മനശ്ശെ ഗോത്രത്തെ കണ്ടെത്തി !!! മനശ്ശെയുടെ പുത്രന്‍മാര്‍ ഇന്ത്യയില്‍?

മനശ്ശെ ഗോത്രത്തെ കണ്ടെത്തി !!! മനശ്ശെയുടെ പുത്രന്‍മാര്‍ ഇന്ത്യയില്‍?

2700 വര്‍ഷങ്ങള്‍ക്കപ്പുറം നഷ്ടപ്പെട്ട പത്ത് ഇസ്രായേല്‍ ഗോത്രങ്ങളിലൊന്നായ മനശ്ശെ ഗോത്രത്തിന്റെ പിന്‍തലമുറക്കാരാണെന്ന അവകാശവാദവുമായി ഇന്ത്യയില്‍ മണിപ്പൂരിലെയും മിസോറാമിലെയും ഗോത്രവര്‍ഗ്ഗക്കാര്‍ ഇസ്രായേല്‍ കുടിയേറ്റം സ്വപ്നം കണ്ടു തുടങ്ങിയത് 20-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലാണ്.

ഇസ്രായേലിലെ യഹൂദജനതയെ ദൈവത്തിന്റെ സ്വന്തം ജനമായി കരുതിപ്പോരുന്നു. യഹോവയാം ദൈവത്തെ (യാഹ്) ആരാധിക്കുന്നവരായതുകൊണ്ടാണ് ഇവരെ യഹൂദര്‍ എന്ന് വിളിച്ചത്. അബ്രഹാമിന്റെ സന്തതികള്‍ ആയതിനാല്‍ എബ്രായരെന്നും ഇവര്‍ അറിയപ്പെട്ടു. അബ്രഹാമിന്റെ പൗത്രനായ യാക്കോബിന് ദൈവം നല്‍കിയ പേരാണ് ഇസ്രായേല്‍. ഇസ്രായേലിന്റെ മക്കളെന്ന നിലയില്‍ ഈ ജനത ഇസ്രായേല്‍ ജനതയെന്ന് അറിയപ്പെട്ടു.

ഇസ്രായേല്‍ ജനതയുടെ ചരിത്രം ഗോത്രപിതാവായ അബ്രഹാമില്‍ നിന്ന് തുടങ്ങുന്നു. ജന്മദേശമായ സുമേരിയയിലെ (ഇന്നത്തെ ഇറാക്ക്) ഊര്‍ പട്ടണത്തില്‍ നിന്ന് ദൈവത്തിന്റെ ആജ്ഞയനുസരിച്ച് പുറപ്പെട്ട് കനാന്‍ ദേശത്ത് (ഇന്നത്തെ ഇസ്രായേല്‍) എത്തിച്ചേര്‍ന്നു. കനാന്‍ ദേശത്തു നിന്നും ബി.സി.1876 ല്‍ യാക്കോബും 12 മക്കളും അവരുടെ ഭാര്യമാരും കുട്ടികളുമടക്കം 70 പേര്‍ ഈജിപ്തിലേക്കു കുടിയേറി. 430 സംവത്സരം ഈജിപ്തില്‍ താമസിച്ചു.

അനന്തരം 20 ലക്ഷത്തിലേറെ ജനസംഖ്യയുണ്ടായിരുന്ന ഇസ്രയേല്യര്‍ മോശെയുടെ നേതൃത്വത്തില്‍ വാഗ്ദത്തനാടായ കനാന്‍ദേശത്തേക്കു തിരിച്ചുവരികയും യുദ്ധം ചെയ്തു ദേശം കൈവശപ്പെടുത്തുകയും ചെയ്തു. അങ്ങനെ ഇസ്രയേല്‍ എന്ന പേരില്‍ ഒരു രാജ്യം സ്ഥാപിതമായി. യാക്കോബിന്റെ 12 മക്കളുടെ പേരില്‍ 12 ഗോത്രങ്ങള്‍ ഇസ്രയേലിലുണ്ടായി.

ഗോത്രത്തലവന്‍മാരുടെയും ന്യായാധിപന്‍മാരുടെയും ഭരണകാലഘട്ടത്തിനുശേഷം ഇസ്രയേലിലെ പന്ത്രണ്ടു ഗോത്രങ്ങളും ചേര്‍ന്ന് ശൗലിനെ രാജാവായി തെരഞ്ഞെടുത്തു.
ബി.സി 1017 ല്‍ ശൗല്‍ മരണമടയുകയും മരുമകനായ ദാവീദ് രാജാവാകുകയും ചെയ്തു. അദ്ദേഹത്തിന്റെ മരണശേഷം ശലോമോന്‍ ഇസ്രായേലില്‍ ഭരണം നടത്തി. ശലോമോന്റെ മരണശേഷം ഇസ്രയേല്‍ രാജ്യം രണ്ടായി പിരിഞ്ഞു. ശമര്യ കേന്ദ്രമാക്കി ഇസ്രയേല്‍ എന്ന പേരില്‍ ഒരു രാജ്യവും യരുശലേം തലസ്ഥാനമാക്കി യഹൂദ്യ എന്ന പേരില്‍ മറ്റൊരു രാജ്യവും നിലവില്‍ വന്നു. ഇസ്രയേല്‍ രാജ്യത്ത് 10 ഗോത്രങ്ങളും യഹൂദ്യയില്‍ 2 ഗോത്രങ്ങളുമാണ് ഉണ്ടായിരുന്നത്.

ബി.സി 722 ല്‍ സര്‍ഗോണ്‍ എന്ന അസ്സീറിയന്‍ രാജാവ് ഇസ്രയേല്‍ ആക്രമിച്ചു കീഴടക്കുകയും 10 ഗോത്രങ്ങളില്‍പ്പെട്ട മുപ്പതിനായിരത്തോളം പേരെ ബാബിലോണിലേക്ക് പ്രവാസികളായി കൊണ്ടുപോവുകയും ചെയ്തു. ഈ ഗോത്രങ്ങള്‍ പില്‍ക്കാലത്ത് പത്ത് നഷ്ടഗോത്രങ്ങള്‍ (Ten Lost Tribes) എന്നറിയപ്പെട്ടു.
എന്നാല്‍ പില്‍ക്കാലത്ത് ഇവര്‍ അസ്സീറിയയില്‍ നിന്ന് രക്ഷപ്പെട്ട് അഫ്ഗാനിസ്ഥാനിലും ടിബറ്റിലും ചൈനയിലും എത്തിയെന്നും വീണ്ടും അവിടെ നിന്ന് ചിലര്‍ തെക്കോട്ട് യാത്ര ചെയ്ത് ഇന്ത്യയുടെ വടക്കു കിഴക്കന്‍ മേഖലകളിലും മ്യാന്‍മറിലും എത്തിച്ചേര്‍ന്നുവെന്നും വിശ്വസിക്കപ്പെടുന്നു.

ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയിലെ ഇന്നത്തെ മിസ്സോറം, മണിപ്പൂര്‍, നാഗലാന്റ് എന്നീ സംസ്ഥാനങ്ങളിലെ മിസോ, കുക്കി, എച്ച്മര്‍ (Hmar) തുടങ്ങിയ ഗോത്രങ്ങളില്‍പ്പെട്ട 15 ലക്ഷത്തോളം പേര്‍ പുരാതന മനശ്ശെ ഗോത്രത്തില്‍പ്പെട്ടവരാണെന്നും അവരുടെ പൂര്‍വ്വപിതാവായ മാന്‍മസി (Manmasi) ബൈബിളിലെ ജോസഫിന്റെ പുത്രനായ മനശ്ശെയാണെന്നും ഉറച്ചു വിശ്വസിക്കുന്നു.

1894 ല്‍ ക്രിസ്റ്റ്യന്‍ മിഷനറിമാര്‍ മിസ്സോറം, മണിപ്പൂര്‍ മേഖലകളില്‍ ക്രിസ്തുമതം പ്രചരിപ്പിച്ചതിന്റെ ഫലമായി 20-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഈ പ്രദേശങ്ങളിലെ 30 ശതമാനം ഗോത്രവര്‍ഗ്ഗക്കാര്‍ ക്രിസ്തുമതം സ്വീകരിച്ചു. 1951 ല്‍ ചലിയന്‍തങ്ക (Challianthanga) എന്ന ഗോത്രത്തലവന്‍ തന്റെ ഗോത്രത്തിലെ ആളുകള്‍ ഇസ്രായേലിലേക്കു മടങ്ങിപ്പോയതായി സ്വപ്നം കാണുകയും ഇത് ഗോത്രത്തിലെ ആളുകളുമായി പങ്കുവയ്ക്കുകയും ചെയ്തു. തുടര്‍ന്ന് അനേകര്‍ യഹൂദാ പാരമ്പര്യം അവകാശപ്പെടുകയും തങ്ങള്‍ മനശ്ശെ ഗോത്രത്തിന്റെ പിന്‍തലമുറക്കാരാണെന്നു വിശ്വസിക്കുകയും ചെയ്തു.

1975 ആയപ്പോഴേക്കും നൂറുകണക്കിന് ആളുകള്‍ യഹൂദമതത്തിലേക്കു മതപരിവര്‍ത്തനം നടത്തുകയും ഈ മതത്തെക്കുറിച്ച് പഠിക്കുകയും ചെയ്തു. ഇസ്രയേല്‍ നഷ്ടദശഗോത്രങ്ങളെ തിരികെ കൊണ്ടുവരുന്നതിന് ഇസ്രായേലില്‍ സ്ഥാപിതമായിരിക്കുന്ന അമിഷാവ് (Amishav- My people Return) എന്ന സംഘടനയുടെ സ്ഥാപകനായ അവിഷായില്‍ (Avichail) ആയിരുന്നു.

1983-ല്‍ ഇവരുടെ വാദം അംഗീകരിക്കുകയും ഇസ്രയേലില്‍ തിരികെ എത്താനുള്ള (Aliyah) എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയുമുണ്ടായി. വടക്കു-കിഴക്കന്‍ ഇന്ത്യയിലെ ഗോത്രവര്‍ഗ്ഗത്തിന്റെ മൂന്ന് പെരുന്നാളുകള്‍ക്ക് യഹൂദന്മാരുടേതുമായുള്ള ബന്ധവും ശവസംസ്‌കാരത്തിലെ സമാനതകളും യഹൂദരുടേതാണെന്ന് സ്ഥിരീകരിച്ചു. അവിഷായില്‍ ഈ ഗോത്രങ്ങളെ Bnai Menashe (Sons Of Menashe) എന്നു നാമകരണം ചെയ്യുകയും ജൂതമതതത്വങ്ങള്‍ പഠിപ്പിക്കുകയും ചെയ്തു.

1996 ല്‍ അന്നത്തെ ഇസ്രയേല്‍ പ്രധാനമന്ത്രിയായിരുന്ന ബെഞ്ചമിന്‍ നെതന്യാഹുവിന് ഒരു അപേക്ഷ നല്‍കിയതോടെയാണ് ഈ ഗോത്രവര്‍ഗ്ഗക്കാരുടെ യഹൂദാപാരമ്പര്യം ജനശ്രദ്ധ നേടിയത്. അതിനുശേഷം 800 ആളുകള്‍ ഇസ്രയേലിലേക്കു കുടിയേറുകയും യഹൂദാകുടിയേറ്റ മേഖലകളില്‍ വാസമുറപ്പിക്കുകയും ചെയ്തു. എന്നാല്‍ 2003 ആയപ്പോഴേക്കും ഇസ്രയേല്‍ ആഭ്യന്തരമന്ത്രി അബ്രഹാം പൊറസ് (Avraham Poraz) പിന്നീടുള്ള കുടിയേറ്റം മരവിപ്പിക്കുകയാണുണ്ടായത്.

ഇതിനിടെ ജറുസലേം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷാവേയ് ഇസ്രയേല്‍ (Shavei Israel) എന്ന സംഘടനയും നഷ്ടപ്പെട്ട 10 ഇസ്രയേല്‍ ഗോത്രങ്ങളെ കണ്ടെത്തി ഇസ്രയേലിലേക്കു തിരികെ കൊണ്ടുവരാനുള്ള തീവ്രശ്രമത്തിന്റെ ഭാഗമായി നടത്തിയ ഗവേഷണങ്ങളുടെ ഫലമായി മ്യാന്‍മറിലെ ചിന്‍ (Chin), മിസ്സോറാമിലെ മിസ്സോ (Mizo), മണിപ്പൂരിലെ കുക്കി (Kuki) എന്നീ ഗോത്രങ്ങള്‍ മനശ്ശെ ഗോത്രത്തിലെ പിന്‍തലമുറക്കാരാണെന്നും ബോധ്യപ്പെട്ടു. 20 ലക്ഷത്തോളം വരുന്ന ഈ മനശ്ശെ ഗോത്ര തലമുറക്കാര്‍ വടക്കു കിഴക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും, മ്യാന്‍മറിലുമായി ജീവിക്കുന്നുവെന്ന കണ്ടെത്തലുമായി രംഗത്തെത്തിയത് ഗോത്രജനതയ്ക്ക് സഹായകമായി.

2004 ല്‍ ഇസ്രയേലിലെ സെഫാര്‍ഡി റബ്ബിമാരുടെ തലവനായ ഷ്‌ലോമോ അമര്‍ (Shlomo Amar) ഒരു തെളിവെടുപ്പു കമ്മിറ്റിയെ ഗോത്രവര്‍ഗ്ഗക്കാരുടെ അവകാശവാദങ്ങള്‍ പരിശോധിക്കാനായി ഇന്ത്യയിലേക്കയച്ചു. പ്രസ്തുത കമ്മിറ്റി നടത്തിയ തെളിവെടുപ്പിനൊടുവില്‍ ഇന്ത്യയിലെ ഈ ഗോത്രവിഭാഗങ്ങള്‍ നഷ്ടപ്പെട്ട മനശ്ശെ ഗോത്രത്തിന്റെ പിന്‍തലമുറക്കാരാണെന്ന വാദത്തിന് സ്ഥിരീകരണം നല്‍കി. യഹൂദമതത്തില്‍ നിന്നും നൂറ്റാണ്ടുകള്‍ക്കു മുമ്പ് അന്യപ്പെട്ടു പോയതിനാല്‍ ഇവര്‍ ഇന്ത്യയില്‍ വെച്ചുതന്നെ യഹൂദമതം സ്വീകരിച്ച ശേഷമേ ഇസ്രയേലിലേക്ക് കുടിയേറാന്‍ അനുവദിക്കുകയുള്ളൂയെന്ന് ഷ്‌ലോമോ അമര്‍ റബ്ബി ശഠിച്ചു.

ബത്ത്ഡിന്‍ (Bethdin) എന്ന പേരിലറിയപ്പെടുന്ന യഹൂദാ റബ്ബിമാരുടെ കോടതി വിധിപ്രകാരം 2005 ല്‍ 219 പേരെ മിസ്സോറാമില്‍ യഹൂദമതത്തിലേക്ക് മതപരിവര്‍ത്തനം നടത്തിയെങ്കിലും മതപരിവര്‍ത്തനം നടത്താന്‍ ഇസ്രയേലില്‍ നിന്നെത്തിയ സംഘത്തെ ഇന്ത്യാഗവണ്‍മെന്റിന്റെ കടുത്ത സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് തിരിച്ചയയ്ക്കുകയാണുണ്ടായത്. ഇതെത്തുടര്‍ന്ന് നേപ്പാളില്‍ വെച്ചാണിപ്പോള്‍ മതംമാറ്റം നടത്തുന്നത്.

ഇതിനുശേഷവും 2006 ല്‍ ഏകദേശം 1700 പേര്‍ ഇന്ത്യയില്‍ നിന്നും ഇസ്രായേലിലേക്കു കുടിയേറുകയും വെസ്റ്റ് ബാങ്കിലും, നസ്രത്തിലും, കര്‍മ്മേലിലും, ഗാസാ സ്ട്രിപ്പിലും താമസമാരംഭിക്കുകയും ചെയ്തു.
പാലസ്തീനുമായി തര്‍ക്കമുള്ള പ്രദേശങ്ങളില്‍ താമസിപ്പിക്കാന്‍ ഇങ്ങനെയുള്ള കുടിയേറ്റക്കാരെ ആവശ്യമാണെന്ന വലതുപക്ഷ യഹൂദാ ഗ്രൂപ്പിന്റെ ഗൂഢരാഷ്ട്രീയ ലക്ഷ്യമാണിതിന്റെ പിന്നിലെന്ന് സാമൂഹ്യശാസ്ത്രജ്ഞനായ ലെവ് ഗ്രിന്‍ബെര്‍ഗ് (Lev Grinberg) ആരോപിക്കുന്നു.

ഇന്ത്യയില്‍ നിന്നുള്ള ഗോത്രവര്‍ഗ്ഗത്തിന്റെ കുടിയേറ്റം ചെറിയ തോതില്‍ പിന്നെയും തുടര്‍ന്നുകൊണ്ടിരുന്നു. 2010-ല്‍ 7200 മനശ്ശെ ഗോത്രക്കാര്‍ക്ക് ഇസ്രയേല്‍ ഗവണ്‍മെന്റ് കുടിയേറ്റ അനുമതി നല്‍കി. 2013-ല്‍ 899 പേര്‍ക്കു കൂടി ഘട്ടംഘട്ടമായി ഇസ്രയേലിലേക്കുള്ള കുടിയേറ്റത്തിന് ഇസ്രയേല്‍ ഗവണ്‍മെന്റ് പച്ചക്കൊടി കാണിച്ചതോടെ നിരവധി പേര്‍ ഇസ്രയേലില്‍ എത്തി.

ബൈബിളിലെ പുറപ്പാടു പുസ്തകത്തില്‍ വിവരിക്കുന്ന ചെങ്കടല്‍ പിളര്‍ന്ന് ഇസ്രയേല്‍ ജനത്തെ നടത്തിയ യഹോവയാം ദൈവത്തിന്റെ അത്ഭുതവും പെസഹാപെരുന്നാള്‍ ആഘോഷവുമൊക്കെ തങ്ങളുടെ സംസ്‌ക്കാര പൈതൃകത്തിന്റെ തിരുശേഷിപ്പുകളായി ഉയര്‍ത്തിക്കാട്ടി ഇന്ത്യയില്‍ നിന്ന് ഏകദേശം 9000 ആളുകള്‍ ഇനിയും തങ്ങളുടെ വാഗ്ദത്തഭൂമിയിലേക്കുള്ള കുടിയേറ്റത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.


ഡോ. ഓമന റസ്സല്‍
(സീനിയര്‍അക്കാഡമിക് ഫെല്ലോ, ICHR ഡല്‍ഹി)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!