കേരളത്തിലെ ആദ്യകാല സഭാ പ്രവര്‍ത്തകന്‍ പാസ്റ്റര്‍ എ.ആര്‍. തങ്കയ്യ അതിശയത്തിന്റെ മകനായി ജനിച്ച പാസ്റ്റര്‍ പി.എ.വി. സാം ഹിന്ദുസ്ഥാന്‍ സീബാ ഗൈയ്ഗിയുടെ കേരള റീജിയന്‍ മാനേജരായിരുന്നു. നൂറുകണക്കിന് മെഡിക്കല്‍ റെപ്രസന്റേറ്റീവുമാര്‍ അദ്ദേഹത്തിന്റെ കീഴില്‍ ജോലി ചെയ്തിരുന്നു.
സീബാ കമ്പനിയുടെ എക്‌സിക്യൂട്ടീവ് ഭരണാധികാരിയായിരിക്കവേ ജോലി രാജിവെച്ച് പൂര്‍ണ്ണസമയം സുവിശേഷവേലയിലേക്ക് മാറിയത് ലഭിച്ച ദൈവീകനിയോഗം മൂലമായിരുന്നു. കമ്പനിയില്‍ ജോലി ചെയ്യുന്ന സമത്തും സുവിശേഷത്തിന്റെ വ്യാപനത്തില്‍ അദ്ദേഹം ശ്രദ്ധ തിരിച്ചിരുന്നു.
പരേതരായ കെ.എം പാപ്പി, കെ.എം. ദാനിയേല്‍, കെ. ജോണ്‍, ഒ. ഡാനിയേല്‍ തുടങ്ങിയവരോടൊപ്പം ബോംബെ വി.റ്റി. സഭയുടെ ആരംഭകാലത്ത് ശുശ്രുഷയില്‍ ആയിരുന്നത് ഞാന്‍ ഓര്‍ക്കുന്നു. ഞങ്ങള്‍ തമ്മില്‍ 1957 മുതല്‍ സൗഹൃദം പുലര്‍ത്തിയിരുന്നു. 1987-88 കാലയളവുകളില്‍ വിവിധ ഗള്‍ഫ് രാജ്യങ്ങള്‍, യു.എസ്.എ. എന്നിവിടങ്ങളില്‍ ഒരുമിച്ച് യാത്ര ചെയ്യുവാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്.
ദൈവസഭയുടെ പുരോഗതി രേഖപ്പെടുത്തുമ്പോള്‍ പാസ്റ്റര്‍ പി.എ.വി. സാമിന്റെ ഭരണകാലം സുവര്‍ണ്ണലിപികളില്‍ എഴുതപ്പെടും എന്നതില്‍ സംശയമില്ല. സഭയുടെ സര്‍വ്വതോന്മുഖമായ വികസനം എന്ന ആശയം അദ്ദേഹത്തെ കര്‍ത്തവ്യനിരതനാക്കി.
ഒരു ചെറിയ കാലയളവില്‍ സഭയിലുണ്ടായിരുന്ന ആഭ്യന്തര പ്രശ്‌നങ്ങള്‍ ഓര്‍ത്തു ഖേദിക്കാത്തവരില്ല. 1990കളില്‍ ഒരു കൂട്ടം ദൈവദാസന്‍മാരും വിശ്വാസികളും അദ്ദേഹത്തിന്റെ ആശയത്തോട് അനുകൂലിക്കുവാന്‍ കഴിയാത്തവരായി ഉണ്ടായിരുന്നു. എന്നാല്‍ പാസ്റ്റര്‍ ലവ്‌റി, പാസ്റ്റര്‍ പി.ജി. മാത്യൂസ് തുടങ്ങിയവരുമായി പ്രാര്‍ത്ഥനാപൂര്‍വ്വം നടത്തിയ ആശയവിനിമയം സഭയില്‍ സമാധാനം പുന:സ്ഥാപിക്കുവാന്‍ ഇടയായി. ഇത് സഭയുടെ വളര്‍ച്ചയ്ക്കു കാരണമായതും ഞാന്‍ ഓര്‍ക്കുന്നു.
കഴിഞ്ഞ കുറേ നാളുകളായി പാസ്റ്റര്‍ പി.എ.വി. സാം ശാരീരികമായി വളരെ ക്ഷീണിതനായിരുന്നു. എന്നാല്‍ രോഗവും വേദനയും ഇല്ലാത്ത ഒരു ലോകത്തേക്ക് കഴിഞ്ഞദിവസം യാത്രയായ അദ്ദേഹം ഏവരുടെയും ഓര്‍മ്മച്ചെപ്പില്‍ സൂക്ഷിക്കപ്പെടും. കവിയുടെ ഭാവനയും ഇവ്വിധമല്ലോ.
‘ചരിതാര്‍ത്ഥ്യമാര്‍ന്ന ദേഹിയില്‍
തിരികെ ശോഭനമല്ല ജീവിതം
പിരിയേണമരങ്ങില്‍ നിന്നുടന്‍
ശരിയായി കളിതീര്‍ന്ന നട്ടുവന്‍.’

കെ.ഏബ്രഹം ഒഴുമണ്ണില്‍























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.