നരബലി: നവോത്ഥാന കേരളം ലജ്ജിച്ചു തലതാഴ്ത്തുന്നു

നരബലി: നവോത്ഥാന കേരളം ലജ്ജിച്ചു തലതാഴ്ത്തുന്നു


ഷാജി ആലുവിള

കേരള ജനതയെ ഞെട്ടിച്ചുകൊണ്ട് കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും നീചവും പൈശാചികവുമായ ക്രൂരകൃത്യമാണ് നരബലിയിലൂടെ ഇലന്തൂരിൽ നടന്നത്.
ഇലന്തൂരിൽ ഇത് ആദ്യമായല്ല ഇത്തരം ക്രൂരകൃത്യം നടക്കുന്നത്. മൂധേവി തൃപ്തിക്കായി നാലര വയസുകാരിയായ അശ്വനിയെ തീയിലിട്ടു ചുട്ടു കൊന്നിട്ട് ഇന്നേക്ക് ഇരുപത്തിയഞ്ചു വർഷമായി. അതും ആഭിചാര പ്രക്രിയയായിരുന്നു. അത് ഒരു ഹോമിയോ ഡോക്ടറിന്റെ നേതൃത്വത്തിൽ ആയിരുന്നു എന്നത് ലജ്ഞാകരം.

രണ്ടു പതിറ്റാണ്ട് മുമ്പ് പട്ടാമ്പിക്കടുത്ത് നാലുവയസുകാരനായ നാടോടി ബാലനായ പ്രഭുവിനെ നരബലിക്ക് ഇരയാക്കി കൊന്ന് പുഴയിൽ തള്ളി. ഒറ്റവെട്ടിന് കാലുകളും കൈകളും മുറിച്ചെടുക്കുന്ന രീതിയായ “മറുകൈ മറുകാൽ” ആഭിചാരമായിരുന്നു അത്.

2021 ഫെബ്രുവരി 7 ന് ഒരമ്മ തന്റെ ആറരവയസ്സുള്ള മകനെ ബലി നടത്തിയത് പാലക്കാട് ജില്ലയിലെ പുതുപ്പള്ളിത്തെരിവിലായിരുന്നു. “ആമിൽ” എന്ന ബാലനെ ഷഹീദ കുളിമുറിയിലിട്ട് കഴുത്തറുത്ത് കൊന്നത് പുലർച്ചെ മൂന്നുമണിക്കായിരുന്നു. പ്രാർത്ഥനക്കിടെ “ഉൾവിളി”യുണ്ടായതാണ് കാരണമെന്ന് ആ സ്ത്രീ പറഞ്ഞിരുന്നു.
സമാനമായ സംഭവങ്ങൾ ഇനിയുമുണ്ട് അനവധി. പുറലോകം അറിഞ്ഞ ചുരുക്കം ചില ക്രൂരകൃത്യ ബലികളാണ് ഇവയൊക്കെ.

പരമരഹസ്യമായി നടന്നിട്ടുള്ളവയൊന്നും പിടിക്കപ്പെടാത്തത് കൊണ്ട് ആരും അറിയുന്നില്ല എന്നുമാത്രം. അമാനുഷിക ശക്തി സ്വായത്തമാക്കൽ, ഈശ്വരപ്രീതി, മരിച്ചവരുടെ ആത്മാക്കളെ പ്രീതിപ്പെടുത്തൽ, സ്വർഗ്ഗം ലഭിക്കൽ, സന്താനഭാഗ്യം, രോഗമുക്തി, ദേവപ്രീതി, ഭൂമിയുടെ ഫലപുഷ്ടി തുടങ്ങി വ്യത്യസ്ത നേട്ടങ്ങൾ പ്രാപിക്കാമെന്നുള്ള അന്ധവിശ്വാസത്തിലാണ് നരബലി നടത്തിയിരുന്നത്.

ഒട്ടുമിക്കസംസ്ക്കാരങ്ങളിലും ഇത് നടപ്പുണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ്. ഏറ്റവും ഹീനമായ ദുരാചാരത്തിന്റെ കെട്ടു കഥയാണ് നരബലി. പുരാതന റോമിലെ നരബലി BC 97 ൽ ഒരു സെനറ്റോറിയൽ ഉത്തരവിലൂടെ നിർത്തലാക്കിയെന്ന് “പ്ലീനി ദി എൽഡർ” പറയുന്നു.

ഈ ശാസ്ത്രയുഗത്തിൽ മനുഷ്യദൈവങ്ങളുടെ തേർ വാഴ്ചയാണ് പലതര ക്രൂരകൃത്യങ്ങൾക്ക് പലരെയും ഇരയാക്കുന്നത്. ദൈവം ഒന്നേയുള്ളൂ എന്ന അടിസ്ഥാന സന്ദേശമാണ് എല്ലാ മതങ്ങളിലും ഉള്ളത്. എന്നാൽ ബഹുദൈവങ്ങളെ വിശ്വസിക്കുന്ന അന്ധവിശ്വസികളാണ് ഈ നീച കൃത്യങ്ങൾ ചെയ്യുന്നത്. 666 മുദ്രയുള്ള സാത്താൻ സഭയിലെ ആരാധനാരീതിയും എത്രയോ മ്ലേച്ചവും ഹീനവുമാണ്.

ശത്രു സംഹാരത്തിനു വേണ്ടി നടത്തുന്ന മറ്റൊരു മന്ത്രവാദ പ്രക്രിയയാണ് ആഭിചാരം. ലോഹക്കഷണങ്ങളിൽ അടയാളങ്ങളും ചിത്രങ്ങളും വരച്ച്, പൂജ ചെയ്ത് ശത്രു വരുന്ന വഴിയിലോ, പറമ്പിലോ, വീട്ടിലോ നിക്ഷേപിക്കുന്ന രീതിയാണത് . ഇതുകൊണ്ട് ആളപായം ഇല്ലെങ്കിലും നേട്ടമുണ്ടാകുന്നത് ആഭിചാര പ്രക്രിയ ചെയ്യുന്ന മന്ത്രവാദിക്കാണ്. ഈ പ്രക്രിയയെ കൂടോത്രം എന്നും വിളിക്കുന്നു. തട്ടിപ്പാണെങ്കിലും മതങ്ങളുടെ മറവിലുള്ള ദുരാചാരക്രിയകളാണ് ഇതൊക്കെ. മതങ്ങളിലെ മനുഷ്യനിർമ്മിതമായ ദൈവങ്ങളിൽ നിന്നുള്ള പ്രീതിക്കോ ഈ വികൃതികൾ?

സാക്ഷരകേരളമെന്നും ദൈവത്തിന്റെ സ്വന്തംനാടെന്നുമൊക്കെ വിശേഷിപ്പിക്കുന്ന നമ്മുടെ നാട്ടിൽ എന്തുകൊണ്ടാണ് ഇങ്ങനെയുള്ള നരബലികൾ നടക്കുന്നത്? അന്ധവിശ്വാസങ്ങൾ മതവിശ്വാസങ്ങളുടെ ഭാഗം ആകുന്നതുകൊണ്ടല്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ ക്രൂരമായ ആചാരങ്ങൾക്കെതിരെ കേരളം ഉണർന്നെഴുനേൽക്കണം. മതങ്ങളുടെ ആചാരം, വിശ്വാസം അതത് വിശ്വാസികളുടെ നിലനിൽപ്പിന് ആവശ്യമാണ്. എന്നാൽ അന്ധവിശ്വാസം സമൂഹത്തിലെ പല ജീവനെയും ഇല്ലാതാക്കും.

അന്ധവിശ്വാസങ്ങൾക്ക് ഊന്നൽ കൊടുക്കുന്ന മതവിചാരങ്ങൾ ദൈവീകമോ എന്ന് സമൂഹം പുനഃപരിശോധന നടത്തണം. അതിനു വേണ്ടി മതനേതാക്കന്മാരും നാടു ഭരിക്കുന്നവരും മുൻകൈയ്യെടുക്കണം. ഇങ്ങനെയുള്ള പ്രക്രിയകൾ ഭരണഘടനാവിരുദ്ധവും നിയമലംഘനവുമാണ്. മതപരിവർത്തന നിരോധന ബിൽ കൊണ്ടുവന്ന രാഷ്ട്രീയ നേതാക്കളും ഭരണാധികാരികളും ഇതിന്റെ മുമ്പിൽ മൗനികൾ ആകരുത്. അന്ധവിശ്വാസ നിർമാർജന നിയമം അനിവാര്യമാണ്. കേരളത്തിൽ അത് വരുന്നുവെന്ന് അറിയുന്നത് സ്വാഗതാർഹമാണ്.

അത് ലംഘിക്കുന്നവരെ നിയമംകൊണ്ട് ശിക്ഷിക്കുന്ന സംവിധാനം ഉണ്ടാകണം. നരബലിയേയും അന്ധവിശ്വാസങ്ങളെയും നിർമാർജനം ചെയ്‌വാനുള്ള ആലോചന സംസ്ഥാനത്ത് തുടങ്ങിയിട്ട് വർഷങ്ങൾ പലതു കഴിഞ്ഞു. ഇതുവരെ പ്രാവർത്തികമായില്ല എന്നതാണ് സത്യം. ഉടനടി നടപടികൾ ആരംഭിച്ചില്ലങ്കിൽ മന്ത്രവാദികളോ അവരുടെ ഏജന്റമ്മാരോ അടുത്ത നരബലിയ്ക്ക് ആരെയാണ് തട്ടിക്കോണ്ടുപോകുന്നതെന്നറിയില്ല.

മാത്രമല്ല ഒരു ജീവന്റെ വിലയറിയാത്ത ഈ കാപാലികരെ മതത്തിന്റെയും പിടിപാടിന്റെയും മറവിൽ ആരും സംരക്ഷിക്കരുത്. മാത്രമല്ല തെളിവുകളുടെ അഭാവത്തിൽ ഈ കെലപാതകികൾ രക്ഷപെടുവാനും പാടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!