നിഷ്ഠൂരത കൊണ്ട് കേരളത്തിലെ ക്രിസ്ത്യാനിത്വത്തിന്റെ വളര്‍ച്ചയുടെ തായ്വേരറുത്ത പോര്‍ച്ചുഗീസുകാര്‍ നിരപരാധികളെ കൊന്നൊടുക്കിക്കൊണ്ടാണ് തങ്ങളുടെ ആധിപത്യം സ്ഥാപിച്ചത്. സുഗന്ധവ്യഞ്ജനങ്ങള്‍ വാങ്ങുന്നതിനോടൊപ്പം കത്തോലിക്കാ മതത്തെ സാധാരണ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുക എന്നതായിരുന്നു ഈ കിരാതന്മാരുടെ വരവിന്റെ ലക്ഷ്യം. ഇതിനായി അവര്‍ തെരഞ്ഞെടുത്തത് കൊല തന്നെയായിരുന്നു.
1498-ല്‍ കാപ്പാട് കടല്‍പ്പുറത്ത് വന്നിറങ്ങിയ വാസ്കോഡഗാമ കോഴിക്കോട് സാമൂതിരിയുമായി വ്യാപാരബന്ധം ഉറപ്പിക്കുകയുണ്ടായി. എന്നാല്‍ നേരത്തേ അറബികള്‍ സാമൂതിരിയുമായി വ്യാപാരബന്ധം ശക്തമായി സ്ഥാപിച്ചിരുന്നതിനാല്‍ പോര്‍ച്ചുഗീസുകാരുടെ സാമൂതിരി ബന്ധം അധികനാള്‍ നീണ്ടുനിന്നില്ല. അറബികളുടെ വ്യാപാരകുത്തകയെ തോല്പ്പിക്കാനാവാതെ വന്നപ്പോള്‍ പോര്‍ച്ചുഗീസുകാര്‍ സാമൂതിരിയോട് പിണങ്ങി കോഴിക്കോട്ടു നിന്നും കൊച്ചിയില്‍ വന്നു. 1500-ലാണ് ഇവര്‍ കൊച്ചിയില്‍ എത്തുന്നത്.
പോര്‍ച്ചുഗലിലേക്കു പോയി തിരിച്ചുവന്ന ഗാമ ബര്‍മ്മയില്‍ നിന്നും സാമൂതിരിയുടെ പ്രജകള്‍ക്ക് അരിയുമായി വന്ന കപ്പലിലെ ജീവനക്കാരെ ക്രൂരമായി കൊന്നതായി ചരിത്രം പറയുന്നു. സാമൂതിരിയോടുള്ള ദേഷ്യം തീര്‍ക്കാന്‍ കപ്പല്‍ ജോലിക്കാരുടെ കണ്ണും കാതും മൂക്കും ഛേദിച്ചു ഓലയില്‍ പൊതിഞ്ഞുകെട്ടി സാമൂതിരിക്കയച്ചുവത്രേ. ‘കറിവച്ചു തിന്നുകൊള്ളുക’ എന്നൊരു കുറിപ്പും കൂടെ വച്ചിരുന്നു.
1500-ല്‍ കൊച്ചിയില്‍ എത്തിയ പോര്‍ച്ചുഗീസുകാര്‍ക്ക് ആതിഥ്യമരുളാന്‍ കൊച്ചി രാജാവിന് മടിയുണ്ടായില്ല. കാരണം, കോഴിക്കോട് സാമൂതിരിയും കൊച്ചി രാജാവും തമ്മില്‍ ബന്ധുക്കളായിരുന്നുവെങ്കിലും അതോടൊപ്പം ശത്രുക്കളുമായിരുന്നു. ഈ ശത്രുതയും പോര്‍ച്ചുഗീസുകാരുമായുള്ള കച്ചവടം കൊച്ചിക്കു ഗുണം ചെയ്യുമെന്ന കൊച്ചി രാജാവിന്റെ കണക്കുകൂട്ടലുകളും പോര്‍ച്ചുഗീസുകാര്‍ക്ക് കൊച്ചിയില്‍ തമ്പടിക്കാന്‍ അവസരമൊരുക്കി.
ഇങ്ങനെ കച്ചവടത്തിനെന്നു പറഞ്ഞ് കൊച്ചിയില്‍ ആധിപത്യം സ്ഥാപിച്ച പോര്‍ച്ചുഗീസുകാര്‍ ക്രമേണ മതപ്രചാരകരായി മാറി. കത്തോലിക്കാ മതത്തെ ജനത്തെക്കൊണ്ട് എങ്ങനെയും അംഗീകരിപ്പിക്കുകയെന്നതായിരുന്നു ഇവരുടെ ലക്ഷ്യം. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിലൂടെ ഹിന്ദുക്കളടക്കമുള്ളവരെ കത്തോലിക്കരാക്കുന്നതില് പറങ്കികള്‍ വിജയിക്ക തന്നെ ചെയ്തു. ഇന്നത്തെ ഓര്‍ത്തഡോക്സ് ക്രിസ്ത്യാനികളുടെ മുന്‍ഗാമികളെന്ന് വിശേഷിപ്പിക്കാവുന്ന അന്നത്തെ സെന്റ് തോമസ് ക്രിസ്ത്യാനികളെ കത്തോലിക്കരാക്കാന്‍ പോര്‍ച്ചുഗീസുകാര്‍ നടത്തിയ ഹീനതന്ത്രങ്ങളുടെ ഭാഗമായുണ്ടായ ഉദയംപേരൂര്‍ സൂനഹദോസ് കേരള ക്രൈസ്തവ ചരിത്രത്തിലെ ഇരുണ്ട അദ്ധ്യായമാണ്.

ഡോ. ഓമന റസ്സൽ Ph.D.
റിട്ട. പ്രൊഫ., സീനിയർ അക്കാദമിക് ഫെലോ-
ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ
(തുടരും)




























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.