കോണ്‍ഗ്രസ് മാത്രമല്ല, കമ്മ്യൂണിസ്റ്റുകാര്‍ പോലും അധികാരത്തിനായി മുസ്ലീംലീഗിനെ 1967-ല്‍ കേരള മന്ത്രിസഭയില്‍ ഭരണപങ്കാളികളാക്കി. ഈ കൂട്ടുകെട്ട് തെറ്റിപ്പോയെന്ന് ഇ.എം.എസ്. പിന്നീട് കുറ്റസമ്മതം നടത്തിയിട്ടുണ്ടെങ്കിലും ഈ അവിശുദ്ധ കൂട്ടുകെട്ടിന് പില്ക്കാലത്തുണ്ടാക്കാന് കഴിഞ്ഞ പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്. ഇവരുടെ ഈ വര്‍ഗ്ഗീയ പ്രീണന നയം ആകാം ഒരുപക്ഷേ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ആദ്യത്തെ അവിശുദ്ധ കൂട്ടുകെട്ട്. 1975-ല്‍ ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതും,
1977-ലെ തെരഞ്ഞെടുപ്പില്‍ അവര്‍ ദയനീയമായി പരാജയപ്പെട്ട് ജനതാ പാര്‍ട്ടി അധികാരത്തില്‍ വന്നതും, തുടര്‍ന്ന് ഇന്ദിരാഗാന്ധിയെ അറസ്റ്റ് ചെയ്തതുമൊക്കെ സമീപകാല രാഷ്ട്രീയ ചരിത്രമാണ്. ഖാലിസ്ഥാന്‍ രാഷ്ട്രം ഇന്ത്യയ്ക്കകത്ത് സ്ഥാപിക്കാനായി ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോയിക്കൊണ്ടിരുന്ന സിക്കുകാരുമായി ചങ്ങാത്തം കൂടിയത് ഇന്ത്യന്‍ മതേതരത്വത്തിന് ഏറ്റ വലിയ ആഘാതമായിരുന്നു. അധികാരം പുനഃസംഘടിപ്പിച്ചു കിട്ടാനായി മതേതരത്വത്തെ രാഷ്ട്രീയവല്‍ക്കരിക്കുകയായിരുന്നു ഇന്ദിര ചെയ്തത്.
ഭിന്ദ്രന്വാലയെക്കൊണ്ട് ഖാലിസ്ഥാന്‍ സ്ഥാപിച്ചു കിട്ടാനായി വര്‍ഗ്ഗീയ കലാപം നടത്തി ഭാരതത്തില്‍ അസ്വസ്ഥത സൃഷ്ടിക്കുക വഴി കോണ്‍ഗ്രസിന് അധികാരത്തില്‍ മടങ്ങിവരാമെന്ന് ഇന്ദിര കണക്കുകൂട്ടി. നിയന്ത്രിക്കാനാവാത്ത വിധം വളര്‍ന്നുവന്ന സിക്ക് ഭീകരത പിന്നങ്ങോട്ട് ഇന്ത്യയില്‍ നടത്തിയ കൊലപാതകങ്ങള്‍ക്കും അക്രമങ്ങള്‍ക്കും കയ്യും കണക്കുമില്ല. സുവര്‍ണ്ണക്ഷേത്രത്തിനുള്ളില്‍ ഒളിച്ചിരുന്ന ഭീകരരെ തുരത്തുവാന്‍ ഇന്ദിരയ്ക്ക് പട്ടാളത്തെ നിയോഗിക്കേണ്ടി വന്നു.
മതേതരത്വത്തെ ഹനിച്ചുകൊണ്ട് അധികാരത്തിനായി വര്‍ഗ്ഗീയപ്രീണന നയം സ്വീകരിച്ചതിനാല്‍ ഭാരത ചരിത്രത്തിലാദ്യമായി പള്ളിക്കകത്തു കയറി പട്ടാളത്തിന് ബലം പ്രയോഗിക്കേണ്ടി വന്നു. ആരെ പാലൂട്ടി വളര്‍ത്തിയോ, അവര്‍ തന്നെ തന്റെ ഘാതകരായി മാറി എന്നത് പേടിപ്പെടുത്തുന്ന ഒരു ചരിത്രസത്യമായി ഇന്നും നിലനില്ക്കുന്നു.
ഇന്നത്തെ ബി.ജെ.പി.യുടെ മുന്‍ഗാമിയായ ജനസംഘം എന്ന പാര്‍ട്ടിക്ക് 1952-ല്‍ 2 സീറ്റുകള്‍ മാത്രമേ പാര്‍ലമെന്റില്‍ ഉണ്ടായിരുന്നുള്ളൂ.
1980-ല്‍ രൂപീകരിച്ച ബി.ജെ.പി. 1982-ല്‍ മത്സരിച്ചപ്പോള്‍ കിട്ടിയതും രണ്ട് സീറ്റ് തന്നെ. അതിനുശേഷമുള്ള ബി.ജെ.പി.യുടെ വളര്‍ച്ച പരിശോധിച്ചാല്‍ 178 സീറ്റുകളുമായി ഇന്ത്യ മഹാരാജ്യം ഭരിക്കാന്‍ പിന്നീട് ബി.ജെ.പി.ക്ക് കഴിഞ്ഞുവെന്നു കാണാം. ഭാഗ്യകരമായ ഈ അവസ്ഥ ബി.ജെ.പി.ക്ക് സമ്മാനിച്ചതില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന വിശ്വനാഥ് പ്രതാപ്സിംഗ് വഹിച്ച പങ്ക് ചില്ലറയല്ല. 1989-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വി.പി. സിംഗ് ബി.ജെ.പി.യുമായി സഖ്യത്തിലായി കോണ്‍ഗ്രസിനെതിരെ മത്സരിച്ചു. അന്ന് ബി.ജെ.പി.ക്ക് 85 സീറ്റ് ലഭിച്ചത് ഭരണം പിടിച്ചെടുക്കാനുള്ള അവരുടെ ശ്രമത്തിന് ആക്കം വര്‍ദ്ധിപ്പിച്ചു.
ഇടതുപക്ഷ കക്ഷികള്‍ ഈ കൂട്ടുകെട്ട് വേണ്ടെന്നു ശഠിച്ചെങ്കിലും വി.പി. സിംഗിന് ഈ ബന്ധം അനിവാര്യമായിത്തീര്‍ന്നു. ഡല്‍ഹിയില്‍ കോണ്‍ഗ്രസിനെതിരെ ബി.ജെ.പി. വി.പി. സിംഗ് കൂട്ടുകെട്ട് മത്സരിച്ചപ്പോള്‍ അവിടെ സി.പി.ഐ.(എം) ആര്‍ക്ക് വോട്ട് ചെയ്യുമെന്ന് ഇ.എം.എസിനോട് പത്രക്കാര് ചോദിച്ചു. ഇ.എം.എസ്. പറഞ്ഞത് ”ബി.ജെ.പി. അധികാരത്തില്‍ വരാതിരിക്കാനും കോണ്‍ഗ്രസ് ജയിക്കാതിരിക്കാനുമുള്ള നിലപാട് സ്വീകരിക്കും” എന്നാണ്.
അതെന്തു നിലപാടായിരുന്നുവെന്ന് ആര്‍ക്കും ഇന്നുവരെ പിടികിട്ടിയിട്ടില്ല. ചുരുക്കിപ്പറഞ്ഞാല്‍ ഭരണം കിട്ടാനായി വര്‍ഗീയതയെ അധികാരത്തില്‍ അവരോധിക്കുകയാണ് വി.പി. സിംഗ് ചെയ്തത്. ഈ കൂട്ടുകെട്ട് അദ്ദേഹത്തിന് ഗുണകരമായി ഭവിക്കുകയും അദ്ദേഹം പ്രധാനമന്ത്രിയാവുകയും ചെയ്തു. എന്നാല്‍ ഇതിന്റെ മറവില്‍ മുതലെടുക്കാന്‍ ശ്രമിച്ച ബി.ജെ.പി. അയോദ്ധ്യയിലേക്ക് രഥയാത്ര നടത്തിയെങ്കിലും ലാലുപ്രസാദ് യാദവിനെക്കൊണ്ട് അദ്വാനിയെ അറസ്റ്റ് ചെയ്യിക്കുകയാണ് വി.പി. സിംഗ് ചെയ്തത്.
ബി.ജെ.പി. തനിക്കുള്ള പിന്തുണ പിന്‍വലിക്കുമെന്നും ഭരണം നഷ്ടപ്പെടുമെന്നും മുന്‍കൂട്ടി കണ്ടുകൊണ്ട് തന്നെയാണ് സിംഗ് അദ്വാനിയെ അറസ്റ്റ് ചെയ്യിച്ചത്. അവിഹിത രാഷ്ട്രീയ കൂട്ടുകെട്ടിന്റെ പരിണിതഫലത്തിന്റെ ഭീകരരൂപം വി.പി.യുടെ ഭരണകാലത്ത് നാം കണ്ടു.
ബാബറി മസ്ജിദ് സ്ഥിതിചെയ്യുന്ന അയോദ്ധ്യയിലെ തര്‍ക്കസ്ഥലത്ത് ശിലാന്യാസം നടത്താന്‍ രാജീവ്ഗാന്ധി അനുവദിച്ചത് ഹിന്ദു വര്‍ഗീയവാദികളെ പ്രീതിപ്പെടുത്താനായിരുന്നുവെന്നത് പകല്‍ പോലെ സത്യം. 1992 ഡിസംബര്‍ മാസം 6-ാം തീയതി നൂറ്റാണ്ടുകളോളം ഇന്ത്യയുടെ മതേതര പാരമ്പര്യത്തിന്റെ സ്മാരകമായി നിലകൊണ്ട ബാബറി മസ്ജിദ് ഹിന്ദു ഭീകരര്‍ തകര്‍ത്തത് കോണ്‍ഗ്രസ് പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവിന്റെ കാലത്തുണ്ടായ ക്ഷമിക്കാനാവാത്ത അപരാധമാണ്. ഇതേത്തുടര്‍ന്നുണ്ടായ വര്‍ഗ്ഗീയ കലാപം ഹിന്ദു ഫാസിസ്റ്റ് ശക്തികളുടെ വളര്‍ച്ചയ്ക്ക് കാരണമായി. ഭൂരിപക്ഷ ഹിന്ദു വികാരം മുതലെടുത്ത് ബി.ജെ.പി. കേന്ദ്രത്തില്‍ ഭരണമുറപ്പാക്കി.
മാധ്യമങ്ങള്‍ വഴിയും, പാഠപുസ്തകങ്ങളില്‍ തിരുത്തലുകള്‍ വരുത്തിയും, സേവനരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചും, വര്‍ഗീയത എന്ന ആശയം പ്രചരിപ്പിക്കുന്നതില്‍ സംഘപരിവാര്‍ ഏറെക്കുറെ വിജയിക്കുക തന്നെ ചെയ്തു എന്നതിനു തെളിവാണ് ഗുജറാത്ത്, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍. ചുരുക്കത്തില്‍ ആര്.എസ്.എസ്. അതിന്റെ ഘടകങ്ങളായ ബി.ജെ.പി., വി.എച്ച്.പി., ബജ്റംഗ്ദള്‍, ഭാരതീയ മസ്ദൂര്‍ സംഘ്, എ.ബി.വി.പി., സേവാഭാരതി, വിദ്യാഭാരതി തുടങ്ങിയവയിലൂടെ ഭാരതത്തില്‍ തങ്ങളുടെ സ്വാധീനം ഉറപ്പിച്ചിരിക്കുന്നു.
ഒറീസയില്‍ നടക്കുന്ന അക്രമങ്ങളും ഗൗരവമായി കാണേണ്ടതുണ്ട്. സംഘപരിവാര്‍ വിദേശത്തു സ്ഥാപിച്ചിട്ടുള്ള ഇന്ത്യന്‍ ഡെവലപ്മെന്റ് ആന്റ് റിലീഫ് ഫണ്ടിലൂടെ ഒഴുകുന്ന കോടികള്‍ ഉപയോഗിച്ചാണ് ഭാരതത്തെ രാമരാജ്യമാക്കാന്‍ ശ്രമിക്കുന്നത്. ഈ സ്വാധീനം ന്യൂനപക്ഷങ്ങളില്‍ അരക്ഷിതത്വബോധം വളര്‍ത്തിയിട്ടുണ്ട് എന്ന് പറയാതെ വയ്യാ.
വര്‍ഗീയത ആഴത്തില്‍ വേരോടിയ ആശയമാകയാല്‍ അത്രവേഗം പിഴുതെറിയുക സാദ്ധ്യമല്ല. ഇത് പരിഹരിക്കാനൊരു ഒറ്റമൂലിയുമില്ല. വര്‍ഗീയത മനുഷ്യനെ പ്രാകൃതസ്വഭാവത്തിന് അടിമയാക്കുന്നതു കൊണ്ട് സ്നേഹമസൃണമായ ആശയപ്രചരണത്തിലൂടെ മാത്രമേ അവനെ നന്മയിലേക്കു നയിക്കാനാകൂ. മതേതര കക്ഷികള്‍, മാധ്യമങ്ങള്‍, ബുദ്ധിജീവികള്‍, അദ്ധ്യാപകര്‍, സാംസ്കാരിക നായകന്മാര്, സന്നദ്ധസംഘടനകള്‍ എന്നീ ഘടകങ്ങള്‍ക്കൊക്കെ ഈ തിന്മയ്ക്കെതിരെ ഫലപ്രദമായി പോരാടാന്‍ കഴിയും. ഇതിന് ദീര്‍ഘകാലത്തെ കഠിനയത്നം അനിവാര്യമാണ്. കൂടാതെ മതത്തെ രാഷ്ട്രീയത്തില്‍ കടക്കാന്‍ അനുവദിക്കരുത്.
ഭരണനേട്ടത്തിനായി മതേതര കക്ഷികള്‍ വര്‍ഗീയ കക്ഷികളുമായി കൈകോര്ക്കാതിരുന്നാല് വര്‍ഗീയതയെ ചെറുക്കാനായേക്കും. വിദ്യാഭ്യാസത്തിലൂടെയും മാധ്യമങ്ങളിലൂടെയും വിനാശകരമായ വര്‍ഗീയതയുടെ ഭവിഷ്യത്തുകള്‍ ജനങ്ങളെ ബോദ്ധ്യപ്പെടുത്തണം. മതന്യൂനപക്ഷങ്ങള്‍ തങ്ങള്‍ ഭൂരിപക്ഷത്തിനു മുകളില്‍ വളര്‍ന്നുകയറും എന്ന ധ്വനിയോടെയുള്ള പ്രചരണം നിറുത്തിയാല്‍ ഭൂരിപക്ഷ വര്‍ഗീയതയെ പ്രകോപിപ്പിക്കാതിരിക്കാനാകും.
മതതീവ്രവാദികള്‍ക്ക് മതത്തോട് യഥാര്‍ത്ഥ മമതയില്ലെന്നും, രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടിയാണ് അവര്‍ മതത്തെ ഉപയോഗിക്കുന്നതെന്നും, വര്‍ഗ്ഗീയവാദികള്‍ ഉയര്‍ത്തിക്കാട്ടുന്ന പ്രശ്നങ്ങളല്ല യഥാര്‍ത്ഥത്തില്‍ സമൂഹത്തിലെ പ്രശ്നങ്ങളെന്നും അവര്‍ നിര്‍ദ്ദേശിക്കുന്ന പരിഹാരമാര്‍ഗ്ഗങ്ങളല്ല യഥാര്‍ത്ഥ പരിഹാരമെന്നും സാമാന്യജനത്തെ ബോദ്ധ്യപ്പെടുത്താന്‍ കഴിഞ്ഞാല്‍ ഒരു പരിധി വരെ വര്‍ഗീയതയെ ചെറുക്കാനാകും.
50% വരുന്ന നിരക്ഷരരായ ഭാരതീയ ഗ്രാമീണര്‍ക്ക് വര്ഗീയതയെക്കുറിച്ചെന്തറിയാം?
ദാരിദ്ര്യവും തൊഴിലില്ലായ്മയും അസമത്വവും പ്രാദേശികവാദവും തീവ്രവാദവും മത്സരവും ഭൗതികതയും ആഗോളവത്കരണവും മറ്റും മറ്റുമാണ് യഥാര്‍ത്ഥ പ്രശ്നങ്ങളെന്നും അതിനെതിരെയാണ് പോരാടേണ്ടതെന്നും മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ മനസ്സിലാക്കിയാല്‍ മനുഷ്യന് വര്ഗീയവാദിയാവുകയില്ല. ഭരണഘടന ന്യൂനപക്ഷങ്ങള്‍ക്ക് ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കഴിയുന്ന ഒരു മതേതര പുരോഗമന പ്രസ്ഥാനം ഇന്ത്യയിലുടലെടുക്കുമെന്ന് ആശിക്കുന്നു. ഇതിന് നേതൃത്വം നല്കാന് ഒരുപക്ഷേ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞേക്കും.
(ലേഖികയുടെ ചരിത്രവും കാണാപ്പുറങ്ങളും എന്ന പുസ്തകത്തിൽ നിന്ന്)































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.