ബൈബിളിലെ തോമസ് അല്ല കത്തോലിക്കരുടെ ‘സെന്റ് തോമസ്’

ബൈബിളിലെ തോമസ് അല്ല കത്തോലിക്കരുടെ ‘സെന്റ് തോമസ്’

ഡി ഒന്നാം നൂറ്റാണ്ടില്‍ സെന്റ് തോമസ് കേരളത്തില്‍ വന്നു ക്രിസ്തുമതം പ്രചരിപ്പിച്ചുവെന്ന് അസന്നിഗ്ദ്ധമായി തെളിയിക്കാനുള്ള ചരിത്രരേഖകളൊന്നുമില്ല. പോര്‍ട്ടുഗീസുകാരുടെ വരവിനു ശേഷം കുറെ പാട്ടുകളും കള്ളക്കഥകളും പ്രചരിപ്പിച്ച് സമുദായത്തിന്റെയും ചില കുടുംബങ്ങളുടെയും സ്ഥാപിത താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള കുത്സിതശ്രമമാണ് സെന്റ് തോമസ് കഥയ്ക്കു പിന്നില്‍.

സെന്റ് തോമസ് കേരളത്തില്‍ വന്നിട്ടുണ്ട് എന്നതിനു മാര്‍ത്തോമ്മാ ക്രിസ്ത്യാനികളെന്നവകാശപ്പെടുന്നവര്‍ നിരത്തുന്ന തെളിവുകള്‍ പരിശോധിച്ചാല്‍ അതില്‍നിന്നു തന്നെ ബോദ്ധ്യമാകും ക്രിസ്തുശിഷ്യനായ തോമസല്ല അവര്‍ പ്രചരിപ്പിക്കുന്ന തോമസ് എന്ന്.
സെന്റ് തോമസിന്റെ ഇന്ത്യാ സന്ദര്‍ശനം സംബന്ധിച്ച ഏറ്റവും പഴക്കമുള്ള രേഖയായി കണക്കാക്കപ്പെടുന്നത് യൂദാ തോമായുടെ നടപടികള്‍ (Acts of Judas Thomas) എന്ന ഗ്രന്ഥമാണ്.

ഇതുകൂടാതെ തോമായുടെ പേരില്‍ അറിയപ്പെടുന്ന രണ്ടു സുവിശേഷങ്ങള്‍ കൂടിയുണ്ട്. തോമായുടെ നടപടികളില്‍ പറയുന്നത് ഇന്ത്യയില്‍ സുവിശേഷമറിയിക്കാന്‍ കുറി വീണത് തോമാശ്ലീഹായ്ക്കായിരുന്നുവെന്നും, ഇന്ത്യയിലേക്കു പോകാന്‍ വിസമ്മതിച്ചപ്പോള്‍ യേശു (ഉയിര്‍ത്തെഴുന്നേറ്റ യേശുവായിരിക്കണം) തോമാശ്ലീഹായെ ഒരു വ്യാപാരിക്കു വിറ്റുവെന്നുമാണ്.

പ്രസ്തുത വ്യാപാരി തോമായെ ഗോണ്ടഫറസ് രാജാവിന്റെ മുന്നിലെത്തിച്ചു. രാജാവിന് ഒരു പുതിയ കൊട്ടാരം പണിയുന്നതിനു വേണ്ടിയാണ് തോമായെ വിലയ്ക്കു വാങ്ങിയത്. തോമായും യേശുവും ഇരട്ടപിറന്ന സഹോദരന്മാരായിരുന്നുവെന്നും, തോമാ നല്ലൊരു തച്ചനായിരുന്നുവെന്നും പറയുന്നു. അവസാനം രാജാവിനെയും സഹോദരനെയും മറ്റും തോമാശ്ലീഹാ മാനസാന്തരപ്പെടുത്തിയതിനു ശേഷം തോമാ മസ്ദായിയുടെ രാജ്യത്തേക്കു പോയി രക്തസാക്ഷിയായി മരിച്ചു.

സെന്റ് തോമസാണ് കേരളത്തിലെ സഭ സ്ഥാപിച്ചത് എന്നു വിശ്വസിക്കുന്നവര്‍ പറയുന്നത് തോമായുടെ നടപടിയില്‍ വിവരിക്കുന്ന കാര്യങ്ങളെല്ലാം സംഭവിച്ചത് കേരളത്തിലാണെന്നാണ്. എന്നാല്‍ നടപടിയില്‍ പറയുന്ന ഗോണ്ടഫറസിന്റെ രാജ്യം വടക്കുപടിഞ്ഞാറന്‍ ഇന്ത്യയാണ്. മാത്രമല്ല, മസ്ദായി എന്നത് പേര്‍ഷ്യന്‍ പദമാണുതാനും. ബൈബിള്‍ വിവരിക്കുന്ന തോമസ് എന്ന ക്രിസ്തുശിഷ്യന്‍ തച്ചനായിരുന്നില്ല, മുക്കുവനായിരിക്കാനാണ് സാദ്ധ്യത. ഇതില്‍നിന്നും തോമായുടെ നടപടികള്‍ കെട്ടുകഥയാണെന്നതില്‍ സംശയമില്ല.

തോമായുടെ നടപടി പോലുള്ള മറ്റു കൃതികളായ ‘ആദായിയുടെ പ്രബോധനം’, ‘തോമായുടെ രക്തസാക്ഷിത്വം’ എന്നീ കൃതികളിലും സെന്റ് തോമസിന്റെ ഇന്ത്യയിലെ പ്രേഷിതപ്രവര്‍ത്തനത്തേയും മരണത്തേയും പരാമര്‍ശിക്കുന്നുണ്ട്. ആദായിയുടെ പ്രബോധനത്തില്‍ ‘ഇന്ത്യയും അതിലെ രാജ്യങ്ങളും അതില്‍ വസിക്കുന്ന എല്ലാവരും, വിദൂരസ്ഥരായി കടല്‍ക്കരെയുള്ളവര്‍ പോലും യൂദാ തോമായില്‍ നിന്ന് കൈവയ്പ്പു വഴി പൗരോഹിത്യം സ്വീകരിച്ചു’ എന്നു പറഞ്ഞിരിക്കുന്നു.

പുതിയനിയമ ക്രൈസ്തവസഭയില്‍ പൗരോഹിത്യം എന്നൊന്നില്ല. ആണ്ടുതോറും പാപമോചനത്തിനായി പക്ഷിമൃഗാദികളെ ബലിയര്‍പ്പിച്ചിരുന്ന യഹൂദാ പൗരോഹിത്യ ശുശ്രൂഷ ക്രിസ്തുവിന്റെ മരണത്തോടെ അവസാനിക്കുകയാണുണ്ടായത്. പക്ഷികളേയും മൃഗങ്ങളേയും ആണ്ടുതോറും ബലിയര്‍പ്പിച്ച് പാപമോചനം നേടിയിരുന്ന ജനസമൂഹത്തിനു വേണ്ടി ക്രിസ്തു തന്നെ ബലിയാടായി പാപമോചനം സാധിച്ചു എന്നതാണ് ബൈബിള്‍ സിദ്ധാന്തം. ഈ സദ്വാര്‍ത്ത പ്രഘോഷിക്കുന്ന ഏവരേയും ‘പുരോഹിതന്‍’ എന്നാണ് ബൈബിള്‍ വിവക്ഷിക്കുന്നത്.

ക്രിസ്തുശിഷ്യനായ സെന്റ് തോമസ് വന്നുവെങ്കില്‍ ഈ വിശ്വാസാചാരത്തെ പ്രചരിപ്പിക്കാനേ അദ്ദേഹത്തിനു കഴിയുമായിരുന്നുള്ളൂ. അപ്പോള്‍ പിന്നെ തോമാ കൈവെയ്പ്പ് കൊടുത്തു എന്നു പറയുന്നതിലെ സാംഗത്യം പിടികിട്ടുന്നില്ല.
പൗരോഹിത്യം നല്‍കാനല്ല, പാപമോചനത്തെപ്പറ്റിയും മാനസാന്തരത്തെക്കുറിച്ചും ക്രിസ്തുവിലൂടെയുള്ള നിത്യരക്ഷയെക്കുറിച്ചും പറയാനുള്ള ദൗത്യമായിരുന്നു ക്രിസ്തു അന്ത്യകല്പനയായി തന്റെ ശിഷ്യന്മാരെ ഭരമേല്‍പ്പിച്ചത്.

മാര്‍ത്തോമ്മാ ക്രിസ്ത്യാനികളെന്നവകാശപ്പെടുന്നവര്‍ വാദിക്കുന്നത് തോമാശ്ലീഹായുടെ പൈതൃകം അവകാശപ്പെടുന്നവര്‍ കേരളത്തില്‍ മാത്രമേയുള്ളൂവെന്നാണ്. എന്നാല്‍ പേര്‍ഷ്യക്കാരും എത്യോപ്യരും ചൈനക്കാരും ഇതേ പൈതൃകം അവകാശപ്പെടുന്നവരാണ്. തന്നെയുമല്ല, ഇന്ത്യയിലെ മൈലാപ്പൂരിലും ടര്‍ക്കിയിലെ എഡേസയിലും ഇറ്റലിയിലെ ഓര്‍ത്തോണയിലും പത്മോസ് ദ്വീപിലും സെന്റ് തോമസിന്റെ അസ്ഥികൂടമുണ്ടെന്നുള്ള വിശ്വാസം നിലവിലുണ്ട്. ഇതില്‍നിന്നു തന്നെ സെന്റ് തോമസ് കഥ പൊള്ളത്തരമാണെന്നു തെളിയുന്നു.

കത്തോലിക്ക വിശ്വാസികളുടെ സെന്റ് തോമസ്‌

സെന്റ് തോമസ് ഏഴു പള്ളികള്‍ സ്ഥാപിച്ചുവെന്നു പറഞ്ഞിരിക്കുന്നത് ‘പുരാതന പാട്ടുകളി’ലാണ്. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ പുരാതന പാട്ടുകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് റമ്പാന്‍ പാട്ടും മാര്‍ഗ്ഗംകളി പാട്ടുമാണ്. ഈ പാട്ടുകളില്‍ അവതരിപ്പിച്ചിരിക്കുന്നത് ഒമ്പതാം നൂറ്റാണ്ടിലെ കാര്യങ്ങളാണെന്നതാണ് ഏറെ രസകരം. ഒന്നാംനൂറ്റാണ്ടിലെന്നല്ല,

രണ്ടും മൂന്നും നൂറ്റാണ്ടുകളില്‍ പോലും ഇന്ത്യയിലെന്നല്ല, ലോകത്തിലൊരിടത്തും ക്രിസ്ത്യാനികള്‍ ദേവാലയങ്ങള്‍ സ്ഥാപിച്ചിരുന്നില്ല. ഏ.ഡി. ഒന്നാം നൂറ്റാണ്ടിലെ കേരളചരിത്രം പരിശോധിച്ചാല്‍ ഈശ്വരാരാധനയ്ക്കായി ക്ഷേത്രങ്ങളോ മറ്റേതെങ്കിലും തരത്തിലുള്ള കെട്ടിടങ്ങളോ ഉണ്ടായിരുന്നില്ലെന്നും, പ്രകൃത്യാരാധനയുടെ പ്രത്യക്ഷ ഉദാഹരണങ്ങളായ കാവുകളാണുണ്ടായിരുന്നതെന്നും മനസ്സിലാക്കാന്‍ കഴിയും.

വൃക്ഷനിബിഡമായ കാവുകളിലെ ആരാധനാമൂര്‍ത്തികള്‍ സര്‍പ്പങ്ങളും പൂര്‍വ്വികരും മറ്റുമായിരുന്നു. 7-ാം നൂറ്റാണ്ടോടു കൂടി മാത്രമാണ് ഗുഹാക്ഷേത്രങ്ങള്‍ കേരളത്തില്‍ നിര്‍മ്മിക്കപ്പെടുന്നതും ആരാധനയ്ക്കായി ഒരു കെട്ടിടം എന്ന ആശയം രൂപപ്പെടുന്നതും. വസ്തുത ഇതായിരിക്കെ സെന്റ് തോമസ് എങ്ങനെ ഒന്നാംനൂറ്റാണ്ടില്‍ പള്ളി പണിതു? സെന്റ് തോമസ് ക്ഷേത്രങ്ങളെ പള്ളികളാക്കി എന്നു പറയുന്നതും ചരിത്രബോധമുള്ളവര്‍ക്ക് വിശ്വസിക്കാന്‍ കഴിയാത്ത അബദ്ധങ്ങളാണ്.

ചില പാരമ്പര്യവാദികള്‍ മറ്റൊരു തെളിവായി ചൂണ്ടിക്കാണിക്കുന്നത് മത്തായി എഴുതിയ ഹീബ്രൂ സുവിശേഷത്തിന്റെ കാര്യമാണ്. ഇതിന്റെയൊരു കോപ്പി തോമാശ്ലീഹാ മലങ്കരയില്‍ കൊണ്ടുവന്നുവെന്നും പന്തേനൂസ് എന്ന യവന ക്രിസ്ത്യന്‍ പണ്ഡിതന്‍ ഏ.ഡി. 190-ല്‍ ഇന്ത്യയില്‍ വന്നു മടങ്ങിയപ്പോള്‍ തോമാശ്ലീഹാ കൊണ്ടുവന്ന ഈ പുസ്തകം തിരികെ കൊണ്ടുപോയി എന്നുമാണ്. സെന്റ് തോമസ് ഏ.ഡി. 52-ല്‍ കേരളത്തിലെത്തുകയും 72-ല്‍ രക്തസാക്ഷിയാവുകയും ചെയ്തു എന്നാണ് പാരമ്പര്യ വിശ്വാസം.

എന്നാല്‍ ബൈബിള്‍ പഠിതാക്കളുടെ ഏകകണ്ഠമായ അഭിപ്രായമനുസരിച്ച് മത്തായിയുടെ സുവിശേഷം ആദ്യമായി എഴുതപ്പെട്ടത് ഏ.ഡി. 70-നു ശേഷമാണ്. മാത്രവുമല്ല, പന്തേനൂസിന്റെ ഇന്ത്യാ സന്ദര്‍ശനത്തെക്കുറിച്ചു പറയുന്ന സഭാചരിത്രകാരനായ ജോസഫുസ് എഴുതിയിരിക്കുന്നത് സെന്റ് തോമസല്ല, പ്രത്യുത ബര്‍ത്തലോമ്യോയാണ് മത്തായിയുടെ സുവിശേഷവുമായി ഇന്ത്യയിലെത്തിയതെന്നാണ്. ക്രിസ്തുവര്‍ഷം (ഏ.ഡി.) എന്ന കാലഗണന ആരംഭിച്ചതു തന്നെ ഏ.ഡി. 532-ല്‍ മാത്രമായിരുന്നുവെന്നതാണ് അതിലേറെ കൗതുകകരമായ വസ്തുത.

ചരിത്രപരമായി തികഞ്ഞ അസംബന്ധമാണ് തോമാശ്ലീഹ കേരളത്തിലെത്തി നമ്പൂതിരിമാരെ മാര്‍ഗ്ഗം കൂട്ടിയെന്നും അതില്‍ ഏതാനും ബ്രാഹ്മണ ഇല്ലക്കാര്‍ക്ക് പൗരോഹിത്യപദവി നല്‍കിയെന്നുമുള്ള വാദം. റമ്പാന്‍ പാട്ടനുസരിച്ച് തോമാശ്ലീഹ 6850 ബ്രാഹ്മണരേയും 2500 ക്ഷത്രിയരേയും 3750 വൈശ്യരെയും 4280 ശൂദ്രരെയും ക്രിസ്ത്യാനികളാക്കി.

”നരരാന്‍മങ്ങള്‍ പതിനേഴായിരത്തി
നാനൂറ്റെമ്പതു താന്‍ നേടി
ആറായിരമോടെണ്ണൂറ്റമ്പതു
ബ്രഹ്മണ ജാതികളവരില്‍
ഇവരില്‍ കുറവാമീരായിരമൊ-
ടഞ്ഞൂറു നവദശ ക്ഷത്രിയരും
അപ്പോള്‍ വൈശ്യര്‍ മൂവായിരമൊ-
ടെഴുന്നൂറ്റെമ്പതു ആളുകളും
ഇപ്പോള്‍ നാലായിരമോടിരുന്നൂ-
റ്റെമ്പതു ശൂദ്രജാതികളും
ഈവിധമുള്ളൊരു മേല്‍ജാതികളെ
മാര്‍ഗ്ഗത്തില്‍ താന്‍ കൈക്കൊണ്ടു”

ബ്രാഹ്മണരുടെ കേരളത്തിലേക്കുള്ള കുടിയേറ്റം ഏ.ഡി. 4-ാം നൂറ്റാണ്ടിനു ശേഷമായിരുന്നുവെന്നാണ് പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നത്.

ചരിത്രം അറിയാന്‍ വയ്യാത്ത ആരോ പില്‍ക്കാലത്ത് രചിച്ചതാണ് ഈ റമ്പാന്‍ പാട്ട്. കാരണം, കേരളത്തില്‍ ചാതുര്‍വര്‍ണ്യ വ്യവസ്ഥ ഉണ്ടായതു തന്നെ 8-ാം നൂറ്റാണ്ടിനു ശേഷം ബ്രാഹ്മണ മേധാവിത്വം കേരളത്തില്‍ ശക്തമായതോടു കൂടിയായിരുന്നു. വസ്തുത ഇതായിരിക്കെ, ചാതുര്‍വര്‍ണ്യ വ്യവസ്ഥ ഉടലെടുക്കുന്നതിനു മുമ്പേ ഏ.ഡി. ഒന്നാം നൂറ്റാണ്ടില്‍ ബ്രാഹ്മണരെയും വൈശ്യരെയും ശൂദ്രരെയും സ്‌നാനപ്പെടുത്തി എന്നു പറയുന്നത് ശുദ്ധ അസംബന്ധമാണ്.

ക്രിസ്തു വിഭാവന ചെയ്തത് ഒരു ജാതിരഹിത സമൂഹമായിരുന്നു. യഹൂദര്‍ അസ്പൃശ്യത കല്പിച്ച് അകറ്റിനിര്‍ത്തിയിരുന്ന സമര്യാക്കാരി സ്ത്രീയെ ക്രിസ്ത്യാനിത്വത്തിന്റെ സമത്വത്തിലേക്കു മാടിവിളിക്കുന്ന ഉദാത്തമായ സംഭവമാണ് ബൈബിളില്‍ നാം കാണുന്നത്. മാത്രമല്ല, ക്രിസ്തുവില്‍ എല്ലാവരും ഒന്ന് എന്ന സമത്വസുന്ദര സങ്കല്പമാണ് ബൈബിള്‍ വരച്ചുകാട്ടുന്നത്.

‘യഹൂദനും യവനനും എന്നില്ല, സ്ത്രീയും പുരുഷനുമെന്ന വ്യത്യാസമില്ല, ക്രിസ്തുവില്‍ എല്ലാവരും ഒന്നത്രേ’ എന്ന ബൈബിള്‍ വചനത്തിനു വിരുദ്ധമായി, ജാതി ശ്രേണിയിലെ ഉന്നതരായ ബ്രാഹ്മണരെ ക്രിസ്ത്യാനികളാക്കി എന്ന വാദത്തിനു പിന്നിലെ ഉദ്ദേശ്യം എന്തെന്നു വ്യക്തമല്ലേ… നിങ്ങള്‍ ഭൂലോകത്തില്‍ ഒക്കെയും പോയി സകല ജാതികളെയും ശിഷ്യരാക്കിക്കൊള്‍വിന്‍ എന്നതായിരുന്നു ക്രിസ്തുവിന്റെ അന്ത്യകല്പനയെന്നിരിക്കെ, കേരളത്തിലെ സവര്‍ണ്ണരെ മാത്രം ക്രിസ്ത്യാനികളാക്കാന്‍ ക്രിസ്തുവിന്റെ ശിഷ്യനായ തോമസിനെങ്ങനെ കഴിയും?

സര്‍വ്വലോകത്തെക്കാളും വിലയേറിയ മനുഷ്യാത്മാവിന്റെ നിത്യരക്ഷയ്ക്കു വേണ്ടിയായിരുന്നു ക്രിസ്തു ഭൂജാതനായതും മരിച്ചുയിര്‍ത്തെഴുന്നേറ്റതും. ക്രിസ്തുവില്‍ വിശ്വസിക്കുന്ന ആര്‍ക്കും ജാതിമതഭേദമെന്യേ നിത്യരക്ഷയും സ്വര്‍ഗ്ഗവും ബൈബിള്‍ വാഗ്ദാനം ചെയ്യുന്നു. സെന്റ് തോമസ് ഇന്ത്യയില്‍ വന്നിട്ടുണ്ടെങ്കില്‍ അദ്ദേഹം പ്രസംഗിച്ചിരിക്കാനിടയുള്ള സുവിശേഷം ക്രിസ്തു പഠിപ്പിച്ച നിത്യരക്ഷയെപ്പറ്റിയുള്ളത് മാത്രമായിരുന്നു. അതുകൊണ്ടുതന്നെ സെന്റ് തോമസ് കേരളത്തില്‍ വന്ന് ക്രിസ്തുമതം പ്രചരിപ്പിച്ചു എന്ന് വാദിക്കുന്നവര്‍ നല്‍കുന്ന തെളിവുകള്‍ മാനദണ്ഡമായെടുത്താല്‍ ക്രിസ്തുവിന്റെ ശിഷ്യനായിരുന്ന സെന്റ് തോമസ് കേരളത്തില്‍ വന്നിട്ടേയില്ലെന്ന് നിസ്സംശയം പറയാന്‍ കഴിയും.

കേരളത്തിലെ ക്രിസ്ത്യാനികള്‍ ഉദയംപേരൂര്‍ സുന്നഹദോസിനു (1599) മുമ്പ് പോപ്പിന്റെ ആധിപത്യം സ്വീകരിച്ച കത്തോലിക്കരായിരുന്നില്ലെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ടുതന്നെ കേരളത്തിലെ കത്തോലിക്കര്‍ക്ക് 5 നൂറ്റാണ്ടുകളില്‍ കുറഞ്ഞ പാരമ്പര്യമേ അവകാശപ്പെടാനുള്ളൂ. സെന്റ് തോമസിനെപ്പറ്റിയുള്ള ഐതിഹ്യങ്ങളുടെ സൃഷ്ടിക്കു പിന്നില്‍ പോര്‍ട്ടുഗീസ് സാമ്രാജ്യ താല്പര്യങ്ങളായിരുന്നുവെന്നതാണ് വസ്തുത.

പോര്‍ട്ടുഗീസുകാരുടെ പേട്രന്‍ സെയിന്റും തോമസായിരുന്നതു കൊണ്ട് അതേ പാരമ്പര്യവും കാലപ്പഴക്കവും കേരളത്തിലെ ക്രിസ്ത്യാനികള്‍ക്കു നല്‍കുക വഴി അവരെ പോപ്പിന്റെ അധീനതയില്‍ കൊണ്ടുവരികയും തങ്ങളുടെ സാമ്രാജ്യ വിസ്തൃതി വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്ന അജണ്ടയുടെ ഭാഗമായിരുന്നു ഈ കെട്ടിച്ചമച്ച കഥകള്‍. പോര്‍ട്ടുഗീസുകാരായിരുന്നു സെന്റ് തോമസിന്റെ രണ്ടു അസ്ഥികൂടങ്ങള്‍ മൈലാപ്പൂരില്‍ നിന്നും കുഴിച്ചെടുത്തതും. അത് കുഴിച്ചെടുക്കേണ്ടത് അവര്‍ക്ക് ആവശ്യമായിരുന്നുതാനും!!


This image has an empty alt attribute; its file name is omana-russel.jpg

ഡോ. ഓമന റസ്സല്‍
(സീനിയര്‍അക്കാഡമിക് ഫെല്ലോ, ICHR ഡല്‍ഹി)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!