ഗ്രീസിലൂടെ ചരിത്രം തേടിയൊരു യാത്ര…! – 12

ഗ്രീസിലൂടെ ചരിത്രം തേടിയൊരു യാത്ര…! – 12

ഡോ. ഓമന റസ്സൽ
റിട്ട. പ്രൊഫ., സീനിയർ അക്കാദമിക് ഫെലോ –
ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ, ഡൽഹി

സര്‍വ്വകലാശാലയുടെ സമീപത്തായി ഗ്രീസിന്റെ നാഷണല്‍ ലൈബ്രറി സ്ഥിതി ചെയ്യുന്നു. 1830 ല്‍ ആരംഭിച്ച നാഷണല്‍ ലൈബ്രറി 1842 ലാണ് ഏതന്‍സ് സര്‍വ്വകലാശാലയുടെ ലൈബ്രറിയുമായി കൂട്ടിചേര്‍ത്ത് 1903 വരെ സര്‍വ്വകലാശാല ലൈബ്രറിയുടെ ഭാഗമായിരുന്നെങ്കിലും ഇപ്പോള്‍ പുതിയ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഞങ്ങള്‍ ലൈബ്രറി കാണാന്‍ അകത്ത് കയറി.

അകത്ത് ചിട്ടയായി അടുക്കി വെച്ചിരിക്കുന്ന പുസ്തകങ്ങള്‍ കണ്ടു. ലൈബ്രേറിയനായ ഗ്രീഗറിയുമായി സംസാരിച്ചതില്‍ നിന്നും 9 മുതല്‍ 19-ാം നൂറ്റാണ്ടുവരെ പഴക്കമുള്ള 4500 കയ്യെഴുത്തു പ്രതികളും 20 ലക്ഷം പുസ്തകങ്ങളും 11600 പത്രമാസികകളും പതിനായിരത്തിലധകം ഭൂപടങ്ങളും , ലിഖിതങ്ങളും അപൂര്‍വ്വ പുസ്തകശേഖരവും സംഗീതത്തെ കുറിച്ചുള്ള ഗ്രന്ഥങ്ങളുമുണ്ടെന്ന് മനസ്സിലാക്കി. ലീഗല്‍ ഡെപ്പോസിറ്റ് സിസ്റ്റം വഴിയാണ് ഈ ലൈബ്രറിയില്‍ പുസ്തകങ്ങള്‍ ലഭ്യമാക്കുന്നത്. അതായത് ഗ്രീക്കു പുസ്തക പ്രസാധകര്‍ 2 കോപ്പി വീതം ലൈബ്രറിക്ക് അയച്ചുകൊടുക്കണമെന്നാണ് നിയമം.

സിന്റാഗ്മയെന്ന സ്ഥലത്താണ് ഗ്രീക്കുപാര്‍മെന്റ് സ്ഥിതി ചെയ്യുന്നത്. ഏതന്‍സിലെ പഴയ കൊട്ടാര സമുച്ചയമാണ് ഇന്നത്തെ പാര്‍ലമെന്റ്. 300 അംഗങ്ങളുള്ള ഏകമണ്ഡല സംവിധാനമാണ് പാര്‍ലമെന്റിനുള്ളത്. അംഗങ്ങളുടെ കാലാവധി നാലു വര്‍ഷമാണ്. ദിവസത്തില്‍ 24 മണിക്കൂറും മഴയും വെയിലും അവഗണിച്ച് പ്രതിമ കണക്കെ നില്‍ക്കുന്ന പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡ് നയനാനന്ദകരമായ കാഴ്ചയാണ്.

ഗ്രീക്കു പാര്‍ലമെന്റ് പരിസരവും യൂണിവേഴ്‌സിറ്റിയുടെ ചുറ്റുപാടുകളുെമല്ലാം ജനനിബിഡമാണ്. മക്‌ഡോണാള്‍ഡില്‍ കയറി ലഘുഭക്ഷണം കഴിച്ച് മടങ്ങിയ ഞങ്ങള്‍ പിറ്റേന്ന് ഏതന്‍സിലെ അക്രോപൊലീസും പൗലോസ് അപ്പോസ്‌തോലന്‍ പ്രസംഗിച്ച സ്ഥലമായ അരയോപഗക്കുന്നും സന്ദര്‍ശിച്ചു. ബിസി കാലഘട്ടത്തില്‍ കോട്ട കെട്ടി സുരക്ഷിതമാക്കിയ പര്‍വ്വത ശിഖരത്തിലെ നഗരമാണ് അക്രോപോലീസ് എന്നറിയപ്പെട്ടത്.

ബാക്കി ഉണ്ടായിരുന്ന ഒരു ദിവസം ഡെല്‍ഫി കാണാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഗ്രീസിന്റെ പ്രാചീന തലസ്ഥാനവും കച്ചവട കേന്ദ്രവും ഭരണ സിരാകേന്ദ്രവുമായിരുന്നു ഡെല്‍ഫി. ചരിത്ര ഗവേഷകര്‍ ഖനനം ചെയ്ത് കണ്ടെടുത്ത കൊട്ടാര അവശിഷ്ടങ്ങളും ക്ഷേത്രത്തിന്റെ ശേഷിപ്പുകളും ഒക്കെ മനോഹരമായി സൂക്ഷിച്ചിട്ടുണ്ടിവിടെ. തൊട്ടടുത്ത മ്യൂസിയത്തില്‍ ഒട്ടു വളരെ പുരാവസ്തുക്കളുടെ ശേഖരം തന്നെയുണ്ട്. ഏതന്‍സില്‍ നിന്നും രണ്ടു മണിക്കൂര്‍ ബസ് യാത്രയുണ്ട് ഡെല്‍ഫിയിലെത്താന്‍.

ഡെല്‍ഫിക്കു പോകുന്ന ഹൈവേയില്‍ ഏതാണ്ട് ഒരു മണിക്കൂര്‍ യാത്ര ചെയ്തു കഴിയുമ്പോള്‍ തെസ്സലോനിക്കയിലേക്കുള്ള പാത തിരിയും. സമയക്കുറവു മൂലം തെസ്സലോനിക്ക കാണാന്‍ കഴിഞ്ഞില്ല. എന്റെ യാത്ര സര്‍ക്കാര്‍ ചെലവിലായതുകൊണ്ട് കൃത്യ സമയത്ത് തന്നെ തിരിച്ചെത്തി ജോലിയില്‍ പ്രവേശിക്കേണ്ടത് ആവശ്യമായിരുന്നു. അതുകൊണ്ട് 26 രാജ്യങ്ങള്‍ സഞ്ചരിക്കാനുള്ള ഷെങ്കന്‍ വിസ ഉണ്ടായിരുന്നെങ്കിലും ഗ്രീസ് സന്ദര്‍ശനം കൊണ്ട് തൃപ്തിപെടേണ്ടി വന്നു. ഇറ്റലി, ഫ്രാന്‍സ്, ജര്‍മ്മനി, സ്വിറ്റ്‌സര്‍ലന്റ് തുടങ്ങിയ രാജ്യങ്ങളൊക്കെ സന്ദര്‍ശിക്കാന്‍ ഷെങ്കന്‍ വിസ മതി.

ഞാനിന്ന് പൂര്‍ണ്ണ സംതൃപ്തയാണ്. ഒരുവര്‍ഷത്തെ സര്‍വ്വീസ് മാത്രമേ ബാക്കിയുളളൂ. 60 വയസ്സില്‍ റിട്ടയര്‍ ചെയ്യണം. പുറകോട്ടിറങ്ങി ചിന്തിക്കുമ്പോള്‍, ദൈവം നടത്തിയ വഴികള്‍ എത്ര അവര്‍ണ്ണനീയം. 1980 മുതല്‍ 1998 വരെ സ്‌കൂളിലും പിന്നെ യൂണിവേഴ്‌സിറ്റിയിലും അദ്ധ്യാപികയാകാന്‍ കഴിഞ്ഞത് ദൈവാനുഗ്രഹം കൊണ്ടു മാത്രം.

(അവസാനിച്ചു)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!