വിവാദമുണ്ടാക്കുന്ന മക്കള്‍ എന്നും മാതാപിതാക്കള്‍ക്ക് തലവേദനയുണ്ടാക്കും എന്നതിന് സംശയം വേണ്ടാ. എത്ര ശക്തരായ ഭരണകര്‍ത്താക്കളായാലും സ്വന്തം കുടുംബത്തിനുള്ളില്‍ മക്കളോ ഭാര്യയോ പ്രശ്നക്കാരായാല്‍ വീട് നരകമായി മാറും.
നാട്ടുകാരോടും പത്രക്കാരോടും പ്രതികരിക്കാനും ശക്തി കാട്ടാനും രാഷ്ട്രീയക്കാര്‍ക്ക് ബുദ്ധിമുട്ടേണ്ടി വരില്ല. എന്നാല്‍ വീടിനകത്ത് കലഹമുണ്ടായാല്‍ ജീവിതം ദുരിതപൂര്‍ണ്ണമാകും, നിയന്ത്രണാതീതമായിരിക്കും.
മക്കള്‍ കാരണം ഇത്രയധികം സമ്മര്‍ദ്ദത്തിലാക്കപ്പെട്ട ഒരു നേതാവ് കേരളത്തിലുണ്ടെങ്കില്‍ അത് കോടിയേരി ബാലകൃഷ്ണന് മാത്രമാണ്. നാറ്റക്കഥകള്‍ എത്രയെത്ര എണ്ണം അദ്ദേഹത്തിന്റെ മക്കളെക്കുറിച്ച് കേട്ടു. പാര്‍ട്ടിക്കു മിണ്ടാട്ടമില്ല. അണികള്‍ക്ക് അനങ്ങാനുമാവില്ല.
പിണറായിയുടെ മകനെക്കുറിച്ച് ചില പത്രങ്ങളില്‍ ചില പരാമര്‍ശങ്ങള്‍ വന്നത് ഓര്‍മ്മയുണ്ടാകുമല്ലോ. അന്ന് അദ്ദേഹം കുട്ടിയായിരുന്നപ്പോള്‍ തന്നെ പഠിപ്പിച്ച ക്ലാസ്ടീച്ചറുടെ അഭിപ്രായം ഒരു പത്രത്തില്‍ വന്നിരുന്നു. ആ ടീച്ചര്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു: ”എന്റെ ഇത്രയും നാളത്തെ അദ്ധ്യാപനകാലത്ത് ഇതുപോലൊരു നല്ല കുട്ടിയെ പഠിപ്പിച്ചിട്ടില്ല.” പിന്നെ കുട്ടിയുടെ പഠന നിലവാരത്തെപ്പറ്റിയും അച്ചടക്കത്തെപ്പറ്റിയും ഒക്കെ വിശദമായി വിവരിക്കുന്നു.
ബര്‍മ്മിംഗ്ഹാം യൂണിവേഴ്സിറ്റിയില്‍ പഠനം പൂര്‍ത്തിയാക്കി ദുബായ് എച്ച്എസ്ബിസി ബാങ്കില്‍ ജോലി ചെയ്തു സ്വന്തം കാര്യം നോക്കി ജീവിക്കുന്നതായിട്ടാണ് കുറെ മുമ്പ് ലഭിച്ച വിവരം. പിതാവിന്റെ മുഖ്യമന്ത്രിപദം ദുരുപയോഗം ചെയ്തു പേരുദോഷമുണ്ടാക്കാന്‍ അയാള്‍ ഒരുമ്പെടുമെന്ന് തോന്നുന്നില്ല.
കോടിയേരിയുടെ മക്കളെപ്പറ്റി കേള്‍ക്കാനിനി ഒന്നുമില്ല. ബിനാമി ബിസിനസുകള്‍, വ്യാജ കമ്പനികള്‍, സ്വര്‍ണ്ണകള്ളക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍, മയക്കുമരുന്ന് കേസ്, അവിഹിത സ്വത്തു സമ്പാദനം, പണം തട്ടല്‍, പെണ്ണുകേസ് തുടങ്ങി എല്ലാറ്റിലും മക്കള്‍ ആരോപണവിധേയരാകുന്നു. പാര്‍ട്ടിക്കും പാര്‍ട്ടി അണികള്‍ക്കും കേരള സമൂഹത്തിനും ഇത് നാണക്കേടാണ്. പെട്ടെന്നു തന്നെ ഇതിന് പരിഹാരമുണ്ടാകേണ്ടിയിരിക്കുന്നു.
ഓരോ കേസ് വരുമ്പോഴും ഉപ്പ് തിന്നുന്നവന് വെള്ളം കുടിക്കും, അവര്‍ വേറെ വീടുകളിലാണ് താമസിക്കുന്നത്, തെറ്റു ചെയ്തെങ്കില്‍ ശിക്ഷിക്കപ്പെട്ടോട്ടെ എന്നൊക്കെയുള്ള ആദര്ശന വീമ്പടിക്കലില് കേരളസമൂഹം തൃപ്തിപ്പെടുമെന്ന് തോന്നുന്നില്ല.
മിക്ക കേസുകളില്‍ നിന്നും ഇവര്‍ മോചിതരായത് മുന്‍ ആഭ്യന്തരമന്ത്രി, സിപിഎം പിബി അംഗം, സ്റ്റേറ്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രശസ്തനായ പിതാവിന്റെ മക്കള്‍ എന്നുള്ള നിലയില്‍ തന്നെയാണ്.
ഇവര്‍ ഇങ്ങനെയാകാന്‍ എന്താണ് കാരണം? പാര്‍ട്ടിക്കു വേണ്ടി അടി കൊണ്ടും, ജയില്‍വാസം അനുഭവിച്ചും തീച്ചൂളയിലൂടെ കടന്നുപോയി പൊന്നായി പുറത്തുവന്ന ആളാണ് കോടിയേരി. അതില്‍ ആര്‍ക്കും രണ്ടഭിപ്രായം ഉണ്ടാകില്ല.
പക്ഷേ കഷ്ടപ്പാടിന്റെ കാലം കഴിഞ്ഞ്, കട്ടന്ചായയുടെയും പരിപ്പുവടയുടെയും കാലം കഴിഞ്ഞ്, ലോകം ഹൈടെക് യുഗത്തിലെത്തിയപ്പോള്‍ പാര്‍ട്ടിയും ഹൈടെക്കായി. നേതാക്കളില്‍ ചിലരും ഹൈടെക്കായി. വീടും വീടിനകവും എല്ലാം സമ്പന്നതയുടെ കളിത്തൊട്ടിലായി.
ആവശ്യത്തിലധികം പണവും നല്ല വീടും ഭക്ഷണവും മുന്തിയതരം കാറും അധികാരത്തിന്റെ മറവില്‍ കോടീശ്വരന്മാരുമായുള്ള ബന്ധവും ഒക്കെ മക്കളെ ഒന്നാംതരം ‘ബൂര്ഷ്വാകളാക്കി’. അല്ലെങ്കില്‍ സാഹചര്യം അവരെ അവിടെ കൊണ്ടെത്തിച്ചു. പാവപ്പെട്ടവനു വേണ്ടി സമരം ചെയ്ത അച്ഛന്മാരുടെ ത്യാഗത്തിന്റെ കഥകളെക്കുറിച്ചുള്ള കേട്ടുകേള്‍വി മാത്രമേ ഇവര്‍ക്കുള്ളൂ. ഇവര്‍ ജനിച്ചത് സമ്പന്നതയുടെ മടിത്തട്ടിലാണ്. ഇതാണ് എല്ലാ പാര്‍ട്ടികളിലെയും ചില നേതാക്കള്‍ക്കും അവരുടെ മക്കള്‍ക്കും സംഭവിച്ചിരിക്കുന്നത്.
ഇത്രയും ചീത്ത കഥകളില്‍ പെട്ട മക്കളില്‍ കോണ്‍ഗ്രസുകാരില്ല എന്നതാണ് രസകരം. ഇടതുപക്ഷ നേതാക്കളില്‍ സജീവ രാഷ്ട്രീയം ഉള്ളവരും പിതാവിനും പാര്‍ട്ടിക്കും ദുഷ്പ്പേര് ഉണ്ടാക്കുന്നതും കോടിയേരിയുടെ മക്കള്‍ മാത്രമാണ്. വയലാര്‍ രവിയുടെ മകന് മാത്രമാണ് ആംബുലന്‍സ് കേസില്‍ ആരോപണവിധേയനായത്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മക്കള്‍ സജീവ രാഷ്ട്രീയത്തിലുണ്ട്. ജി. കാര്‍ത്തികേയന്റെ മകന് എം.എല്‍.എ.യായി. പി.സി. ജോര്‍ജ്ജിന്റെ മകനും രാഷ്ട്രീയത്തിലുണ്ട്. യശ്ശശരീരനായ കെ.എം. ജോര്‍ജ്ജിന്റെയും പി.സി. ചാക്കോയുടെയും മക്കള്‍ വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.
കെ.എം. മാണിയുടെ മകന് എം.പി.യാണ്, തന്റെ പാര്‍ട്ടിയിലെ മുന്നണിപ്പോരാളിയുമാണ്. കേരളം കണ്ട ഏറ്റവും നല്ല പാര്‍ലമെന്റേറിയനായ റ്റി.എം. ജേക്കബിന്റെ മകനും എം.എല്‍.എ. ആയി, മന്ത്രിയായി. മുൻമുഖ്യമന്ത്രി കെ. കരുണാകരന്റെ മകന് മുരളി കേരളത്തിലെ മുന്‍നിര നേതാവ് തന്നെയാണ്. മകള്‍ പത്മജയും രാഷ്ട്രീയകളരിയില്‍ സജീവമാണ്.
ആര്. ബാലകൃഷ്ണപിള്ളയുടെ മകന് ഗണേഷ്കുമാറും മന്ത്രിയായിരുന്നപ്പോള്‍ കഴിവു തെളിയിച്ച വ്യക്തിയാണ്. മുന്‍ മന്ത്രി ബേബി ജോണിന്റെ മകനും യു.ഡി.എഫ്. പാളയത്തിലെ മുതിര്‍ന്ന നേതാവാണ്.
ഇവരില്‍ ചിലര്‍ക്കെതിരെ അല്ലറചില്ലറ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. പക്ഷേ അത് കോടിയേരിയുട മക്കള്ക്കുണ്ടായിട്ടുള്ളതിന്റെ നൂറിലൊന്നു പോലുമില്ല.
ഏതായാലും കോടിയേരി എന്തൊക്കെ പറഞ്ഞു കൈ കഴുകിയാലും തന്റെ മക്കള്‍ തന്നെ പിതാവിന്റെ ‘രാഷ്ട്രീയ ആരാച്ചാരായി’ മാറുന്ന കാലം വിദൂരമല്ല, പാര്‍ട്ടി ഇടപെട്ടില്ലെങ്കില്‍.
ഇടത്-വലത് നേതാക്കള്‍ തമ്മില്‍ ഉള്ളിന്റെ ഉള്ളില്‍ ഒരു അലിഖിത ‘അണ്ടര്‍സ്റ്റാന്‍ഡിംഗ്’ ഉണ്ടെന്നാണ് ചിലരുടെ അടക്കംപറച്ചില്‍. ഇങ്ങോട്ട് സഹായിച്ചാല്‍ അങ്ങോട്ടും സഹായിക്കാം എന്നതാണ് ആ അലിഖിതനിയമം. ഇവിടെയും ഇങ്ങനെയൊക്കെത്തന്നെയാണ് സംഭവിക്കാന്‍ സാധ്യത.






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.