ലോകചരിത്രവും അന്ത്യകാലസംഭവങ്ങളും-2

ലോകചരിത്രവും അന്ത്യകാലസംഭവങ്ങളും-2


നൈനാൻ മാത്തുള്ള

മംഗോളിയൻ സാമ്രാജ്യം ചെംങ്കിസ്ഖാൻ, തുമൂർ, ബാബർ, അക്ബർ മുതലായവരുടെ കീഴിൽ ഇന്ത്യ വരെയും വ്യാപിച്ചു പിന്നീട് മൂന്ന് കൊമ്പുകൾ ഏകദേശം ഒരേസമയത്താണ് പ്രത്യക്ഷപ്പെട്ടത്.

ആസ്‌ട്രോ-ഹംഗേറിയൻ സാമ്രാജ്യം, നെപ്പോളിയന്റെ- ഫ്രഞ്ച് സാമ്രാജ്യം, ഓട്ടോമൻ സാമ്രാജ്യം എന്നിവയായിരുന്നു അവ. ഈ മൂന്ന് കൊമ്പുകളെ വേരോടെ നീക്കിയിട്ട് അടുത്തതായി ഒരു ചെറിയ കൊമ്പ് ബ്രിട്ടീഷ് സാമ്രാജ്യമായി അധികാരത്തിൽ വന്ന കാര്യമാണ് ദാനിയേൽ ദർശനം കണ്ടത്.

ബ്രിട്ടീഷ് സാമ്രാജ്യം, അസ്സീറിയൻസ് പ്രവാസത്തിലേക്ക് കൊണ്ടുപോയി നഷ്ടപ്പെട്ടുപോയ പത്ത് ഗോത്രങ്ങളിൽ ഉൾപ്പെട്ട ആംഗ്ലോ-സാക്‌സണിൽ നിന്നും ഉയർന്നുവന്നതാണ്. അവർ യഹൂദന്മാരുടെ സഹോദരന്മാരാണ്.

രണ്ടാം ലോകമഹായുദ്ധകാലത്തിനുശേഷം ബ്രിട്ടീഷ് സാമ്രാജ്യം ക്ഷീണിക്കുകയും ലോകത്തെ നിയന്ത്രിക്കുന്ന ശക്തിയായി അതിന്റെ തന്നെ ഭാഗമായി അധികാരത്തിൽ വരുന്നത് അമേരിക്കയാണ്. ദാനിയാൽ ദർശനത്തിലെ ചെറിയ കൊമ്പിലുള്ള കണ്ണും വമ്പു പറയുന്ന വായുമാണിത്. അമേരിക്ക, ആംഗ്ലോ-സാക്‌സൺ സംസ്‌കാരം എന്ന നിലയിൽ, മുളച്ചു വന്ന് മൂന്ന് കൊമ്പുകളെ നീക്കിക്കളഞ്ഞ ചെറിയ കൊമ്പിന്റെ ഭാഗം തന്നെയാണ്. ഒരു ഡോളർ ബില്ലിൽ കാണുന്ന ത്രികോണം യോഹന്നാൻ കാണുന്ന മൃഗത്തിന്റെ സംഖ്യയും ഒരും ഡോളർ ബില്ലിലെ ത്രികോണത്തിനകത്തുള്ള കണ്ണ് ദാനിയേൽ കണ്ട ദർശനത്തിലെ ചെറിയ കൊമ്പിലുള്ള കണ്ണുമാണ്.

അമേരിക്ക ലോകത്തിൽ നടക്കുന്നതെല്ലാം ഇ-മെയിൽ, ഇന്റർനെറ്റ്, ഗൂഗിൾ, ഫേസ്ബുക്ക് വഴിയായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. താമസിയാതെ അന്തിക്രിസ്തുവിന്റെ ആളുകൾ അമേരിക്കൻ സൈനികവ്യൂഹം തട്ടിയെടുക്കുകയും (ഹിറ്റ്‌ലർ അധികാരത്തിൽ വന്നതുപോലെ) ലോകം മുഴുവൻ അമേരിക്കയുടെ അധീനതയിൽ ആകുകയും ചെയ്യും.

അമേരിക്കയ്ക്ക് സഹായമായി നിൽക്കുന്ന രാജ്യങ്ങൾ അവരുടെ സഹോദരങ്ങളായ യിസ്രായേൽ, ബ്രിട്ടൺ, ആസ്‌ട്രേലിയ, ന്യൂസിലന്റ്, സ്വീഡൻ, ഡെൻമാർക്ക്, നോർവേ, സ്വിറ്റ്‌സർലണ്ട് തുടങ്ങിയ രാജ്യങ്ങളും ആയിരിക്കും. തുടക്കത്തിൽ NATO സഖ്യരാജ്യങ്ങളായ ഫ്രാൻസ്, ജർമ്മനി, ബെൽജിയം കൂടാതെ മറ്റ് NATO, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ അമേരിക്കയ്ക്ക് അനുകൂലമായിരിക്കുകയും അധികാരത്തിൽ വരുന്നതിന് സഹായകരമായിരിക്കുകയും ചെയ്യും. പിന്നീട് അവർ തമ്മിൽ തെറ്റുകയും അത് അവരുടെ വീഴ്ചയ്ക്ക് കാരണമാകുകയും ചെയ്യും.

തുടക്കം തന്നെ അവസാനം അറിയുന്ന ദൈവം പ്രവാചകനായ ബിലെയാമിൽക്കൂടി ദർശനം കൊടുത്തിരിക്കുകയാണ്. ”യാക്കോബിൽ നിന്ന് ഒരു നക്ഷത്രം ഉദിക്കും യിസ്രായേലിൽ നിന്ന് ഒരു ചെങ്കോൽ ഉയരും” (സംഖ്യാ 2:17) ഇവിടെ നഷ്ടപ്പെട്ടുപോയ പത്ത് ഗോത്രങ്ങളിൽ നിന്ന് (യിസ്രായേൽ) ബ്രിട്ടനും, അതിനുശേഷം അമേരിക്കയും അധികാരത്തിൽ വരുന്ന ചരിത്രമാണ് പ്രവാചകൻ ദർശനം കാണുന്നത്.

അത് മോവാബിന്റെ പാർശ്വങ്ങളെയെല്ലാം തകർക്കുകയും തുമൂലപുത്രന്മാരെയെല്ലാം സംഹരിക്കുകയും ചെയ്യും എന്നത് അതുമായി ബന്ധപ്പെട്ട് നടന്ന ചരിത്രസംഭവങ്ങളും സൈനിക ഇടപെടലുകളുമാണ്. പല വേദപണ്ഡിതന്മാരും വ്യാഖ്യാനിച്ചു വെച്ചിരിക്കുന്നത് യാക്കോബിൽ നിന്നുയരുന്ന നക്ഷത്രം യേശുക്രിസ്തുവാണെന്നാണ്. എന്നാൽ യേശുക്രിസ്തു മോവാബിന്റെ പാർശ്വങ്ങളെ തകർക്കുകയുയോ തുമൂലപുത്രന്മാരെ സംഹരിക്കുകയോ ചെയ്തിട്ടില്ല എന്ന് ചൂണ്ടിക്കാണിച്ചാൽ അവർക്ക് ഉത്തരമില്ല.

മോവാബിന്റെ പാർശ്വങ്ങൾ ആരാണെന്ന് മനസ്സിലാക്കാൻ നമുക്ക് പഴയനിയമത്തിലേക്ക് തിരിയാം.

”ഗിലയാദിൽ നിന്ന് സാമ്പ്രാണിയും സുഗന്ധപ്പശയും സന്നിനായകവും ഒട്ടകപ്പുറത്ത് കയറ്റി മിസ്രയിമിലേക്ക് കൊണ്ടുപോകുന്ന യിശ്മായേല്യരുടെ ഒരു യാത്രാക്കൂട്ടം വരുന്നതുക കണ്ടു. മിദ്യാന്യ കച്ചവടക്കാർ കടന്നുപോകുമ്പോൾ അവർ യോസേഫിനെ കുഴിയിൽ നിന്ന് വലിച്ചു കയറ്റി യിശ്മായേല്യർക്ക് ഇരുപത് വെള്ളിക്കാശിന് വിറ്റു” (ഉല്പ.37:25-28)

അബ്രഹാം തനിക്കുള്ളതൊക്കെയും യിസ്ഹാക്കിന് കൊടുക്കുകയും തന്റെ വെപ്പാട്ടിയായ കെതൂറയുടെ മക്കൾക്ക് ദാനങ്ങൾ കൊടുത്ത് അവരെ കിഴക്കോട്ടയച്ചതായി നാം വേദപുസ്തകത്തിൽ കാണുന്നു (ഉല്പ. 25:14). ഹാഗാറിനേയും യിശ്മായേലിനേയും മുമ്പ് തന്നെ അബ്രഹാം പുറത്താക്കിയിരുന്നു. സ്വാഭാവികമായും യിസ്ഹാക്കിന്റേയും യാക്കോബിന്റേയും കൂടുംബത്തോടുള്ള പക കാരണം ഇവർ ഒന്നിച്ചതാണെന്നും കൂടാതെ അടുത്തടുത്ത് താമസിക്കുമ്പോൾ അവർ കച്ചവട ആവശ്യത്തിനായി ചങ്ങാത്തത്തിലായെന്നും അനുമാനിക്കാം. ഈ മിദ്യാന്യ-യിശ്മായേല്യ കൂട്ടുകെട്ട് ലോത്തിന്റെ സന്തതി പരമ്പരകളുമായി ചങ്ങാത്തത്തിലായിരുന്നു എന്ന് നാം പിന്നീട് വേദപുസ്തകത്തിൽ കാണുന്നു.

യിസ്രായേൽ മരുപ്രയാണം കഴിഞ്ഞ് കനാനിൽ പ്രവേശിക്കുന്നതിനുമുമ്പ് മോവാബ്യ രാജാവായ ബാലാക്ക് മിദ്യാന്യ പ്രഭുക്കന്മാരെക്കൂട്ടിയാണ് നദീതീരത്ത് താമസിച്ചിരുന്ന ബിലെയാമിനെ വിളിക്കാൻ ആളയക്കുന്നത്. ഇവിടെ നാം മോവാബും മിദ്യാനും തമ്മിൽ അടുത്ത ബന്ധത്തിലാണെന്നു കാണുന്നു (സംഖ്യാ 22:1-7). ആദ്യമേ തന്നെ മിദ്യാനും യിശ്മായേല്യരും തമ്മിൽ ചങ്ങാത്തം ഉണ്ടായിരുന്നു. ജോസഫിനെ വിൽക്കുന്നതിനോടുള്ള ബന്ധത്തിൽ അവരെപ്പറ്റി പറയുമ്പോൾ മിദ്യാന്യർ എന്നും യിശ്മായേല്യർ എന്നും മാറി ഉപയോഗിച്ചിരിക്കുന്നത് കാണാം.

ബ്രിട്ടീഷ് സാമ്രാജ്യവും അതിനുശേഷം അമേരിക്കയും സാമ്രാജ്യശക്തികളായി വളരുന്നതിന് ഈ ജാതികളുടെയെല്ലാം ഇപ്പോഴുള്ള തലമുറകളെ തകർത്തതിനുശേഷമാണ് ഇന്ത്യ, ചൈന, ജപ്പാൻ, ഒട്ടോമൻ സാമ്രാജ്യം, കൂടാതെ അമേരിക്ക, മംഗോളിയൻ വംശജരായ റെഡ് ഇന്ത്യൻസിനെ തകർത്തതുമെല്ലാം ഈ പ്രവചനത്തിന്റെ നിവൃത്തിയായിരുന്നു. അതുപോലെ അറബ് ലോകവും പേർഷ്യൻ പ്രദേശങ്ങളും ബ്രിട്ടൺ അധീനതയിൽ വരുത്തിയത് മോവാബിന്റെ പാർശ്വങ്ങളെ തകർക്കുമെന്ന പ്രവചനത്തിന്റെ നിവൃത്തിയാണ്. കാച്ചിക്ക രൂപമുള്ള ഒരു ചെറിയ ദ്വീപ് സൂര്യനസ്തമിക്കാത്ത സാമ്രാജ്യമായി വളരുകയെന്നത് സാമാന്യബുദ്ധിക്ക് നിരക്കുന്നതല്ല. എന്നാൽ അത് പ്രവചനത്തിന്റെ നിവൃത്തിയാണ്. കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ കാണാൻ കണ്ണുള്ളവൻ കാണട്ടെ.

ലോകചരിത്രത്തിൽ ഉദിച്ചുയർന്ന വിവിധ സാമ്രാജ്യങ്ങളും ഭരണസംവിധാനങ്ങളുമാണല്ലോ ചുരുക്കമായി വിവരിച്ചത്. എല്ലാ സംസ്‌കാരത്തിനും ചരിത്രത്തിൽ സാമ്രാജ്യങ്ങൾ അല്ല എങ്കിൽ ഭരണസംവിധാനങ്ങൾ ഒരുക്കുന്നതിന് സമയവും സാഹചര്യവു ലഭിച്ചു എന്നു കാണാവുന്നതാണ്. കുറച്ചു സമയത്തെ ഭരണം കഴിയുമ്പോൾ അവയിൽ പുഴുക്കുത്തുകൾ വ്യാപിക്കുകയും അനീതിയും പീഢനവും അവരുടെ മുഖമുദ്രയാകുകയും ചെയ്യുമ്പോൾ അത് മറ്റൊരു ഭരണസംവിധാനം ഉയരുന്നതിന് കളമൊരുക്കുന്നു. ഭഗവത്ഗീതയിൽ കൃഷ്ണൻ പറയുന്നതുപോലോ ”സംഭവാമി യുഗേ യുഗേ” അവിടെ വിവിധ ഭരണ സംവിധാനങ്ങളെ അവതാരങ്ങളായി ചിത്രീകരിച്ചിരിക്കുന്നത് കാണാം. അതിൽ ചിലത് സൈനിക ഭരണകൂടമാകാം,

സ്വേഛാധിപതിയാകാം, ഉപദേശക്കാരുടെ സഹായത്തോടുകൂടി ഭരിക്കുന്ന രാജാക്കന്മാരായിരിക്കും. ഓരോന്നിനും ഓരോ ഉദ്ദേശമുണ്ട്. അത് സാധിച്ച് കഴിഞ്ഞാൽ ഈ ഭരണങ്ങൾ അസ്തമിക്കുന്നു. കമ്യൂണിസ്റ്റ് ഭരണവും വർഷങ്ങളായി തൊഴിലാളികളെയും താണജാതിക്കാരെയും അടിച്ചമർത്തി ചൂഷണം ചെയ്തിരുന്ന ഒരു ഭരണവ്യവസ്ഥിതിയെ നീക്കം ചെയ്ത് സത്യവും ന്യായവും നടപ്പാക്കാൻ ഈശ്വരനിൽ നിന്നുള്ള അവതാരമായി  കരുതാം. കാരണം രാജാക്കന്മാരെ ആക്കുകയും നീക്കുകയും ചെയ്യുന്നത് ഈശ്വരനാണ് അവൻ രാജാക്കന്മാരെ നീക്കുകയും രാജാക്കന്മാരെ വാഴിക്കുകയും ചെയ്യുന്നു. അവൻ ജ്ഞാനികൾക്ക് ജ്ഞാനവും വിവേകികൾക്ക് ബുദ്ധിയും കൊടുക്കുന്നു. അവൻ അഗാധവും ഗൂഢവുമായത് വെളിപ്പെടുത്തുന്നു (ദാനി. 2:21-22). ഭൂതലത്തിൽ എങ്ങും കുടിയിരിപ്പാൻ അവൻ ഒരുത്തനിൽ നിന്ന് മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി. അവരുടെ നിവാസത്തിന് അതിരുകളും കാലങ്ങളും നിശ്ചയിച്ചു (പ്രവൃ. 17:26).

ഇതുവരെയുള്ള ലോകചരിത്രം, ഭൂതകാലസംഭവങ്ങൾ പ്രവചനമനുസരിച്ചായിരുന്നുവെങ്കിൽ ഭാവികാല സംഭവങ്ങളും അതേ പ്രവചനം പോലെ തന്നെ സംഭവിക്കും. എന്നാൽ ദർശനം അഥവാ പ്രവചനങ്ങൾ രേഖപ്പെടുത്തുമ്പോൾ ഭാഷയിൽ വാക്കുകൾ ലഭ്യമല്ലാത്തതിനാൽ പ്രതീകങ്ങളായി രേഖപ്പെടുത്തിയിരിക്കുന്നു. ആ പ്രതീകങ്ങളെ വ്യാഖ്യാനിക്കുന്നതിൽ പലർക്കും തെറ്റു പറ്റിയിട്ടുണ്ട്.

നാമിന്നായിരിക്കുന്ന ജനാധിപത്യ യുഗവും യാദൃശ്ചികമായി സംഭവിച്ചതല്ല. അത് ബൈബിൾ പ്രവചനം അനുസരിച്ച് സംഭവിച്ചതാണ്. ദാനിയേൽ പ്രവാചകൻ ദർശനം കണ്ടതായ ബിംബത്തിന്റെ കളിമണ്ണും ഇരുമ്പും ചേർന്ന കാൽപാദത്തിന്റെ കാലഘട്ടത്തിലാണ് നാം ആയിരിക്കുന്നത്. അതിന് രാജഭരണത്തിന്റേതായ ബലമില്ല.

ലോകചരിത്രത്തിലെ സാമ്രാജ്യങ്ങളെല്ലാം രാജഭരണത്തിൻ കീഴിൽ ഉടലെടുത്തിട്ടുള്ളതാണ്. പ്രജാക്ഷേമതല്പരനായ ഒരു രാജാവുണ്ടെങ്കിൽ രാജഭരണമാണ് കൂടുതൽ കാര്യക്ഷമമായിട്ടുള്ളത്. പൊതുജനം കഴുതയാണല്ലോ? വിവരമില്ലാത്ത പൊതുജനങ്ങളുടെ കയ്യിൽ ഭരണമേൽപ്പിച്ചാൽ ചൂഷണം ചെയ്യുന്ന സ്ഥാപിത താല്പര്യക്കാർക്ക് ചൂഷണം ചെയ്യാൻ നല്ല വളക്കൂറുള്ള മണ്ണാണത്. അതു തന്നെയാണല്ലോ ഇന്നത്തെ മുതലാളിത്ത വ്യവസ്ഥിതിയിൽ ജനാധിപത്യത്തിനുവേണ്ടി വാദിക്കുന്നവർ ചെയ്യുന്നത്. മാധ്യമങ്ങളിൽക്കൂടി പല വിധത്തിലും തിരഞ്ഞെടുപ്പിനേയും, ഭരിക്കുന്നവരുടെ തീരുമാനങ്ങളെയും സ്വാധീനിക്കാൻ സാധിക്കുന്നു. അതുകൊണ്ട് കളിമണ്ണും ഇരുമ്പും ചേർന്ന കാൽപാദം അഥവാ ജനാപത്യം തീരെ ബലമില്ലാത്ത ഭരണസംവിധാനമാണ്.

മുകളിൽ പ്രസ്താവിച്ച വിഷയങ്ങൾ മനസ്സിലാക്കാതെ അമേരിക്കൻ പ്രസിഡന്റ് ട്രംപിനേയോ, ബൈഡനേയോ കുറ്റം പറയുന്നവരെ അവർ രക്ഷകരായി വരുമെന്നോ ചിന്തിക്കുന്നവർ കഥയറിയാതെ ആട്ടം കാണുകയാണ്. ട്രംമ്പായാലും ബൈഡനായാലും ഇവിടെ ഭരണത്തെ സ്വാധീനിക്കുന്ന ശക്തികളുടെ താല്പര്യങ്ങൾക്ക് ഏതിരായി നിന്നാൽ അമേരിക്ക പ്രസിഡന്റ് കെന്നഡിയെ നീക്കിയതുപോലെ കറിയിൽ നിന്നും കറിവേപ്പിലെ നീക്കുന്നതുപോലെ നീക്കിക്കളയാം.

ഇവിടുത്തെ മിലിട്ടറി-ഇൻഡസ്ട്രിയൻ കോംപ്ലക്‌സ് ഇൻഷുറൻസ് ബാങ്കിംഗ് സ്ഥാപിത താല്പര്യങ്ങൾക്കെതിരായി പ്രസിഡന്റിന് ഒന്നും ചെയ്യാൻ കഴിയില്ല.
ഇപ്പോൾ റക്ഷ്യയും യുക്രൈനും തമ്മിൽ നടക്കുന്ന പ്രശ്‌നങ്ങളും മുകളിൽ പറഞ്ഞ ശക്തികളുടെ ഇടപെടലുകൾ കൊണ്ടുണ്ടായിട്ടുള്ളതാണ്. സോവിയറ്റ് യൂണിയൻ ശിഥിലമായതോടുകൂടി നാറ്റോ റക്ഷ്യയെ വളഞ്ഞിരിക്കുകയാണ്. തെക്കെ അമേരിക്കയിൽ വിദേശ രാജ്യങ്ങൾ ഇടപെടാൻ പാടില്ല എന്ന മൺറോ ഡോക്ടറിൻ മറ്റു രാജ്യങ്ങളും അവകാശപ്പെട്ടാൽ എന്തു ചെയ്യും?

റക്ഷ്യയും യുക്രൈനും തമ്മിലുള്ളത് അവരുടെ കുടുംബപ്രശ്‌നമാണ്. കാരണം അവർ സഹോദരന്മാരാണ്. യുക്രൈൻ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നല്ലോ! സഹോദരന്മാർ പ്രായപൂർത്തായാകുമ്പോൾ പുതിയ വീടു വെച്ചു മാറുന്നതുപോലെ അവർ മറ്റൊരു രാജ്യം സ്ഥാപിച്ചു. അവരുടെ കുടുംബ വഴക്കിൽ നാമെന്തിനാണ് ഇടപെടുന്നത്. സ്ഥാപിത താല്പര്യക്കാർക്ക് ഇടപെടാതിരിക്കാൻ കഴിയില്ലല്ലോ! ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നത്തിൽ അമേരിക്ക ഇടപെട്ടതുപോലെ! കുളം കലക്കിയാൽ മീൻ പിടിക്കാമല്ലോ? ആയിരക്കണക്കിന് വർഷങ്ങൾ സോവിയറ്റ് യൂണിയൻ രാജ്യങ്ങളും യൂറോപ്യൻ രാജ്യങ്ങളുമായി ഉണ്ടായിട്ടുള്ള യുദ്ധങ്ങൾ വർഗ്ഗസമരത്തിൽ നിന്നുമുണ്ടായിട്ടുള്ളതാണ്.

സോവിയറ്റ് എന്ന പദം ബൈബിളിലെ Shuah (ഉല്പ. 25:2) എന്ന പേരിൽ നിന്നുമാണ്. Shuah യുടെ സന്തതി പരമ്പരകളും സമ്മിശ്രങ്ങളുമാണ് സോവിയറ്റ് പ്രദേശങ്ങളിൽ കുടിയിരുന്നത്. അതുപോലെ തന്നെ ശൂവയുടെ (Shuah) വംശാവലിയിൽ പ്പെട്ട ശേലയുടെ (ഉല്പ. 38:1-4) സന്തതിപരമ്പരകളാണ് സ്ലാവിക വംശജരായ റക്ഷ്യൻസ്. യുക്രൈയൻസ് സ്ലാവിക്-തുർക്കി സമ്മിശ്രമാണ്.

അവർ ബൈബിളിൽ പറഞ്ഞിരിക്കുന്ന ശുവയുടെ സഹോദരൻ ഇസ്ബാക്ക് (ഉല്പ. 25:2) ന്റെ സന്തതി പരമ്പരകളാണ്. അതുകൊണ്ട് തന്നെ രണ്ടുകൂട്ടരും ഒരു അപ്പന്റെ മക്കളും സഹോദരന്മാരുമാണ്. റക്ഷ്യ-യുക്രൈൻ പ്രശ്‌നം അവരുടെ കുടുംബവഴക്കാണ്. നാറ്റോ രാഷ്ട്രങ്ങളിൽപ്പെട്ടവർ കൂടുതലും ശെമറ്റിക് അഥവാ ശേം വംശത്തിൽപ്പെട്ടവരും അബ്രഹാമിന് സാറായിലുളവായ ഇസ്ഹാക്കിന്റെയും യാക്കോബിന്റേയും സന്തതി പരമ്പരകളും സമ്മിശ്രങ്ങളുമാണ്. അതുകൊണ്ട് റക്ഷ്യ-യുക്രൈൻ പ്രശ്‌നം ഒരു വർഗ്ഗസമരമാണ്- ബാഹ്യശക്തികളുടെ പ്രേരണ മൂലം അത് ഒരു ഈസ്റ്റ്-വെസ്റ്റ് അഥവാ നാറ്റോ-ഏഷ്യൻ യുദ്ധമായി പര്യവസാനിക്കും.

എന്നാൽ ബൈബിൾ പ്രവചനം പോലെ എഴുതിയ സ്‌ക്രിപ്റ്റ് പോലെ കാര്യങ്ങൾ നടക്കണമല്ലോ?

ഇന്ന് അമേരിക്കയോട് എതിർത്ത് നിൽക്കാൻ അല്പമെങ്കിലും ശക്തിയുള്ള രാജ്യങ്ങൾ റക്ഷ്യയും ചൈനയും ഇന്ത്യയും മാത്രമാണ്. താമസിയാതെ അവ ഒന്നൊന്നായി വീഴുകയും പ്രവചനത്തിന്റെ നിവൃത്തിയെന്നോണം ലോകം മുഴുവനും അമേരിക്കയുടെ ആധിപത്യത്തിൻ കീഴിൽ അമർന്നിരിക്കും – ഒരു പുതിയ ലോകാവസ്ഥ (A new world order). അത് ഈ തലമുറയിൽ തന്നെ സംഭവിച്ചിരിക്കും. പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന് ലഭിക്കും. സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും. ഇങ്ങനെയാകുന്നു കാര്യത്തിന്റെ സമാപ്തി (ദാനി. 7:28-29). ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനെയാണ് ഇത് സൂചിപ്പിക്കുന്നത്.

റഫറൻസ്: വെളിപ്പാട് പുസ്തകവ്യാഖ്യാനം, Ninan Mathullah, www.BVPublishing.org/books

(തുടരും)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!