വർഗ്ഗീയത കളിച്ചതിൽ സി.പി.എമ്മിനും പങ്ക്

വർഗ്ഗീയത കളിച്ചതിൽ സി.പി.എമ്മിനും പങ്ക്

ഡോ. ഓമന റസ്സല്‍

വര്‍ഗ്ഗീയതയും മതവിദ്വേഷവും നിറഞ്ഞുനിന്ന അന്തരീക്ഷത്തിലാണ് ഇന്ത്യ സ്വതന്ത്രമായത്. വിഭജന സമയത്ത് വര്‍ഗ്ഗീയ കലാപം ഭാരതത്തിലെ നിരവധി പട്ടണങ്ങളിലും ഗ്രാമങ്ങളിലും ചോരപ്പുഴയൊഴുക്കി. മതത്തിന്റെ പേരില്‍ നടന്ന വിഭജനമായതു കൊണ്ട് വേണമെങ്കില്‍ അന്ന് ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാമായിരുന്നു പാക്കിസ്ഥാനും ഹിന്ദുസ്ഥാനും എന്ന സംജ്ഞ നല്‍കിക്കൊണ്ട്. എന്നാല്‍ മഹാനായ നെഹ്രുവിന്റെയും അംബേദ്കറുടെയും വിശാലമായ കാഴ്ചപ്പാടാണ് മതേതര സ്വഭാവമുള്ള ഇന്ത്യയെ കെട്ടിപ്പടുക്കാന്‍ സഹായകമായത്.

ഭരണഘടന ഉണ്ടാക്കിയപ്പോള്‍ തന്നെ എല്ലാ മതസ്ഥര്‍ക്കും തുല്യ അവകാശങ്ങളനുഭവിച്ചു ജീവിക്കാനുള്ള നിയമം എഴുതിച്ചേര്‍ത്തതിലൂടെ നെഹ്‌റുവിന്റെ സോഷ്യലിസ്റ്റ് മനോഭാവം വെളിപ്പെടുകയായിരുന്നു.

ഇന്ത്യന്‍ ഭരണഘടന ന്യൂനപക്ഷങ്ങളെ അംഗീകരിക്കുക മാത്രമല്ല, അവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാവശ്യമായ വകുപ്പുകള്‍ ഭരണഘടനയില്‍ ഉള്‍ക്കൊള്ളിക്കുകയുമുണ്ടായി. ഭരണഘടനയിലെ 14-ാം വകുപ്പ് നിയമത്തിനു മുന്നില്‍ തുല്യത ഉറപ്പുവരുത്തുന്നു. 15-ാം വകുപ്പ് പറയുന്നത് ജാതിയുടെയോ മതത്തിന്റെയോ ജന്മസ്ഥലത്തിന്റെയോ പേരില്‍ യാതൊരു വിവേചനവും പാടില്ല എന്നാണ്. തൊഴില്‍രംഗത്ത് അവസര സമത്വം ഉറപ്പുനല്‍കുന്ന വകുപ്പാണ് 16-ാം വകുപ്പ്. 25 മുതല്‍ 28 വരെയുള്ള വകുപ്പുകള്‍ ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യാവകാശങ്ങളെപ്പറ്റി പ്രതിപാദിക്കുന്നു. വിശ്വാസ സ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്ര്യവും ഇവ ഉറപ്പുനല്‍കുന്നു.

ഒരു മതേതര രാഷ്ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭരണഘടനയുണ്ടാക്കിയിട്ടുള്ളത്. മതത്തിന്റെയോ ജാതിയുടെയോ വംശീയതയുടെയോ പേരില്‍ രാഷ്ട്രം യാതൊരുവിധമായ വിവേചനവും കാണിക്കുകയില്ലെന്നും, ഏതു മതവിശ്വാസിക്കും തുല്യപരിഗണന ലഭിക്കുമെന്നും പറയുന്നു. ഒരു പ്രത്യേക മതവും രാഷ്ട്രത്തിന്റെ ഔദ്യോഗിക മതമായി മുദ്രകുത്തപ്പെടുകയോ, ആ നിലയിലുള്ള സംരക്ഷണമോ പ്രത്യേക പദവിയോ അര്‍ഹിക്കുന്നതായി പരിഗണിക്കുകയോ ചെയ്യുകയില്ല. ഒരു പ്രത്യേക മതത്തില്‍ വിശ്വസിക്കുകയും അതിന്റെ തത്വങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു എന്നതിന്റെ പേരില്‍ യാതൊരു പൗരനോടും രാഷ്ട്രം യാതൊരുവിധ വിവേചനവും പുലര്‍ത്തുവാന്‍ പാടില്ലെന്നും ഭരണഘടന നിഷ്‌കര്‍ഷിക്കുന്നു.

1951-ല്‍ പാര്‍ലമെന്റില്‍ ഹിന്ദുകോഡ് ബില്‍ സംബന്ധിച്ചുണ്ടായ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ഡോ. അംബേദ്കര്‍ മതേതരത്വമെന്ന ആശയത്തെ വിശദീകരിച്ചതിങ്ങനെയാണ്: ‘മതേതര രാഷ്ട്രം എന്നതുകൊണ്ട് നാം ഉദ്ദേശിക്കുന്നത് ജനങ്ങളുടെ മതപരമായ വികാരങ്ങളെയും വീക്ഷണങ്ങളെയും നാം പരിഗണിക്കരുത് എന്നല്ല, ഏതെങ്കിലും ഒരു പ്രത്യേക മതം അത് വിശ്വസിക്കാത്ത ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ നമ്മുടെ പാര്‍ലമെന്റിന് അധികാരമില്ലെന്നാണ് മതേതര രാഷ്ട്രം എന്നതുകൊണ്ട് നാം വിവക്ഷിക്കുന്നത്.’

മനഃസാക്ഷി സ്വാതന്ത്ര്യവും മതം പ്രസംഗിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ആചരിക്കുന്നതിനുമുള്ള സ്വാതന്ത്ര്യവും മതസ്ഥാപനങ്ങള്‍ ഭരിച്ച് നടത്തിക്കൊണ്ടു പോകുന്നതിനുള്ള സ്വാതന്ത്ര്യവും ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്. മതന്യൂനപക്ഷങ്ങള്‍ക്ക് തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചു നടത്തുന്നതിനുള്ള അവകാശവും ഭരണഘടന വാഗ്ദാനം ചെയ്തിരിക്കുന്നു.

നെഹ്‌റുവിനോടൊപ്പം ലാല്‍ ബഹദൂര്‍ ശാസ്ത്രിയും വര്‍ഗ്ഗീയത രാഷ്ട്രീയത്തില്‍ കടക്കാതിരിക്കാന്‍ ഫലപ്രദമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വര്‍ഗ്ഗീയത ഇന്ത്യയെ തകര്‍ക്കുമെന്ന് നെഹ്‌റു വിശ്വസിച്ചു. രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കാന്‍ അദ്ദേഹം വര്‍ഗ്ഗീയ പാര്‍ട്ടികളുമായി അനുരഞ്ജനത്തിന് തയ്യാറായില്ല. ജാതിയിലും മതത്തിലും വിശ്വാസമില്ലാതിരുന്ന നെഹ്‌റു ജനാധിപത്യത്തിലൂടെ സോഷ്യലിസത്തിന്റെ പാതയിലേക്ക് ഇന്ത്യയെ കൊണ്ടെത്തിക്കാന്‍ ശ്രമിച്ചു. റഷ്യ, ചൈന, ക്യൂബ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങള്‍ അരാജകത്വത്തില്‍ ജീവിച്ച ശേഷം കമ്മ്യൂണിസം സ്വീകരിച്ച് സാമ്പത്തിക ഭദ്രതയും സമാധാനവും കൈവരിക്കുന്നത് കണ്ടിട്ടാവണം നെഹ്‌റുവും ജാതിമത ചിന്തായ്ക്കതീതമായൊരു ഭരണം സ്വപ്നം കണ്ടത്. നെഹ്‌റുവിന്റെ ഈ സോഷ്യലിസ്റ്റ് ചായ്‌വില്‍ കോണ്‍ഗ്രസിനകത്ത് അഭിപ്രായവ്യത്യാസങ്ങളുണ്ടായതും ഗാന്ധിജിയുടെ പ്രേരണയും വന്‍കിട വ്യവസായഗ്രൂപ്പിന്റെ സമ്മര്‍ദ്ദവും മറ്റും നെഹ്‌റുവിനെ സോഷ്യലിസത്തില്‍ നിന്നകറ്റിയതും പില്‍ക്കാല ചരിത്രം.

എന്നാല്‍ ഇന്ദിരാഗാന്ധിയുടെ കാലം മുതല്‍ വര്‍ഗ്ഗീയ പ്രീണന നയമാണ് കോണ്‍ഗ്രസ് പിന്തുടര്‍ന്നത്. തെരഞ്ഞെടുപ്പു കാലത്ത് ഓരോ നിയോജകമണ്ഡലങ്ങളിലെയും പള്‍സ് അറിഞ്ഞ് ഒളിഞ്ഞും തെളിഞ്ഞും വര്‍ഗ്ഗീയ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കി. കോണ്‍ഗ്രസ് കക്ഷിയുടെ ഈ അവസരവാദപരമായ ഇടപെടല്‍ വര്‍ഗ്ഗീയത വളര്‍ത്തുന്നതില്‍ വലിയൊരളവു സംഭാവന നല്‍കി. വര്‍ഗ്ഗീയതയ്‌ക്കെതിരെ യാതൊരു പ്രതിരോധവും ഉയര്‍ത്താനാകാത്ത ശക്തിയായി മാറി ക്രമേണ കോണ്‍ഗ്രസ്.

കോണ്‍ഗ്രസിന്റെ പ്രീണനനയം വര്‍ഗ്ഗീയ കക്ഷികള്‍ക്ക് ബഹുമാനവും അംഗീകാരവും നേടിക്കൊടുത്തു. രാജീവ്ഗാന്ധിയുടെ ഭരണകാലത്തെ ഷബാനോ കേസ്, മൊറാര്‍ജി ദേശായിയുടെ കാലത്തെ ഒ.പി. ത്യാഗിയുടെ മതസ്വാതന്ത്ര്യ ബില്‍, വി.പി. സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ നടപ്പാക്കിയ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തുടങ്ങിയവ ന്യൂനപക്ഷ രാഷ്ട്രീയ പ്രീണനത്തിന്റെ ചില ഉദാഹരണങ്ങളായി ഭൂരിപക്ഷ വര്‍ഗ്ഗീയ കക്ഷികള്‍ വ്യാഖ്യാനിച്ചു. മതേതരത്വത്തെ രാഷ്ട്രീയവല്‍ക്കരിച്ചതിന്റെ ഫലമായി ഭീകരവാദം പൂണ്ടു നില്‍ക്കുന്ന ഇന്നത്തെ വര്‍ഗ്ഗീയവല്‍ക്കരണത്തെ മുന്‍കൂട്ടി കാണാന്‍ ഭാരത നേതാക്കള്‍ക്കു കഴിഞ്ഞില്ല എന്നതാണ് വസ്തുത.

കോണ്‍ഗ്രസ് മാത്രമല്ല, കമ്മ്യൂണിസ്റ്റുകാര്‍ പോലും അധികാരത്തിനായി മുസ്ലീംലീഗിനെ 1967-ല്‍ കേരള മന്ത്രിസഭയില്‍ ഭരണപങ്കാളികളാക്കി.

(തുടരും)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!