തവിട് മാറ്റി എണ്ണയാക്കും; പകരം അരി ചുവപ്പിക്കാന്‍ വിഷം

തവിട് മാറ്റി എണ്ണയാക്കും; പകരം അരി ചുവപ്പിക്കാന്‍ വിഷം

നെല്‍കൃഷി പേരിനു മാത്രമുള്ള നാടാണ് കാലടി. പക്ഷേ, പ്രതിദിനം ഇവിടെയുല്പാദിപ്പിക്കുന്ന അരിയുടെ അളവ് 2800 ടണ്‍. സംസ്‌കരിക്കുന്ന നെല്ലാകട്ടെ 4000 ടണ്ണും. മനുഷ്യന് അവശ്യം ലഭിക്കേണ്ട പ്രോട്ടീന്‍ അടങ്ങിയ തവിട് മാറ്റി വെളുപ്പിച്ച് തരുന്ന ചമ്പാ അരി നമ്മുടെ ശരീരത്തിന് കാര്യമായ ഗുണം ചെയ്യുന്നില്ല. തവിട് എണ്ണയാക്കി മാറ്റി ലാഭം കൊയ്യുന്നു. എന്നിട്ട് ചുവന്ന അരി ആക്കാന്‍ കളര്‍ ചേര്‍ക്കുന്നുയെന്ന ആരോപണം ഇന്നും മില്ലുകാരുടെ തലയ്ക്കു മുകളില്‍ തൂങ്ങി നില്‍ക്കുന്നു.

കഴിഞ്ഞ ആഴ്ചയിലും കാലടിയിലെ അരിമില്ലുകളില്‍ പൊലീസ് പരിശോധന നടത്തി അരിയില്‍ കളര്‍ ചേര്‍ക്കുന്ന വിഷവസ്തുക്കള്‍ പിടിച്ചെടുക്കുകയുണ്ടായി.

ലോകത്തിന്റെ ഏതു കോണില്‍ ചെന്നാലും കാലടിയിലെ മില്ലുകളിലെ അരിച്ചാക്കുകള്‍ അട്ടിയിട്ടിരിക്കുന്ന കടകള്‍ കാണാം. ചെറുതും വലുതുമായ 125-ലധികം അരിമില്ലുകളാണ് കാലടിയിലും പരിസരപ്രദേശങ്ങളിലുമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

അന്തരീക്ഷ മലിനീകരണവും പരിസര മലിനീകരണവുമുണ്ടെങ്കിലും വിശപ്പടക്കാന്‍ കേരളീയന് അരി വേണമല്ലോ. അതുകൊണ്ട് ചില മില്ലുകളുടെ സമീപത്ത് അല്ലറ ചില്ലറ സമരങ്ങളേ നടന്നിട്ടുള്ളൂ.

കുടില്‍വ്യവസായമായിട്ടാണ് ഈ പ്രദേശത്ത് അരി വ്യവസായം തുടങ്ങിയത്. വീടുകളില്‍ വലിയ പാത്രങ്ങളില്‍ നെല്ല് പുഴുങ്ങി ഉണക്കി, ഉരലില്‍ ഉലക്ക കൊണ്ട് ഇടിച്ചെടുത്ത അരി വീടുകളില്‍ കൊണ്ടുനടന്ന് വിറ്റിരുന്നതായി പഴമക്കാര്‍ പറയുന്നു. അവരുടെ പുതുതലമുറക്കാരാണ് ഇപ്പോള്‍ ഇവിടത്തെ വന്‍കിട അരി വ്യവസായികള്‍.

അങ്ങിങ്ങ് തുണ്ടുപാടങ്ങള്‍ മാത്രമുള്ള സ്ഥലങ്ങളാണ് എറണാകുളം ജില്ലയിലെ കാലടിയുടെ പ്രാന്തപ്രദേശങ്ങള്‍. ഇതില്‍ ഏറ്റവും കൂടുതല്‍ നെല്‍കൃഷി നടന്നിരുന്ന സ്ഥലത്താണ് ഇന്ന് വിമാനങ്ങള്‍ പറന്നിറങ്ങുന്നതും ഉയരുന്നതും. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് മുഴുവന്‍ പാടശേഖരമായിരുന്നു.

തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് നൂറുകണക്കിന് ലോറികള്‍ നെല്ലുമായി എത്തുന്നത്. ബ്രോക്കര്‍മാരുടെ സഹായത്തോടെയാണ് നെല്ല് വാങ്ങി ഇവിടെ എത്തിക്കുന്നത്.

4000 ടണ്‍ നെല്ല് ദിവസേന സംസ്‌കരിക്കുമ്പോള്‍ അതില്‍നിന്നും പുറന്തള്ളുന്നത് 1600 ടണ്ണോളം വേസ്റ്റാണ്. ഇതില്‍ നിന്നും ലഭിക്കുന്ന 200 ടണ്‍ തവിടില്‍ നിന്നാണ് തവിടെണ്ണ ഉല്പാദിപ്പിക്കുന്നത്.
പണ്ട് കടകളില്‍ നിന്നും വാങ്ങിയിരുന്ന അരിയിലെ കല്ല് കളയാന്‍ അമ്മമാരുടെ ‘അരിക്കല്‍ പണി’ ഒന്നു കാണേണ്ടതു തന്നെയാണ്. എത്ര അരിച്ചാലും കല്ലുകടി ഉറപ്പാണ്.

എന്നാല്‍ കോടികളുടെ വിലയുള്ള അത്യന്താധുനിക മെഷീനുകളാണ് ഇന്ന് ഈ ജോലി ചെയ്യുന്നത്. ഒരു തരി കല്ലു പോലുമില്ലാത്ത അരിയാണ് ഇന്ന് ലഭിക്കുന്നത്.

ഏതായാലും ലോക അരിയുൽപ്പാദന മേഖലയില്‍ കാലടിയ്ക്കുള്ള സ്ഥാനം ഗണനീയമാണ്. വിവിധയിനം വെള്ള അരികള്‍, ഉണ്ട, വടി, പാലക്കാടന്‍ മട്ട തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ചമ്പാ അരിച്ചാക്കുകളുമായി നൂറുകണക്കിന് ലോറികളാണ് കാലടിയില്‍ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിക്കുന്നത്.
ആയിരക്കണക്കിന് ഇതരസംസ്ഥാനക്കാർ മില്ലുകളില്‍ പണിയെടുക്കുന്നു. വിവിധതരം മസാലകളും അരിപ്പൊടികളും, പായ്ക്കറ്റിലാക്കിയ കറിക്കൂട്ടുകളും കാലടിയുടെ സ്വന്തമാണ്.

അമേരിക്ക, യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങളിലും കിഴക്കന്‍ രാജ്യങ്ങളിലുള്ള കടകളിലും കാലടിയുടെ അരിച്ചാക്കുകള്‍ നിരത്തിയിരിക്കുന്നത് കാണാം.

എം.പി. ടോണി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!