സംഹാരകൻ അടുത്തുണ്ട് ദൈവ സഭയെ ഉണരുക നിലവിളിക്കുക

സംഹാരകൻ അടുത്തുണ്ട് ദൈവ സഭയെ ഉണരുക നിലവിളിക്കുക

ഓർമ്മകൾ താൽക്കാലികവും സ്ഥിരമായതുമുണ്ട്. ചില സംഭവങ്ങളോ വിവരങ്ങളോ ഹൃദയത്തിൽ സൂക്ഷിച്ചു വെച്ചിട്ട് പിന്നീട് ബോധതലത്തിലേക്ക് ആനയിക്കുന്നതിനെയാണ് ഓർമ്മയെന്ന് പറയുന്നത്.

ഏറ്റവും പ്രിയപ്പെട്ടവരുടെ മരണം പലരെയും വളരെയധികം ദുഃഖത്തിൽ ആഴ്ത്താറുണ്ട്. അവരുടെ ഓർമ്മകളെ താലോലിച്ചു ശിഷ്ടകാലം ജീവിക്കും. കാലങ്ങൾ കൊഴിഞ്ഞു പോകുമ്പോൾ പതിയെ പതിയെ ഓർമ്മയിൽ നിന്നും അവരും അവരുടെ ഓർമ്മകളും മാഞ്ഞു പോകും.

കർത്തൃശൂശ്രൂഷരംഗത്ത് ശോഭിച്ച അനുഗ്രഹീതരായ ദൈവ ഭക്തൻമാർ ഓർമ്മകൾ മാത്രം ബാക്കി വെച്ച് കഴിഞ്ഞ ചില വർഷങ്ങൾക്കുള്ളിൽ ഈ ഭൂമിയിൽ നിന്ന് മാററപ്പെട്ടു. ഇതര പ്രസ്ഥാനങ്ങളിൽ നിന്നും വേറിട്ട ഒരനുഭവമായി അതു മാറി. ഞാൻ വളരെയധികമായി സ്നേഹിക്കുകയും എന്നെ സ്നേഹിക്കുകയും ചെയ്ത ദൈവ ദാസമാരായിരുന്നു അവരിൽ ഭൂരിഭാഗവും. അവരുടെ വേർപെടൽ വളരെ വേദനയുളവാക്കി.

ഈ പ്രത്യേക സാഹചര്യത്തിൽ ദൈവസഭയുടെ പേരിൽ അഭിമാനിക്കുന്ന നമ്മിൽ നിക്ഷിപ്തമായിരിക്കുന്ന ചില കടമകളുണ്ട്. വയലുകളിൽ അദ്ധ്വാനിക്കുന്ന ദൈവദാസൻ മാർക്കു വേണ്ടി കരയുവാനും സമയം വേർതിരിച്ച് പ്രാർത്ഥിപ്പാനും നാം കടപ്പെട്ടവരാണ്. ദൈവസഭയുടെ നേതൃത്വത്തിൽ നിന്ന് കൊണ്ട് ചുക്കാൻ പിടിക്കുന്ന നമ്മുക്കാർക്കും ഈ ഉത്തരവാദിത്വത്തിൽ നിന്ന് പിൻമാറാനാവില്ല. വിവിധ ഡിപ്പാർട്ടമെന്റുകൾ ഉള്ളപ്പോൾ തന്നെ പ്രാർത്ഥനയുടെയും ഡിപ്പാർട്ട്മെന്റ് നമുക്കുണ്ട്. പ്രാർത്ഥന ഒരു പ്രഹസനമാക്കാതെ ആത്മാർമായുളള പ്രാർത്ഥന നടക്കുന്നുണ്ടോ? എന്ന് ശോധന ചെയ്യണം.

ശവസംസ്കാര ശുശ്രൂഷകൾ വെറും പ്രഹസന വേദിയാക്കാതെ നഷ്ടപ്പെട്ടവർക്ക് ആശ്വാസത്തിനുള്ള വക ലഭിയ്ക്കുന്നതാകണം. ഇന്നെന്താണ് സംസ്ക്കാര വേദികളിൽ കാണുന്നത്. “മോൻ ചത്താലും അമ്മായിമ്മക്ക് മരുമകളുടെ കണ്ണുനീര് കാണണം” അത്രേയുള്ളൂ. ഓരോ പ്രസ്ഥാനത്തിന്റെയും, ഡിപ്പാർട്ട്‌മെന്റിന്റെയും നേതാക്കന്മാരെയും ചുമതലക്കാരേയും വാനോളം പുകഴ്ത്തി വേണം മർത്യനെ മണ്ണിലേക്ക് താഴ്ത്താൻ. അല്ലങ്കിൽ, അധ്യക്ഷൻ നേതാവിന് കീഴെയുള്ള പാസ്റ്റർ ആണെങ്കിൽ പിന്നീട് പണി ഉറപ്പ്. എന്തിനാണ് ഈ പൊക്കലും പുകഴ്ത്തലും. ചില കൊച്ചു കൊച്ചു നേതാക്കന്മാരുണ്ട് അവരാകട്ടെ പ്രധാന ശുശ്രൂഷ തുടങ്ങാറാകുമ്പോൾ നാലാള് കാണുവാനും പൊങ്ങച്ചം പറയുവാനും സ്കൈലാബ്‌ പോലെ പാഞ്ഞെത്തും.

ചില ശവസംസ്ക്കാരവേദികൾ സഭാഗ്രൂപ്പുകളുടെ വേലിയേറ്റമായി തീരാറുമുണ്ട്.
നഷ്ടപ്പെട്ടവർ കുടുംബത്തിനും , ബന്ധുക്കൾക്കും. പ്രിയപ്പെട്ടവർക്കും തീരാനഷ്ടമാണ്. ആ ശൂന്യത നികത്തുവാൻ ആർക്കും സാധിക്കത്തില്ല. ആകസ്മികമായ ആ വേർപാടുകൾ ശേഷിക്കുന്നവരുടെ ഓർമ്മയിൽ എന്നും ഒരു ഇരുട്ട് തന്നെയായിരിക്കും.

ആ ഇരുട്ടിനെ വെളിച്ചമാക്കുവാൻ സംഘടനയും നേതൃത്വവും ദൈവജനങ്ങളും നെയ്തിരിയായി മാറുന്നതിൽ നമുക്ക് അഭിമാനിക്കാം. അത് സ്വീകാര്യവും മാതൃകാപരവും തന്നെ. എന്നാൽ ഇന്ന് ശുശ്രൂഷകരുടെ മരണം ലാഭേച്ചയോടെ നോക്കി കാണുന്ന വരുമുണ്ട് എന്ന യാഥാർഥ്യം മറന്ന് പോകരുത്. “ആരാന്റമ്മയ്ക്ക് ഭ്രാന്ത് ഇളകിയൽ കാണാൻ നല്ല ശേല്” എന്നപോലെ.

പെന്തക്കോസ്തുകാർക്ക് മരിച്ചവരുടെ ഓർമ്മകളോ അനുബന്ധ പ്രാർത്ഥനകളോ ഇല്ല. അത് ബൈബിൾ പഠിപ്പിക്കുന്നില്ല. പക്ഷെ ഒരു പുരുഷായുസു മുഴുവൻ ക്രിസ്തുവിനുവേണ്ടി, ദൈവസഭയിൽ സേവനം ചെയ്തവരുടെ ഓർമ്മ മാഞ്ഞു പോകരുത്. അവർ കഷ്ടം സഹിച്ചതും വേദനിച്ചതും, നിന്ദ വഹിച്ചതും, കണ്ണീരൊഴുക്കിയതും, പട്ടിണി കിടന്നതും മക്കളെ പഠിപ്പിക്കാൻ ബുദ്ധിമുട്ടിയതുമൊക്കെ ആരുമറിഞ്ഞിട്ടില്ലായിരിക്കും. അതൊക്കെ ദൈവത്തിന്റെ ഓർമ്മയുടെ പുസ്തകത്തിൽ മാത്രം ദൈവം എഴുതിചേർക്കും.

സുവിശേഷ വേലയിൽ വ്യാപൃതരായ ദൈവദാസന്മാർക്കുവേണ്ടി ദൈവസഭ കണ്ണീരോടെ പ്രാർത്ഥിക്കണം. ഇവർ ദൈവസഭയുടെ മുതൽക്കൂട്ടാണ് എന്ന് സകലരും ഓർക്കുക. നിങ്ങളുടെ പ്രാർത്ഥനയാണ് ഞങ്ങളുടെ സുരക്ഷിത കവചം. നമുക്ക് മടങ്ങിവരാം.

ഏത് വിധത്തിലായാലും ഒരു മടങ്ങിവരവ് നമുക്ക് ആവശ്യം തന്നെ.


-പാസ്റ്റർ ജോൺ ജോസഫ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!