രാത്രി ഒരു മണി കഴിഞ്ഞാല്‍ ഡ്രൈവര്‍ അര്‍ദ്ധബോധാവസ്ഥയിലാണ് വാഹനം ഓടിക്കുന്നത്. പക്ഷേ ഇത് ആരും അംഗീകരിച്ചു തരില്ല. ”ഒരു കുഴപ്പവുമില്ല, ഞാന്‍ ഉറങ്ങില്ല” എന്നു പറഞ്ഞാണ് യാത്ര ആരംഭിക്കുന്നത്. രാത്രിയില്‍ ഓടിക്കുന്നതാണ് ഇഷ്ടം എന്നു പറയുന്നവരുമുണ്ട്. ഉറങ്ങില്ല എന്ന് വീരവാദം മുഴക്കിയാണ് യാത്ര തുടങ്ങുന്നത്. പക്ഷേ രാത്രി ഒരു മണിക്കും നാലു മണിക്കും ഇടയില്‍ കണ്ണു ചിമ്മിപ്പോകുമെന്നുറപ്പാണ്.
ഒരു സെക്കന്റ് പോലും വേണ്ട വാഹനം കൈയില്‍ നിന്നും പിടിവിട്ട് പോകാന്‍. മലബാര്‍ തിയോളജിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ജെയിംസ് വര്‍ഗീസിന്റെ കാര്‍ അപകടത്തില്‍ പെട്ടത് ഇന്നു രാവിലെ രണ്ടു മണിയോടടുത്ത സമയത്താണ്.
കഴിഞ്ഞ ആഴ്ച കറുകുറ്റിയില്‍ വച്ച് എന്റെ ഒരു ബന്ധുവിന്റെ കാറിനു പിന്നില്‍ ഒരു ട്രക്ക് വന്നിടിച്ചു. രാവിലെയായിരുന്നു സംഭവം. കാറിന്റെ പിന്‍ഭാഗം തകര്‍ന്നു. എല്ലാവരും പരുക്കില്ലാതെ രക്ഷപ്പെട്ടത് ഭാഗ്യം.
മണ്ണുത്തി മുതല്‍ ആലുവാ വരെയുള്ള ഭാഗങ്ങളില്‍ ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് കൈയും കണക്കുമില്ല. എറണാകുളം ജില്ലയില്‍ ഏറ്റവും കൂടുതല്‍ വാഹനാപകടം നടക്കുന്ന ഒരു മേഖലയാണിവിടം. ഇതില്‍ എയര്‍പോര്‍ട്ടിനടുത്ത് കരിയാട് വളവില്‍ സ്ഥിരം വാഹനങ്ങള്‍ തലകുത്തി മറിയാറുണ്ട്. നാലുവരി പാതയാണെങ്കിലും മണ്ണുത്തി മുതല്‍ ആലുവ വരെയുള്ള യാത്ര ‘ദുര്‍ഘടം’ പിടിച്ചതാണ്. കോയമ്പത്തൂര്‍-കൊച്ചി ചരക്കുവാഹന റൂട്ടാണിത്. രാത്രിയിലും തിരക്കാണ്. ഈ ഭാഗങ്ങളില്‍ എല്ലാ ദിവസവും അപകടങ്ങള്‍ സംഭവിക്കാറുണ്ട്.
ഇവിടെ പാതിരാ യാത്ര ഒഴിവാക്കണമെന്ന് എന്റെ സുഹൃത്തുക്കളോട് പറയാറുണ്ട്. പാതിരാ ആകുമ്പോള്‍ കാറിനുള്ളിലുള്ളവര്‍ ഉറക്കം പിടിക്കും. കുറച്ചുനേരം ഡ്രൈവറും ഉറങ്ങാതെ ‘പിടിച്ചിരിക്കും.’ ഒരു സെക്കന്റ് കണ്ണടയ്ക്കുന്നതും മരണം നമ്മെ പുണരുന്നതും ഒരുമിച്ചായിരിക്കും.
ഇങ്ങനെ യാത്ര ചെയ്യുന്നവരോട് ഒന്ന് ചോദിച്ചുകൊള്ളട്ടെ, നിങ്ങള്‍ ധൃതിവച്ച് എങ്ങോട്ടാണ് ഓടുന്നത്? ‘ബിസി’ ആണല്ലേ. എന്തു ബിസി? ഈ പാതിരാത്രി യാത്ര കൊണ്ട് നിങ്ങള്‍ക്ക് ഒരു ലാഭവുമില്ല. നഷ്ടവും ടെന്‍ഷനും മിച്ചം.
ഒരു റൂട്ടിലും കാറിലുള്ള പാതിരാ യാത്ര പാടില്ല. ”സമയം തികയുന്നില്ല, ഭയങ്കര ബിസിയാ” എന്നു പറയുന്നത് ചിലര്‍ക്ക് ഒരു ഗമയാണ്. ഒരു തിരക്കും ഇല്ല എന്നതാണ് സത്യം. മരണവീട്ടില്‍ പോയാലും കല്യാണത്തിന് പോയാലും യാത്ര ‘റിലാക്സ്’ ആകണം.
നമ്മുടെ ഇഷ്ടത്തിന് നമുക്ക് സമയത്തെ ‘പിടിച്ചു നിര്‍ത്താം.’ ആലോചിച്ച് പ്ലാന്‍ ചെയ്യണമെന്നു മാത്രം. രാത്രി പരമാവധി 11-ന് മുമ്പ് യാത്ര അവസാനിപ്പിക്കണം. രാവിലെ നാലു മണിക്ക് എഴുന്നേറ്റ് ഒരു കുളി ‘പാസ്സാക്കിയാല്‍’ രാവിലത്തെ ഡ്രൈവിംഗിന് ഒരു പ്രത്യേക സുഖമാണ്.
ഡ്രൈവര്‍ ഉള്‍പ്പെടെ യാത്രക്കാരുടെ ശരീരവും മനസ്സും കണ്ണും കാതും ഒരുപോലെ പ്രവര്‍ത്തനനിരതമാണ് യാത്രയില്‍.
‘ഗതികേടു’ കൊണ്ട് രാത്രിയില്‍ സഞ്ചരിക്കേണ്ടി വന്നാല്‍ വാഹനത്തില്‍ ആളുകള്‍ കൂടുതല്‍ ഉണ്ടായിരിക്കണം. തിന്നും കൊറിച്ചും വെള്ളം കുടിച്ചും വര്‍ത്തമാനം പറഞ്ഞും വേണം യാത്ര ചെയ്യാന്‍. ഡ്രൈവറെ ഇടയ്ക്കിടെ ശ്രദ്ധിക്കണം.
യാതൊരു കാരണവശാലും പാതിരാത്രിയില്‍ തനിയെ ഓടിക്കുകയോ, ഡ്രൈവറെ മാത്രം വച്ച് യാത്ര പോവുകയോ ചെയ്യരുത്. ഇടയ്ക്ക് സുഹൃത്തുക്കളുടെ വീട്ടില്‍ കയറി അന്തിയുറങ്ങി ഫ്രെഷ് ആയി യാത്ര ചെയ്യാവുന്നതാണ്. ഉച്ചയ്ക്ക് വയറുനിറയെ ആഹാരം കഴിച്ച ഉടനെ ഡ്രൈവ് ചെയ്യുന്നതും ഉചിതമല്ല.
‘ബിസി’ എന്ന വാക്ക് ഈ കുറിപ്പെഴുതുന്ന ആളിന്റെ നിഘണ്ടുവില്‍ ഇല്ല. പ്ലാനിംഗാണ് വേണ്ടത്.
ഒരുപാട് അപകടങ്ങള്‍, മരണങ്ങള് എം.സി. റോഡിലെ പെരുമ്പാവൂര്‍, മൂവാറ്റുപുഴ, അങ്കമാലി മേഖലകളിലും, എന്‍.എച്ചില് തൃശൂര്‍, എറണാകുളം മേഖലകളിലും കണ്ടുകഴിഞ്ഞു. പാതിരാത്രിക്ക് ചെറുവാഹനങ്ങളുമായി ഈ മേഖലകളിലൂടെ യാത്ര ചെയ്യരുത്, ചെയ്യരുത്, ചെയ്യരുത്….
-കെ.എന്‍. റസ്സല്‍






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.