ഇന്ത്യ മൂന്ന് കാര്യങ്ങളില്‍ മുന്നിലാണ്. വാര്‍ത്താവിനിമയം, വിദ്യാഭ്യാസം, വൈദ്യശാസ്ത്രം എന്നീ മേഖലകളിലാണ് ഇന്ത്യ വളര്‍ച്ച പ്രാപിച്ചിട്ടുള്ളത്. ഇന്ത്യാക്കാരായ ചില സമ്പന്ന വ്യവസായികളുടെ സാമ്പത്തിക പുരോഗതി കണ്ടിട്ട് ഇന്ത്യ വളരുന്നു എന്ന് വീമ്പിളക്കുന്നതില്‍ അര്‍ത്ഥമുണ്ടെന്ന് തോന്നുന്നില്ല.
ഇന്ത്യ ഇന്ന് ദരിദ്ര രാജ്യമാണ്. വടക്കേ ഇന്ത്യന്‍ ജനവിഭാഗങ്ങളിലെ ഗ്രാമീണരിലെ സാക്ഷരതാ നിരക്ക് പകുതിയില്‍ താഴെയാണ്. വൃത്തിയുള്ള ജീവിത സാഹചര്യങ്ങളില്ല. ശുദ്ധജല ദൗര്‍ലഭ്യമാണ് മറ്റൊരു വിപത്ത്. ആവശ്യമുള്ളപോഷകാഹാര കുറവ് മൂലം ജനിക്കുന്ന ഭാരത കുഞ്ഞുങ്ങളില്‍ വലിയൊരു ശതമാനം ആരോഗ്യ ഹീനരായി മാറുന്നു. കുളിക്കുന്ന വെള്ളം തന്നെ കുടിക്കുന്നത് ഒരു പക്ഷേ ഇന്ത്യാക്കാര്‍ മാത്രമായിരിക്കും.
വെടിപ്പുള്ള തെരുവും വിശാലമായ വൃത്തിയുള്ള റോഡുകളുമായി അമേരിക്കന്‍ – യൂറോപ്പ് രാജ്യങ്ങള്‍ക്കൊപ്പം ഭാരതം ആകണമെങ്കില്‍ ഇനി എത്ര നൂറ്റാണ്ടുകള്‍ കാത്തിരിക്കണം. ചേരികളുടെ നിര്‍മ്മാര്‍ജ്ജനവും പുനഃരധിവാസവും സാദ്ധ്യമാകാന്‍ അടുത്ത കാലത്തെങ്ങും ഇന്ത്യയ്ക്കാവില്ല. രാഷ്ട്രീയക്കാരുടെ കോടികളുടെ വെട്ടിപ്പും തട്ടിപ്പും തുടര്‍മാനമായി നടക്കുന്ന ഭാരതത്തില്‍ സാധാരണ ജനങ്ങളുടെ ജീവിതം സമ്പന്നമാക്കാന്‍ അടുത്ത കാലത്തെങ്ങും സാധിക്കുമെന്ന് തോന്നുന്നില്ല.
അമേരിക്കന്‍ സര്‍വ്വകലാശാലകളെ കുറിച്ചാണ് പറയാന്‍ തുടങ്ങിയത്. ജൂണ്‍ 22-25 വരെ ന്യൂയോര്‍ക്ക് സ്റ്റേറ്റിലുള്ള റോച്ചസ്റ്ററില്‍ നടന്ന ഐ.പി.സി. ഫാമിലി കോണ്‍ഫ്രന്‍സില്‍ പങ്കെടുത്തു മടങ്ങവേയാണ് റോച്ചസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാണാനുള്ള അവസരം ഉണ്ടായത്. നമ്മുടെ ഐ.ഐ.റ്റി. യുടെ അത്ര വിപുലമായ കോഴ്‌സുകള്‍ ഉള്ള യൂണിവേഴ്‌സിറ്റി അല്ലെങ്കിലും അമേരിക്കയിലെ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് ആര്‍.ഐ.റ്റി.
പാസ്റ്റര്‍ ജോസഫ് വില്യംസ് ശുശ്രൂഷിക്കുന്ന ഐ.പി.സി. സഭാംഗവും എന്റെ സതീര്‍ത്ഥ്യനുമായ അലക്‌സാണ്ടര്‍ പൊടിമണ്ണിലാണ് ഐ.പി.സി. കോണ്‍ഫ്രന്‍സ് കഴിഞ്ഞ് മടങ്ങവേ ആര്‍.ഐ.റ്റി. കാണിക്കാന്‍ കൊണ്ടുപോയത്.

കോണ്‍ഫ്രന്‍സിലേക്ക് എന്നെ കൊണ്ടുപോയതും അലക്‌സാണ്ടര്‍ തന്നെയാണ്. അണക്കര ഏ.ജി. സഭാംഗമായിരുന്ന അലക്‌സാണ്ടറിന്റെ രണ്ടാമത്തെ മകന്‍ ബെന്‍ലിന്‍ പഠിക്കുന്ന സ്ഥാപനമായതു കൊണ്ട് യൂണിവേഴ്‌സിറ്റി കാണാനുള്ള മോഹം സ്വാഭാവികമായി എന്നില്‍ നാമ്പിട്ടിരുന്നു. അലക്‌സാണ്ടറും ഡാളസ് ഹെബ്രോന്‍ അംഗമായ ജോണ്‍സണ്‍ പുതുവേലിലും ഞാനും 1973-ല്‍ പത്താം ക്ലാസ്സില്‍ ഒരുമിച്ച് പഠിച്ച ആ മധുരമുള്ള ഓര്‍മ്മകളും അനുഭവങ്ങളും ഒക്കെ പങ്കുവെയ്ക്കാന്‍ ഈ കോണ്‍ഫ്രന്‍സുകള്‍ സഹായകമായി.
ജോണ്‍സണുമായി പി.സി.നാക്ക് സമ്മേളനത്തില്‍ വച്ച് ദീര്‍ഘനേരം സംസാരിച്ചതു മുഴുവന്‍ ബാല്യകാലാനുഭവങ്ങളെപ്പറ്റിയായിരുന്നു. ഇത്തിരി സഭാ രാഷ്ട്രീയവും കൈകാര്യം ചെയ്തു.
പറഞ്ഞു വന്നത് റോച്ചസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയെ കുറിച്ചാണല്ലോ. ഇവിടെയാണ് ബെന്‍ലിന്‍ പഠിക്കുന്നത്. അലക്‌സാണ്ടറിന്റെ ഭാര്യ ബെറ്റിയും ഇളയമകന്‍ മെല്‍വിനും ഒപ്പമുണ്ടായിരുന്നു. മൂത്തമകന്‍ സ്റ്റാന്‍ലിന്‍ നോര്‍ത്ത് കരോളിന സംസ്ഥാനത്തെ പ്രമുഖ യൂണിവേഴ്‌സിറ്റിയായ ബ്യൂക്ക് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ ജോലി ചെയ്യുന്നു.

ബെന്‍ലിന്റെ വിദ്യാഭ്യാസമേഖലയെപ്പറ്റി ക്രൈസ്തവചിന്തയില്‍ 2010-ല്‍ ഞാനൊരു കുറിപ്പെഴുതിയിരുന്നു. ഇലിസ്‌ട്രേഷനില്‍ (ചിത്രരചന, രേഖാചിത്രങ്ങള്‍) ബിരുദ പഠനം നടത്തുകയാണ് ഈ മിടുക്കന്‍. ഇന്‍ഡസ്ട്രിയല്‍ ഡിസൈനിംഗ്, ഗ്രാഫിക് ഡിസൈനിംഗ്, അനിമേഷന്‍, ന്യൂമീഡിയ, ഫിലിംമൂവി, ഫോട്ടോഗ്രാഫി തുടങ്ങി നിരവധി ശാഖകള്‍ ഈ യൂണിവേഴ്‌സിറ്റിയില്‍ പ്രവര്‍ത്തിക്കുന്നു. ഗവേഷണങ്ങളും തകൃതിയായി നടക്കുന്നു.
വ്യവസായ ആവശ്യങ്ങള്‍ക്കായി പാഴ്‌വസ്തുക്കള്‍ കൊണ്ട് ഉണ്ടാക്കിയ നിരവധി ഉപകരണങ്ങള്‍ നിര്‍മ്മിച്ച് പ്രദര്‍ശനത്തിന് വച്ചിട്ടുണ്ട്. ഉപയോഗത്തിന് ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് കൂടുകള്‍ കൊണ്ട് തീര്‍ത്ത ബാഗുകള്‍ തുടങ്ങി സോഡാ കുപ്പിയുടെ അടപ്പുകള്‍ കൊണ്ട് ചേര്‍ത്ത് വച്ച് പണിതെടുത്ത വസ്തുക്കള്‍ വരെ നമ്മില്‍ കൗതുകം ജനിപ്പിക്കും.
കാലത്തിന്റെ മാറ്റങ്ങള്‍ അനുസരിച്ച് ശാസ്ത്രലോകവും ഗവേഷണങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുകയാണ്. ‘പുത്തന്‍ കണ്ടുപിടുത്തം’ അതാണ് യൂണിവേഴ്‌സിറ്റികളുടെ ഏക ലക്ഷ്യം. അടുത്ത തലമുറയെയാണ് ഇതൊക്കെ ലക്ഷ്യമിടുന്നത് എന്ന് നാം തിരിച്ചറിയുമ്പോഴാണ് നമ്മുടെ ഗവേഷണത്തിന്റെയും ഇവിടുത്തെ ഗവേഷണത്തിന്റെയും വൈരുദ്ധ്യങ്ങള്‍ നമുക്ക് ബോദ്ധ്യമാവുന്നത്.
അമേരിക്കയിലെ യൂണിവേഴ്‌സിറ്റികള്‍ മിക്കതും സെല്‍ഫ് ഫൈനാന്‍സിംഗ് സ്ഥാപനങ്ങളാണ്. എന്നാല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്മ്യൂണിറ്റി കോളേജുകളും ഉണ്ട്. ഇവിടെ പഠിച്ചവരോ അതിന്റെ സ്ഥാപകരോ ആയവര്‍ ഒക്കെയാണ് ഓരോ വര്‍ഷവും അവരുടെ വരുമാനത്തില്‍ നിന്ന് മില്യണ്‍ കണക്കിന് ഡോളര്‍ സംഭാവനയായി നല്‍കുന്നത്. ഈ തുക കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പായി നല്‍കുന്നു.
കൊടാക് ഫിലിം കമ്പനിയാണ് റോച്ചസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ മുഖ്യ സ്‌പോണ്‍സര്‍. ജോര്‍ജ്ജ് ഈസ്റ്റമന്‍ മുന്‍കയ്യെടുത്ത് സ്ഥാപിച്ചതാണ് ഈ സ്ഥാപനം.
ഇന്ത്യയുടെ മൂന്നില്‍ ഒരു ജനവിഭാഗവും വലുപ്പത്തില്‍ ഇന്ത്യയുടെ മൂന്നിരട്ടിയുമുള്ള അമേരിക്കയില്‍ സ്ഥാപനങ്ങള്‍ നിര്‍മ്മിക്കാനും റോഡുകള്‍ പണിയാനും ആളുകളെ ഒഴിപ്പിക്കേണ്ടതില്ലല്ലോ. അതുകൊണ്ട് കണ്ണെത്താത്ത ദൂരത്തില്‍ പരന്നു കിടക്കുകയാണ് ആര്‍.ഐ.റ്റി. കാമ്പസ്. നൂറു കണക്കിന് കെട്ടിടങ്ങള്‍,
ആയിരക്കണക്കിന് വണ്ടികള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം. ഒരു മൊട്ടു സൂചി നിലത്തു വീണാല്‍ കേള്‍ക്കാവുന്നത്ര നിശബ്ദമായ കാമ്പസ്.
കൊലയില്ല, സമരമില്ല, അടിപിടിയില്ല, ഘരോവയില്ല രാഷ്ട്രീയം കുട്ടികള്‍ക്കില്ല, അധ്യാപകര്‍ക്കുമില്ല. നമ്മുടെ നാട്ടില്‍ പിള്ളേരെക്കൊണ്ട് സമരം ചെയ്യിപ്പിച്ച് കല്ലെറിയുന്ന അദ്ധ്യാപകരുണ്ടെന്നോര്‍ക്കണം. ഇവിടുത്തെ രാഷ്ട്രീയം കാമ്പസിന് വെളിയിലാണ്. പഠനം, ഗവേഷണം ഇത് മാത്രമാണ് കുട്ടികളുടെ ഏകലക്ഷ്യം.
ലൈബ്രറിയില്‍ നിന്നും പുസ്തകമെടുത്താല്‍ പിന്നെ തിരിച്ചു വയ്ക്കാത്ത പ്രൊഫസര്‍മാരുള്ള നാടാണ് നമ്മുടേത്. പാഠഭാഗം കീറിയെടുത്ത് ബാക്കി ‘പുസ്തകം’ തിരിച്ച് വയ്ക്കുന്ന ‘ഗവേഷണ കുട്ടപ്പന്‍’മാരും നമ്മുടെ നാട്ടില്‍ ഉണ്ട്. ന്യൂയോര്‍ക്കിലെ ഒരു ലൈബ്രറിയില്‍ നിന്നും എടുത്ത പുസ്തകം മാസങ്ങള്‍ കഴിഞ്ഞിട്ടും തിരിച്ച് കിട്ടാതെ വന്നപ്പോള്‍ ഇവിടത്തെ മാദ്ധ്യമങ്ങള്‍ വന്‍ വാര്‍ത്താ പ്രാധാന്യമാണ് അതിന് നല്‍കിയത്.
കവര്‍ പേജുകളിനകത്ത് പാറ്റയും, എലിയും, ഇരട്ടവാലിയും കരണ്ടതിന്റെ ബാക്കിയുള്ള ഭാഗങ്ങള്‍ അലക്ഷ്യമായി അടുക്കി വച്ചിരിക്കുന്ന കേരള യൂണിവേഴ്‌സിറ്റിയുടെ ലൈബ്രറി ഇപ്പോഴും എന്റെ ഓര്‍മ്മയില്‍ ഉണ്ട്. ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയുടെ 34 കോളേജ് സമുച്ചയങ്ങളില്‍ ചിലത് കയറിയിറങ്ങി കണ്ടതും അവിടത്തെ പുസ്തകങ്ങളുടെ ശേഖരവും ഓര്‍മ്മയില്‍ ഉണ്ട്.
ഓമനയുടെ പി.എച്ച്.ഡി. പഠനം പൂര്‍ത്തിയാക്കാനായി ബ്രിട്ടീഷ് ലൈബ്രറിയില്‍ ഗവേഷണത്തിനായി പോയതും 150 വര്‍ഷത്തെ കൊച്ചിയിലെ ഭരണ പരിഷ്‌ക്കാരങ്ങള്‍ ലാമിനേറ്റ് ചെയ്ത് സൂക്ഷിച്ച് വച്ചേക്കുന്നതും ഭാരത യൂണിവേഴ്‌സിറ്റിയിലെ നടത്തിപ്പുകാര്‍ ഒന്നു പോയി കാണേണ്ടതാണ്. സമരമില്ലാത്ത കാമ്പസ്. ഭാവിയെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന കുട്ടികള്‍. അദ്ധ്യാപന പാടവമുള്ളവരും ഗവേഷണ കുതുകികളുമായ അദ്ധ്യാപകര്‍ – ഈ ഘടകങ്ങളാണ് യൂണിവേഴ്‌സിറ്റികളെ ലോകോത്തരമാക്കി മാറ്റുന്നതും വിദ്യാഭ്യാസത്തിന് മികവേകുന്നതും. ഭാരത കാമ്പസുകളില്‍ വിശേഷിച്ച് കേരളത്തില്‍ ഇങ്ങനെ ഒരു പഠന സംവിധാനം എന്നാണ് ഉണ്ടാവുക.
അലക്‌സ് സെവന്‍ സീറ്റര്‍ ജീപ്പ് 70 മൈല്‍ വേഗത്തില്‍ പായിക്കുമ്പോഴും ഞങ്ങളുടെ വാചകമേളയ്ക്ക് ഒരു കുറവും വന്നില്ല. വഴിയരികില്‍ മാനുകള്‍ മേയുന്നത് കണ്ടു. ഉരുളക്കിഴങ്ങ് ചിപ്‌സും, സോഡയും ഊര്‍ജ്ജം പകര്‍ന്നു തന്നുകൊണ്ടിരുന്നു.
–കെ.എന്‍. റസ്സല്‍
(ലേഖകന്റെ യാത്ര എന്ന പുസ്തകത്തില്‍ നിന്നും)























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.