ആമപ്പാറയിൽ ആൾത്തിരക്ക് ഏറുന്നു; അടിസ്ഥാന സൗകര്യങ്ങൾ അകലെ..!!

ആമപ്പാറയിൽ ആൾത്തിരക്ക് ഏറുന്നു; അടിസ്ഥാന സൗകര്യങ്ങൾ അകലെ..!!

സാബു തൊട്ടിപ്പറമ്പിൽ

ഇടുക്കി : ടൂറിസ്റ്റ് കേന്ദ്രമായ രാമക്കൽമേടിന് സമീപസ്ഥലമായ ആമപ്പാറ ടൂറിസ്റ്റുകളുടെ ആകർഷണ കേന്ദ്രമാകുന്നു.ദിനംപ്രതി 1500 -ഓളം വിനോദ സഞ്ചാരികൾ ഇവിടെ വന്ന് പോകുന്നു. ഇങ്ങോട്ടേയ്ക്ക് ഓഫ് റോഡ് സർവ്വീസ് മാത്രമുള്ളതിനാൽ സാഹസികത ഇഷ്ടപ്പെടുന്ന ടൂറിസ്റ്റുകൾ മാത്രമാണിപ്പോൾ എത്തിച്ചേരുന്നത്.

7 പേരടങ്ങുന്ന ഒരു സംഘത്തിന് രാമക്കൽമേടിൽ നിന്ന് ആമപ്പാറയിൽ പോയിവരുന്നതിന് ആയിരത്തിമുന്നൂറു രൂപയാണ് ചാർജ്ജ്. ഇന്ധനവിലയുൾപ്പെടെ വിലവർദ്ധവ് ഗണ്യമായി കൂടിയിരിക്കൂന്നതിനാൽ ഈ തുക പുനഃക്രമീകരിക്കണമെന്ന ആവശ്യവും ഓഫ് റോഡ് സർവ്വീസ് നടത്തുന്ന ജീപ്പുകാർ ഉന്നയിക്കുന്നു.

ആമപ്പാറയിൽ നിർമ്മിക്കുന്ന വാച്ച് ടവർ.

സഞ്ചാരികളിൽ നിന്ന് ഈടാക്കുന്ന 1300രൂപയിൽ 100 രൂപ ഡിടിപിസിക്ക് നൽകുന്നുണ്ട്. എന്നാൽ, ഈ തുക മുടക്കി ഓഫ് റോഡായി പോകാൻ കഴിയാതെ പോകുന്നവർക്ക് ആമപ്പാറയിലെ സൗന്ദര്യ ദൃശ്യം അന്യമാകുകയാണ്. ഇത്തരത്തിൽ എത്തിപ്പെടാതെ പോകുന്ന ടൂറിസ്റ്റുകൾ അനവധിയാണ്. ഇതിന് പരിഹാരം സഞ്ചാരയോഗ്യമായ പാത നിർമ്മിക്കുകയെന്നുള്ളതാണ്.

വളരെ ഇടുങ്ങിയതെങ്കിലും ആമപ്പാറയുടെ ഉള്ളിലേക്കുള്ള വഴി.

ഓഫ്റോഡ് സവാരി ഇഷ്ടപ്പെടുന്നവർക്ക് അത് നിലനിർത്തി, സാധാരണ വാഹനത്തിൽ എത്തുന്നവർക്ക് അവരുടെ വാഹനത്തിൽ ആമപ്പാറയിൽ എത്താൻ സാധിച്ചാൽ ആമപ്പാറ ടൂറിസ്റ്റ് കേന്ദ്രത്തിൻെറ മുഖച്ഛായ മാറും. ഇപ്പോൾ എത്തിച്ചേരുന്ന ടൂറിസ്റ്റുകളുടെ സഖ്യയിൽ നിന്ന് ഗണ്യമായ വർദ്ധനവും ഉണ്ടാകും.

2018-ൽ റിഫണ്ട് കേരളയിൽപ്പെടുത്തി റോഡ് നിർമ്മാണത്തിന് ഫണ്ട് അനുവദിച്ചെങ്കിലും നാളിതുവരെ ഒരു നിർമ്മാണപ്രവർത്തനങ്ങളും ആരംഭിച്ചിട്ടില്ല. ഇത് വളരെ പ്രയാസമുളവാക്കുന്ന കാര്യമാണെന്ന് വാർഡ് മെമ്പർ ആയ വിജി കെ. വിജൻ പറയുന്നു. റോഡ് നിർമ്മാണ പൂർത്തീകരണത്തിനായുള്ള ഫണ്ടില്ലായ്മ ആണ് റോഡ് നിർമ്മാണ ചുമതല ഏറ്റെടുക്കാൻ ആളില്ലാതെ പോയതെന്ന ആക്ഷേപവും നിലനിൽക്കുന്നു.

ആമത്തോടിനുള്ളിൽ അല്പം വിശ്രമം.

പ്രകൃതി സൗന്ദര്യ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട സ്ഥലമാണ് ആമപ്പാറ. ആമയുടെ അതേ രൂപത്തിലുള്ള വലിയ പാറയാണ് ആമപ്പാറ. അല്പം അകലെ നിന്ന് ശ്രദ്ധിച്ചാൽ ഒരു ആമ തലനീട്ടി ഇരിക്കുന്നതുപോലെ തന്നെ തോന്നും. വളരെ ഇടുങ്ങിയതും ഗുഹ പോലുള്ളതുമായ വഴിയിലൂടെ ആമപ്പാറയ്ക്കുള്ളിലേക്ക് പ്രവേശിക്കാം. മറുപുറം കടന്നാൽ ആമത്തോടുപോലെ വിടർന്ന് നിൽക്കുന്ന പാറയ്ക്കടിയിൽ വിശ്രമിക്കാം.

സമുദ്രനിരപ്പിൽ നിന്നും ഏകദേശം 2500 അടി ഉയരത്തിൽ നിൽക്കുന്ന ആമപ്പാറയിൽ നിന്നുമുള്ള കാഴ്ച മനോഹരമാണ്. കണ്ണിനെ വശീകരിക്കുന്ന കാഴ്ചകൾ! കാറ്റിൻെറ ഇളം തലോടലേറ്റ് തൻെറ നീളം കൈവീശി സഞ്ചാരികൾക്ക് സ്വാഗതമരുളി കുരുവിക്കാനത്തേ അംബരചുംബികളായ കാറ്റാടിപ്പാടങ്ങൾ!

രാമക്കൽമേടിൻെറ വടക്ക് ഭാഗത്തുനിന്നും ഉള്ള കാഴ്ച.

തൻെറ കാൻവാസിൽ വർണ്ണങ്ങൾ ഒട്ടും അലക്ഷ്യമായ് വീഴാതെ മനോഹരമായി തീർത്തെടുത്ത ഒരു വർണ്ണചിത്രത്തിന് സമാനമായ തമിഴ്നാടിൻെറ ദൂരക്കാഴ്ച.അടിവാരത്തെ രങ്കനാഥൻ കോവിൽ, ശൂലമല, രാമക്കൽമേടിലെ കുറവൻ – കുറത്തി ശില്പം, സോളർ പാർക്ക്, തെക്ക് – വടക്ക് മലനിരക്ക് നടുവിലൂടെ അടിവാരത്തുക്കൂടി വളഞ്ഞ് പുളഞ്ഞ് ഒഴുകുന്ന നദിക്ക് സമാനമായ രാമക്കൽമേട് – മൂന്നാർ പാത.. കാഴ്ചകൾക്കു മാറ്റ്കൂട്ടി രാമക്കൽമേടിൻെറ വടക്കു ഭാഗത്തേ ഒറ്റകല്ലിൻെറ കടുംതൂക്കായ ഭാഗംകാണണമെങ്കിൽ ആമപ്പാറയിലെ രാമക്കൽ വ്യൂപോയൻ്റിൽ എത്തണം.

സഞ്ചാരികൾ എത്തുന്ന സമയം കോടമഞ്ഞ് ഇറങ്ങുന്ന അവസരത്തിലാണെങ്കിൽ അത് പറഞ്ഞറിയിക്കാനാവാത്ത ഒരു മായാപ്രപഞ്ചത്തിൽ അകപ്പെട്ടതുപോലെ തോന്നും. വെള്ളിമേഘങ്ങൾക്ക് മുകളിൽ ആകാശവിതാനത്തിൻെറ തേരാളികളായി തീരുന്ന അപൂർവ്വ നിമിഷങ്ങൾ! വർണ്ണനകൾക്ക് അപ്പുറം കാണാകാഴ്ചയിൽ ഒളിഞ്ഞിരിക്കുന്ന വിസ്മയം.

ഇപ്പോൾ ആമപ്പാറയിൽ വാച്ച് ടവറിൻെറ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. ആമപ്പാറയുടെ വശങ്ങൾ സുരക്ഷാവേലികൾ നിർമ്മിച്ച് സുരക്ഷിതമാക്കിയിട്ടുണ്ട്.

എന്നാൽ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത സഞ്ചാരികളെ നല്ലതുപോലെ വലയ്ക്കുന്നുണ്ട്. വിശ്രമ കേന്ദ്രങ്ങൾ, ഭക്ഷണ പാനീയ കേന്ദ്രങ്ങൾ, ശുദ്ധമായ കുടിവെള്ളം , ടൊയിലെറ്റ് സൗകര്യം എന്നിവ അടിയന്തിരമായി വേണ്ടതാണ്. ഈ പറയപ്പെടുന്ന അടിസ്ഥാന സൗകര്യ വികസനങ്ങൾ വന്നാലും ടൂറിസ്സം മേഖയിലെ കുതിപ്പിന് സഞ്ചാര യോഗ്യമായ റോഡ് അനിവാര്യമായ ഘടകം തന്നെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!