മതത്തിനുവേണ്ടി കൊലനടത്തിയവരില്‍ കത്തോലിക്കര്‍ക്കൊപ്പം പ്രൊട്ടസ്റ്റന്റുകാരും

മതത്തിനുവേണ്ടി കൊലനടത്തിയവരില്‍ കത്തോലിക്കര്‍ക്കൊപ്പം പ്രൊട്ടസ്റ്റന്റുകാരും

നിഷ്ഠൂരത കൊണ്ട് കേരളത്തിലെ ക്രിസ്ത്യാനിത്വത്തിന്റെ വളര്‍ച്ചയുടെ തായ്‌വേരറുത്ത പോര്‍ച്ചുഗീസുകാര്‍ നിരപരാധികളെ കൊന്നൊടുക്കിക്കൊണ്ടാണ് തങ്ങളുടെ ആധിപത്യം സ്ഥാപിച്ചത്.

സുഗന്ധവ്യഞ്ജനങ്ങള്‍ വാങ്ങുന്നതിനോടൊപ്പം കത്തോലിക്കാ മതത്തെ സാധാരണ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുക എന്നതായിരുന്നു ഈ കിരാതന്മാരുടെ വരവിന്റെ ലക്ഷ്യം. ഇതിനായി അവര്‍ തെരഞ്ഞെടുത്തത് കൊല തന്നെയായിരുന്നു.

1498-ല്‍ കാപ്പാട് കടല്‍പ്പുറത്ത് വന്നിറങ്ങിയ വാസ്‌കോഡഗാമ കോഴിക്കോട് സാമൂതിരിയുമായി വ്യാപാരബന്ധം ഉറപ്പിക്കുകയുണ്ടായി. എന്നാല്‍ നേരത്തേ അറബികള്‍ സാമൂതിരിയുമായി വ്യാപാരബന്ധം ശക്തമായി സ്ഥാപിച്ചിരുന്നതിനാല്‍ പോര്‍ച്ചുഗീസുകാരുടെ സാമൂതിരി ബന്ധം അധികനാള്‍ നീണ്ടുനിന്നില്ല.

അറബികളുടെ വ്യാപാരകുത്തകയെ തോല്‍പ്പിക്കാനാവാതെ വന്നപ്പോള്‍ പോര്‍ച്ചുഗീസുകാര്‍ സാമൂതിരിയോട് പിണങ്ങി കോഴിക്കോട്ടു നിന്നും കൊച്ചിയില്‍ വന്നു. 1500-ലാണ് ഇവര്‍ കൊച്ചിയില്‍ എത്തുന്നത്.

പോര്‍ച്ചുഗലിലേക്കു പോയി തിരിച്ചുവന്ന ഗാമ ബര്‍മ്മയില്‍ നിന്നും സാമൂതിരിയുടെ പ്രജകള്‍ക്ക് അരിയുമായി വന്ന കപ്പലിലെ ജീവനക്കാരെ ക്രൂരമായി കൊന്നതായി ചരിത്രം പറയുന്നു. സാമൂതിരിയോടുള്ള ദേഷ്യം തീര്‍ക്കാന്‍ കപ്പല്‍ ജോലിക്കാരുടെ കണ്ണും കാതും മൂക്കും ഛേദിച്ചു ഓലയില്‍ പൊതിഞ്ഞുകെട്ടി സാമൂതിരിക്കയച്ചുവത്രേ. ‘കറിവച്ചു തിന്നുകൊള്ളുക’ എന്നൊരു കുറിപ്പും കൂടെ വച്ചിരുന്നു.

1500-ല്‍ കൊച്ചിയില്‍ എത്തിയ പോര്‍ച്ചുഗീസുകാര്‍ക്ക് ആതിഥ്യമരുളാന്‍ കൊച്ചി രാജാവിന് മടിയുണ്ടായില്ല. കാരണം, കോഴിക്കോട് സാമൂതിരിയും കൊച്ചി രാജാവും തമ്മില്‍ ബന്ധുക്കളായിരുന്നുവെങ്കിലും അതോടൊപ്പം ശത്രുക്കളുമായിരുന്നു.

ഈ ശത്രുതയും പോര്‍ച്ചുഗീസുകാരുമായുള്ള കച്ചവടം കൊച്ചിക്കു ഗുണം ചെയ്യുമെന്ന കൊച്ചി രാജാവിന്റെ കണക്കുകൂട്ടലുകളും പോര്‍ച്ചുഗീസുകാര്‍ക്ക് കൊച്ചിയില്‍ തമ്പടിക്കാന്‍ അവസരമൊരുക്കി.
ഇങ്ങനെ കച്ചവടത്തിനെന്നു പറഞ്ഞ് കൊച്ചിയില്‍ ആധിപത്യം സ്ഥാപിച്ച പോര്‍ച്ചുഗീസുകാര്‍ ക്രമേണ മതപ്രചാരകരായി മാറി.

കത്തോലിക്കാ മതത്തെ ജനത്തെക്കൊണ്ട് എങ്ങനെയും അംഗീകരിപ്പിക്കുകയെന്നതായിരുന്നു ഇവരുടെ ലക്ഷ്യം. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിലൂടെ ഹിന്ദുക്കളടക്കമുള്ളവരെ കത്തോലിക്കരാക്കുന്നതില്‍ പറങ്കികള്‍ വിജയിക്ക തന്നെ ചെയ്തു.

ഇന്നത്തെ ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികളുടെ മുന്‍ഗാമികളെന്ന് വിശേഷിപ്പിക്കാവുന്ന അന്നത്തെ സെന്റ് തോമസ് ക്രിസ്ത്യാനികളെ കത്തോലിക്കരാക്കാന്‍ പോര്‍ച്ചുഗീസുകാര്‍ നടത്തിയ ഹീനതന്ത്രങ്ങളുടെ ഭാഗമായുണ്ടായ ഉദയംപേരൂര്‍ സൂനഹദോസ് കേരള ക്രൈസ്തവ ചരിത്രത്തിലെ ഇരുണ്ട അദ്ധ്യായമാണ്.

മതപരിവര്‍ത്തനത്തില്‍ മതഭ്രാന്തന്മാരായ പറങ്കികള്‍ വന്‍വിജയം തന്നെ കൊയ്തു. ബഹുഭൂരിപക്ഷം സെന്റ് തോമസ് ക്രിസ്ത്യാനികളും കത്തോലിക്കരായി. നിരവധി പള്ളികള്‍ പണിതു. അച്ചുകൂടങ്ങളും സ്ഥാപിച്ചു. മംഗലാപുരം ഉള്‍പ്പെടെയുള്ള വൈദിക സെമിനാരികളും ഇവര്‍ തുടങ്ങിയതാണ്.

ക്രിസ്ത്യാനികളുടെ മുഴുവന്‍ ഉത്തരവാദിത്വവും പറങ്കികള്‍ ഏറ്റെടുത്തുകൊണ്ട് മേല്‍ക്കോയ്മ സ്ഥാപിച്ചു. കോട്ടകെട്ടി താമസമാക്കിയിരുന്ന ഇവര്‍ കോട്ടയ്ക്കകത്തുള്ളവര്‍ ക്രിസ്ത്യാനികളാകാതിരുന്നാല്‍ പുറത്താക്കുകയോ കൊല്ലുകയോ ചെയ്യുമായിരുന്നു.

ക്ഷേത്രങ്ങളും മുസ്‌ലീം പള്ളികളും കൊള്ളയടിക്കുക ഇവര്‍ക്ക് വിനോദമായിരുന്നു. പോപ്പിന്റെ അനുവാദത്തോടും ആശീര്‍വ്വാദത്തോടും കൂടിയാണ് മതപരിവര്‍ത്തനത്തിനായി കൊടുംക്രൂരത ഇവിടുത്തെ ജനങ്ങളോട് കാട്ടിയത്.

മുസ്ലീങ്ങളെയും ഏറെ ഉപദ്രവിച്ചു. ഷെയ്ക്ക് സൈനുദ്ദീന്‍ തന്റെ തുഫത്ത് ഉല്‍ മുജാഹിദീന്‍ എന്ന ഗ്രന്ഥത്തില്‍ ഇത് പ്രതിപാദിച്ചിരിക്കുന്നു. പോര്‍ച്ചുഗീസുകാരുടെ ഗോവയിലെ നിര്‍ബന്ധിത മതപരിവര്‍ത്തനവും മതപീഡനവും കാരണമാണ് ഗൗഢസാരസ്വത ബ്രാഹ്മണര്‍ കേരളത്തിലേക്കു പാലായനം ചെയ്തത്. യഹൂദന്മാരെയും ഇവര്‍ വെറുതെ വിട്ടില്ല.

ഈ കിരാതന്മാര്‍ 1503-ല്‍ തടി കൊണ്ടു ഫോര്‍ട്ടുകൊച്ചിയില്‍ പണിത സെന്റ് ഫ്രാന്‍സിസ് ചര്‍ച്ചിന്റെ ചരിത്രം ഇവരെ എക്കാലവും ഓര്‍ക്കാന്‍ പര്യാപ്തമാണ്. അന്ന് രാജകൊട്ടാരങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്കുമായിരുന്നു ഓട് മേയുവാന്‍ അനുവാദം ഉണ്ടായിരുന്നത്.

കൊച്ചി രാജാവിന്റെ ഉദാരമനസ്‌കത കൊണ്ടാണോ, അതോ ഭയം കൊണ്ടാണോ എന്നറിയില്ല, ഇദ്ദേഹം പല വിശേഷ അധികാരങ്ങളും പോര്‍ച്ചുഗീസുകാര്‍ക്കു നല്‍കി. മാത്രമല്ല കച്ചവടക്കാരായ പോര്‍ച്ചുഗീസുകാരില്‍ നിന്നും ലഭിച്ച ലാഭവും രാജാവിനെ പ്രലോഭിപ്പിച്ചു. അങ്ങനെയാണ് ഓടു കൊണ്ട് യൂറോപ്യന്‍ മാതൃകയില്‍ ആദ്യത്തെ കത്തോലിക്കാ പള്ളി സെന്റ് ഫ്രാന്‍സിസ്‌കന്‍ സന്യാസിമാര്‍ ഫോര്‍ട്ടുകൊച്ചിയില്‍ പുതുക്കി സ്ഥാപിച്ചത്.

1516-ല്‍ മരം മാറ്റി കല്ലുപയോഗിച്ച് വീണ്ടും പുതുക്കി ‘സാന്റോ അന്റോണിയ’ എന്നു പേരിട്ടു. 1663-ല്‍ ഡച്ച് പട കൊച്ചി പിടിച്ചടക്കിയതോടെ പറങ്കിപ്പടയുടെ പ്രതാപം അവസാനിച്ചു. എന്നാല്‍ പറങ്കികള്‍ എന്തു ചെയ്തുവോ, അതിന് അതേ നാണയത്തില്‍ തിരിച്ചടിച്ചു കൊണ്ട് ഡച്ചുകാരും ക്രിസ്തുവിന് അപമാനമായി മാറുകയായിരുന്നു.

പ്രൊട്ടസ്റ്റന്റുകാരായിരുന്നെങ്കിലും അക്രമസ്വഭാവത്തില്‍ ഒട്ടും പിന്നിലായിരുന്നില്ല ഇവര്‍. പറങ്കികള്‍ പണിതുയര്‍ത്തിയതെല്ലാം തച്ചുടയ്ക്കാനുള്ള വ്യഗ്രതയാണ് ജേതാക്കളായ ഡച്ചുകാര്‍ കാട്ടിയത്. കത്തോലിക്കാ പള്ളികള്‍ ഇടിച്ചുനിരത്തിയും, പുസ്തകങ്ങള്‍ കത്തിച്ചും, കന്യാസ്ത്രീ മഠങ്ങള്‍ തീവച്ചും, അച്ചടിശാല നശിപ്പിച്ചും ഡച്ചുകാരും സംഹാരതാണ്ഡവമാടി.

എന്നാല്‍ ഈ രണ്ടു കൂട്ടരും കേരളത്തിനു നല്‍കിയ വിലപ്പെട്ട സംഭാവനകള്‍ വിസ്മരിക്കുന്നുമില്ല. ഈ ഇടിച്ചുനിരത്തലിനിടയില്‍ നിന്നും രക്ഷപ്പെട്ട ഫോര്‍ട്ടുകൊച്ചിയിലെ സെന്റ് ഫ്രാന്‍സിസ് ചര്‍ച്ച് 1664-1804 വരെ ഡച്ചുകാരുടെ നിയന്ത്രണത്തിലുള്ള റീഫോംഡ് ചര്‍ച്ചായും, 1804-1947 വരെ ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള ആംഗ്ലിക്കന്‍ ചര്‍ച്ചായും നിലനിന്നു.

1947-ല്‍ ഇന്ത്യ സ്വതന്ത്രയായശേഷം സി.എസ്.ഐ.യുടെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ദേവാലയമായി ഇന്നും സെന്റ് ഫ്രാന്‍സിസ് ചര്‍ച്ച് തുടരുന്നു.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജ്ഞാനസ്‌നാന രജിസ്റ്റര്‍, വിവാഹ രജിസ്റ്റര്‍, സ്‌നാനത്തൊട്ടി, ദീപാലംകൃതമായ അള്‍ത്താര, കൈകൊണ്ട് ചലിപ്പിക്കാവുന്ന വിശറി, വാസ്‌കോഡഗാമ ഉള്‍പ്പെടെയുള്ളവരുടെ ശവക്കല്ലറകള്‍ തുടങ്ങിയവ ചരിത്രകുതുകികള്‍ക്ക് ആവേശം പകരുന്നതാണ്.

ഗാമ മരിച്ച് 14 വര്‍ഷം കഴിഞ്ഞ് അദ്ദേഹത്തിന്റെ ശരീരാവശിഷ്ടങ്ങള്‍ പോര്‍ച്ചുഗീസുകാര്‍ മാന്തിയെടുത്ത് സ്വരാജ്യത്തേയ്ക്ക് കൊണ്ടുപോയി. ഇപ്പോള്‍ തലസ്ഥാനമായ ലിസ്ബണില്‍ അത് സൂക്ഷിച്ചിട്ടുണ്ട്.

കത്തോലിക്കര്‍ക്കും പ്രൊട്ടസ്റ്റന്റുകാര്‍ക്കും തങ്ങളുടേതെന്ന് അവകാശപ്പെടാവുന്ന ഈ ചരിത്രസ്മാരകം കാലത്തിന്റെ കുസൃതികള്‍ക്കു മൂകസാക്ഷിയായി ഇന്നും ഫോര്‍ട്ടുകൊച്ചിയില്‍ നിലനില്‍ക്കുന്നു. ഈ പള്ളിക്ക് സാമ്രാജ്യങ്ങളുടെ വിജയഗാഥകളുടെയും പതനത്തിന്റെയും കഥകള്‍ വരുംതലമുറയോടും പറയാനുണ്ടാവും, തീര്‍ച്ച.

ഡോ. ഓമന റസ്സല്‍
(സീനിയര്‍അക്കാഡമിക് ഫെല്ലോ, ICHR ഡല്‍ഹി)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!