ആരാധനയുടെ പേരിലെ ശബ്ദ കോലാഹലം നമ്മൾ അവസാനിപ്പിക്കണം!

ആരാധനയുടെ പേരിലെ ശബ്ദ കോലാഹലം നമ്മൾ അവസാനിപ്പിക്കണം!


വര്‍ഗീസ് ചാക്കോ
johnygilead@gmail.com

പെന്തെക്കോസ്തുകാരുടെ ശബ്ദമുഖരിതമായ ആരാധനയുടെ പേരിൽ പോലീസ് ഇടപെടേണ്ടി വന്ന ഒരു സംഭവം ചില ദിവസങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നമ്മളിൽ പലരും ആ സംഭവത്തിന്റെ വീഡിയോ കണ്ടു കാണും എന്നു കരുതുന്നു.

ഇത്തരം സംഭവങ്ങൾ ഇതാദ്യമല്ല. പെന്തെക്കോസ്തു സഭയുടെ കൂടെപിറപ്പാണ് ഈ പ്രശ്നം എന്നു വേണമെങ്കിൽ പറയാം. പെന്തെക്കോസ്തുകാരെക്കുറിച്ച് പൊതുസമൂഹത്തിന് ആകെയുള്ള ഒരു പരാതിയാണ് ഇത്. ഇക്കാര്യത്തിൽ ആധുനിക പെന്തെക്കോസ്തു സമൂഹമായ നമ്മൾ ഒരു തീർപ്പുണ്ടാക്കിയേ മതിയാകൂ.

പെന്തെക്കോസ്തുകാരായ നമ്മുടെ പ്രാർത്ഥനായോഗങ്ങൾ സഭയ്ക്ക് പുറത്തുള്ള സമൂഹത്തിന് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നത് ആരും പറയാതെ തന്നെ നമുക്കറിവുള്ള കാര്യമാണ്. മറ്റു മതവിഭാഗങ്ങളിൽപ്പെട്ടവരുടെ ശബ്ദ മുഖരിതമായ ആത്മീയ സമ്മേളനങ്ങളും മൈക്കിലൂടെയുള്ള പ്രാർത്ഥനകളും മറ്റുമൊക്കെ നമുക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് എന്നതു മറന്നുകൊണ്ടല്ല ഇക്കാര്യം പറയുന്നത്.

എല്ലാവരും ഒരു പോലെ ചെയ്യുന്ന ഒരു തെറ്റിനെ പരസ്പരം ചൂണ്ടി കാണിച്ച് പഴിചാരുന്നതിനെക്കാൾ ഒരു വിഭാഗം സ്വയ വിമർശനം നടത്തി തിരുത്തലുകൾ വരുത്തി മാതൃകയാകുന്നതാണല്ലോ കരണീയം!

ശബ്ദ കോലാഹലം ഒഴിച്ചു നിർത്തിയാൽ പെന്തെക്കോസ്തു സമൂഹമായ നമ്മെ സംബന്ധിച്ചിടത്തോളം എല്ലാ കാര്യങ്ങളിലും നമ്മൾ മാതൃകാപരമായ സമീപനമാണ് പുലർത്തിപ്പോരുന്നത് എന്ന കാര്യത്തിൽ നമുക്ക് അഭിമാനിക്കാൻ ഏറെയുണ്ട്.
മദ്യപാനം, പുകവലി തുടങ്ങിയ സാമൂഹിക വിപത്തുകൾക്കെതിരെ പ്രവർത്തിക്കുക മാത്രമല്ല, നമ്മുടെ സഭയിൽ അത്തരക്കാർക്ക് അംഗത്വം പോലും നിഷേധിച്ചുകൊണ്ട്
സാമൂഹിക നവോത്ഥാനത്തിൽ ഉൾപ്പടെ നമ്മൾ പങ്കുവഹിക്കുന്നു.

അതൊന്നും ചെറിയ കാര്യങ്ങൾ അല്ല. അക്രമാസക്തമായി സമരം ചെയ്യുകയോ, വാഹനങ്ങൾക്ക് കല്ലെറിയുകയോ, വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയോ ചെയ്യാത്ത നമ്മെ നിലവിലെ മുഖ്യമന്ത്രി വരെ അഭിനന്ദിച്ചിട്ടുണ്ട്. കുറവുകൾ അനവധി നിരത്താനുണ്ടെങ്കിലും ആത്മീയ കാര്യങ്ങളിലും താരതമ്യേന മറ്റേത് സമൂഹത്തേക്കാളും നമ്മൾ ഒരുപടി മുന്നിൽ തന്നെയാണ് എന്നും നമുക്ക് അഭിമാനിക്കാം.

എന്നാൽ, നമ്മുടെ ആത്മീയ സന്തോഷത്തിന്റെ മറവിൽ മറ്റുള്ളവരുടെ സ്വൈര്യ ജീവിതം നശിപ്പിക്കുന്നത് അങ്ങേയറ്റം ഖേദകരമാണ് എന്നു പറയാതെ വയ്യ. ഇക്കാര്യത്തെ ഒരു തരത്തിലും ന്യായീകരിക്കാനും കഴിയില്ല. നമ്മൾ മാറിയേ മതിയാകൂ.

പൊതുസമൂഹത്തിന് ശല്യമുണ്ടാക്കാത്ത നിലയിൽ വീടുകളോ മറ്റു സ്ഥാപനങ്ങളോ അധികം ഇല്ലാത്ത മേഖലകളിൽ ആണ് ശബ്ദമുഖരിതമായ അന്തരീക്ഷത്തിൽ നമ്മൾ യോഗങ്ങൾ നടത്തുന്നതെങ്കിൽ കേരളം പോലുള്ള സംസ്ഥാനത്ത് പൊതുസമൂഹം ഒരിക്കലും അതിനെ എതിർക്കാൻ സാധ്യതയില്ല. ഓണവും ക്രിസ്തുമസും റമദാനും പോലെ പെന്തെക്കോസ്തു സഭയുടെ ഉത്സവമായി അവർ അതിനെ ഉൾക്കൊള്ളും.

അതേസമയം, നൂറു കണക്കിന് വീടുകളിലായി ആയിരങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിൽ യാതൊരു തത്വദീക്ഷയുമില്ലാതെ ശബ്ദകോലാഹലത്തോടുകൂടിയുള്ള യോഗങ്ങൾ സംഘടിപ്പിക്കുന്നത് എല്ലാ അർത്ഥത്തിലും സാമൂഹിക പീഡനമാണെന്നു തന്നെ പറയാൻ ഞാൻ ആഗ്രഹിക്കുന്നു. നമ്മൾ യോഗങ്ങൾ സംഘടിപ്പിക്കുന്ന ഹാളിനടുത്ത വീടുകളിൽ കിടപ്പുരോഗികൾ ഉൾപ്പടെയുള്ള വിവിധ രോഗബാധിതർ ഉണ്ടാകാം.

മരണാസന്ന നിലയിൽ ഉള്ളവർ ഉണ്ടാകാം. എന്തിനു ഏറെപ്പറയണം, ഒരു ചെറിയ തല വേദന ഉണ്ടെങ്കിൽ പോലും നമുക്ക് ഒരു പരിധിയിലധികം ശബ്ദം അസ്വസ്ഥത ഉണ്ടാക്കാറുണ്ട്. അങ്ങനെയെങ്കിൽ സ്‌കൂളിലും കോളെജിലും മറ്റും പഠിക്കുന്ന വിദ്യാർഥികളും സിവിൽ സർവീസ് പരീക്ഷയ്ക്ക് ഉൾപ്പടെ തയ്യാറായിക്കൊണ്ടിരിക്കുന്ന
വിദ്യാർഥികൾ മറ്റും ഉള്ള ഭവനങ്ങളെ പാടെ അവഗണിച്ചുകൊണ്ടുള്ള നമ്മുടെ ആത്മീയ സന്തോഷം നമ്മൾ പുനഃപരിശോധിച്ചേ മതിയാകൂ.

‘രാജാവുള്ളിടത്ത് രാജ കോലാഹലമുണ്ട്’ എന്ന വചനത്തെ മറയാക്കിയാണ് പലരും ശബ്ദമുണ്ടാക്കുന്നത്. ദൈവത്തെ ഉറക്കെ പാടി സ്തുതിയ്ക്കാനും മഹത്വപ്പെടുത്താനും നമുക്ക് സ്വാതന്ത്ര്യമുണ്ട്. പക്ഷേ, അത് മറ്റുള്ളവരുടെ സ്വൈര്യ ജീവിതം തകർത്തു കൊണ്ടാകുമ്പോൾ നമ്മൾ മതത്തെ നിർബന്ധിതമായി മറ്റുള്ളവരുടെമേൽ അടിച്ചേല്പിക്കുന്നതിന് സമാനമാണ്. ഒപ്പം മറ്റുള്ളവർക്ക് മാനസിക പീഡനവുമാണ് ഏൽപ്പിക്കുന്നത്.

‘മിറിയാം തപ്പെടുത്ത് പാടി’ എന്നും ‘ദാവീദ് നൃത്തം ചെയ്തു’ എന്നും മറ്റുമുള്ള വചനങ്ങൾ കാണിച്ചാണല്ലോ ശബ്ദകോലാഹലത്തെ നമ്മൾ ന്യായീകരിക്കുന്നത്. പക്ഷേ, അതൊന്നും ഒരു വ്യക്തിയ്ക്ക് പോലും ശബ്ദ മലിനീകരണമായി മാറിയില്ല എന്നോർക്കണം.

ഇതുപറയുമ്പോൾ നമുക്ക് മറ്റു മത വിഭാഗങ്ങളുടെ സമാനമായ ചെയ്തികളെ ചൂണ്ടി കാണിക്കാനുണ്ടാവും എന്ന് അറിയാം. എന്നാൽ നമ്മൾ ആണ് ഇക്കാര്യത്തിൽ മാതൃക ആകേണ്ടവർ എന്നു ഞാൻ വിശ്വസിക്കുന്നു. ക്രിസ്തുവിലേയ്ക്ക് വന്നവർ ശിശുപാലകന്റെ ആവശ്യമില്ലാത്ത വിധം പക്വത എത്തിയവർ എന്നാണ് നമ്മൾ നമ്മെ സ്വയം വിലയിരുത്തുന്നത്. അങ്ങനെയെങ്കിൽ നമ്മുടെ പക്വമായ സമീപനം ഇക്കാര്യത്തിലും കൂടി ലോകം അറിയട്ടെ.

ശബ്ദം കൂടുതൽ ഉപയോഗിക്കേണ്ടി വരുന്ന സന്ദർഭങ്ങളെ കാണാതെയല്ല പറയുന്നത്. അത്തരം സന്ദർഭങ്ങൾ മുന്നിൽ കണ്ട് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത നിലയിൽ നമ്മുടെ ഹാളുകൾ സൗണ്ട് പ്രൂഫ് ആക്കുകയോ സമീപവാസികൾക്ക് അലോസരം ഉണ്ടാക്കാത്ത നിലയിൽ സമയ ക്രമീകരണം ചെയ്യുകയോ വേണം. അതുമല്ലെങ്കിൽ അയൽ വാസികളുടെ സമ്മതത്തോടു കൂടി മാത്രമേ അത്തരം യോഗങ്ങൾ സംഘടിപ്പിക്കാവൂ.

നമുക്ക് പാട്ടു പാടാൻ സ്വാതന്ത്ര്യമുള്ളതുപോലെ തന്നെ നമ്മുടെ അയൽവാസികൾക്ക് സ്വസ്ഥമായിരിക്കാനും അവകാശമുണ്ട് എന്നു മറക്കാതിരിക്കാം. നമ്മൾ ആത്മീയ സന്തോഷം അനുഭവിക്കുന്നത് അയൽവാസിയുടെ ശാരീരിക മാനസിക സന്തോഷവും സ്വൈര്യവും കെടുത്തിക്കൊണ്ടാകാതിരിക്കാൻ ശ്രദ്ധിക്കാം.

ഉറക്കെ വിളിക്ക; അടങ്ങിയിരിക്കരുത്.. നിന്റെ വായ് വിസ്താരത്തിൽ തുറക്കുക…
അത്യുച്ചനാദത്തോടെ… തുടങ്ങിയുള്ള വചന ഭാഗങ്ങൾ സന്ദർഭവും സാഹചര്യവും നോക്കാതെ വ്യാഖ്യാനിക്കുന്നതുകൊണ്ട് ഉണ്ടാകുന്ന പ്രശ്നമാണ് ഇതൊക്കെ. ഓരോ കാര്യത്തിനും അതതിന്റെ സന്ദർഭവും സമയവും സ്ഥലവും സൗകര്യവും പരിമിതികളും എല്ലാം പരിഗണിക്കേണ്ടതുണ്ട്.

എങ്ങനെയും ആകാം എന്ന നിലയിൽ സമൂഹം എല്ലാം വകവച്ചു തന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. ആ കാലം നമ്മൾ ഏറെ ആസ്വദിച്ചു. ഇന്ന് കാലം മാറി. വിദ്യാഭ്യാസമുള്ള സമൂഹമാണ് ചുറ്റുമുള്ളത്. ആത്മീയതയെ അതിന്റെ യാഥാർഥ്യത്തിൽ തൊട്ടറിയാനും കപടതയെ തിരിച്ചറിയാനും കഴിയുന്ന സമൂഹമാണ് നമുക്കു ചുറ്റുമുള്ളത്. വസ്തുതകൾക്ക് നേരെ കണ്ണടയ്ക്കാതെയും ഇതേ കാര്യം മറ്റുള്ളവരിലും ഉണ്ടെന്ന് പറഞ്ഞ് വിഷയത്തെ ചെറുതാക്കി കാണാതെയും ഒരു തിരുത്തലിന് നമുക്ക് ആത്മാർത്ഥമായി ശ്രമിക്കാം.

ഒന്നുകൂടി പറയട്ടെ, നമ്മുടെ ശബ്ദം മറ്റൊരാൾക്ക് ശല്യമായി മാറുന്നെങ്കിൽ നമ്മൾ ദൈവത്തിനെതിരെ സംസാരിക്കാൻ മറ്റുള്ളവർക്ക് അവസരം നൽകുകയാണ്. നമ്മുടെ ശബ്ദവും സംഗീതവും പ്രസംഗവും ജീവിതവും മറ്റുള്ളവരെ നമ്മുടെ കൂട്ടായ്മകളിലേയ്ക്ക് ആകർഷിക്കുന്നതായിത്തീരട്ടെ!

ക്രൈസ്‌തവരാജ്യങ്ങൾ എന്ന് നാം വിളിക്കുന്ന യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കൻ ഐക്യനാടുകളിലും പെന്തക്കോസ്ത് ആരാധന നടക്കുന്നതെങ്ങയാണെന്ന് അവിടെ നിന്നും വരുന്നവരോട് ഒന്ന് ചോദിച്ചറിയണം. വീടിനകത്തെ അസഹ്യമായ ശബ്ദം പുറത്തു കേട്ടാൽ കേസ് ഉറപ്പാണ്. നമ്മുടെ വളർത്തു നായ കുരച്ചാൽ അടുത്ത വീട്ടുകാർക്ക് അത് അസഹനീയമാകുന്നുവെങ്കിൽ അതിനും നിയമ നടപടിയുണ്ടാകും.

സ്വൈര്യമായ ജീവിതമാണ് നാം ആഗ്രഹിക്കുന്നുവെങ്കിൽ അത് അടുത്ത വീട്ടുകാരനും അവകാശപ്പെട്ടതാണെന്ന് നാം തിരിച്ചറിയണം. നമ്മുടെ ജീവിതം മറ്റൊരു വ്യക്തിക്ക് അസ്വസ്ഥതയുണ്ടാക്കാൻ പാടില്ലെന്നാണ് എല്ലാ ലോക രാജ്യങ്ങളിലെയും നിയമം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!