പ്രാചീനകാലത്ത് കൊച്ചിയേക്കാള്‍ വാണിജ്യപ്രാധാന്യമുള്ള തുറമുഖം കൊടുങ്ങല്ലൂര്‍ ആയിരുന്നു. 1341-ല്‍ പെരിയാറിലുണ്ടായ അതിരൂക്ഷമായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കൊടുങ്ങല്ലൂരിന്റെ പ്രശസ്തിയും പ്രാധാന്യവും നഷ്ടമായി. ഈ വെള്ളപ്പൊക്കത്തിന്റെ ഫലമായി കൊച്ചി കടലില്‍ നിന്നുയര്‍ന്നു വരികയും ക്രമേണ ഒരു വന്തുറമുഖമായി വളരുകയും ചെയ്തു.
കൊടുങ്ങല്ലൂരിന്റെ പതനവും കൊച്ചിയുടെ വാണിജ്യപ്രാധാന്യവും യഹൂദന്മാരെ കൊച്ചിയിലേക്കാകര്ഷിച്ചു. പെരുമ്പടപ്പ് രാജാവ് തന്റെ തലസ്ഥാനം കൊടുങ്ങല്ലൂരില്‍ നിന്നും കൊച്ചിയിലേക്കു മാറ്റിയതും ധാരാളം യഹൂദന്മാര് കൊച്ചിയിലേക്കു മാറിത്താമസിക്കാന്‍ കാരണമായി.
കിരാതന്മാരായ പോര്‍ച്ചുഗീസുകാരുടെ വരവോടുകൂടി കൊടുങ്ങല്ലൂരിലെ യഹൂദന്മാരുടെ കഷ്ടകാലം തുടങ്ങി. ബഹുമാന്യരായിരുന്ന യഹൂദന്മാരെ പോര്‍ച്ചുഗീസുകാര്‍ പീഡിപ്പിക്കുകയും 1565-ല്‍ കൊടുങ്ങല്ലൂരില്‍ നിന്നു കൊച്ചിയിലേക്ക് ഓടിക്കുകയും ചെയ്തു. അങ്ങനെ കൊച്ചി യഹൂദന്മാരുടെ സ്ഥിരതാവളമായി. 1567-ല്‍ യഹൂദന്മാര് കൊച്ചിയില്‍ (മട്ടാഞ്ചേരി) സിനഗോഗ് പണിതു. 1948-ല്‍ ഇസ്രയേല്‍ രാഷ്ട്രം പുനഃസ്ഥാപിതമായതോടെ, ഇന്ത്യാ ചരിത്രത്തിന്റെ ഭാഗമായിരുന്ന യഹൂദന്മാര് മാതൃഭൂമിയിലേക്കു മടങ്ങിത്തുടങ്ങി. വളരെ കുറച്ച് യഹൂദന്മാര് മാത്രമേ ഇന്ന് കൊച്ചിയില്‍ അവശേഷിക്കുന്നുള്ളൂ.
പോര്‍ച്ചുഗീസുകാരുടെ കാലത്ത് കൊച്ചി ഒരു മത്സ്യബന്ധന ഗ്രാമം എന്ന നിലയില്‍ നിന്നും നഗരമായി വികസിച്ചു. ഗോവയിലേക്ക് തലസ്ഥാനം മാറ്റുന്നത് വരെ പോര്‍ച്ചുഗീസുകാരുടെ ഏഷ്യയിലെ തലസ്ഥാനവും അധികാര സിരാകേന്ദ്രവുമായിരുന്നു കൊച്ചി. ഇന്നത്തെ ഫോര്‍ട്ടുകൊച്ചി പ്രദേശമായിരുന്നു പോര്‍ച്ചുഗീസ് കൊച്ചി അഥവ സാന്താക്രൂസ്. ആദ്യകാലത്ത് കൊച്ചി രാജാവിന്റെ ആസ്ഥാനം കൊച്ചി തുറമുഖത്തിന് സമീപമായിരുന്നു. രാജാവിന്റെ വാസസ്ഥലത്തോടനുബന്ധിച്ച് ഒരു നഗരം രൂപം കൊണ്ടു.
എന്നാല്‍ പോര്‍ച്ചുഗീസുകാര്‍ 1555ല്‍ രാജാവിന് മട്ടാഞ്ചേരിയില്‍ കൊട്ടാരം നിര്‍മ്മിച്ചുനല്‍കിയതോടെ മട്ടാഞ്ചേരി ഒരു വ്യാപാരകേന്ദ്രമായി വികസിച്ചുവന്നു. തദ്ദേശീയ കൊച്ചി (Native Cochin) എന്ന പേരില്‍ അറിയപ്പെട്ട പ്രദേശം ഇന്നത്തെ മട്ടാഞ്ചേരിയാണ്. പോര്‍ച്ചുഗീസുകാരുടെയും ഡച്ചുകാരുടെയും വ്യാപാര ആസ്ഥാനമായിരുന്ന കൊച്ചി 1814-ല്‍ ഇംഗ്ലീഷുകാര്‍ കയ്യടക്കി. കൊച്ചിയുടെ നയതന്ത്രസ്ഥാനവും വാണിജ്യപ്രാധാന്യവും മനസ്സിലാക്കിയ വെല്ലിംഗ്ടണ്‍ പ്രഭു കൊച്ചിയെ ആധുനിക സൗകര്യങ്ങളുള്ള തുറമുഖമാക്കിത്തീര്ക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. കൊച്ചി തുറമുഖത്തെ ഇന്നത്തെ പ്രശസ്തിയിലേക്കുയര്ത്തിയതിന്റെ പിന്നില്‍ റോബര്‍ട്ട് ബ്രിസ്റ്റോ എന്ന തുറമുഖ എഞ്ചിനീയറുടെ സേവനം നിസ്തുലവും അവിസ്മരണീയവുമാണ്. 1936-ല്‍ കൊച്ചി ഒന്നാംകിട തുറമുഖമായി അദ്ദേഹം പണിതുയര്‍ത്തി. 1939 ജൂണ്‍ 2-ാം തീയതി ആദ്യത്തെ കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു.
ലോകമെങ്ങും പ്രസിദ്ധിയാര്‍ജ്ജിച്ച അന്താരാഷ്ട്ര തുറമുഖമായ കൊച്ചിയിലൂടെ ഇന്ത്യന്‍ വിദേശവ്യാപാരത്തിന്റെ ഏകദേശം 10% നടക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ബോംബെ കഴിഞ്ഞാല്‍ ഇന്ത്യയിലെ രണ്ടാമത്തെ തുറമുഖവും, യൂറോപ്പിലെ ആധുനികസൗകര്യങ്ങളുള്ള ഏതു തുറമുഖത്തോടും കിടപിടിക്കത്തക്ക സൗകര്യങ്ങളും ഇന്ന് കൊച്ചിക്ക് സ്വന്തം. 100% സാക്ഷരത കൈവരിച്ച കൊച്ചി നഗരം കേരളത്തിന്റെ അഭിമാനവും ഫാഷനുകളുടെ ഉത്ഭവസ്ഥാനവുമാണ്.
അറബിക്കടലിന്റെ റാണിയും കേരളത്തിന്റെ ആത്മാവുമായ കൊച്ചിയെ രൂപപ്പെടുത്തുന്നതില്‍ യഹൂദരുടെ പങ്ക് വലുതായിരുന്നു. യഹൂദര്‍ എത്തിയില്ലായിരുന്നുവെങ്കില്‍ കൊച്ചി എന്ന നാമം തന്നെ ഉണ്ടാകുമായിരുന്നില്ലല്ലോ.
സുഹൃത്തുക്കളുമായി അഭിപ്രായവ്യത്യാസമുണ്ടാകുമ്പോള്‍ തമാശരൂപേണ പറയാറുണ്ട്, ”നീ അതങ്ങ് പള്ളീല് പറഞ്ഞാല്‍ മതി.” ഇതു വെറുതെ ആരോ പറഞ്ഞുപരത്തിയ ഒരു ശൈലിയല്ല.
ഈ ശൈലിയുടെ ഉറവിടം കൊച്ചിയിലെ യഹൂദ സമൂഹം തന്നെയാണ്. യഹൂദന്മാരുടെയിടയില്‍ അഭിപ്രായവ്യത്യാസങ്ങളോ വഴക്കോ ഉണ്ടാകുമ്പോള്‍ അവയ്ക്ക് പരിഹാരം കണ്ടെത്തുന്നത് കൊച്ച പള്ളിയിലാണ്. സിനഗോഗിന് വെളിയില്‍ വെച്ച് പ്രശ്നം തീര്‍ക്കാന്‍ കഴിയാത്തവിധം രൂക്ഷമാകുമ്പോള്‍ മദ്ധ്യസ്ഥന്മാര് രംഗത്തെത്തും. എന്നാല്‍ പിന്നെ ഇനി പള്ളിയില്‍ പറയാം എന്ന അവസ്ഥയിലേക്കു കാര്യങ്ങള്‍ ചെല്ലും. ഉടനെ പരാതിക്കാര്‍ പള്ളിയില്‍ എത്തുന്നു. പുരോഹിതന്റെ മദ്ധ്യസ്ഥതയില്‍ പ്രശ്നം പറഞ്ഞുതീര്‍ക്കുന്നു.
എന്നാല്‍ ഇന്ന് ”പള്ളീല് പറഞ്ഞാല്‍ മതി” എന്ന ശൈലിക്ക് ‘പ്രശ്നം തീര്‍ക്കാന്‍ മനസ്സില്ല’ എന്നാണ് അര്‍ത്ഥം.

ഡോ. ഓമന റസ്സൽ
റിട്ട. പ്രൊഫ., സീനിയർ അക്കാദമിക് ഫെലോ –
ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ, ഡൽഹി
(അവസാനിച്ചു)




























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.