കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കിലെ പാലായ്ക്കു സമീപമുള്ള പൂവരണിയില്‍ പുല്ലാട്ട് മാത്യുവിന്റെയും ഏലിക്കുട്ടിയുടെയും 14 മക്കളില്‍ മൂത്തവളായി ജനിച്ചു. കന്യാസ്ത്രീ ആവാനായിരുന്നു അവരുടെ ആഗ്രഹം.
അവരുടെ പ്രസംഗങ്ങളും സത്യാഗ്രഹങ്ങളും പ്രചരണങ്ങളും പാഠശാല തുടങ്ങുന്നതിനായി പ്രാദേശിക ഭരണകൂട നേതൃത്വത്തെ സമ്മര്‍ദ്ദം ചെലുത്തുന്നതുമായ പ്രവര്‍ത്തികളും മധ്യപ്രദേശിലെ അവഗണിക്കപ്പെട്ട വിദൂരഗ്രാമങ്ങളിലെ ആദിവാസി പട്ടികവര്‍ഗവിഭാഗത്തിന്റെ ജീവിത നിലവാരം ഉയര്‍ത്തുന്നതിന് വളരെയധികം സഹായിച്ചു. നര്‍മദ ബച്ചാവോ ആന്ദോളനുമായും ചെങ്ങറ പ്രക്ഷോഭം എന്നിവയുമായും ബന്ധപ്പെട്ട് ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കൊച്ചുകൊട്ടാരം പ്രൈമറി സ്‌കൂള്‍, വിളക്കുമാടം സെന്റ്‌ജോസഫ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ജീവശാസ്ത്രത്തില്‍ ബിരുദം. ബോംബെ സര്‍വ്വകലാശാലയില്‍ നിന്ന് എം.എസ്.ഡബ്ല്യുവും നിയമവും പഠിച്ചു. എം.എസ്.ഡബ്ല്യു പ്രൊജക്ടിന്റെ ഭാഗമായ ഫീല്‍ഡ് വര്‍ക്കിനു വേണ്ടി മദ്ധ്യപ്രദേശിലെ ആദിവാസികള്‍ക്കിടയിലെത്തി. പിന്നീട് അവിടം പ്രവര്‍ത്തനമേഖലയായി തെരഞ്ഞെടുത്തു.
പതിനൊന്നാം ക്ലാസ്സ് കഴിഞ്ഞതോടെ പഠനം നിര്‍ത്തിയ മേഴ്‌സി, കന്യാസ്ത്രീയാകാന്‍ തീരുമാനിച്ച് ബീഹാര്‍ ഹസാരിബാഗ് ഹോളി കോണ്‍വെന്റില്‍ ചേര്‍ന്നു. പതിനാറാം വയസ്സിലാണ് മേഴ്‌സി അവിടെയെത്തുന്നത്. സഭാക്കുള്ളിലെ ആഡംബരത്തില്‍ മനം മടുത്ത അവര്‍ കന്യാസ്ത്രീ പരിശീലനം ഉപേക്ഷിച്ചുകൊണ്ട് ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനായി മഠത്തില്‍ നിന്ന് പുറത്തിറങ്ങി.

ബീഹാറിലെ പലാമ ജില്ലയിലെ ഗോത്രവര്‍ഗ്ഗമേഖലയായ മഹോദയില്‍ ഒന്നരവര്‍ഷം അധ്യാപികയായി ജോലി ചെയ്തു. ഇതിനിടെ ബി.എസ്.സി. പാസായി. തുടര്‍ന്ന് ജബല്‍പൂരിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഒന്നരക്കൊല്ലം അധ്യാപികയായി. തുടര്‍ന്ന് കേരളത്തിലെത്തി ഒരു ബിഷപ്പ് നടത്തുന്ന സ്ഥാപനത്തില്‍ അശരണര്‍ക്കായി പ്രവര്‍ത്തിക്കാന്‍ നിശ്ചയിച്ചു. സ്ഥാപനത്തിലെ ആത്മീയതയുടെ മേലാപ്പണിഞ്ഞ വൈദികനില്‍ നിന്നും കാമഭ്രാന്തിന്റെ ആവേശമുണ്ടായതോടെ അവിടംവിട്ട് മേഴ്‌സി മുംബൈയിലെത്തി. പലയിടത്തും അലഞ്ഞു തിരിഞ്ഞു. തയ്യല്‍ പഠിച്ചു.
കുറേനാള്‍ മദര്‍ തെരേസയുടെ ചില്‍ഡ്രന്‍സ് ഹോമിലും ഓള്‍ഡേജ് ഹോമിലും പ്രവര്‍ത്തിച്ചു. അവിടത്തെ ജീവിതരീതികളോടും ഒത്തുചേരാനായില്ല. യുദ്ധസമയത്ത് ബംഗ്ലാദേശ് അഭയാര്‍ത്ഥികളുടെ സേവനത്തിനായി ബംഗ്ലാദേശിലെത്തി. യുദ്ധഭീകരത നേരിട്ടുകണ്ട് മേഴ്‌സി സഭയുടെ നിയന്ത്രണത്തിലുള്ള വഴിയല്ല തന്റേതെന്ന് തിരിച്ചറിഞ്ഞു. ക്രിസ്തുവിന്റെ ജീവിതവും ബൈബിളിലെ വചനങ്ങളും സത്യത്തില്‍ നിന്ന് ഏറെ അകലെയാണെന്ന് തോന്നിയപ്പോള്‍ അവിടം വിട്ടു.
മുംബൈയിലേക്കു മടങ്ങി. മുംബൈയിലെ നിര്‍മ്മലാ നികേതനില്‍ എം.എസ്. ഡബ്ലിയുവിന് ചേര്‍ന്നു. പക്ഷെ സിലബസിനോടും പഠനരീതിയോടും പൊരുത്തപ്പെടാന്‍ കഴിയാതെ അവിടം വിട്ടു. മുംബൈയിലെ ഗ്രാമങ്ങളിലും ദല്‍ഹിയിലും ആന്ധ്രായിലെയും ഹരിയാനയിലെയും ദുരിതാശ്വാസ പുനര്‍ നിര്‍മ്മാണക്യാമ്പുകളിലുമായി എട്ടുവര്‍ഷം ചെലവഴിച്ചു. പിന്നീട് നിര്‍മ്മലനികേതനില്‍ പഠനം തുടര്‍ന്ന് എം.എസ് ഡബ്ല്യൂ പൂര്‍ത്തിയാക്കി. പഠനത്തിന്റെ ഭാഗമായി ഫീല്‍ഡ് വര്‍ക്കിനായി മദ്ധ്യപ്രദേശിലെ ചിന്ത്‌വാഡിയിലെ സുള്ളഗപ്പയില്‍ ഒരു ആദിവാസി വിധവയുടെ വീട്ടില്‍ താമസിച്ചു പഠനം പൂര്‍ത്തിയാക്കി.

ചിന്ത്‌വാഡിയിലെ സുള്ളഗപ്പയില്‍ താമസിച്ച ആ വീടിന് സമീപത്തുള്ള ചന്ദ്ര എന്ന യുവതിയുടെ അമ്മയുടെ സ്ഥലമായ ഗോത്രവര്‍ഗ്ഗമേഖലയായ ടിന്‍സായ് ഗ്രാമത്തിലെത്തി. അവഗണനയുടെ തുരുത്തില്‍പ്പെട്ട് അധഃസ്ഥിതരായവരും മുമ്പ് രാജവംശത്തിന്റെ ഭാഗമായിരുന്നവരുമായ ഗോണ്ടുകള്‍ എന്നറിയപ്പെടുന്ന ആദിവാസികള്‍ ആയിരുന്നു അവിടെയുണ്ടായിരുന്നത്. അവരിലൊരാളായാല്‍ മാത്രമേ അവര്‍ തന്നെ അംഗീകരിക്കുകയുള്ളൂവെന്ന് മനസ്സിലായപ്പോള്‍ മേഴ്‌സി അവരുടെ വേഷവും ഭാഷയും ഭക്ഷണവും സ്വീകരിച്ചു. മേഴ്‌സി എന്നാല്‍ ദയ, ബായി എന്നാല്‍ ഗോത്രവര്‍ഗ്ഗ സ്ത്രീകളുടെ വിളിപ്പേര്. മേഴ്‌സി അങ്ങനെ ദയാബായി എന്ന പേരു സ്വീകരിച്ചു.
കുടിവെള്ളവും വൈദ്യുതിയും സ്‌കൂളുമില്ലാത്ത ടിന്‍സായിയുടെ വികസനത്തിന് വേണ്ടി ദയാബായി പോരാട്ടം ആരംഭിച്ചു. ഐഎഎസ് പ്രൊബേഷന്‍ ട്രെയിനിങ്ങിനു മസൂറിയില്‍ നിന്നും വരുന്നവര്‍ക്കുള്ള ക്യാമ്പുകളില്‍ ടിന്‍സായിയെക്കുറിച്ച് ദയാബായി സംസാരിച്ചു.
ആദിവാസികളെ ചൂഷണം ചെയ്ത് കൂലി വെട്ടിച്ചവര്‍ക്കെതിരെ ദയാബായിയുടെ നേതൃത്വത്തില്‍ ആദിവാസികള്‍ രംഗത്തിറങ്ങി. പ്രായമായവര്‍ക്ക് റാന്തല്‍വിളക്കിന്റെ വെളിച്ചത്തില്‍ ദയാബായി നിയമസാക്ഷരതാക്ലാസ്സുകള്‍ നടത്തി. കവിതകളിലൂടെയും തെരുവുനാടകങ്ങളിലൂടെയും അവരെ ബോധവല്‍ക്കരിച്ചു. അവകാശങ്ങള്‍ക്കുവേണ്ടി പോരാടാന്‍ അവരെ പ്രേരിപ്പിച്ചു. ഇത് ദയാബായിക്ക് പ്രബലരായ ശത്രുക്കളെയുണ്ടാക്കി. ഭൂവുടമകളെയും പൊലീസുകാരെയും രാഷ്ട്രീയക്കാരെയും ഒറ്റയാള്‍ പോരാട്ടത്തിലൂടെ ദയാബായി നേരിട്ടു. ഹരേ ബ്ലോക്കിലെ സാലുവ ഗ്രാമത്തിലെ പോലീസ് സ്റ്റേഷനില്‍ ഒരു കേസുമായി ബന്ധപ്പെട്ട് എഫ്‌ഐആര്‍ എഴുതാത്തതിനെ ചോദ്യം ചെയ്ത ദയാബായിയെ എസ്‌ഐ മുഷ്ടി ചുരുട്ടി ഇടിച്ചു. മര്‍ദ്ദനത്തില്‍ പല്ലുകള്‍ ഇളകിത്തെറിച്ചെങ്കിലും ദയാബായി പിന്മാറിയില്ല. പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം പലവട്ടം ദയാബായിയെ നേരിട്ട് ആക്രമിച്ചുവെങ്കിലും കോണ്‍ഗ്രസ് എംപി യായിരുന്ന കമല്‍നാഥ് അവരെ ശാരീരികമായി നേരിടാന്‍ ശ്രമിക്കരുത് എന്ന് നിര്‍ദ്ദേശം നല്‍കിയതുകൊണ്ടാണ് താന്‍ ഇന്നും ജീവിച്ചിരിക്കുന്നതെന്ന് ദയാബായി വ്യക്തമാക്കിയിട്ടുണ്ട്.
(തുടരും)























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.