ഒരു വനിതയാണ്. കരുണാപുരം തണ്ണിപ്പാറ ഐ പി സി സഭാംഗമായ സോണിയാണ് ആ വനിത. ഹരിത കർമ്മ സേനയുടെ ഈ സാരഥി ഹൈറേഞ്ചിൻെറ അഭിമാനമാകുന്നു.
വളയിട്ട കൈകൾ നല്ല വീതിയും വിശാലവുമായ ടാർ റോഡുകളിൾ വളയം പിടിച്ചോടിക്കുമ്പോൾ, ഹൈറേഞ്ചിലെ ഈ വനിതാ ഡ്രൈവർ വളയം പിടിക്കുന്നത് കുന്നുകളും കുത്തിറക്കങ്ങളും വളഞ്ഞ് പുളഞ്ഞ പോകുന്ന പോക്കറ്റ് റോഡുകളിലൂടെയുമായാണ്.
കരുണാപുരം പഞ്ചായത്തിലെ പതിനേഴ് വാർഡുകളിലുമുള്ള മുക്കും മൂലയും ഈ വാഹനം ഓടിയെത്തുന്നു.”നമ്മുടെ മെയിൻ റോഡുകളുടെ ഡ്രൈവിംഗ് സുഖം ഈ മലമ്പ്രദേശത്തെ റോഡുകളിൽ കിട്ടില്ലെങ്കിലും ഡ്രൈവിംഗ് ഞാൻ നന്നായി ആസ്വദിക്കുന്നു.” സോണി പറഞ്ഞു.
പേരപ്പറമ്പിൽ വീട്ടിൽ മോനിച്ചൻേറയും മോളിയുടേയും രണ്ട് മക്കളിൽ ഇളയതാണ് സോണി. മൂത്തത് ഒരു സഹോദരൻ. വളരെ ചെറു പ്രായത്തിലെ സോണിക്ക് ഡ്രൈവിംഗിനോടും പ്രത്യേകിച്ച് വലിയ വാഹനം ഓടിക്കുന്നതും സ്വപ്നമായിരുന്നു. വളരെ നിർദ്ധനരായ കുടുബം. ആ വീട്ടിലെ ബുദ്ധിമുട്ടുകൾ തന്റെ മോഹങ്ങൾക്ക് വിലങ്ങ് തടിയായി. എന്നിരുന്നാലും ഉള്ളിലെ മോഹം വേര് പിടിച്ച് കിടന്നു.
ബിരുദ പഠനം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. വർഷങ്ങൾ കടന്ന് പോകവേ സോണിയ വിവാഹിതയായി. അപ്പോഴും പഴയ ഡ്രൈവിംഗ് എന്ന ആഗ്രഹം ഉള്ളിൽ പച്ചപിടിച്ച് നിന്നിരുന്നു.വിവാഹത്തിന് ശേഷം ഭർത്താവ് ജോലി സ്ഥലമായ മസ്ക്കറ്റിലേക്ക് മടങ്ങി. തുടർന്ന് ഭർതൃ മാതാപിതാക്കൾക്കൊപ്പമായിരുന്നു സോണിയ. കുരുക്കുട്ട് വീടിൻെറ മുറ്റത്ത് കിടക്കുന്ന ബെലോറ വാഹനം കൊണ്ട് പുറത്ത് പോകാൻ ഡ്രൈവർമാരെ കിട്ടാതെ ബുദ്ധിമുട്ടി.

അങ്ങനെ ഇരിക്കുമ്പോഴാണ് തൻെറ ആഗ്രഹത്തെക്കുറിച്ച് സോണിയ പറഞ്ഞത്. കുരുക്കൂട്ടിൽ വീട്ടിൽ ദാവീദും ശോശാമ്മയും മരുമകളുടെ ആഗ്രഹത്തെ പൂർണ്ണമായും പിന്തുണച്ചു. വിവരം അറിഞ്ഞ ഭർത്താവ് ഷൈജൻ പച്ച കൊടി കാട്ടിയതോടെ കുഞ്ഞുന്നാളുമുതൽ ഉണ്ടായിരുന്ന ഡ്രൈവിംഗ് എന്ന സ്വപ്നം പൂവണിയുകയായിരുന്നു.
അങ്ങനെ ഡ്രൈവിംഗ് പഠിച്ച് ഒൻപത് വർഷങ്ങൾക്ക് മുൻപ് ലൈസൻസ് കരസ്ഥമാക്കി. സ്വന്ത ആവശ്യങ്ങൾക്ക് വാഹനവുമായി പുറത്ത് പോയി തുടങ്ങി. ചെറുകാറുകളും, സ്ക്കൂട്ടിയും സ്ത്രീകൾ ഓടിച്ച് കണ്ട് പരിചയമുള്ള നാട്ടിൽ സാധാരണ സ്ത്രീകൾ ഓടിക്കാത്ത ബെലോറ പോലെത്തെ വലിയ വാഹനം ഓടിച്ച് നാട്ടിൽ ശ്രദ്ധ നേടി സോണി.
രണ്ടര വർഷം മുൻപ് കരുണാപുരം പഞ്ചായത്തിൽ ഹരിത കർമ്മ സേനയുടെ വാഹനം ഓടിക്കാൻ ഡ്രൈവറെ ആവശ്യമുണ്ടെന്നറിഞ്ഞു. അപേക്ഷകരിൽ സ്ത്രീയായി സോണി മാത്രം.വനിതകളുടെ കുട്ടായ്മകൂടിയായ ഹരിത കർമ്മ സേനയ്ക്ക് ‘വനിതാ ഡ്രൈവർ ‘ ആകട്ടേയെന്ന് പഞ്ചായത്തും തീരുമാനിച്ചു.
ഇപ്പോൾ ദിവസ വേതനത്തിന് രണ്ടരവർഷക്കാലമായി വളയിടാത്ത കൈകളിൽ കുന്നും മലയും കയറി ഓടുന്ന വാഹനത്തിൻെറ വളയം ഈ കൈകളിൽ ഭദ്രം.ഈ മേഖലയിൽ ഈ ജോലിക്ക് മറ്റാരും ഇല്ലെന്നാണ് അറിവ്. ഇപ്പോൾ ഹെവി ഡ്രൈവിംഗ് ലൈസൻസ് എടുക്കാനുള്ള ഒരുക്കത്തിലാണ് സോണി.
അഞ്ചാം ക്ലാസിൽ പഠിക്കുന്ന സിയ,എൽ കെ ജി വിദ്യാർത്ഥി സിയോണുമാണ് സോണി ഷൈജന്റെ മക്കൾ.






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.