കെ. എൻ. റസ്സൽ
2011-ലാണ് ഞങ്ങൾ ഗുജറാത്ത് സന്ദർശിക്കുന്നത്. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി ഇന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയായിരുന്നു. ഗാന്ധിനഗറിൽ അത്യന്താധുനികതയിൽ പണിതുയർത്തിയിരിക്കുന്ന കൺവൻഷൻ സെന്ററിൽ നടക്കുന്ന എഡ്യൂക്കേഷണൽ സമ്മിറ്റിൽ പങ്കെടുക്കുകയായിരുന്നു ഞങ്ങളുടെ യാത്രാലക്ഷ്യം.
ഇടയ്ക്ക് ഒരു വസ്തുത കൂടി പറയാതെ വയ്യ. കേരളത്തിൽ നിന്നും നിരവധി അദ്ധ്യാപകരെ ക്ഷണിച്ചിരുന്നെങ്കിലും രണ്ടോമൂന്നോ അദ്ധ്യാപക കുടുംബങ്ങളെ മാത്രമേ ആ സമ്മേളത്തിൽ കാണാൻ കഴിഞ്ഞുള്ളു. കാരണം, വിദ്യാഭ്യാസ സമ്മേളനം ‘ബിജെപി’ സർക്കാർ നടത്താൻ പാടില്ലല്ലോ.
കേരളത്തിലെ യൂണിവേഴ്സിറ്റികളിലെ പ്രൊഫസർമാരുൾപ്പെടുന്ന അദ്ധ്യാപക വൃന്ദത്തെ ഗുജറാത്ത് സർക്കാർ ക്ഷണിച്ചിരുന്നു. ക്ഷണം സ്വീകരിച്ചവർക്കെല്ലാം സർക്കാർ പ്രതിനിധികൾ ഗുജറാത്തിൽ നിന്നും കേരളത്തിൽ വീടുകളിലെത്തി നേരിട്ടാണ് ട്രെയിൻ ടിക്കറ്റ് നൽകിയത്.
എന്റെ ഭാര്യ ഓമനയെയും ഈ എഡ്യൂക്കേഷണൽ സമ്മിറ്റിൽ ക്ഷണിച്ചിരുന്നതുകൊണ്ട് പങ്കാളി എന്ന നിലയിൽ എനിക്കും കിട്ടി ട്രെയിൻ ടിക്കറ്റ്. സമയദൗർലഭ്യം കാരണം ട്രെയിൻ ടിക്കറ്റിന്റെ തുക തിരികെ വാങ്ങി ഞങ്ങൾ യാത്ര വിമാനത്തിലാക്കിയാണ് ഗാന്ധിനഗറിൽ എത്തിയത്. ചിട്ടയോട് കൂടി നടത്തിയ ഈ വിദ്യാഭ്യാസ സമ്മേളനം എന്തുകൊണ്ടും ആകർഷകമായി തോന്നി. നിരവധി ഗവേഷണ പ്രബന്ധങ്ങൾ അവിടെ അവതരിപ്പിക്കപ്പെട്ടു. മെച്ചമായ വിദ്യാഭ്യാസത്തിലൂടെയും ഗവേഷണങ്ങളിലെയും രാജ്യത്തെ ബൗദ്ധികനിലയിൽ എത്തിക്കാമെന്ന തിരിച്ചറിവായിരുന്നു ഈ സമ്മേനത്തിന്റെ കാരണം.
സമ്മേളനത്തിന്റെ ഇടവേളകളിൽ ഹൈവേ വിട്ട് അൽപം ഉള്ളിലേക്ക് യാത്ര ചെയ്ത് നോക്കിയപ്പോൾ കണ്ട കഴ്ച അത്ര സുഖകരമായിരുന്നില്ല. മാലിന്യം നിറഞ്ഞു കിടക്കുന്ന ഗ്രാമങ്ങൾ. പൂഴിമണ്ണ് നിറഞ്ഞുകിടക്കുന്ന വൃത്തിഹീനമായ വഴികൾ. എന്നാൽ, ഹൈവേയിലേക്കിറങ്ങിയാൽ വിദേശ റോഡുകളെ അനുസ്മരിക്കുന്ന സൂപ്പർ റോഡുകൾ. ഗുജറാത്തിലെ പട്ടണപ്രദേശങ്ങൾ സമ്പന്നമാണെന്നും ഗ്രാമങ്ങൾ ഇന്നും പഴയപടി ദാരിദ്ര്യാവസ്ഥയിലാണെന്നുമാണ് മാധ്യമ റിപ്പോർട്ടുകൾ.
എന്നാൽ ഇന്ത്യൻ ഐറ്റി മേഖലയും ടെക്നോളജിയും വളർച്ചയിലാണെന്നതിനു സംശയമില്ല. അതിൽ മോദി സർക്കാറിനെ പ്രശംസിക്കുന്നതിൽ ആരും തെറ്റിചുളിക്കേണ്ട കാര്യമില്ല. കേരളത്തിലും കംപ്യൂട്ടർ രംഗം അതിവിപുലമാണല്ലോ. എത്രയോ ഐറ്റി സംരംഭങ്ങളാണ് കേരളത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്.
അതുകൊണ്ട് ഗുജറാത്തിലെ ‘ഡാഷ് ബോർഡ് ‘ സംവിധാനം കേരളത്തിൽ നടപ്പിലാക്കാൻ കഴിയുന്ന വിദഗ്ദർ ഇവിടെ ഉള്ളപ്പോൾ ഗുജറാത്തിൽ പോകേണ്ട കാര്യമുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്.
പണ്ട് യുഡിഎഫ് ഭരണകാലത്തു മന്ത്രി ഷിബു ബേബി ജോൺ ഗുജറാത്തിലൊന്നു പോയല്ലോ. എന്തൊരു പുകിലായിരുന്നു. അദ്ദേഹം ബിജെപിയുമായി ചങ്ങാത്തം കൂടാൻ പോയി എന്നു വരെ സിപിഎം പറഞ്ഞു വച്ചു. ഗുജറാത്തിൽ നിന്നു പഠിച്ച് കേരളത്തിൽ ഒന്നും നടപ്പിലാക്കാൻ ഇല്ലെന്ന് മന്ത്രി ഷിബു പറഞ്ഞതോടെയാണ് രംഗം ശാന്തമായത്. മോദിയെ വാഴ്ത്തിപ്പാടിയതിനാണ് അബ്ദുള്ളക്കുട്ടിയെ സിപിഎം പുറത്താക്കിയത്. ഇവരൊടൊക്കെ എന്താണ് സിപിഎമ്മിന് ഇപ്പോൾ പറയാനുള്ളത്.
ഗുജറാത്തിൽ പോയി ‘ ഡാഷ് ബോർഡ്’ സംവിധാനം പഠിക്കാൻ മോദിജി പിണറായിയോട് ആവശ്യപ്പെട്ടു വത്രേ! നല്ല അനുസരണമുള്ള കുട്ടിയെപ്പോലെ പിണറായി ‘തല കുലുക്കി’ പോകാമെന്ന് സമ്മതിച്ചു. അങ്ങനെയാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരു സംഘം ഗുജറാത്തിൽ കാൽ കുത്തിയത്. ഗുജറാത്തിലെ ഭരണപരിഷ്കാരങ്ങൾ എല്ലാം നല്ലതെന്ന് നമ്മുടെ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെക്കൊണ്ട് പറയിച്ചാൽ അതിൽ ദുസൂചനയൊന്നും ഇല്ലെന്ന് പറയാൻ തക്ക മണ്ടനല്ല ഈയുള്ളവൻ.
‘ഡാഷ് ബോർഡ്’ മാത്രമല്ല അവിടുത്തെ വിദ്യാഭ്യാസ സംവിധാനത്തെയും ചീഫ് സെക്രട്ടറി പുകഴ്ത്തിയിട്ടാണ് മടങ്ങിയത്. സിൽവർ ലൈനിന് പ്രധാനമന്ത്രിയുടെ അംഗീകാരം കിട്ടാൻ ഇത്രയൊക്കെ മതിയോ? പോരാ, അഹമ്മദാബാദ് സിറ്റി ലണ്ടനെ പോലിരിക്കുന്നു എന്നു കൂടി ചീഫ് സെക്രട്ടറിയെക്കൊണ്ട് പറയിക്കണം. എന്നാൽ നാലര മണിക്കൂർ കൊണ്ട് നമുക്ക് കാസർഗോഡിൽ നിന്നും തിരുവനന്തപുരത്ത് ‘ പാഞ്ഞെത്താം.
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.