വിരുതന്മാരുടെ പുതിയവണ്ടി

വിരുതന്മാരുടെ പുതിയവണ്ടി

ടൈറ്റസ് ജോൺസൻ

ദൈവത്തിന്റെ ഹൃദയം ഒപ്പിയെടുത്ത ദാവീദിന്റെ അബദ്ധങ്ങൾ പലതും ലോകപ്രസിദ്ധമാണ്. അതിലൊന്നാണ് ശമുവേലിന്റെ രണ്ടാം പുസ്തകം ആറാം അധ്യായം നമുക്ക് നൽകുന്ന ദൃഷ്ടാന്തം. യഹോവയുടെ പെട്ടകം ഇപ്പോൾ ഇരിക്കുന്ന സ്ഥലത്ത് ഇരുന്നാൽ പോരാ. അത് എന്റെ അടുക്കൽ കൊണ്ടുവരണം. രാജാവായ ദാവീദിന്റെ മനസ്സിൽ ഉയർന്ന ചിന്തയ്ക്ക് ഒരു തെറ്റുമില്ല. അദ്ദേഹം പെട്ടകം വയ്ക്കുവാൻ അതിനായി മാത്രം ഒരു കൂടാരം അടിച്ചു.

ദാവീദ് പെട്ടകം എടുത്തുകൊണ്ട് വരുവാൻ പോയി. ബാലേ-യഹൂദയിൽ ഒരു കുന്നിന്മേലുള്ള അബീനാദാബിന്റെ വീട്ടിലാണ് ഇപ്പോൾ പെട്ടകം ഉള്ളത്. ദാവീദ് അബീനാദാബിനെ വിവരം അറിയിച്ചു: “ഞാൻ ആ പെട്ടകം ഇങ്ങെടുക്കുവാ.” അദ്ദേഹം വിരോധം ഒന്നും പറഞ്ഞില്ല. അങ്ങനെ പറയാനും പറ്റ്വോ? ചോദിച്ചത് രാജാവല്ലേ? രാജാവേ, നമ്മുടെ പിള്ളേർ അങ്ങെത്തിക്കും! ഇതിൽപ്പരം എന്ത് വേണം? പിള്ളേർ അഭിഷേകം പ്രാപിച്ചവർ ആണോ? ആ….അതൊന്നും അറിയില്ല. പക്ഷെ, അവന്മാർ ഒന്നും രണ്ടുമല്ല, നമ്മുടെ പിള്ളേർ അഹ്യോവും ഉസ്സയും പിന്നെ വേറെ മുപ്പതിനായിരം ചുറുചുറുക്കുള്ള ചെറുപ്പക്കാർ! തക്കിടിമുണ്ടൻ വിരുതന്മാർ!! അവരുണ്ടേൽ പിന്നെ ആർ വേണം?

എല്ലാം ഐ.റ്റി. യാ. പിന്നെ ടെക് ടെക്. അല്ല, അബിച്ചാ, ഒരു കാര്യം….ദാവീദിന് പെട്ടെന്ന് മറ്റൊരു സംശയം…. ഈ പെട്ടകം എടുക്കണേൽ വല്ല പ്രമാണമോ നിയമമോ ഒക്കെ ഉണ്ടോ എന്ന് അന്വേഷിക്കണ്ടേ? എന്റെ രാജാവേ….എന്തിനാ….ഈ…പൊല്ലപ്പൊക്കെ? എത്ര നാളായി അത് നമ്മുടെ വീട്ടിൽ ഇരിക്കുന്നു. പിള്ളേരാ എല്ലാം കൈകാര്യം ചെയ്യുന്നേ….

അവർ ഒരു വണ്ടി സംഘടിപ്പിച്ചു. അടിപൊളി വണ്ടി. കാള വലിക്കുന്ന വണ്ടി. അന്നത്തെ മോഡേൺ സെറ്റപ്പാണ്. “കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവ എന്ന നാമത്താൽ വിളിക്കപ്പെട്ടിരിക്കുന്ന ദൈവത്തിന്റെ പെട്ടകം…”(വാക്യം 2) എന്നാണ് ഇവിടുത്തെ വിശേഷ വസ്തുവിന്റെ പേരിന്റെ പൂർണ്ണരൂപം. അത്രയ്ക്ക് പ്രാധാന്യമാണതിനുള്ളത്. ഇതു വല്ലോം പിള്ളേർക്ക് അറിയുവോ? ദാവീദും സകലജനവും പിള്ളേരുടെ കൂടെ കൂടി. അവർ ചെയ്യട്ടെ. ഈ കാലത്ത് പിള്ളേരെ വളർത്തിയില്ലേൽ സഭ അന്യംനിന്ന് പോയാലോ? അതു മാത്രമല്ല, അവർ ന്യൂജെൻ അല്ലേ? അവർക്കെന്തിനാ ആരാധിക്കാൻ ഈ ഓൾഡ് ജെന്നിന്റെ ഒരു ഏജ് ഗ്യാപ്പ്? ലേവ്യാപുസ്തകവും ന്യായപ്രമാണവുമൊക്കെ തത്ക്കാലം അവിടിരിക്കട്ടെ!

പിന്നെ ഇന്നത്തെ കാലമല്ലേ… ഒരു മ്യൂസിക് ഗ്രൂപ്പൊക്കെ ഇല്ലേൽ എങ്ങനാ? പിന്നെ ദാവീദിനെ സംബന്ധിച്ചു പാട്ടെന്നു കേട്ടാൽ പിന്നെ കാട്ടിലും പാട്ടാ…ഇവിടെ പിന്നെ കുറയ്‌ക്വോ? സരളമരംകൊണ്ടുള്ള സകലവിധ വാദിത്രങ്ങളോടും, കിന്നരം, വീണ, തപ്പ്, മുരജം, കൈത്താളം എന്നുവേണ്ട യഹോവയുടെ മുൻപാകെ നൃത്തവും!! അഹ്യോവും ഉസ്സയും തന്നെ വണ്ടി തെളിച്ചു. കാളയ്ക്ക് വഴി പറഞ്ഞു കൊടുക്കണ്ടേ? അഹ്യോവിന് വഴി നല്ല തിട്ടമാകയാൽ അൽപ്പം മുന്നേ നടന്നു, ഉസ്സ പെട്ടകത്തിന് ഒപ്പവും!

കുഴപ്പമൊന്നുമില്ല. സകല സന്നാഹത്തോടും കൂടെ കാര്യങ്ങൾ മുന്നോട്ട്. പിന്നെ ഒരു കാര്യം….കാള കുലത്തിന് ഹാർഡ് ഡിസ്കിൽ പടച്ചോൻ ഡീഫോൾട്ടായി ഒരു സെറ്റപ്പ് ചെയ്തിട്ടുണ്ട്. തീറ്റ കണ്ടാൽ മറ്റെല്ലാം മറക്കും. പാവം ജീവിയാണേ…
നാഖോന്റെ കളത്തിൽ എത്തിയപ്പോൾ കാള കുറച്ച് കച്ചി കണ്ടു. വയലല്ലേ? അവിടെ കൊയ്ത്ത് കാലത്ത് കച്ചിയല്ലാതെ പിന്നെ എന്ത് കാര്യമാ പാസ്റ്ററേ….. കാളയ്ക്ക് ഒരു സൈഡ് വലിവ്….വണ്ടിയുടെ വീൽ തെറ്റി. കണ്ടത്തിലേക്ക് മറിയുവാൻപോയ വണ്ടിയിലെ പെട്ടകത്തിന് ന്യൂജെൻ ഉസ്സയുടെ ഒരു താങ്ങ്…. അല്ലാതാരാ ഇപ്പോൾ പിടിക്കണ്ടേ?

ഉസ്സ പെട്ടകം പിടിച്ചു, അവന്റെ നേരെ ദൈവകോപം ജ്വലിച്ചു. അവന്റെ അവിവേകം നിമിത്തം ദൈവം അവനെ സംഹരിച്ചു; അവൻ അവിടെ ദൈവത്തിന്റെ പെട്ടകത്തിന്റെ അടുക്കൽവെച്ചു മരിച്ചു. അയ്യോ!!! ദൈവമേ….ഇത്രയും നാൾ ഈ പെട്ടകം ഇവന്റെ വീട്ടിലല്ലേ ഇരുന്നത്? തലമുറകളായി ഇവരല്ലേ ഇത് കൈകാര്യം ചെയ്തിരുന്നത്? പിന്നെ ഇപ്പോൾ എന്താ കുഴപ്പം? മോനേ…. വ്യവസ്ഥ നോക്കാതെയുള്ള യാത്ര… തോളിൽ വഹിക്കേണ്ടത് വണ്ടിയിൽ വലിക്കുന്നു…അൽപ്പം അഡ്വാൻസ്ഡ്…ഹല്ല പിന്നെ….പക്ഷേ… ദൈവകോപം….പിന്നെ മരണം….

ഈ അബീനാദാബിന്റെ വീട്ടിൽ പെട്ടകം എങ്ങനെ വന്നു?

ഏലി പുരോഹിതന്റെ പിള്ളേർ വളർന്നത് പാഴ്‌സനേജിലാണ്. ആത്മീയത കണ്ടും കേട്ടും അവർക്ക് ദൈവഭയം നഷ്ടപ്പെട്ടു. വളർന്നുവന്നപ്പോൾ അവർ ആത്മീയതയ്ക്ക് സ്വന്തം പരിവേഷം നൽകി. ‘അവർ നീചന്മാരും യഹോവയെ ഓർക്കാത്തവരും’ ആയിമാറി. പക്ഷേ അപ്പൻ അവരെ ശാസിച്ചില്ല. കാരണം, അയാളുടെ കണ്ണ് മങ്ങിയിരുന്നു. ദൈവീക ദർശനം ഉള്ളവരുടെ അഭാവം രൂക്ഷമായി. പോന്നുപോരാഞ്ഞിട്ട് വചനം ദുർലഭമായി. എല്ലാംകൊണ്ടും ആത്മീയ അരക്ഷിതാവസ്ഥ!

അക്കാലത്ത് ഫെലിസ്ത്യർ ഇസ്രായേലിന് നേരെ യുദ്ധക്കോപ്പ് ഒരുക്കി. അവരോട് തോറ്റോടിയ യിസ്രായേൽ പരാജയകാരണം അന്വേഷിക്കുവാൻ തുടങ്ങി. ഉത്തരം കിട്ടാതെ വിഷമിച്ച അവർ ശീലോവിൽനിന്നും പെട്ടകം എടുത്തു പടക്കളത്തിൽ കൊണ്ടുവന്നു. തോൽവിയുടെ കാരണം അറിയാൻ അവലംബിച്ച ഒരു പുതിയ മാർഗ്ഗം….ഒന്നിൽ പിഴെച്ചാൽ പിന്നെ ഒൻപത്! ഏലിയുടെ പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും പെട്ടകത്തോടൊപ്പം! സ്വന്തം സ്വത്ത് പോലെ…”യഹോവയുടെ നിയമപ്പെട്ടകം പാളയത്തിൽ എത്തിയപ്പോൾ ഭൂമി കുലുങ്ങുംവണ്ണം യിസ്രായേലെല്ലാം ഉച്ചത്തിൽ ആർപ്പിട്ടു”(1 ശാമുവേൽ 4:5). തട്ടുപൊളിപ്പൻ ആരാധന! വ്യവസ്ഥ പാലിക്കാത്ത പിള്ളേരുടെ “പ്രയ്‌സ് & വർഷിപ്പ്!”

ആർപ്പ് കേട്ട് ആദ്യം ദൈവത്തെ ഭയന്ന ഫെലിസ്ത്യർ പിന്നീട് ശക്തി സംഭരിച്ചു വീണ്ടും യുദ്ധം ചെയ്തു. യിസ്രായേലെല്ലാം തോറ്റോടി. മുപ്പതിനായിരം കാലാൾ മരിച്ചു വീണു, കൂട്ടത്തിൽ ഹൊഫ്നിയും ഫീനെഹാസും! ദൈവത്തിന്റെ പെട്ടകം ശത്രുവിന്റെ കയ്യിൽ പിടിപെട്ടു. അവർ അതിനെ ദാഗോന്റെ ക്ഷേത്രത്തിൽ കൊണ്ടുവെച്ചു. പക്ഷേ, പിറ്റേന്ന്‌ രാവിലെ നോക്കിയപ്പോൾ ദാഗോൻ ദാണ്ടേ കവിണുവീണു കിടക്കുന്നു – പെട്ടകത്തിന് മുന്നിൽ….അതും പോരാഞ്ഞിട്ട് ആ ദേശക്കാർക്കെല്ലാം മൂലരോഗവും!

അവർ ഭയപ്പെട്ട് പെട്ടകം അസ്‌തോദിൽനിന്നും ഗത്തിലേക്ക് അയച്ചു. അത് മല്ലന്മാരുടെ സ്ഥലമാണല്ലോ. ഇനി അവന്മാർ നോക്കട്ടെ. എന്നാൽ അവർക്കും മൂലരോഗം തുടങ്ങി. അവിടെനിന്നും അത് എക്രോനിലേക്ക് അയച്ചു – അവിടെയും അതേ രോഗം. ആളുകൾ മരിക്കാൻ തുടങ്ങി. ‘അവരുടെ നിലവിളി ആകാശത്തിൽ കയറി’ (1 ശമുവേൽ 5:12) എന്ന് ബൈബിൾ. അങ്ങനെ പെട്ടകം ഏഴ് മാസം ഫെലിസ്ത്യദേശത്ത് ആയിരുന്നു. ഒടുവിൽ പെട്ടകംകൊണ്ട് സഹികെട്ട ഫെലിസ്ത്യർ അതിനെ അതിന്റെ സ്ഥലത്തേക്ക് മടക്കി അയയ്ക്കുവാനുള്ള പഴുത് അന്വേഷിച്ചു.

അവരുടെ പുരോഹിതരെയും പ്രശ്നക്കാരെയും വരുത്തി, മാർഗ്ഗം കണ്ടുപിടിച്ചു. വെറുതെ അയച്ചാൽ പോരാ, ഒരു പ്രായശ്ചിത്തവും കൊടുത്തുവിടണം. അപ്പോൾ നമുക്ക് സൗഖ്യം വരും. അവർക്ക് അത്രയെങ്കിലും ബോധം ഉണ്ടായി. അവർ പൊന്നുകൊണ്ട് അഞ്ച് മൂലക്കുരുവും അഞ്ച് എലിയും ഉണ്ടാക്കി. ഇങ്ങനെ പെട്ടകത്തോടൊപ്പം യിസ്രായേലിന്റെ ദൈവത്തിന് ഒരു തിരുമുൽക്കാഴ്ച്ചയും ഒരുക്കി. മാത്രമല്ല, മിസ്രയീമിൽ യിസ്രായേല്യരുടെ രക്ഷയ്ക്കായി ദൈവം ബാധ അയച്ച ചരിത്രവും അവർ ഓർത്തു. ദൈവജനം ദൈവത്തെ മറക്കുമ്പോഴും ദൈവത്തെ ഓർക്കുന്ന മറ്റൊരു ജനത.

ഇനി ഇതെങ്ങനെ ഇസ്രായേലിൽ എത്തിക്കും? അവർ അതിനും ഒരു വഴി കണ്ടെത്തി. ഒരു പുതിയ വണ്ടി ഉണ്ടാക്കി രണ്ടു പശുക്കളെ കെട്ടി വലിപ്പിക്കുക. അതിൽ പെട്ടകവും കാഴ്ചവസ്തുക്കളുംവെച്ച് യിസ്രായേലിലേക്ക് തനിയെ വിടുക. അത് ശരിയായ ദിശയിലേക്ക് തനിയെപോയാൽ അതിനർത്ഥം ഇതിനെല്ലാം കാരണം യഹോവയാണ്. അവർ ഉദ്ദേശിച്ചതുപോലെ കാര്യം നടന്നു. ആ പശുക്കൾ വണ്ടിയും വലിച്ചു കൃത്യമായി യിസ്രായേൽ ലക്ഷ്യമാക്കി ബേത്ത്-ശെമേശിലേക്കുള്ള വഴിക്ക് പോയി. ഇവിടെ ശ്രദ്ധേയമായ ഒരു കാര്യമുണ്ട്. പശുക്കൾ ഇടത്തോട്ടും വലത്തോട്ടും മാറാതെ ‘ഹൈ വേയിൽ’ കൂടെത്തന്നെ നടന്നു.

പ്രമാണം അവഗണിച്ചവന്റെ വണ്ടിക്ക് കെട്ടിയ കാള വഴിതെറ്റിയപ്പോൾ, പ്രമാണം അറിയാത്തവന്റെ വണ്ടിപ്പശുക്കൾ തെറ്റാതെ പോയി!!! ആ വഴിയിലും വയൽ ഉണ്ടായിരുന്നു. മാത്രമല്ല, ബേത്ത്-ശെമേശിന്റെ താഴ്‌വരയിൽ കൊയ്ത്ത് നടക്കുകയായിരുന്നു. അവിടെയും കച്ചിക്കൂനകൾ ഉണ്ടായിരുന്നു. പക്ഷേ, പശുക്കൾ അവയിലേക്ക് നോക്കിപോലും ഇല്ല. അവ ബേത്ത്-ശെമേശ്യനായ യോശുവയുടെ വയലിൽ വന്നുനിന്നു. തെറ്റ് മനസ്സിലാക്കിയ അന്യജാതിക്കാരൻ മനഃസ്ഥാപപ്പെട്ടപ്പോൾ മനുഷ്യസഹായമില്ലാതെയും വണ്ടിയിൽ പെട്ടകം സുരക്ഷിതം!

എന്നാൽ ബേത്ത്-ശെമേശ്യർക്ക് പെട്ടകം എന്ത് ചെയ്യണം എന്നറിയില്ലായിരുന്നു. അതിൽ നോക്കിയ അമ്പതിനായിരത്തി എഴുപത് പേർ മരിച്ചു. അവർ കിര്യത്ത് -യെയാരിം നിവാസികളുടെ അടുക്കൽ ആളയച്ചു. അവർ വന്ന് പെട്ടകമെടുത്ത് കുന്നിന്മേൽ അബീനാദാബിന്റെ വീട്ടിൽ കൊണ്ട് വെച്ചു. അവന്റെ മകൻ എലെയാസറിനെ പെട്ടകം സൂക്ഷിക്കേണ്ടതിന് ശുദ്ധീകരിച്ചു.

അതേ…ശുദ്ധീകരണം പ്രാപിച്ചവനാകണം പെട്ടകം കൈകാര്യം ചെയ്യുന്നത് (പെട്ടകം വചനമായ ക്രിസ്തുവിന് നിഴലാണ്). എലെയാസരി ന്റെ കാലം കഴിഞ്ഞപ്പോൾ പെട്ടകം സൂക്ഷിപ്പ് അനുകരണവും ആചാരവുമായി. അങ്ങനെയാകാം അഹ്യോവും ഉസ്സയുമൊക്കെ രംഗത്ത് വന്നത്‌. ഫെലിസ്ത്യരുടെ ശൈലി അനുകരിച്ചാണ് അവർ പെട്ടകത്തിനായി കാളവണ്ടി ഉണ്ടാക്കിയതെന്ന് സ്പഷ്ടം.

ദൈവവചനം അഥവാ പ്രമാണം ഒരിക്കലും മാറ്റമില്ലാത്തതാണ്, മാറ്റം വരുത്തുവാൻ പാടില്ലാത്തതാണ്. അതിന് വിരുദ്ധമായ ആവിഷ്കാരങ്ങൾ മരണം വിളിച്ചുവരുത്തും. ദൈവമില്ലാത്തവന്റെ ശൈലികൾ അനുകരിക്കരുത്. പെട്ടകം പുരോഹിതന്മാർ തോളിൽ ചുമക്കേണ്ടതാണ്. ഫെലിസ്ത്യ ശൈലിയിൽ ഒരു വണ്ടിയും അതിന് പകരമാവില്ല. പ്രമാണപ്രകാരം ശുദ്ധീകരണം പ്രാപിക്കാത്തവൻ, ദൈവിക നിയമനം ഇല്ലാത്തവൻ, ശുശ്രൂഷയ്ക്ക് വേർതിരിക്കപ്പെടാത്തവൻ പെട്ടകം പിടിക്കരുത്. പെട്ടകത്തിനരികിൽ
ശുശ്രൂഷിക്കുവാൻ മാത്രമല്ല, പെട്ടകം സൂക്ഷിക്കുവാൻവരെ ശുദ്ധീകരണവും നിയമനവും ആവശ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!