ടിന്‍സായിയിലെ പോരാട്ടത്തിനുശേഷം ദയാബായി ബാറൂളിലെത്തി. ഗോത്രവര്‍ഗ്ഗ സ്ത്രീകള്‍ക്കൊപ്പം കൂലിപ്പണിയെടുത്തു. കുടുംബത്തില്‍നിന്നും കിട്ടിയ വിഹിതം കൊണ്ട് ബാറൂളില്‍ രണ്ട് ഏക്കര്‍ സ്ഥലം വാങ്ങി. കീടനാശികള്‍ തളിക്കാതെ, മഴവെള്ളം കെട്ടി നിര്‍ത്തി കൃഷിയിലൂടെ സ്വയം പര്യാപ്തത എങ്ങനെ നേടാമെന്ന് ദയാബായി ഗ്രാമീണരെ പഠിപ്പിച്ചു. വിദേശ സഹായത്തോടെ നാട്ടില്‍ കച്ചവടക്കണ്ണുമായി എത്തിയ എന്‍ജിഒകളെ ദയാബായി അകറ്റി നിര്‍ത്തി. സ്വന്തം കൃഷിയിടത്തില്‍ നിന്നും ലഭിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഭക്ഷണമാക്കി എഴുപതാം വയസ്സിലും പോരാട്ടവീര്യവുമായി ജീവിതം നയിക്കുകയാണ് ദയാബായി. കൂട്ടിനുള്ളത് ആക്രോശ് എന്ന പട്ടിയും ഗോരി എന്ന പൂച്ചയും.
ഉന്നത ബിരുദങ്ങളും ആവശ്യത്തിന് പണവുമുണ്ടായിരുന്നിട്ടും കിട്ടാമായിരുന്ന സുഖപ്രദമായ ജോലി ഉപേക്ഷിച്ച് അവര്‍ ദാരിദ്ര്യം സ്വയം തെരഞ്ഞെടുത്തു. മദ്ധ്യപ്രദേശിലെ ഏറ്റവും പിന്നാക്കവിഭാഗമായ ഗോണ്ടുകള്‍ എന്ന ആദിവാസികളുടെ കൂടെ ചിഡ് വാര ഗ്രാമത്തില്‍ അവരിലൊരാളായി ജീവിക്കാന്‍ തുടങ്ങി. നഗരത്തിന്റെ മോടി കൂടിയ വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് ആദിവാസികളുടെ പരമ്പരാഗത വസ്ത്രം ധരിച്ചു. കടത്തിണ്ണകളില്‍ അന്തിയുറങ്ങി. അവരോടൊപ്പം കൂലിപ്പണിയെടുത്തു.
സ്വന്തം പേരു പോലും ഉപേക്ഷിച്ച് ‘ദയാബായി’ ആയി. ചൂഷണത്തിനും പീഡനത്തിനും നിരന്തരം ഇരയായിക്കൊണ്ടിരുന്ന ആദിവാസികളെ സംഘടിപ്പിച്ച് അവരുടെ അവകാശങ്ങള്‍ക്കായി പൊരുതി. ആദിവാസികള്‍ക്ക് വേണ്ടി പൊലീസ് സ്റ്റേഷനുകള്‍ കയറിയിറങ്ങി നിരവധി മര്‍ദ്ദനങ്ങള്‍ക്കിരയായി. പല്ലുകള്‍ കൊഴിഞ്ഞു. എതിര്‍പ്പുകളും മര്‍ദ്ദനങ്ങളും ഒറ്റപ്പെടുത്തലുകളും ദുരാരോപണങ്ങളും അവരെ പിന്തിരിപ്പിച്ചില്ല.
സഹനത്തിന്റെ,ചെറുത്തുനില്‍പ്പിന്റെ വഴികളിലൂടെ അവര്‍ മുന്നേറി. അവരുടെ ശ്രമഫലമായി ഗ്രാമത്തില്‍ വിദ്യാലയവും അടിസ്ഥാന സൗകര്യങ്ങളുമുണ്ടായി.അവര്‍ ആദിവാസികളെ അക്ഷരം പഠിപ്പിച്ചു. അവര്‍ക്കായി നിയമയുദ്ധങ്ങള്‍ നടത്തി. ഝാന്‍സീറാണിയെ പോലെ കുതിരപ്പുറത്ത് കയറി ഗ്രാമങ്ങള്‍ തോറും സഞ്ചരിച്ചു. അവരുടെ ഭാഷയില്‍ സംസാരിച്ചു. തെരുവുനാടകങ്ങളും കവിതകളും പാട്ടുമൊക്കെ ആശയപ്രചാരണത്തിനായി ഉപയോഗിച്ചു. ഗാന്ധിജിയുടേയും യേശുക്രിസ്തുവിന്റേയും ജീവിതവും ദര്‍ശനങ്ങളുമാണ് ദയാബായിയെ ഇന്നും പ്രചോദിപ്പിക്കുന്നത്.

ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ ദയാബായി തന്റെ തിരിച്ചറിവുകള്‍ പല വേദികളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ക്രിസ്തുവിന്റെ പാതയും സഭയുടെ പാതയും വ്യത്യാസമാണെന്നും ക്രിസ്തു കഷ്ടപ്പെടുന്നവന്റെ കൂടെയാണെന്നും സഭ സമ്പന്ന വര്‍ഗ്ഗത്തിന്റെയും ആഡംബരങ്ങളുടെയും പുറകെയാണെന്നും ദയാബായി പറയുന്നു. മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിയുന്നതിന് മതത്തിന്റെ വേലിക്കെട്ടുകള്‍ വേണ്ടെന്ന് അവര്‍ തുറന്നടിക്കുന്നു.
ജീവിതത്തില്‍ നന്മ പുലര്‍ത്തുന്ന, മണ്ണിനോടും പ്രകൃതിയോടും ആദരവുള്ള, കൃഷിയില്‍ ആധ്യാത്മികത കണ്ടെത്തുന്ന ഒരു സമൂഹത്തെയാണ് നാടിന് വേണ്ടത്. ഗാന്ധിജിയുടെ വികസന മോഡല്‍ രാജ്യത്ത് തിരിച്ചു വരണമെന്നും പാശ്ചാത്യരെ അന്ധമായി അനുകരിക്കുന്നതാണ് എല്ലാം നശിപ്പിക്കുന്നതെന്നും അവര്‍ പറയുന്നു. ദൈവത്തിന്റെ സ്വന്തം നാടായ കേരളം ചെകുത്താന്റെയും സ്വന്തം നാടാണെന്നാണ് ദയയുടെ പക്ഷം. എന്തിനെയും പുച്ഛിച്ചു തള്ളുന്ന മലയാളികളുടെ മാനസികാവസ്ഥ കാരണം ഒരിക്കലും കേരളത്തില്‍ ജീവിക്കാന്‍ വരില്ലെന്നും അവര്‍ തറപ്പിച്ചു പറയുന്നു.

പിതാവിന്റെ മരണശേഷം ഓഹരിയായിക്കിട്ടിയ പണം കൊണ്ടാണ് മദ്ധ്യപ്രദേശിലെ ബറൂളിയില്‍ രണ്ടര ഏക്കര്‍ സ്ഥലം വാങ്ങിയത്. കടുത്ത പാറക്കെട്ടുകള്‍ നിറഞ്ഞ തരിശുഭൂമി കനത്ത അദ്ധ്വാനത്തിലൂടെ ഫലഭൂയിഷ്ഠമാക്കി. കടുത്ത ജലക്ഷാമമുണ്ടായിരുന്ന അവിടെ ഭൂമിയില്‍ വീഴുന്ന ഒരു തുള്ളി വെള്ളം പോലും പുറത്തേക്കൊഴുക്കിക്കളയാതെ മണ്ണിലേക്ക് ആഴ്ന്നിറക്കുന്നു. അങ്ങനെ അവിടെ ഉറവകളുണ്ടായി. പുല്ലുകളും ചെടികളും മരങ്ങളും ഫലവൃക്ഷങ്ങളും ഇപ്പോള്‍ സമൃദ്ധമായി വളരുന്നു. എല്ലാം വിളയുന്ന മണ്ണ്. വീട്ടില്‍ കൂട്ടിനു പട്ടിയും പൂച്ചയും.
കൃഷിഭൂമിയില്‍ പശുക്കളും കോഴിയും താറാവുമൊക്കെ. മണ്ണും ചെളിയും കൊണ്ടുണ്ടാക്കിയതാണ് വീട്. ഒരു രാസവസ്തുക്കളും അവര്‍ ഉപയോഗിക്കുന്നില്ല, പാത്രം കഴുകാനുള്ള സോപ്പോ ഡിറ്റര്‍ജന്റോ പല്ലു തേക്കാനുള്ള പേസ്റ്റോ ഒന്നും. ഏതാണ്ട് സ്വയം പര്യാപ്തമായ ജീവിതം. കരയേണ്ടപ്പോള്‍ കരയുകയും ചിരിക്കേണ്ടപ്പോള്‍ ചിരിക്കുകയും പൊട്ടിത്തെറിക്കേണ്ടപ്പോള്‍ അങ്ങനെയും ചെയ്യുന്ന പച്ചയായ ജീവിതം.
പശ്ചിമഘട്ടസംരക്ഷണത്തിനായി പശ്ചിമഘട്ടമലനിരകളിലെ ഗ്രാമങ്ങളിലൂടെ കാസര്‍കോടുമുതല്‍ തിരുവനന്തപുരംവരെ 2014 ഏപ്രില്‍ 10മുതല്‍ മെയ് 31വരെ ബോധവത്കരണ പദയാത്ര നടത്തുമെന്ന് ദയാ ബായ് അറിയിച്ചു. പ്രകൃതി സംരക്ഷണവും പശ്ചിമഘട്ട വിനാശത്തിലൂടെ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ദുരന്തപൂര്‍ണമായ ഭാവിയെയും ജനസമക്ഷം കൊണ്ടുവരികയാണ് ഈ യാത്രയുടെ ലക്ഷ്യം. അട്ടപ്പാടിമേഖലയില്‍ ആദിവാസികള്‍ നേരിടുന്ന ദുരിതങ്ങളുടെ മൂലകാരണം ഭരണകൂടത്തിന്റെ അവഗണനയും സ്ഥാപിത താത്പര്യക്കാരുടെ ചൂഷണവുമാണെന്നും ആദിവാസികളുടെ കൃഷിഭൂമി സ്വകാര്യവ്യക്തികളുടെ കരങ്ങളിലെത്തിയതുമാണ് അട്ടപ്പാടിയിലെ ആദിവാസികളുടെ യഥാര്‍ഥ പ്രശ്‌നമെന്നും ദയാബായ് കരുതുന്നു.
പ്രകൃതിജീവനത്തില്‍നിന്ന് അന്യംനില്‍ക്കേണ്ടിവന്നതിനാല്‍ അട്ടപ്പാടിയിലെ ആദിവാസികള്‍ പോഷകാഹാരക്കുറവുമൂലം മരണഭീഷണിയിലാണെന്നും അട്ടപ്പാടിയില്‍ അമിത മദ്യ ഉപഭോഗമുണ്ടെന്നുള്ളത് പ്രശ്‌നത്തെ വഴിതിരിച്ചുവിടാനുള്ള ശ്രമമാണെന്നും എല്ലാ തൊഴിലും നഷ്ടപ്പെട്ടതുമൂലം ആദിവാസി സമൂഹത്തിലെ ഒരു ന്യൂനപക്ഷം മദ്യ ഉത്പാദനത്തിലേക്ക് തിരിഞ്ഞിട്ടുണ്ടാവാമെന്നും ഇവര്‍ക്ക് കൃഷിഭൂമിനല്‍കി കാര്‍ഷികവൃത്തിയില്‍ വ്യാപൃതരാക്കുകയാണ് ചെയ്യേണ്ടതെനും ദയാ ബായി കരുതുന്നു.
(അവസാനിച്ചു)























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.